തിങ്കളാഴ്‌ച, മേയ് 07, 2007


ആലിപ്പഴം മിനിക്കുട്ടി

മനോരമ വാരികയിലാണ്‌
എന്റെ സുന്ദരിമാര്‍ ജീവിച്ചിരുന്നത്‌
ആലിപ്പഴത്തിലെ മിനിക്കുട്ടിയും
എന്റെ കൂട്ടുകാരിയായിരുന്നു.
(പ്രേമഭാജനമല്ല)
കാന്തത്തിന്റെ വിരുദ്ധധ്രുവങ്ങളായിരുന്നു
അന്നും പ്രേമത്തില്‍
പാവപ്പെട്ടവനും പണക്കാരിയും
പണക്കാരിയും പാവപ്പെട്ടവനും

പാവപ്പെട്ട മിനിക്കുട്ടിയെ പ്രേമിക്കാന്‍
പാവപ്പെട്ട എന്നെ സമൂഹം
അനുവദിച്ചതുമില്ല

ഈ അവസ്ഥയിലാണല്ലോ
അവര്‍ അനുജത്തിമാരും
ചേച്ചിമാരും അമ്മമാരുമായിത്തീരുന്നത്‌

എങ്കിലും
മിനിക്കുട്ടിയോടൊപ്പം
പാടത്ത്‌ ആടുകളെ മേയ്ച്ചത്‌
മറക്കുകയില്ല

എന്നെ മറക്കരുതേയെന്ന
വിശുദ്ധമായ പ്രാര്‍ത്ഥന
ഞങ്ങള്‍ അന്നും ചൊല്ലിയിരുന്നുവെന്നാണ്‌
ഓര്‍മ്മയുടെ പുസ്‌തകം പറയുന്നത്‌
(ലക്കവും അദ്ധ്യായവും ഓര്‍മ്മയിലില്ല)

ആലിപ്പഴം പെറുക്കാന്‍
പീലിക്കുട നിവര്‍ത്തി
എന്ന കുട്ടിച്ചാത്തനിലെ പാട്ടും
3 ഡി കണ്ണട വെച്ചാലെന്ന പോലെ
തൊട്ടുമുന്‍പിലുണ്ട്‌

എങ്കിലും അലിഞ്ഞു പോയി
ഒരു മഴയത്ത്‌
പെറുക്കി കൂട്ടിയവ

മഴയില്ലാത്ത ഒരു നാട്ടില്‍
സൂര്യന്റെ കണ്ണു വെട്ടിച്ച്‌
ഏഴാമത്തെ നിലയില്‍
ഇരിക്കുമ്പോള്‍
അതാ ആലിപ്പഴം മിനിക്കുട്ടി
നിങ്ങളുടെ സൂര്യ ടിവിയില്‍
ഒട്ടുമലിയാതെ

^2004

15 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

"മനോരമ വാരികയിലാണ്‌
എന്റെ സുന്ദരിമാര്‍ ജീവിച്ചിരുന്നത്‌
ആലിപ്പഴത്തിലെ മിനിക്കുട്ടിയും
എന്റെ കൂട്ടുകാരിയായിരുന്നു.
(പ്രേമഭാജനമല്ല)
കാന്തത്തിന്റെ വിരുദ്ധധ്രുവങ്ങളായിരുന്നു
അന്നും പ്രേമത്തില്‍
പാവപ്പെട്ടവനും പണക്കാരിയും
പണക്കാരിയും പാവപ്പെട്ടവനും

പാവപ്പെട്ട മിനിക്കുട്ടിയെ പ്രേമിക്കാന്‍
പാവപ്പെട്ട എന്നെ സമൂഹം
അനുവദിച്ചതുമില്ല"

"ആലിപ്പഴം മിനിക്കുട്ടി" തുഷാരത്തില്‍ വന്നതു.

ഇവിടെ വന്ന ഇടക്കു എഴുതിയതാണ്‍

ഡാലി പറഞ്ഞു...

