വെള്ളിയാഴ്‌ച, ജൂൺ 06, 2014


മേഘക്കുഞ്ഞ്


എല്ലായിടത്തെയും പോലെ
ഇവിടെയുമുണ്ടായിരുന്നു ഒരു പൂച്ചക്കുഞ്ഞ്

ചൂടിനെ വലിയ പേടിയായിരുന്നു
അടുപ്പിനടുത്തേക്ക് വരില്ല
പൊത്തിപ്പിടിക്കാൻ ചെന്നാൽ ഓടിപ്പോകും
ചൂടുള്ളത് വല്ലതും കൊടുത്താൽ മുഖം തിരിക്കും
ഐസുവെള്ളം ഇറ്റിറ്റുവീഴുന്ന
ഫ്രിഡ്ജിന്റെ
അടിയിൽ
അതിന്റെ
ഒരു
കിടപ്പുണ്ട്

രാത്രി പാറാവുള്ള
കരീമിക്കയുടെ
കൂട്ടുകാരൻ പൂച്ചക്കുഞ്ഞ്
വണ്ടി തട്ടി
ചത്ത് പോയെന്ന്
സിഗരറ്റ് വലിച്ചപ്പോൾ
സെബാൻ പറഞ്ഞു
അപ്പോൾ ഞാൻ
നല്ല നീലനിറമുള്ള
മേഘങ്ങളെ നോക്കി നിൽക്കുകയായിരുന്നു

സന്ധ്യയായപ്പോൾ
മേഘങ്ങൾ ഒക്കെ
ഉരുണ്ട് കൂടി
പഴുത്ത് പാകമായ പഴങ്ങളായി
നീലയെ കറുപ്പുരാശി
വിഴുങ്ങി

ഇപ്പോൾ
താഴേക്ക് വീഴും വീഴുമെന്നായി
അപ്പോഴേക്കും
ആ പൂച്ചക്കുഞ്ഞ്
ചത്ത് പോയ കാര്യം ഞാനും മറന്നു

മഴ വരുന്നേ
തണുപ്പ് വരുന്നേയെന്ന്
അതിനോട്
പറയാനായി
നാവ് തരിച്ചു          

(മനുഷ്യരുടെ ഭാഷ
മറന്ന ഒരാൾ
അതിന്റെ ഭാഷ പഠിക്കാൻ
ചിലപ്പോഴൊക്കെ
പരിശീലിച്ചിരുന്നു)

അപ്പോഴതാ
ആ മേഘങ്ങളൊക്കെ കൂടി
പൂച്ചക്കുഞ്ഞ്
ചടഞ്ഞ് കിടക്കാറുള്ള
മൂലയിലേക്ക് ഇറങ്ങി വന്നു

എന്നിട്ട്
ആ മൂലയിൽ വന്ന്
പൂച്ചക്കുഞ്ഞിനെപ്പോലെ

പതുങ്ങിക്കിടന്നു

1 അഭിപ്രായം:

ajith പറഞ്ഞു...

പൂച്ചമേഖക്കുഞ്ഞ്