ഞായറാഴ്‌ച, മേയ് 20, 2018


ഭാഗ്യം


ഭാഗ്യം

🖤

ഞങ്ങളുടെ നാട്ടിലെ കൊലകൊമ്പന്മാരെല്ലാം 
ഭാഗ്യത്തിന്റെ കാരുണ്യത്തിൽ അഭയം തേടി


വീടു പൂട്ടി പുറത്തിറങ്ങിയാൽ 
കാര്യമെത്തും മുൻപ്
ഒരു പത്തു പതിനഞ്ച് 
ഭാഗ്യമെങ്കിലും തേടിവരുമെന്ന നിലയായി


എത്ര നിശബ്ദമായാണു 
ഈ ഭാഗ്യം വരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു


പണ്ടൊക്കെ എന്തൊരു ഒച്ചയായിരുന്നു
നാളെയാണു നാളെയാണു 
എന്ന അതിന്റെ പാട്ട് എന്ത് രസമായിരുന്നു


പതുക്കെ പതുക്കെ നാളെ ഇന്നായി

ഇന്നാണു ഇന്നാണു 
എത്ര വട്ടം കൂടെ പാടിയിരിക്കുന്നു


ഇപ്പോൾ
എത്ര ഏകാന്തമായാണു
എത്ര നിശബ്ദമായാണു
ഭാഗ്യം വരുന്നത്


അതിനു മിണ്ടാനേ വയ്യ

അതിനു അതിനോട് തന്നെ നല്ല പുച്ഛമുണ്ട്
എടിഎം കൗണ്ടറിനു കാവൽ നിൽക്കുന്ന പഴയ പട്ടാളക്കാരനേക്കാൾ അതു ചുരുണ്ട് കൂടിയിരിക്കുന്നു


ഭാഗ്യത്തിന്റെ ഒച്ചയൊക്കെ എവിടെപ്പോയി

ഭാഗ്യത്തിനു ഒച്ചയില്ലെന്നാണോ
ഭാഗ്യം തന്നെ ഇല്ലെന്നാണോ


🖤

അഭിപ്രായങ്ങളൊന്നുമില്ല: