പ്രബുദ്ധരായ ജനാധിപത്യവിശ്വാസികളേ
ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്ന വിവരം വര്‍ധ്ധിച്ച വികാരത്തള്ളിച്ചയോടെ അറിയിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ ചിഹ്നത്തിന് നല്‍കി മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ് കെഞ്ചുകയാണ്.
നമ്മുടെ ചിഹ്നം വീടുകളിലും ഇടവഴിയിലും പള്ളിയിലും അമ്പലത്തിലും ഓഫീസുകളിലും ഹോട്ടലുകളിലും എന്തിന് ബസിലും ആശുപത്രിയിലും മഠങ്ങളിലും സെമിത്തേരിയിലും എന്ന് വേണ്ട നാടിന്റെ ഓരോ മുക്കിലും മൂലയിലും ചെയ്യുന്ന മഹനീയ സേവനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ
റോഡരികില്‍ കിടന്നുറങ്ങുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ പോലും വയറ് നിറയ്ക്കാനുള്ള അതിന്റെ അദമ്യമായ ആഗ്രഹത്തെക്കുറിച്ച്.
അര വിശന്ന് മുണ്ടുമുറുക്കിയെടുത്ത് നെടുവീര്‍പ്പിന്റെ ഫാക്ടറികളില്‍ പണിയെടുക്കുന്ന അമ്മപെങ്ങന്മാരെ കണ്ടില്ലെന്ന് നടിക്കുവാന്‍ നമ്മുടെ ചിഹ്നത്തിനാകില്ല. അത് കൊണ്ടാണ് തളര്‍ന്ന് കിടന്നിട്ടും അത് വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.
ആശുപത്രിക്കിടക്കയില്‍ പാതിവെന്തുകിടക്കുന്ന പാവപ്പെട്ട ശരീരങ്ങള്‍ക്കും നീതികിട്ടണമെന്ന അതിന്റെ സാമൂഹ്യബോധം
ജീവിച്ചിരിക്കുന്നവരെപ്പോലെ മരിച്ചവര്‍ക്കും അണയാത്ത ആഗ്രഹങ്ങള്‍ കാണുകയില്ലേ .പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ജാതിമത പരിഗണനകള്‍ കൂടാതെ ആണ്‍പെണ്‍ഭേദമില്ലാതെ ഒരു പോലെ സ്നേഹിക്കുന്ന നമ്മുടെ ചിഹ്നത്തിന്റെ മഹാമനസ്ക്കത സാര്‍വ്വ അന്തര്‍ ദേശിയത
അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച്
അവസാന തുള്ളി വരെ നല്‍കാനുള്ള ത്യാഗ സന്നദ്ധതയോ. അത് കൊടുക്കന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ
എത്ര കിട്ടിയാലും മതിവരാത്ത, പിളരാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റ് ചിഹ്നങ്ങളുടെ ചതിക്കുഴികളില്‍ നിങ്ങള്‍ വീണ് പോകരുതേ
ഞാനൊന്ന് ചോദിക്കട്ടേ, എന്തിലെങ്കിലും ഒന്നാമതാകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? ചൈന വന്മതില്‍ പോലെ നില്‍ക്കുകയല്ലേ. എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ച്, നമ്മുടെ ചിഹ്നത്തെ ഉയര്‍ത്തിയാല്‍ ജനസംഖ്യയില്‍ എങ്കിലും ഒന്നാമതാകാന്‍ കഴിയും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ
തലവേദന, വേദന, വിശപ്പ്, അറപ്പ് തുടങ്ങിയ അരാഷ്ട്രീയ വാദങ്ങള്‍ നിരത്തി നമ്മുടെ ചിഹ്നത്തെ വിജയിപ്പിക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തരുതേ
നമ്മുടെ മുദ്രാവാക്യം
ആബാലവ്യദ്ധം ജനങ്ങള്‍ക്കും സംത്യപ്തി
പാലൊഴുകുന്ന ഒരു ദേശം.
ബുധനാഴ്‌ച, ഏപ്രിൽ 15, 2009
നമ്മുടെ ചിഹ്നം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)