ആലിപ്പഴം മിനികുട്ടി എന്റേയും കൂട്ടുകാരിയായിരുന്നു. ഹൈസ്കൂള്‍ ക്ലാസ്സിലെ ഇടവേളകളില്‍ ഞാനും കൂട്ടുകാരും അവളെയോര്‍ത്ത് കരഞ്ഞു. അവളേ പ്രേമിച്ചവനെ (പ്രിന്‍സ്?) ഞങ്ങള്‍ ദുഷ്ടനെന്ന് വിളിച്ചു. അവള്‍ പിന്നീട് മിനിസ്ക്രീനില്‍ എത്തിയെന്നറിഞ്ഞിരുന്നു. പക്ഷേ അപ്പോള്‍ ഞാന്‍ വിഡ്ഡീപെട്ടി നിഷിധമായ വിഡ്ഡീകളുടെ ലോകത്തായിരുന്നു.
നല്ല കവിത.

സു | Su പറഞ്ഞു...

വീണ്ടും കണ്ടപ്പോള്‍, പ്രേമിച്ചോ? അതോ വീണ്ടും, സഹോദരിയായിത്തന്നെ കണ്ടോ? പണക്കാരനും, പാവപ്പെട്ടവളും ആയി മാറിയിരുന്നോ അപ്പോള്‍?

ഗുപ്തന്‍ പറഞ്ഞു...

പുരോഗതിയില്ലാതെ റീസൈക്ക്‍ള്‍ ചെയ്യപ്പെടുന്ന കാലപ്പനികതയുടെ അടിമയാണൊരുപക്ഷേ ഞാനും... വിഷമമുണ്ട് ...

പക്ഷേ മാത്യുമറ്റത്തിലൂടെയും മനോരമയിലൂടെയുമാണ് ഈ കുറിക്കുന്ന അക്ഷരങ്ങളെ, അവ നിര്‍മ്മിക്കുന്ന മായാലോകങ്ങളെ , സ്നേഹിച്ചുതുടങ്ങിയതെന്നോര്‍ക്കുമ്പോള്‍ ഉള്ളിലിപ്പോഴും നന്ദി മാത്രം..

നന്ദി വിത്സന്‍.. മറന്നുപോയ ചിലതൊക്കെ ഓര്‍മിപ്പിച്ചതിന്..

Kaithamullu പറഞ്ഞു...

എന്റെ മലയാള‘വിദ്യാഭ്യാസം’ ആരംഭിച്ചത്, മറ്റു പലരേയും പോലെ, മനോരമയില്‍ നിന്ന് തന്നെ. ആരാധിച്ചിരുന്നത് : കാനം ഈജേ, മുട്ടത്ത് വര്‍ക്കി, ഭാസി മലാപ്പറമ്പ്, വല്ലച്ചിറ മാധവന്‍, ചെമ്പില്‍ ജോണ്‍ ഇവരെ! ഓരോ കൊല്ലവും ക്ലാസ് മാറുന്നതനുസരിച്ച് പിന്നെ ജനയുഗവും കൌമുദിയും മാതൃഭൂമിയുമൊക്കെയായി പ്രൊമോഷന്‍ കിട്ടി (കൂടെ പേരറിയാത്ത കുറെ നീലപ്പുസ്തകങ്ങളും)

പക്ഷേ വിത്സന്‍, ഇപ്പോഴത്തെ മിനിക്കുട്ടിക്കഥകളും അതിന്റെ വികലാനുകരണങ്ങളായ സീരിയലുകളുമെല്ലാം എത്രമാത്രം വികൃതവും വിചിത്രവും ബീഭത്സവുമായ ഒരു ചിത്രമാണ് ഇന്നത്തെ സമൂഹത്തിന് പകര്‍ന്നുകൊടുക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

കവിതയെപ്പറ്റിയല്ല പറയാന്‍ തോന്നിയത്, ക്ഷമിക്കുക!

Abdu പറഞ്ഞു...

