ചൊവ്വാഴ്ച, ഫെബ്രുവരി 27, 2007


എന്‍റെ ഓമനേ - അറബ് കവിത

എന്‍റെ ഓമനേ
ജീവിതകാലം മുഴുവന്
‍ഞാന്‍ നിന്നെ വരക്കാന്
‍ശ്രമിക്കുകയായിരുന്നു

എത്രയോ തവണ ഞാന്‍
നിന്‍റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിന്നെ നിരീക്ഷിച്ചുകൊണ്ടു

തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി

എന്‍റെ പ്രിയ
പഴയവള്‍ തന്നെ,
എന്നിട്ടും ഓരോ തവണയും
ഓരോ നോട്ടത്തിലും
നിന്നെ അദ്യം കാണുന്നതുപോലെ

ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്
‍സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ ചെറിയ ചെറിയ വ്യത്യാസങ്ങള്

‍വെളിച്ചത്തിന്‍റെ പ്രക്യതമനുസരിച്ചു
വികാരത്തിന്‍റെ തോതനുസരിച്ചു
റിതുക്കളുടെ ഭേദമനുസരിച്ച്

എന്നാലോ എന്‍റെ ഓമനേ
ഓരോ തവണയും നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ




എന്‍റെ ഓമനേ (അറബ് കവിത)
ഡോ.ഷിഹാബു ഗാനിം വിവര്‍ത്തനം: കുഴൂര്‍ വില്‍‌ത്സന്‍

ഞായറാഴ്‌ച, ഫെബ്രുവരി 25, 2007


വരും വരെ

ഉറങ്ങില്ല നിശ്ചയം
നീ വരും വരെ

എങ്കിലോ സ്വപ്നം കണ്ടിടാം
അതില്‍ നീ വന്നിടാം
അപ്പോളുറങ്ങിടാം

ഉണരില്ല നിശ്ചയം
നീ വരും വരെ


^ 1998, 2007

ബുധനാഴ്‌ച, ഫെബ്രുവരി 21, 2007


ആത്മാക്കള് ‍വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍

എനിക്ക്‌ ഞാനെങ്കിലുമുണ്ട്‌
നിനക്കോ
നിനക്ക്‌ ഞാനെങ്കിലുമുണ്ട്‌
എനിക്കോ

എനിക്ക്‌ നീയെങ്കിലുമുണ്ട്‌....
കാതോര്‍ത്തു... ഇല്ല.

എനിക്ക്‌ എന്റെ നിന്നെ മാത്രം മതി
(അതു പോരെന്ന് ഉള്ളില്‍ നിന്റെ മാത്രം ഞാന്‍ കരയുന്നു)

നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ

ഓരോയിടങ്ങളിലും മരിച്ച്‌ മരിച്ക്‌

വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..

ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ

ആകെയുള്ള വിഷമം
ഇതെഴുതുമ്പോള് ‍നീ
വായിക്കുന്നില്ലല്ലോയെന്നാണു

വായിച്ച്‌
ചിരിക്കുകയോ
ചിന്തിക്കുകയോ
കരയുകയോ
ചെയ്യുമ്പോള്

‍ചിലപ്പോള് ‍മരിച്ചു പോലും പോയിക്കാണും

^ 2007

ശനിയാഴ്‌ച, ഫെബ്രുവരി 17, 2007


കിടക്ക

1) രാത്രി

കിടക്ക
ഉപ്പില്ലാത്ത കടല്‍

ഒാരോ രാത്രിയിലും
ഇനി ജീവിതം വേണ്ടെന്നുറച്ചു
തിരിച്ചുവരല്ലേയെന്നു കൊതിച്ച്‌
ഞാന്‍ അതിന്റെ ആഴത്തിലേക്കു
മരണപ്പെടുന്നു

എന്നിട്ടോ
സ്വപ്നത്തിലെ പരല്‍മീനുകള്
‍ചിരിച്ചു കാട്ടുമ്പോള്
‍പവിഴപ്പുറ്റുകളുടെ വൈദുതിദീപങ്ങള്‍
പകലിനെ ഓര്‍മ്മിപ്പിക്കും
അമ്മയേയും അമ്മുവിനെയും
കാട്ടിത്തരും

