കെട്ടുവള്ളി കളയല്ലേ, ഒടുക്കത്തെ വായനക്കാരാ

പ്രണയമേ
പ്രാണനെക്കൊറിച്ച്, പിന്നെയും കൊറിച്ച്
നുണഞ്ഞ് നുണഞ്ഞ് രസിക്കുന്ന ശത്രുവേ

ആത്മാവില്ലാത്ത രാത്രിയാണിത്

അവരവരുടെ ജീവിതങ്ങളിലേക്ക്
പിടിച്ച് വെച്ചതെല്ലാം വിട്ടുകൊടുത്ത്
ശബ്ദത്തില് പോലും വിങ്ങിയില്ലെന്ന്
പരസ്പ്പരം ബോധിപ്പിച്ച്
കൈവിട്ട് പോയതെല്ലാം
തിരിച്ച് പിടിച്ചുവെന്ന്
ആശ്വസിക്കുന്ന
രണ്ട് ശരീരങ്ങളുടെ രാത്രി

പറയുക പിശാചേ,
രാത്രി ലോപിച്ചാണോ രതിയുണ്ടായത്

ഒരിക്കല് ഒരു സന്ധ്യയുടെ രാത്രിയില്
ശ്വാസനിച്ചോശ്വാസങ്ങള് മുറുകിയാറെ
നമുക്കെവിടെയെങ്കിലും പോകാമെന്ന്
ഒരശരീരിയുണ്ടായി

നീയാണോ അത് പറഞ്ഞത്

വിശ്വസിക്കാനാവാത്തതൊക്കെയും,
വിശ്വസിക്കാത്തതൊക്കെയും ദൈവത്തിന്
അശരീരിക്ക്

ദൈവം അവിശ്വാസികളുടേതാണ്

സ്നേഹമേ, പിശാചേ
നിന്റെയാട്ടിന്കുട്ടികള് അമ്മ സത്യമായിട്ടും
വിശ്വാസികളാണ്, നീ നിന്റെ ഉള്ളു പോലെത്തന്നെ
അവരുടെ ഉള്ളും കണ്ടിട്ടില്ല
അന്ധമായ വിശ്വാസികളാണ് നിന്റെ
വിശ്വാസികള്

അവരെ നീ ശത്രുവിന് വിട്ട്കൊടുക്ക്
നരകമെന്തെന്ന് ദൈവം അവര്ക്ക് കാണിച്ച് കൊടുക്കും
ഡ്യൂപ്ലിക്കേറ്റ് നരകമേ, നിന്റെ നരകം എന്ത് നരകം ?
അത് സ്വര്ഗ്ഗത്തിന്റെ ബ്ലൈന്റ് കോപ്പി

ഏത് വേഷത്തിലും ഏത് രീതിയിലും
അവതരിക്കാന് കഴിവുള്ള മായാമയനേ
സ്നേഹമേ, ജാലവിദ്യക്കാരാ
ഈ രാത്രിയെനിക്ക് സുഖമായുറങ്ങാം
അവിടെയൊരാള് പനിപിടിച്ച് കിടപ്പാണ്

സുമംഗലിയെങ്കിലും,
നിന്റെ കണ്കെട്ടിലൂടെ കന്യകാ ചര്മ്മം
തിരിച്ച് കിട്ടിയ
ആ വിശുദ്ധ ശരീരത്തില്
ഇന്നാരും തൊടുകയില്ല
(കെട്ടു വള്ളി കളയല്ലേ
ഒടുക്കത്തെ വായനക്കാരാ)

പാപിയും മ്ലേച്ഛനുമായ ജാരപ്രഭുവേ
നീ വിചാരിക്കുന്നതെന്ത് ? എഴുതുന്നതെന്ത് ?