ആശ്ചര്യകരമാംവിധം ലളിതമായ കുഴൂറിന്റെ ഈ ഭാഷയോട് അസൂയയോളമെത്തുന്ന ഒരിഷ്ടമാണെനിക്ക്. പലപ്പോഴും ഒരു കമന്റിനുള്ള സാധ്യതയെ പോലും നിശബ്ദമാക്കുന്നു ആ ലാളിത്യം, രാജ്യം ഒരുദാഹരണം.

ഇതും അങ്ങിനെ, ഇഷ്ടപ്പെട്ട്, അസൂയപ്പെടുത്തി, മിണ്ടാതെയാക്കി, തിരിച്ച് പോയേനേ, മിനികുട്ടിയുടെ കഥ പ്രലോഭിപ്പിച്ചില്ലായിരുന്നെങ്കില്‍...

മനോരമയും സീരിയലും തമ്മില് പ്രേമമായതില്‍ അതിശയമില്ല, പക്ഷേ വിത്സനെ കൊതിപ്പിച്ച മണിക്കുട്ടിയുടെ കഥ എന്തായിരുന്നു?

ആരെങ്കിലും പറഞ്ഞു തരുമോ...

K.V Manikantan പറഞ്ഞു...

ആലിപ്പഴം വന്നത് മംഗളത്തിലാണ്, മനോരമയിലല്ല.

ഓര്‍മ്മയുടെ കാര്യത്തില്‍ ഞാന്‍ ഒരു അഗ്രഗണ്യനാണ്.

ആരെങ്കിലും ഒരു ബെറ്റിനു വരൂ, പ്ലീസ്!

വിശാഖ് ശങ്കര്‍ പറഞ്ഞു...

എന്തുവാടെ ഇത്..അസൂയ അനിലനോടുമതി എന്ന പഴഞ്ചൊല്ലില്‍ സ്വയം കുടുക്കി സ്വസ്ഥമായി കവിത വായിക്കാന്‍ അനുവദിക്കില്ലേ..?

വളരെ ഇഷ്ടമായി വിത്സാ..

Kuzhur Wilson പറഞ്ഞു...

നന്ദി ഡാലി. പ്രിന്‍സ് എന്ന പേരു ഓര്മ്മിപ്പിച്ചതിനു. രണ്ടു പേരും ഒരു പാട് മാറിപ്പോയിരുന്നു സു. എന്താ തോന്നിയതു അതാണ്‍ ഈ കവിത.ജീവിതം സങ്കീര്‍ണ്ണമാണ്‍ ഇടങ്ങളേ. എന്നെ സഹിക്കുക എളുപ്പമല്ല. കവിതയെങ്കിലും ലളിതമാകട്ടെ. സങ്കുചിതാ മംഗളങ്ങള്‍

സജീവ് കടവനാട് പറഞ്ഞു...

ലളിതമനോഹരം

അനിലൻ പറഞ്ഞു...

ഓ! ഒരു പ്രേമകുമാരന്‍ വന്നിരിക്കുന്നു!! ഞങ്ങടെ മാവും എന്നെങ്കിലും പൂക്കും.
അപ്പോ വാ കാണിച്ചുതരാം‍.

Kuzhur Wilson പറഞ്ഞു...

"അനിലന്‍ said...

ഓ! ഒരു പ്രേമകുമാരന്‍ വന്നിരിക്കുന്നു!! ഞങ്ങടെ മാവും എന്നെങ്കിലും പൂക്കും.
അപ്പോ വാ കാണിച്ചുതരാം‍.

5:58 AM "

അതും എന്നെപ്പറ്റി. പറഞ്ഞിരിക്കുന്നതു ആരാ ? ഉപ്പോളം വരുമോ ഉപ്പിലിട്ടത് ?

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

മിനിക്കുട്ടിയും ആലിപ്പഴവും വല്ലാതെ മോഹിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒന്നുകൂടി ആ ഓര്‍മ്മകളിലേക്ക്..

പാര്‍ത്ഥന്‍ പറഞ്ഞു...

മിനിക്കുട്ടിയ്ക്ക് മരണമില്ല.

ബഷീർ പറഞ്ഞു...

അപ്പോൾ അതാണ് കാര്യം :)