അപ്പോള്‍
കടലേ കടലേ
എന്നെ നീ മുകള്‍ത്തട്ടിലേക്കു
തിരിച്ചുകൊണ്ടുപോകുമോയെന്നു
കരഞ്ഞ്‌ കരഞ്ഞു
അവളില്‍ ഉപ്പു കലര്‍ത്തും

മുത്തശ്ശിക്കഥളില്‍ നിന്നു
പരോളിലിറങ്ങിയ
തിമിംഗലങ്ങളും
കൂറ്റന്‍ സ്രാവുകളും
എന്നെ തടവിലാക്കുന്നു
മല്‍സ്യകന്യകമാരെ
നിങ്ങള്‍ എവിടെ ?

ചുറ്റും അഴുകിനാറിയ
ശവങ്ങള്‍ കരയറിയാതെ നീന്തുന്നു
എല്ലാത്തിന്റെയും ഉടലില്
‍മീന്‍ കൊത്തിയ പരിചിത മുഖങ്ങള്

‍തോമസ്‌, ഷൈജോ
മരണത്തില്‍ നിന്നും
ജീവിതത്തിലേക്കു
ആത്മഹത്യ ചെയ്യാന്‍ കൊതിച്ചവരേ

അടഞ്ഞു പോകാന്‍ കൊതിക്കുന്ന
കണ്ണുകള്‍ക്കു മുന്‍പില്
‍ചൂണ്ടകൊളുത്തില്‍ ഞാട്ടിയിരിക്കുനതു
ഒരു ഹൃദയമല്ലേ ?

ചുവന്ന ഹൃദയമേ
നീ ആരുടെ ഒറ്റുകാ(രി)രന്
‍എത്ര വെള്ളിക്കാശിന്റെ ദൂത്‌

2)പ്രഭാതം

കിടക്ക
ഒട്ടകമില്ലാത്ത മരുഭൂമി

തലക്കു മുകളില്‍ സൂര്യന്
‍എണീറ്റ്‌ കുതറിയോടുമ്പോള്
‍കാലുകള്‍ പൂണ്ടുപോകുന്നു
പഴുത്ത മണലില്‍

തലയിണയില്‍ കെട്ടിപ്പിടിക്കുമ്പോള്‍
കള്ളിമുള്‍ചെടിയുടെ അട്ടഹാസം

ജനലിനപ്പുറത്ത്‌
വെയില്‍കേസു പഠിക്കാത്ത
വക്കീലിനെപ്പോലെ വിയര്‍ക്കുന്നു
കോട്ട്‌ കറുത്തതല്ല

അവന്റെ നുണയില്
‍എത്ര പുല്‍നാമ്പുകള്‍ കരിഞ്ഞു

ലോകം ഇപ്പോഴുമുണ്ടോ
പീഡനക്കഥകളിലെ നായികമാര്‍ക്ക്‌
അവാര്‍ഡേര്‍പ്പെടുത്തിയോ

വീട്‌ വീടാന്തരം കയറിയിറങ്ങി
അടിവസ്ത്രം വില്‍ക്കുന്ന
ചെറുപ്പക്കാരനു പ്രമോഷന്‍ കിട്ടിയോ
അതോ നടുറോഡില്‍കുഴഞ്ഞു വീണോ

3) ഉച്ച

ഞാന്‍ കിടക്കയെ കാണാറില്ല

എങ്കിലും ശാന്തമായി
ശവക്കുടീരത്തിലേക്കെന്ന പോല്
‍അതെന്നെ
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു

^ 1998

തിങ്കളാഴ്‌ച, ഫെബ്രുവരി 12, 2007


എന്നെയറിയില്ല

അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും

ഞങ്ങള്‍ക്കിടയില്‍
ഒരു തടാകമുണ്ട്‌
അതില്‍ നിറയെ മീനുകളും

ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല

ആ മീനുകള്
‍ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം

ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്‌
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ

കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്‌

ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
‍അയാളറിയുന്നുണ്ടാകുമോയെന്നും

അയാള്‍ തടാകത്തില്‍
കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന്
‍എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല

ആ എന്തെങ്കിലും വിചാരിക്കട്ടെ

അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്‌
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം

എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്‍
തടാകത്തില്‍
ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു

അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു

ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ്‌ വലിക്കുന്നത്‌

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ

ആകില്ലഅയാള്‍ കറുത്തതു തന്നെ

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍

കറുത്തതല്ലാത്ത ഞാന്‍


^ 2006

ചൊവ്വാഴ്ച, ഫെബ്രുവരി 06, 2007


12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്‌

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ തിരിയാനിടമില്ലാത്ത
സിറ്റൗട്ടിലിരുന്ന്‌ ആകാശം കണ്ടു.

ആ ആകാശംആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേയ്ക്കു ചാടുമേയെന്ന്‌
നക്ഷത്രങ്ങള്‍ കുതറി.

അവസാന ബെല്ലടിച്ചിട്ടും
സ്കൂളിലേക്കോടാതെ കുട്ടികള്‍
മാവിന്‍ചുവട്ടില്‍ നില്‍ക്കുംപോലെ
ഞങ്ങള്‍ താഴെ.

കാറ്റെപ്പോള്‍ വേണമെങ്കിലും വരും.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ പുകയും മണവും നിറഞ്ഞ
അടുക്കളയിലിരുന്ന്‌
കടല്‍ കണ്ടു.

ആ കടല്‍ കടലിനേക്കാള്‍ പരന്നു.

ആഴത്തിലൂടെ നീന്തിയ മീനുകള്
‍ചോദിച്ചു പോരുന്നോ?

ഉച്ചയായി വിശന്നിട്ടും
ഒരു വരാല്‍ വരാനുണ്ടെന്നു കാത്ത്‌
പിന്നെയുമിരിക്കുന്ന ചൂണ്ടക്കാരനെപ്പോലെ
ഞങ്ങള്

‍കണ്ണീരിന്റേയും കൈത്തോടിന്റേയും വഴികള്
‍കടല്‍മീനുകള്‍ക്കറിയില്ല.

കാര്‍മേഘം എപ്പോള്‍ വേണമെങ്കിലും വരാം.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ കര്‍ട്ടനുകളില്ലാത്ത
ജനാലയ്ക്കരികിലിരുന്ന്‌
കാടു കണ്ടു.
ആ കാട്‌ കാടിനേക്കാള്‍ കറുത്തു.
എന്തേ വരാന്‍ വൈകിയെന്ന പരിഭവം നടിച്ച്‌
മരങ്ങള്‍.

ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും
നിലാവ്‌.

മിന്നാമിനുങ്ങുകള്‍ നെല്‍ക്കതിരുകള്‍ കാണുംപോലെ
ഞങ്ങള്‍.

വെളിച്ചപ്പെടാത്ത മുറിവുകളുണ്ട്‌.
ഒരിടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും വരും.

12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്‌.

അതിന്റെ പരുത്തതും അല്ലാത്തതുമായ
ഇടങ്ങളിലിരുന്ന്‌
ഞങ്ങള്‍ പരസ്പരം
വിശപ്പും ദാഹവും മാറ്റി
കലഹിച്ചു
പ്രാര്‍ത്ഥിച്ചു
വിശുദ്ധപുസ്തകം വായിച്ചു

ഇടയ്ക്കിടെ ആരും കാണാതെ
അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക്‌
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി.

അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന
ഞാന്‍ പുറത്തേയ്ക്കുപോയി

അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍
ആകാശം കടല്‍ കാട്‌.

