ചൊവ്വാഴ്ച, ജനുവരി 02, 2018


വൈകുന്നേരം


🦋 

ഞങ്ങൾക്കൊരു കുടുംബക്കല്ലറയുണ്ട്. 

അപ്പനു വേണ്ടി മൂത്ത ചേട്ടൻ വാങ്ങിച്ചത്
അമ്മ ഒടുക്കം ഉറങ്ങിയ അന്ന് ഞാനത് പുതുക്കി

ഇടക്കിടെ അവിടെ പോയി നിൽക്കുന്നത് ഒരു സുഖമാണു

അപ്പനുമമ്മയും ഒരുമിച്ച് കിടക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല
ഇപ്പോഴങ്ങനെ കാണാൻ എന്തോ ഒരു രസമുണ്ട്
ഒരു തരം സമാധാനമുണ്ട്

അകലെയെങ്ങാനും വച്ചുള്ള വല്ലാത്ത ഒരു മരണമല്ലെങ്കിൽ
ഞാനും കിടന്നുറങ്ങുക ഈ കല്ലറയിലായിരിക്കും
ഓർത്തപ്പോൾ നല്ല ഒരിത് തോന്നി
അന്നെന്നെ കാണാൻ
വരാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ എന്തോ തോന്നി

ഞാനൊരു മെഴുതിരിയെടുത്ത്
എന്റെ കല്ലറയിൽ കത്തിച്ചുവച്ചു
അവിടെ നിന്നും കിട്ടിയ ചില്ലറ പൂവുകൾ അതിലൊക്കെ വിതറി
ചുറ്റിലും ചന്ദനത്തിരികൾ കുത്തി

മരിച്ച എന്റെ മുന്നിൽ ഞാൻ മുട്ടുകുത്തി

അപ്പോൾ സെമിത്തേരിയിലെ പരിചയക്കാരെല്ലാം എണീറ്റ് വന്ന് നീയെപ്പോൾ വന്നുവെന്ന് ചോദിച്ചു

ഉത്തരം പറയാതെ ഞങ്ങളിൽ നിന്ന് ഒരാൾ എണീറ്റ് പോയി

അപ്പോൾ അതാ, സെമിത്തേരിക്ക് മുൻപിലുള്ള ഇടവഴിയിലൂടെ ഒരു പെൺകുട്ടി ഓടിപ്പോകുന്നു

💃

അഭിപ്രായങ്ങളൊന്നുമില്ല: