ചൊവ്വാഴ്ച, ഏപ്രിൽ 10, 2007


ചരക്കുവണ്ടി

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


ചായ കാപ്പി വിളികളില്ല,
കണ്ണീര്‍ പൊഴിച്ച്‌, കൈവീശി
വിട പറയലിന്റെ നിശബ്ദനാടകം
കെട്ടിപ്പിടിച്ചൊച്ച വച്ച്‌
സ്വീകരിക്കലിന്‍ കോലാഹല-
മൊന്നുമില്ലാതെ മനോരമയില്
‍മംഗളത്തില്‍ മാധ്യമങ്ങളില്
‍ലോക്കല്‍ പേജില്‍ ബിറ്റുവാര്‍ത്തയായി
രണ്ടു കോളത്തിലൊരു ചിത്രമായ്‌


മേനക വഴിവരും ബസ്സിനായി
കാത്തു നില്‍ക്കവേ
പത്മവഴി മാത്രം വരുന്നു വണ്ടികള്
‍മാറിക്കയറുവാനില്ല മോഹം
കാലുകള്‍ കണ്ണുകള്‍ മത്സരിക്കുന്നു
കാത്തുനില്‍പ്പിന്റെ കഥകളില്‍


ഏത്‌ ഗട്ടറിന്റെയഗാധതയില്
‍ബ്രേക്ക്‌ ഡൗണായി നിന്റെ പേടമാന്‍ വേഗം
ആരുടെയള്ളിന്റെ കൂര്‍മുനയില്
‍വെടിപ്പഞ്ചറായി നിന്റെ ചക്രങ്ങള്


‍കാര്‍ബണ്‍ പുകയില്‍ ഞാന്
‍കാത്തുവിയര്‍ത്തു നില്‍ക്കുമ്പോള്
‍സമയം പോയ്‌ പഞ്ചിംഗ്‌ ക്യാബിനി-
ലെത്തനിനിയൊരു മിനിട്ട്‌ മാത്രമെന്ന്
വായുപിടിച്ച്‌ നീ നിര്‍ത്താതെ പോകുമോ ?


മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്

‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്


‍ചുംബനം മരണം പോലഗാധമെന്നു
ഉള്ളിലെ ചില കവിതകള്‍
ഉറക്കം പോലതിഹ്യ്‌വസമെന്ന്
ജീവിതത്തില്‍ മലയാളം നിഘണ്ടു


ടെലഫോണ്‍ ചിലക്കുന്നു പേടിയാകുന്നു
കേള്‍ക്കേണ്ടതേതു യാത്രാമൊഴി
കല്ല്യാണത്തിനു തീര്‍ച്ചയായും
വരണേയെന്നു നവചന്ദ്രികമാര്‍
ഉത്തരാധുനിക ക്ഷണം നടത്തുമ്പോള്‍
കന്യകേ, നീയെന്റെ
ഫോണ്‍ നമ്പര്‍ മറന്നുപോകുമോ ?
വിലാസമെഴുതിയ ഡയറി കളഞ്ഞുപോകുമോ ?


ഇടപ്പള്ളി പള്ളിയില്
‍മെഴുതിരി കത്തിക്കുവാന്‍
കടം വാങ്ങിയ ചില്ലറ
തിരികെ കൊടുത്തില്ലയിതേവരെ
കോഴിക്കൊതിയനാം
പുണ്യവാളനോടിനി കടം പറഞ്ഞിടാം


റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍


മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍


മനോരമ വരുമ്പോള്
‍നേരം വെളുക്കുന്നു
ഏഷ്യാനെറ്റില്‍ സുപ്രഭാതം
ഉച്ചവാര്‍ത്തയിലെട്ടു മരണം



പ്രഭാതമായ്‌ ഉച്ചയായ്‌ സന്ധ്യയായ്‌
കോര്‍പ്പറേഷന്‍ വണ്ടി തിരിച്ചു പോകുന്നു
ഈ പാതിരാത്രിയില്
‍നഗരത്തില്‍ കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന


ഇരുപതാം നൂറ്റാണ്ടില്
‍യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം


തട്ടുകടയിലൊറ്റക്കിരിക്കുമ്പോള്
‍രാത്രി നിലവിളിക്കുന്നുയിങ്ങനെ
"എനിക്കുറക്കം വരുന്നു
ഒഴിഞ്ഞുപോകുമോ പിശാചുക്കളേ
ഇനിയെന്നില്‍ കുറച്ച്‌ തളര്‍ന്ന വേശ്യകള്
‍സ്വപനമില്ലാതുറങ്ങുന്ന തെണ്ടികള്‍"