^ 2006

ഞായറാഴ്‌ച, ഫെബ്രുവരി 04, 2007


www . സൌഗന്ധികം . com


സൌഗന്ധികം സെര്‍ച്ചു ചെയ്യുന്നതിനിടയില്
‍നാലു വൈറസുകള്‍ ഭീമന്റെ വഴി മുടക്കി

ഗദകൊണ്ടും കരുത്തുറ്റ മാംസപേശികള്‍ കൊണ്ടും
അവറ്റകളെ തുരത്താനാകാതെ കുഴഞ്ഞു

പല തവണയും സൗഗന്ധികത്തിന്റെ സ്പെല്ലിംഗ്‌ തെറ്റി

പൂക്കളായ പൂക്കളെക്കുറിച്ചുള്ള
മുഴുവന്‍ സൈറ്റുകളിലും ചുറ്റി നടന്നുകണ്ണുകള്‍ കഴച്ചു

മുക്കുറ്റി.com ബോഗണ്‍വില്ല.com
ഓര്‍ക്കിഡ്‌ തുമ്പ
മൗസില്‍ തൊട്ടപ്പോള്‍ ചുരുങ്ങിപ്പോയ തൊട്ടാവാടി.com

മുള്ളുകൊള്ളാത്ത യാത്ര
കരിങ്കല്‍ ശരീരത്തിനുള്ളിലെ നീരുറവയില്‍ചില പൂക്കള്‍ വിരിഞ്ഞു

പൂ പൂ എന്നു ഇടക്കിടെ പിറുപിറുത്തു

മാംസപുഷ്പ്പങ്ങള്‍ പൂത്തുലയുന്ന വളക്കൂറുള്ള ഡോട്ട്‌ കോമുകള്
‍വിവസ്ത്രയാക്കപ്പെട്ട ഭാര്യയെ ഇടക്കെല്ലാം മറന്നു

മല്ലന്മാരെക്കുറിച്ചുള്ള വെബ്‌ പേജുകള്‍ക്കു
മുന്‍പില്‍ അല്‍ഭുതപ്പെട്ടിരിക്കുമ്പോള്‍
ഒരു മെസേജു
വിഷയം-സൗഗന്ധികത്തെക്കുറിച്ചു സൂചന

ഇന്‍ബോക്സില് ‍സൗഗന്ധികത്തിന്റെ
ലക്ഷണങ്ങളുമായി ബ്ലാക്ക്‌ മൂണ്‍

ലാറ്റിനമേരിക്കയില്‍ നിന്നുള്ള
സുഗന്ധമില്ലാത്ത പുഷ്പ്പത്തെ അയാള്‍ ഇഷ്ടപ്പെട്ടു

ഇ വനത്തിലൂടെ
ഇനി ഒരടിപോലും വയ്യെന്നു ഉള്ളിലുറച്ചു
ബ്ലാക്കുമൂണ്‍ ഡൗണ്‍ലോഡ്‌ ചെയ്തു

മോര്‍ഫു ചെയ്തു ചില്ലറ മാറ്റങ്ങള്
‍പിന്നെ ഒരു കളര്‍പ്രിന്റ്‌

അഞ്ചെണ്ണത്തിന്റെ ഭാര്യാപദം അലങ്കരിച്ചിട്ടും
ബോറടിച്ചിരുന്ന പാഞ്ചാലി തുള്ളിച്ചാടി

സൗഗന്ധികത്തിന്റെ നാലു ഫോട്ടോസ്റ്റാറ്റു കോപ്പികള്‍
എടുത്തു ഡോക്ടറേറ്റിനുള്ള അപേക്ഷാഫോറവുമായി
പൂമുഖത്തേക്കു പോയി

ചരിത്രത്തില്‍ സുഗന്ധമില്ലാത്തഒരു നുണ വിരിഞ്ഞു


^ 2000

വെള്ളിയാഴ്‌ച, ഫെബ്രുവരി 02, 2007


അക്ഷരത്തെറ്റുള്ള തെറികള്‍

ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.

പായലും കരിക്കട്ടയും ചെങ്കല്ലും
ചേര്‍ന്നെഴുതിയത്ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു

ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്

‍കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു

പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു

^ 2004