ചിറകുള്ള കുറെ കവിതകൾ


1

പറന്ന് പോകുന്ന ഉത്തരങ്ങൾ 

ബലിച്ചോറുണ്ണുന്ന കാക്കേ,
നീ മരിച്ചാൽ ആരു ബലിയിടും
ആ ഉരുള ആരുണ്ണും

ഉത്തരം
പറന്നു
പറന്നു
പറന്നു പോകുന്നു 


പുള്ള്

ഇലകൾ പൊതിഞ്ഞ മരത്തെ അപ്പാടെ
ഒരു കൂടാക്കി, ലോകത്തെ പുറത്താക്കി
ഒരു പുള്ളിരിക്കുന്നു

എങ്കിലും പുള്ളേ, ഒരു പാട്ടുപാടെന്ന് തോണ്ടുന്നു
കാറ്റിന്റെ വിരലുകൾ

നോക്കി നോക്കി നിൽക്കേ കഷ്ടം തോന്നി
എനിക്കെന്നോട്

3
ഒറ്റയ്ക്കൊരു മൈന

അതാ ഒറ്റയ്ക്കൊരു മൈന

ഒന്ന് പോ മൈനേ
പോയി കൂട്ടുകാരിയേയും കൊണ്ട് വാ
ഒറ്റയ്ക്കൊന്നിനെ കണ്ടാൽ
കൊള്ളില്ലെന്നാണു

ഒന്ന് പോ മനുഷ്യാ
നിങ്ങളും ഒറ്റയ്ക്കല്ലേ

ഒറ്റയ്ക്കൊരു മൈന
ഒറ്റയ്ക്കൊരു മനുഷ്യൻ
ഹാ, ഒറ്റയ്ക്കായതിനെ പറ്റി
നിങ്ങൾക്ക് കവിതയെങ്കിലുമെഴുതാം
വേറെ പണിയുണ്ട്

മൈന പറന്നു പോയി

 
വിമാനം

ഇക്കുറി വിമാനമാണു
അത് ആകാശത്തുകൂടെ
പറന്ന് പറന്ന് പോകുന്നു

അതൊരു പക്ഷിയല്ലല്ലോ
പിന്നെയെന്തിനു സങ്കടം

മരിച്ചുപോയവരുടെ  ചിറകുകൾ
ചേർന്നുണ്ടായതോ വിമാനം

എന്നെയുപേക്ഷിച്ച് പോകുന്നവർ കൂട്ടമായ്
പക്ഷിരൂപം ധരിച്ച്
പറന്ന് പറന്ന് പോകുന്നതോ

3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ചിറകില്ലാതെ പറക്കാലോ!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

പറന്ന് പോകുന്ന ഉത്തരങ്ങൾ നന്നായി..

Jithien Chembil പറഞ്ഞു...

ഒന്ന് പോ മനുഷ്യാ
നിങ്ങളും ഒറ്റയ്ക്കല്ലേ
നമ്മളും ഒറ്റയ്ക്കല്ലേ ? <3 umma