തിങ്കളാഴ്‌ച, ജനുവരി 25, 2010


രണ്ട് മരങ്ങള്‍


കറിവേപ്പ്



കഴിഞ്ഞ
6 വര്‍ഷമായി
പുറത്തെങ്ങും
കണ്ണ് നിറഞ്ഞ്
ഒരു കറിവേപ്പ്
കാണാത്തത് കൊണ്ടാകണം
എന്നുമെന്നും
ഉള്ളിന്റെയുള്ളില്‍
ഒരു കറിവേപ്പ്
നട്ട് നനച്ചത്

ഓരോ ദിവസവും
അതങ്ങനെ
പച്ചച്ച് പച്ചച്ച്
തഴയ്ക്കും

അടുത്തവരെന്നില്ല
അന്യരെന്നില്ല
കാണുന്നവരൊക്കെ
കൊണ്ട് പോകും

കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാന്


കറിമണം
പരക്കുമ്പോള്‍
കുട്ടികള്‍ക്കൊപ്പം
എല്ലാ വീടുകളും
അത്യാഹ്ലാദം പടര്‍ത്തി
അപരിചിതമാകും

എന്റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ

എന്റെ മക്കള്‍ കരയരുത്



ആര്യവേപ്പ്



കഴിഞ്ഞ
6 വര്‍ഷമായി
ഉള്ള് നിറയെ
കണ്ടിട്ടുള്ളത്
നിരന്ന് നിരന്നങ്ങനെ
നില്‍ക്കുന്ന
ആര്യവേപ്പുകളെയാണ്

തക്കം കിട്ടുമ്പോഴൊക്കെ
അതിന്റെ നിഴലില് പതുങ്ങും
ആരും കണ്ടില്ലെങ്കില്
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം

എത്ര പേര്‍ വന്നു
എത്ര പേര്‍ പോയി
നരച്ചയിലകളുടെ
നിസംഗത
കാണുമ്പോള്‍
സങ്കടം വരും

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ



* ആര്യവേപ്പാണ് ഗള്‍ഫിലെ വഴിയോരങ്ങളില്‍ കാണുന്നത്. കറിവേപ്പില ഇറക്കുമതിയുമാണ്

27 അഭിപ്രായങ്ങൾ:

Visala Manaskan പറഞ്ഞു...

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ
--
ഒരു അൺകണ്ടീഷണൽ സെറ്റപ്പ് ല്ലേ. നൈസ് :)

Unknown പറഞ്ഞു...

എത്ര പേര്‍ വന്നു
എത്ര പേര്‍ പോയി
നരച്ചയിലകളുടെ
നിസംഗത
കാണുമ്പോള്‍
സങ്കടം വരും

കുഴൂരേ,
പ്രവാസ ജീവിതം എന്നും കൈയ്പ്പ് നിറഞ്ഞതു തന്നെ..
കവിത മനോഹരം
www.tomskonumadam.blogspot.com

ഖാന്‍പോത്തന്‍കോട്‌ പറഞ്ഞു...

മനോഹരം..!!

ദേവസേന പറഞ്ഞു...

“എത്ര പേര്‍ വന്നു
എത്ര പേര്‍ പോയി
നരച്ചയിലകളുടെ
നിസംഗത
കാണുമ്പോള്‍
സങ്കടം വരും.“

സങ്കടപ്പെട്ട് സങ്കടപ്പെട്ട്
ഇപ്പോള്‍
സങ്കടമെന്താന്ന് അറിയാതായില്ലേ?

"എന്റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ
എന്റെ മക്കള്‍ കരയരുത് "

വിളിച്ചോട്ടെടാ.. എന്റെ കുഞ്ഞ് കരയരുത്
കരഞ്ഞു കരഞ്ഞു തോല്‍ക്കരുത്.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഒരു സങ്കടക്കറി;
പുതുമ രുചിച്ചു

santhoshhrishikesh പറഞ്ഞു...

"എന്റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ

എന്റെ മക്കള്‍ കരയരുത്"

കരഞ്ഞത്, അത് നമ്മളല്ലേ?
മനോഹരം. ആ മരം ഈ മരമെന്നുപറഞ്ഞല്ലോ രാമരാമ!

jayanEvoor പറഞ്ഞു...