പൊറുക്കല്ലേ
ഒരു രാത്രിയില്
പിടിച്ച്കെട്ടാനാകാതെ
ശരീരത്തിന്റെയും മനസ്സിന്റെയും
കുതിരകള് പാഞ്ഞ ഏതോ യാമത്തില്
ഞാനൊരു പുരുഷനെ കാമിച്ചിട്ടുണ്ട്

ആ വിശുദ്ധ ശരീരത്തില്
പ്രവേശനമുള്ള പുരുഷഭാഗ്യത്തെ
മുഴുവനായി, അത്ര ഉത്ക്കടമായി

പ്രണയമേ,
വിവാഹിതരായ നിന്റെ കുഞ്ഞാടുകളുടെ
കിടപ്പറകളിലാണോ
നീ നിന്റെ നരകം പണിഞ്ഞ് വച്ചിരിക്കുന്നത്
ഇരുതലകളുള്ള ഒരാട്ടിന് കുട്ടിയെ ചുടുന്നത്

ആത്മാക്കളുടെ നിലവിളിയാണോ പ്രണയമേ
നിന്റെയുന്മാദ കാഹളം

സ്നേഹമേ, പ്രണയമേ
കല്പ്പനകളെല്ലാം മറന്ന്
ഒരു രാത്രി ഒരു രാത്രിയെങ്കിലും
നിന്റെ ആരും കാണാത്ത കുന്നിന് മുകളില്
പാറക്കെട്ടുകള്ക്കിടയില്
കടലാഴത്തിന്റെ ഏതെങ്കിലും ഒരു മൂലയില്
ചിത്രപ്പണികള് ഇല്ലാത്ത പുരാതനകൊട്ടാരത്തില്
പച്ച നിഴലിന്റെ മരക്കൂട്ടത്തില്
ഒരു നിമിഷം
ഒരു നിമിഷം തരണേ

നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ

15 അഭിപ്രായങ്ങൾ:

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

ഇനിയില്ല ഇനിയില്ല എന്ന് തറപ്പിക്കുമ്പോഴും, നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ, ശരീരത്തെ എന്ത് ചെയ്യും, എന്നെയൊന്ന് കൊന്ന് താ

വാല്‍മീകി പറഞ്ഞു...

നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ...

സത്യം കൊണ്ട് ഇല്ലാതാക്കുക എന്നത് ഒരു പുതിയ പ്രയോഗമാണല്ലോ.

കൊള്ളാം വിത്സണ്‍ മാഷേ, നല്ല വരികള്‍.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

തകര്‍ത്തുകളഞ്ഞു.. വില്‍സണ്‍... ഈ കവിത. പ്രണയം, രതി(രാത്രി), ദൈവം, നരകം.... എല്ലാം പുതുക്കിയ കവിത. ആനുകാലികങ്ങള്‍ അവരുടെ ചവറിനിടയില്‍ ഇതിനെ പ്രവേശിപ്പിച്ച്‌ അവിഹിതം സമ്പാദികാതിരിക്കട്ടെ. ഈ വിശുദ്ധി ഇങ്ങനെ ഞങ്ങള്‍ക്കു വേണം.

അനിലന്‍ പറഞ്ഞു...

നിനക്കിപ്പോഴും പോത്തിനെ അറക്കുന്ന പണിയുണ്ടോ?
ഇറച്ചിവെട്ടുന്ന മരത്തില്‍ വെച്ച് മനുഷ്യനെ ഇങ്ങനെ നെടുനീളത്തില്‍ മുറിക്കുന്നതെന്തിന്?


ശ്വാസനിച്ചോശ്വാസങ്ങള് എന്നത് തെറ്റാണല്ലോ കണ്ണാ.

ദേവസേന പറഞ്ഞു...

" അവരവരുടെ ജീവിതങ്ങളിലേക്ക്
പിടിച്ച് വെച്ചതെല്ലാം വിട്ടുകൊടുത്ത്
ശബ്ദത്തില് പോലും വിങ്ങിയില്ലെന്ന്
പരസ്പ്പരം ബോധിപ്പിച്ച്
കൈവിട്ട് പോയതെല്ലാം
തിരിച്ച് പിടിച്ചുവെന്ന്
ആശ്വസിക്കുന്ന
രണ്ട് ശരീരങ്ങളുടെ രാത്രി "

അങ്ങനെ തിരിച്ചു നടക്കാമെന്ന് ചിന്തിക്കുന്ന ആ നിമിഷം.
എത്രയോ തവണ നേരിട്ട്, തോറ്റുപോയിരിക്കുന്ന ആ പിടച്ചില്‍.
കരള്‍ വരഞ്ഞ്, ഉപ്പും മുളകും തേച്ചുപിടിപ്പിച്ചിരിക്കുന്നു. വളരെ ഹൃദ്യം.

kaithamullu : കൈതമുള്ള് പറഞ്ഞു...

നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ....

---

പറയുക പിശാചേ,
രാത്രി ലോപിച്ചാണോ രതിയുണ്ടായത്
----
ദൈവം അവിശ്വാസികളുടേതാണ്
--
പ്രണയമേ,
വിവാഹിതരായ നിന്റെ കുഞ്ഞാടുകളുടെ
കിടപ്പറകളിലാണോ
നീ നിന്റെ നരകം പണിഞ്ഞ് വച്ചിരിക്കുന്നത്
--
മതി, ഇനി ക്വോട്ടാന്‍ വയ്യ!

വിത്സാ,
ആത്മാവിന്റെ പിടച്ചില്‍ മനസ്സിലാക്കുന്നു!

വിഷ്ണു പ്രസാദ് പറഞ്ഞു...

എന്തൊരു കവിത!!!
വിത്സാ,പ്രണയത്തിന്റെ നരകം നീ അനുഭവിച്ചെങ്കിലെന്ത്?
നിന്റെ ഹൃദയത്തിന് എന്തൊരു ചൂട്?
പ്രണയം വിഷയമായിട്ടുള്ള ഇത്ര നല്ലൊരു കവിത മുന്‍പ് വായിക്കാനായിട്ടില്ല.

ശെഫി പറഞ്ഞു...

ഒരട്ടിമറി കവിത അല്ലേ വിത്സണ്‍.

പക്ഷേ ഇണയുടെ രതി വെറുപ്പെന്നോ നിര്‍വികാരതയുടെ കിടപ്പെന്നെക്കോ ചിത്രീകരിക്കുന്ന ഒരു പാട്‌ കവിതകള്‍ ഈയിടെ കാണുന്നു . അങ്ങനെ പറയാന്‍ തുനിഞ്ഞീട്ടില്ല്ലല്ലോ അല്ലേ ഉണ്ടെങ്കില്‍ കവിതക്കുള്ള്‌ ഏന്റെ മാര്‍ക്ക്‌ കുറഞ്ഞു പോയി

latheesh mohan പറഞ്ഞു...

വളരെ പഴയ എഴുത്തുപോലെ തോന്നുന്നു. എഴുതിയാല്‍ മാത്രം ഇല്ലാതാകുന്ന സ്വന്തം ജീവിതം ബാധ്യതയാകുന്നതു കൊണ്ടാവണം ഈ വാചാലത.

എനിക്കെന്തോ പിടിച്ചില്ല :(

N O M A D | നൊമാദ്. പറഞ്ഞു...

എന്തിനാ ഇത്ര നീളം. ഒരു വാക്ക് പറഞ്ഞാ പോരെ ?

നജൂസ്‌ പറഞ്ഞു...

അവരവരുടെ ജീവിതങ്ങളിലേക്ക്
പിടിച്ച് വെച്ചതെല്ലാം വിട്ടുകൊടുത്ത്
ശബ്ദത്തില് പോലും വിങ്ങിയില്ലെന്ന്
പരസ്പ്പരം ബോധിപ്പിച്ച്
കൈവിട്ട് പോയതെല്ലാം
തിരിച്ച് പിടിച്ചുവെന്ന്
ആശ്വസിക്കുന്ന
രണ്ട് ശരീരങ്ങളുടെ രാത്രി
ഞാനിതെ വായിച്ചുള്ളൂ. എന്തിനതികം.

നന്മകള്‍

മുഹമ്മദ് ശിഹാബ് പറഞ്ഞു...

നീ നീയെന്ന് മിടിക്കുന്ന ഹ്യദയത്തെ
ആ നിമിഷത്തിന്റെ സത്യം കൊണ്ട്
ഇല്ലാതാക്കണേ....

വളരെ ഹൃദ്യം.

suresh പറഞ്ഞു...

evideyo pidayunna randu prenaya vedanankalude rodanam verpedunna mzizenakalude vedana tharunnu...parasparam keezpedunnathano prenayam ennu aa nimishathe sathyam kondu kollumpol sambhavikkuka??ende vayanayile arichedutha anubhavam ethanu...kollam kollam..

Ranjith chemmad പറഞ്ഞു...

പ്രണയമേ ഇനിയുമിങ്ങനെ
ചങ്കിടിപ്പിക്കല്ലേ

bindugopan പറഞ്ഞു...

oru paadu vedanippichu