തിങ്കളാഴ്‌ച, ഒക്‌ടോബർ 28, 2013


സ്വപ്നഭാഷണം തപാൽമാർഗ്ഗം

വേദനയുടെ സമുദ്രത്തില്‍
കരയറിയാതെ
ഒരൊറ്റക്കണ്ണന്‍ മത്സ്യമായി
താന്‍ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാള്‍ പ്രണയിനിക്കെഴുതി

പാവപ്പെട്ടവനായ
മുക്കുവന്റെ വലയില്‍ പെട്ട്
സ്നേഹമുള്ള മീന്‍ വില്‍പ്പനക്കാരനിലൂടെ
ഊണുമേശയില്‍
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം

മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തില്‍ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തില്‍ അവള്‍ ചോദിച്ചു

തപാല്‍ സമരം തീര്‍ന്നതിന്റെ
പിറ്റേന്ന്
പഴകിയടര്‍ന്ന്
പൊളിഞ്ഞ് കീറിയ നിലയില്‍
അവള്‍ക്ക് കിട്ടിയ കത്തില്‍
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ

തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെ തന്നെയായിരിക്കും

.

(വി ആർ സുധീഷ് എഡിറ്റ് ചെയ്ത് ഷെൽവിച്ചേട്ടന്റെ മൾബറി പുറത്തിറക്കിയ മലയാളത്തിന്റെ പ്രണയകവിതകളിൽ ഉൾപ്പെട്ടത്. ഉറക്കം ഒരു കന്യാസ്ത്രീ എന്ന ആദ്യപുസ്തകത്തിലെ കവിത)

5 അഭിപ്രായങ്ങൾ:

മാധവൻ പറഞ്ഞു...

തേട്ടിവരുന്നു,,,,ചവച്ച് ചപ്പിയിറക്കിയ ഒരൊറ്റക്കണ്ണന്‍ മീന്‍‌തല..

ajith പറഞ്ഞു...

ഒറ്റക്കണ്ണന്‍ മീന്‍ എന്നത് ഒരു നല്ല പേരാണ്

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഇഷ്ടപ്പെട്ടു.

Manoj Vellanad പറഞ്ഞു...

പ്രണയമീന്‍....

ബൈജു മണിയങ്കാല പറഞ്ഞു...

കണ്ണില്ലാത്ത പെണ്ണിന് ഒരു ഒറ്റക്കണ്ണ്