കറിവേപ്പും ആര്യവേപ്പും....

രണ്ടും ഞങ്ങൾ വൈദ്യന്മാർക്ക് പ്രിയങ്കരർ!

ഏതു വീട്ടിലും ഐശ്വര്യത്തിനും നറുരുചിക്കും!

എന്റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ

എന്റെ മക്കള്‍ കരയരുത്..

ഇഷ്ടപ്പെട്ടു!

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"എന്റെ
"പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ

എന്റെ മക്കള്‍ കരയരുത്"

കൊള്ളാം മാഷേ ....
ഒരുപാടു രുചിച്ചു,
പ്രവാസത്തിന്റെയും, വാസത്തിന്റെയും
ഈ മര വിപരീതങ്ങളെ....

രാജേഷ്‌ ചിത്തിര പറഞ്ഞു...

കവിത മനോഹരം


ഇഷ്ടപ്പെട്ടു!

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

അങ്ങിനെയാണ് വേണ്ടത്. പുറത്തെങ്ങും കണ്ടില്ലെങ്കിലും ഉള്ളിലുള്ളത് വേണമെന്ന് വിചാരിച്ച് നട്ടു നനച്ച് വയ്ക്കുക തന്നെ അങ്ങിനെ ആകുമ്പോള്‍ ഓരോ ദിവസവും പച്ചച്ച് തഴക്കുക തന്നെ ചെയ്യും.

കറിവേപ്പില മാത്രമല്ല കൂട്ടുകാരാ സ്നേഹിക്കുന്നവരൊക്കെ ആ മനസ്സില്‍ നട്ടു നനച്ച നന്മയിലകളെ അന്യരെന്നില്ല, കാണുന്നവരൊക്കെയും കൊണ്ടു പോവുക തന്നെ ചെയ്യും.

ചെടി പിന്നെയും തളിത്തു കൊണ്ടേ ഇരിക്കും. കറിവേപ്പിലയ്ക്കും സ്നേഹത്തിനും നീ കൊടുക്കുന്ന വ്യാഖ്യനങ്ങളെ നിന്നെ കൂടുതല്‍ മണത്തോടെ എന്നിലേക്കും വായനക്കാരനിലേക്കും കൊമ്പെത്താത്തവര്‍ക്കും ഒടിച്ച് കൊടുത്തു കൊണ്ടേയിരിക്കുന്നു.

ഞാന്‍ നിന്നെ കുഴൂറെന്നും വിത്സനെന്നും പിന്നെയുമെന്തെക്കെയോ വിളിച്ചോട്ടേ.. നീ കരയരുത്.

മരങ്ങള്‍ വിത്സന്‍റെ ജീവിതം പോലെ തന്നെ. അത് പൂക്കുന്നതായാലും തളിക്കുന്നതായാലുമെന്ന് കവിതയിലൂടെ പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. സ്വയം പ്രകാശിപ്പിക്കുന്ന കവിതകളാണ് ഇന്നെത്തെ കവികളെഴുതുന്നത്. വിത്സനും. അതില്‍ ‘ഞാനു‘ണ്ടാകും, ‘നീയും‘ ഉണ്ടാകും.

എന്നാല്‍ എല്ലാ കവിതകളിലും ഒടുക്കമോ തുടക്കമോ അശാന്തിപര്‍വ്വങ്ങളിലേക്ക് ഒരു യാത്ര നടത്തുന്നു വിത്സന്‍.
വെയിലേറ്റ് തളരുന്ന ചെടിയും തന്നെ തന്നെ ഊറ്റിയെടുത്ത് മറ്റുള്ളവര്‍ക്ക് മണവും ഗുണവും നല്‍കി അപരിചത്വം സൃഷ്ടിക്കുന്ന സ്വത്വ പ്രകാശനം ചെയ്യുന്ന കവിതയില്‍ അപൂര്‍വ്വ സുന്ദരമായ ഏകാന്തതയും അനുഭവപ്പെടുന്നു.

വളരെ ഹൃദ്യമായ കവിത. പരീക്ഷണങ്ങളില്‍ നിന്ന് മുക്തമായ കവിത എന്നും പറയാം.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

SuDeeP പറഞ്ഞു...

വെറും മരങ്ങളല്ല ..രണ്ടു പൂമരങ്ങള്‍..!

സജീവ് കടവനാട് പറഞ്ഞു...

രണ്ടു മരങ്ങളല്ല, രണ്ടും ഒറ്റ ഭാഷയില്‍ വേപ്പ്, ദ്വന്ദങ്ങളില്‍ തളച്ചിടപ്പെടാതെ വായിച്ചാല്‍ മരം മാത്രം.
കാടിതു കണ്ടായോ കാന്താ....
കറിവേപ്പിലയാണേലും കമ്പു കണ്ണില്‍ കുത്തുമെന്നെങ്കിലും ഭയപ്പെടുത്തണം :)

mukthaRionism പറഞ്ഞു...

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ



കുറെ നാളായി നല്ലോരു കവിത തെരയ്‌ണ്..
കണ്ടു.. സന്തോഷം...

kichu / കിച്ചു പറഞ്ഞു...

കറിവേപ്പും ആരിവേപ്പും..

ആദ്യത്തേത് ...കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാന്..
കറിമണം പരത്തീലോ..

രണ്ടാമന്‍, കൈപ്പാണ് എന്നാലെന്താ
പലര്‍ക്കും പതുങ്ങാന്‍ നിഴല്‍ വിരിച്ചങ്ങനെ നില്‍പ്പല്ലേ....

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ എന്നോതി.
:)

...: അപ്പുക്കിളി :... പറഞ്ഞു...

കറിവേപ്പിലയോളം നമ്മള്‍ വേദനിപ്പിക്കുന്ന മറ്റൊരു മരമില്ലെന്നു തോന്നുന്നു. എന്നിട്ട് പേരുദോഷവും. കറിവേപ്പിലപോലെന്നു.. കൊള്ളാം മാഷേ...

[ nardnahc hsemus ] പറഞ്ഞു...

ലോകത്തുള്ള എല്ലാ മരങ്ങളും ഞങ്ങള്‍ ‘മനുഷ്യര്‍ക്ക് ’ വളര്‍ത്തുമൃഗങ്ങളെപ്പോലെയാണ്..
തോന്നും പോലെ വളര്‍ത്തും, തൊഴിയ്ക്കും, കയ്യും കാലും തച്ചൊടിയ്ക്കും, ഉന്മൂലനം തന്നെ ചെയ്തെന്നു വരും.. ഒക്കെ ഞങ്ങടെ ഇഷ്ടം.. ഇതൊന്നുമില്ലാതെ ഞങ്ങള്‍ക്ക് ജീവിയ്ക്കാന്‍ കഴിയില്ലെന്ന അഹങ്കാരമാണിവറ്റകള്‍ക്ക്... ഇവയുടെയൊക്കെ നിലനില്‍പ്പ് തന്നെ ഞങ്ങടെ കൈയ്യിലാണെന്ന് ഇവറ്റയുണ്ടോ മനസ്സിലാക്കുന്നു? മണ്ടന്മാര്‍!!!

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

കറിവേപ്പിന്റെ കാര്യമാണ് കഷ്ടം!

Kaithamullu പറഞ്ഞു...

ഇവിടെ കുറച്ച് നാള്‍ കറിവേപ്പില വില്‍പ്പന നിരോധിച്ചപ്പോള്‍, എത്ര നടന്നെന്നോ പണ്ടെന്നോ കണ്ട ഒരു കറിവേപ്പ് മരം തേടി, ജുമേരായില്‍.

കൂട്ടുകാരന്റെ മകള്‍ക്ക് ചിക്കന്‍ പോക്സ് വന്നപ്പോള്‍ കരാമയിലെ വേപ്പ് മരങ്ങളായിരുന്നു ശരണം.