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


^1998

17 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

“മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്

‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്“

“ചരക്കുവണ്ടി“
1998-ല് എഴുതിയതു. സജീവമായ ചുള്ളിക്കടു ബാധയില്‍ തന്നെ. അതും കൊച്ചിയില്‍.
ആദ്യപുസ്തകമായ ഉറക്കം ഒരു കന്യാസ്തീയിലെ ആദ്യകവിത. അതു പ്രകാശനം ചെയ്തതു ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടു ആണ്‍.
കൊച്ചി ജി.ഓഡിറ്റോറിയത്തില്‍ വച്ച്..

ടൈപ്പ് ചെയ്യുമ്പോള്‍ കൊച്ചി മിന്നിമറഞ്ഞു.

sami പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പോള്‍ പറയാനാവാത്തൊരു നൊമ്പരം..
സെമി...

Kaithamullu പറഞ്ഞു...

''....തട്ടുകടയിലൊറ്റക്കിരിക്കുമ്പോള്
‍രാത്രി നിലവിളിക്കുന്നുയിങ്ങനെ
"എനിക്കുറക്കം വരുന്നു
ഒഴിഞ്ഞുപോകുമോ പിശാചുക്കളേ
ഇനിയെന്നില്‍ കുറച്ച്‌ തളര്‍ന്ന വേശ്യകള്
‍സ്വപനമില്ലാതുറങ്ങുന്ന തെണ്ടികള്‍"


-അടുത്തകാലത്ത് വായിച്ച, മനസ്സിനെ മന്ഥിച്ച വരികള്‍!
ഒരസ്വസ്ഥതയായിവ മനസ്സില്‍ പടരുന്നതറിയുന്നു, ഞാന്‍!

എന്റെ ഈ ദിവസത്തിണ്ടെ താളം താളപ്പിഴയാകുന്നു, വിത്സാ, നീ!

അനിലൻ പറഞ്ഞു...

ഇന്ന് രാവിലെ ഓഫീസില്‍ വരുമ്പോള്‍ റോഡില്‍ നില്‍പ്പുണ്ടായിരുന്നു മരണം. ആരാണാവോ അത് തട്ടിമാറ്റിയത്.ഡ്രൈവര്‍ ആയിരം കിലോമീറ്റര്‍ ഓടിയവനെപ്പോലെ തളര്‍ന്നുപോയിരുന്നു.

മൂന്നുകൊല്ലം മുന്‍പ് ഒരുവള്‍ പറഞ്ഞു, ഈ കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തിവെച്ച്, ഉറക്കെ പാട്ടുവെച്ച് കടലിലേയ്ക്ക് ഞാനോടിച്ചുപോകും ഒരു നാള്‍. ഞാനന്ന് കടലമ്മയെ വിളിച്ചു, അങ്ങനെയുണ്ടായാല്‍ ഇവളെ കടലിലെ കൊട്ടാരങ്ങളില്‍ പാര്‍പ്പിക്കേണമേ എന്ന് പ്രാ‍ര്‍ത്ഥിച്ചു.

എന്തിനാണ് സര്‍ ഇങ്ങനെ ഭൂമിയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് കവിതയെഴുതുന്നത്???

Kuzhur Wilson പറഞ്ഞു...

“എന്തിനാണ് സര്‍ ഇങ്ങനെ ഭൂമിയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് കവിതയെഴുതുന്നത്???“

ഇല്ല സര്‍,
ഇനി ചെയ്യുകയില്ല സര്‍

Navi പറഞ്ഞു...

ഇപ്പൊ ചുംബിക്കുമ്പൊള്‍ കൂട്ടയിടി പോലെ തോന്നുന്നു...

Kuzhur Wilson പറഞ്ഞു...

"ഇപ്പൊ ചുംബിക്കുമ്പൊള്‍ കൂട്ടയിടി പോലെ തോന്നുന്നു"

അതു ഇത്തിരി കടുപ്പമായിപ്പോയി.
എനിക്കു ഇതൊക്കെ താങ്ങാന്‍ ഉള്ള ത്രാണി ഇല്ല.
വേണമെങ്കില്‍ ദില്‍ബനോടു ചോദിക്ക്.

