തിങ്കളാഴ്‌ച, ഡിസംബർ 04, 2023


പ്രളയം


ഭൂതകാലത്തിന്റെ വേരുകളിൽ
നിന്ന്
പൂവുകൾ വിരിയുന്നു
കാലം ഒരു മമതയുമില്ലാതെ
അത് പറിച്ചെടുക്കുന്നു
അത്ര വിരഹിണിയായ മേഘം
താനേ പെയ്യുന്നു
കാണാത്ത കരകളെയോർത്ത് പ്രളയത്തിന് നെഞ്ചിടിക്കുന്നു🧚

തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2023


വച്ചിട്ടുണ്ട്


റോഡരികിലെ
മരം വീണു
വഴിയാത്രികന്
മരിച്ച അന്ന്
സൈബറാക്രമണമേറ്റ്
പൊരിഞ്ഞ മാവ്
രണ്ട് പെഗ്ഗ് മഴ
വെള്ളം ചേര്ക്കാതെയടിച്ച്
പറഞ്ഞത്

വലിയ
കുണ്ണത്താളമൊന്നും
അടിക്കാതെ , സേട്ടന്മാരെ
വെട്ടിക്കൂട്ടിച്ചവിട്ടിയപ്പോ
മരം പോലെ മിണ്ടാതെ
നിന്നെന്നും കരുതി
പിന്നെയും താങ്ങാതെ ശവങ്ങളേ ,
ഞങ്ങടെയടുക്കളമുറ്റത്തൂടെ
വഴി വെട്ടിയ നിങ്ങക്ക്
വടി വേറെയും വച്ചിട്ടുണ്ട്
* കുണ്ണത്താളം
ഒരു നാടന് തെറിപ്രയോഗം
ഇന്റെര്നെറ്റില് ചില റിസല് റ്റുകള് ലഭ്യമാണു

ചൊവ്വാഴ്ച, ഓഗസ്റ്റ് 22, 2023


കള്ളന്ചേട്ടന്‍


എന്റെ ചെറുപ്പത്തില്
നാട്ടുകാരെല്ലാം കൂടി
കള്ളനെന്നും പറഞ്ഞ്
ഒരു ചേട്ടനെ കെട്ടിയിട്ട്
വീട്ടില് കൊണ്ടുവന്നു .

ജനലഴികള്ക്കുള്ളിലൂടെ
ഞാനാ കള്ളന്ചേട്ടനെ
ഒളിഞ്ഞുനോക്കി

ഒരിക്കലും ആ മുഖം മാഞ്ഞില്ല

നാല്പ്പത് വര്ഷത്തിനിപ്പുറം
ഇന്ന് ഞാനാ കള്ളന്ചേട്ടനെ കണ്ടു
ഏതോ മുജ്ജന്മബന്ധുത്വത്തിന്റെ
ഊഷ്മളതയോടെ
പരസ്പ്പരം നോക്കി

താനൊരിക്കല്
ഒരു കൊപ്രക്കളത്തില് നിന്ന്
തേങ്ങാ മോഷ്ടിച്ചിരുന്നുവെന്നും
പിടിക്കപ്പെട്ട് കെട്ടിയിടപ്പെട്ടിരുന്നുവെന്നും ഒന്നും
ഒരിക്കലും ഓര്ക്കാത്ത
ഒരാളായി മാറിയിട്ടുണ്ടായിരുന്നു
അയാള്

പക്ഷേ ,
പണ്ട്
ജനലഴികള്ക്കുള്ളിലൂടെ
ആ കള്ളന്ചേട്ടനിലേക്ക് നൂണ്ടുനൂണ്ടുപോയ
കണ്ണുകള്
ഒരിക്കല് കൂടി
ഞാന് കണ്ടു

കള്ളന്ചേട്ടന്
എന്നെ
തിരിച്ചും മറിച്ചും നോക്കുകയാണു .