ഉപദ്രവിക്കരുത് എന്ന് പറഞ്ഞാലാണ് അവര്‍ക്ക് വേദനിക്കുക. കാരണം അവര്‍ പിറക്കുന്നത്, നിലനില്‍ക്കുന്നത് നമുക്ക് വേണ്ടിയാണ്. അതിലാണവര്‍ ആനന്ദം കണ്ടെത്തുന്നത്.

-വിത്സനെപ്പോലെയുള്ള രണ്ട് മരങ്ങള്‍!!

Sanal Kumar Sasidharan പറഞ്ഞു...

കൂഴൂരിന്റെ കവിതകളിലെല്ലാം ഇത്തിരി കണ്ണീരുണ്ട്... എല്ലാമെന്ന് പറയാ‍മോ..അറിയില്ല..അതെ എല്ലാം...പക്ഷെ ചിലതിൽ ആ കണ്ണീർ അടക്കിപ്പിടിച്ച ഒരു പുഞ്ചിരികാണും..അത് മരിച്ചാലും വിട്ടുപോകില്ല..ഇതിൽ കണ്ണീർ ഒരല്പം ഒലിച്ചു നില്പുണ്ട്..സീരിയൽ കാലമായതുകൊണ്ട്..ഗ്ലിസറിൻ കാലമായതുകൊണ്ട്...ഇത് മുറിവേല്പിക്കുന്നില്ല...വ്യക്തിപരമായി കൂഴൂരിനെ അറിയുന്നവർക്ക് ഗ്ലിസറിനല്ല എന്നറിയാമെങ്കിലും..കൂഴൂരെ കണ്ണീരടക്കിയ ആ ചിരിയുണ്ടല്ലോ....അത് താ....കുറെക്കൂടി വേദനിക്ക്..ഞാൻ ഒരല്പം ആസ്വദിച്ചോട്ടെ.

ദൈവം പറഞ്ഞു...

രുചിയായി, മരുന്നായി രണ്ടല്ല; ഒരേയൊരു വേപ്പ്.

mukthaRionism പറഞ്ഞു...

വില്‍സാ,
ഇവിടെ സൗദി അറേബ്യയില്‍ കറിവേപ്പില
നിരേധിച്ചിരിക്കുന്നു..
അമിതമായ കീടനാശിനിയുണ്ടെന്നും പറഞ്ഞ് ...
കുറച്ച്
കറിവേപ്പില കിട്ടാനുണ്ടോ..
കറിവേപ്പിലയില്ലാത്ത കറിക്ക്
ഒരു ഗുമ്മാല്‍റ്റിയില്ല..
ചില ബ്ലോഗ് കവിതകള്‍ പോലെ...

asmo puthenchira പറഞ്ഞു...

randu marangal randu lookam varakkunnu. abhinandanagal.

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

കവിത അസ്സലായി! ബൂലോകത്തെ മഹാകവിയ്ക്ക്‌ വേപ്പുമരം കൊണ്ടൊരു സിംഹാസനം, ആര്യവേപ്പിന്റെ പച്ചച്ച കിരീടവും.

വെഞ്ഞാറന്‍ പറഞ്ഞു...

“വന്നോളൂ, നിന്നോളൂ, പൊയ്ക്കോളൂ”
പിടിച്ചുകുടയുന്ന വരികള്‍ക്കു നന്ദി.

Karthika പറഞ്ഞു...

വായിക്കുന്ന ഓരോ കുഴൂർ കവിതയും എപ്പൊഴും തീവ്രമായതെന്തോ ബാക്കി വെക്കുന്നു മനസ്സിൽ...

Shijikakkath പറഞ്ഞു...

സുഗന്ധംപരത്തിയശേഷം വലിച്ചെറിയപ്പെടുന്നു അതിലുണ്ട്
ആത്മസംത്പ്തി ഒരുപാട്
മരണം വാതിൽക്കെ ആണെലും

പോകുന്നു സുഗന്ധത്തോടെ

Shijikakkath പറഞ്ഞു...

സുഗന്ധംപരത്തിയശേഷം വലിച്ചെറിയപ്പെടുന്നു അതിലുണ്ട്
ആത്മസംത്പ്തി ഒരുപാട്
മരണം വാതിൽക്കെ ആണെലും

പോകുന്നു സുഗന്ധത്തോടെ