Unknown പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
ഡോണ്ടൂ ഡോണ്ടൂ..... :-)

ഓടോ:കപ്പയും മീനും ജീവിതത്തില്‍ മറക്കുകയില്ല. നന്ദി. (പാവം ചേച്ചി)

അനിലൻ പറഞ്ഞു...

എനിയ്ക്ക് കപ്പയും മീനും കിട്ടിയില്ല ദില്‍ബൂ...

Unknown പറഞ്ഞു...

അനിലേട്ടാ,
കപ്പയും മീനും കിട്ടിയില്ല എന്നല്ല കിട്ടിയത് ഓര്‍മ്മയില്ല എന്ന് പറയൂ.. :-)

കവിത ചൊല്ലിയത് സൂപ്പര്‍. ഇനി കാണുമ്പോള്‍ ഞാന്‍ ഇനീം ചൊല്ലിക്കും കണ്ടോളൂ... :-)

Visala Manaskan പറഞ്ഞു...

"‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്"

ഒരിക്കലുമില്ല. അല്ലെങ്കില്‍....

വിത്സന്റെ മറ്റൊരു നല്ല കവിത.

ഓ.ടോ.
പ്രിയ വിത്സണ്‍, ഈ ബ്ലോഗ് പണിതു പണിതു ഒരു മെഗാ സംഭവമായി മാറിയല്ലോ ജി? പുസ്തകത്തിന്റെ ഫോട്ടോകളിട്ടത് വളരെ വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

Kuzhur Wilson പറഞ്ഞു...

വിഷുവിനു ആരും വന്നില്ല.

ഉടല്‍ കീറിയ ഒരു പന്നിയല്ലാതെ.

ബ്ലോഗ് ഇങ്ങനെ ആയതിനു പിന്നില്‍ ഒരു പാട് പേരുണ്ടു. പെരിങ്ങോടന്‍... വിശാലന്‍... കലേഷ്...എന്നെ ആദ്യമായി ബ്ലോഗിലേക്കു പ്രകോപിപ്പിച്ച എല്ലാവരും.

വിഷ്ണു പ്രസാദ് പറഞ്ഞു...

വൈകാരികത നിറഞ്ഞ ഈ കവിത ഇഷ്ടമായി.

വേണു venu പറഞ്ഞു...

കവിത ഇഷ്ടമായി.:)

Kuzhur Wilson പറഞ്ഞു...

"അടുത്തകാലത്ത് വായിച്ച, മനസ്സിനെ മന്ഥിച്ച വരികള്‍!
ഒരസ്വസ്ഥതയായിവ മനസ്സില്‍ പടരുന്നതറിയുന്നു, ഞാന്‍!

എന്റെ ഈ ദിവസത്തിണ്ടെ താളം താളപ്പിഴയാകുന്നു, വിത്സാ, നീ!"

“വൈകാരികത നിറഞ്ഞ ഈ കവിത ഇഷ്ടമായി“
എനിക്കു അതു മാത്രമേ ഉള്ളൂ വിഷ്ണുമാഷേ..
കാണിക്കാഞ്ഞിട്ടാ

ക്ഷമിക്കണം കൈതമുള്ളേ..

“എന്തിനാണ് സര്‍ ഇങ്ങനെ ഭൂമിയില്‍ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് കവിതയെഴുതുന്നത്??? “
വെറുതെയാണു സര്‍

“ഇപ്പൊ ചുംബിക്കുമ്പൊള്‍ കൂട്ടയിടി പോലെ തോന്നുന്നു... “

അതു ഇത്തിരി കടന്നുപോയി നവീ

അജ്ഞാതന്‍ പറഞ്ഞു...

വിത്സണ്റ്റെ മറ്റു കവിതകള്‍ പോലെ അടിമുടി ആസ്വാദ്യം എന്നു പറയാന്‍ തോന്നുന്നില്ല. പ്രശ്നം എണ്റ്റെ ആസ്സ്വാദനരീതിയുടെതാണെന്നു തോന്നുന്നെങ്കില്‍ ക്ഷമിക്കുക.

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

മൊത്തത്തില്‍ ഒരു ഓട്ടപ്രതിക്ഷണം നടത്തി !