#poetry
#malayalampoetry
#kuzhurwilson
#onapathippu
#agolavani  
#2023 

വ്യാഴാഴ്‌ച, ജൂലൈ 13, 2023


ഇല പറഞ്ഞു

നീ 

പൂവായ

ചെടിയിലെ

ഇലയെന്നോട് പറഞ്ഞു

നിങ്ങൾ തമ്മിൽ 

ഇഷ്ടത്തിലാണെന്ന് 


കാറ്റ് വന്നാൽ

തക്കത്തിൽ ചെന്ന്

അതിനു നീയുമ്മ കൊടുക്കാറുണ്ടെന്ന് 

വീണാൽ

എന്റെ നെഞ്ചിലേക്ക് 

തന്നെ വേണമെന്ന്

നിന്നോടത്

ശട്ടം കെട്ടിയുണ്ടെന്ന്

മരിച്ചൊന്നായി

മണ്ണിലലിയുവോളം

നിന്നെ തന്നെ 

നോക്കിനിന്നേക്കാമെന്ന വാക്ക് 

തന്നിട്ടുണ്ടെന്നും

അതെന്നോട് പറഞ്ഞു


പൂവും 

ഇലയും

ഞാനും കൂടി

നല്ല രസത്തിൽ ചിരിച്ചു 


കാറ്റ് വന്ന്

അതിൽ കുറച്ചെടുത്തിട്ട്

ദാ,

ഇപ്പോൾ പറന്ന് പോയി 

ബുധനാഴ്‌ച, ജൂലൈ 12, 2023


ഭൂമിയുടെ വിത്ത്


🦚
അതിരാവിലെ
ഭൂമിയുടെ വിത്തുകള്
ശേഖരിക്കാന് പുറപ്പെട്ടു
തിരിച്ച് പറക്കും വഴി
ചിലത്
പുരമുകളില് വീണു
ചിലത് മലമുകളില് വീണു
മറ്റ് ചിലത്
വയലുകളില്
ഭൂമിയുടെ വിത്തുകള്
മണ്ണിലും
കണ്ണിലും
വിണ്ണിലും
മുളയ്ക്കാന് തുടങ്ങി
പ്രപ്രഞ്ചമാകെ
ഭൂമിയുടെ
വിത്തുകള് പൊട്ടി
എനിക്കിതൊന്നും
നോക്കാന് സമയമില്ലെന്നും
ഇനി ഇങ്ങനെ
എന്തൊക്കിലുമൊക്കെ ഭാവിച്ചാല്
കൈവെട്ടി കളയുമെന്നും
ദൈവമെനിക്ക് താക്കീത് നല്കി
ദൈവത്തിന്റെ
ഉടയതമ്പുരാന് പറഞ്ഞാലും
ഈ പരിപാടി തുടരുമെന്ന
അശരീരി അവിടമാകെ മുഴങ്ങി
ഞാന് വെറുതെ പറഞ്ഞതാണെന്ന്
ദൈവം ചിരിച്ചുകൊണ്ട് പറഞ്ഞു
ഭൂമിയുടെ ഒരു വിത്ത്
പാറമേല് മുളച്ചു

ഞായറാഴ്‌ച, ജൂൺ 25, 2023


രണ്ട് അടുക്കളക്കവിതകള്‍

 ഒന്ന്​: കുടമ്പുളിയിട്ട് വറ്റിച്ച ഭാഗ്യം

മീന്‍കാരനെ കാത്തുനില്ക്കുന്നു.
ലോട്ടറിക്കാരന്‍ വരുന്നു
ഭാഗ്യം കുടമ്പുളിയിട്ട് വറ്റിക്കുന്ന മണം വരുന്നു
ലോട്ടറിയെടുക്കുന്നു

അപ്പോഴുണ്ട് മീന്‍കാരന്‍ വരുന്നു
ഭാഗ്യത്തിനു മീനില്ല,
അയാളുറക്കെപ്പറയുന്നു.

ഭാഗ്യത്തിനു കാശുമില്ല,
ഞാന്‍ പതുക്കെ പറയുന്നു.

ഉച്ചയാവുന്നു
വിശക്കുന്നു
ഭാഗ്യം കുടമ്പുളിയിട്ട് വറ്റിച്ചത് പുറത്തെടുക്കുന്നു
ഭാഗ്യത്തിന്റെ വറുത്ത കഷണത്തില്‍ മനമുടക്കുന്നു.

ഭാഗ്യം കുടമ്പുളിയിട്ട് വറ്റിച്ച കൂട്ടാനില്‍
വറുത്ത കഷണത്തില്‍
അടുക്കള പൊലിച്ചു നില്ക്കുന്നു.

അവിടാകെയതിന്റെ നാണം പരക്കുന്നു
ആദ്യം വരാതിരുന്ന മീന്‍കാരനെ ഓർക്കുന്നു, ലോട്ടറിക്കാരന്റെ മുഖം മറന്നുപോകുന്നു.

രണ്ട്​: രണ്ട് ബര്‍ണ്ണറുകള്‍

സ്റ്റൗവിന്റെ രണ്ട് ബര്‍ണ്ണറുകള്‍
നിന്റെ മുലക്കണ്ണുകളാവുന്ന
ഒരു കവിത
ഏറെക്കാലമായി
അടുക്കളയില്‍
ചുറ്റിത്തിരിയുന്നു

അതില്‍ തൊടാന്‍
നോക്കിയപ്പോഴൊക്കെയും
കഠിനമായി വിശന്നു
മത്സരിച്ച് ഞാന്‍ പാചകങ്ങളില്‍ മുഴുകി

ഉണക്കച്ചെമ്മീന്‍ വറുത്ത്
കാന്താരിയും കല്ലുപ്പും വാളന്‍പുളിയും കൂട്ടി
ഇടിച്ചെടുത്തത്
കല്ലുപ്പും കറിവേപ്പിലയും മഞ്ഞളും തിരുമ്മി,
തേങ്ങാപ്പാലില്‍ വേവിച്ച്,
പച്ചവെളിച്ചെണ്ണയില്‍ മൊരിച്ചെടുത്ത
പോത്തിന്റെ കഷണങ്ങള്‍
കടുകും കറിവേപ്പിലയും കാന്താരിയും വറുത്ത് പൊട്ടിച്ച മോരുകറികള്‍
പാലു പിഴിഞ്ഞ പാവയ്ക്കാ
കടുമാങ്ങ കലക്കിയ മോര്​
കടച്ചക്കയിട്ട നെയ്യുള്ള പോത്ത്
ചൊറുക്കയില്‍ ചേനമുളകുടച്ച്
വെളിച്ചെണ്ണ തൂവിയ കല്ലുപ്പ്
ഇരുമ്പന്‍പുളിയിട്ട് വറ്റിച്ച നെയ്ച്ചാള
കുടമ്പുളി വറ്റിച്ച ഞണ്ട്
മാങ്ങിഞ്ചി ഉപ്പും മുളകും കൂട്ടിച്ചതച്ചത്
ജാതിക്കാച്ചമ്മന്തി
ഇടിച്ചക്കത്തോരന്‍
പയറ്റില മുട്ട ചേര്‍ത്ത് ചിക്കിയത്
ഉരുളക്കിഴങ്ങിട്ട താറാവ് കൂട്ടാന്‍
കയിലപ്പം കരള്‍ വറുത്തത്
നീട്ടിയും കുറുക്കിയും
നാടന്‍ വരാലുകള്‍.

തിന്നു മടുത്തു
തടി കൂടി
കവിത മറന്നു
എന്നിട്ടും വിശന്നു
നിന്നെ പിടിച്ച് തിന്നാന്‍ തോന്നി.

അപ്പോഴുമെരിയുന്നു
നിന്റെ മുലക്കണ്ണുകള്‍ പോലെ
സ്റ്റൗവിന്റെ രണ്ട് ബര്‍ണ്ണറുകള്‍.