12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ തിരിയാനിടമില്ലാത്ത
സിറ്റൗട്ടിലിരുന്ന് ആകാശം കണ്ടു.
ആ ആകാശംആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേയ്ക്കു ചാടുമേയെന്ന്
നക്ഷത്രങ്ങള്‍ കുതറി.
അവസാന ബെല്ലടിച്ചിട്ടും
സ്കൂളിലേക്കോടാതെ കുട്ടികള്‍
മാവിന്‍ചുവട്ടില്‍ നില്‍ക്കുംപോലെ
ഞങ്ങള്‍ താഴെ.
കാറ്റെപ്പോള്‍ വേണമെങ്കിലും വരും.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ പുകയും മണവും നിറഞ്ഞ
അടുക്കളയിലിരുന്ന്
കടല്‍ കണ്ടു.
ആ കടല്‍ കടലിനേക്കാള്‍ പരന്നു.
ആഴത്തിലൂടെ നീന്തിയ മീനുകള്
ചോദിച്ചു പോരുന്നോ?
ഉച്ചയായി വിശന്നിട്ടും
ഒരു വരാല്‍ വരാനുണ്ടെന്നു കാത്ത്
പിന്നെയുമിരിക്കുന്ന ചൂണ്ടക്കാരനെപ്പോലെ
ഞങ്ങള്
കണ്ണീരിന്റേയും കൈത്തോടിന്റേയും വഴികള്
കടല്‍മീനുകള്‍ക്കറിയില്ല.
കാര്‍മേഘം എപ്പോള്‍ വേണമെങ്കിലും വരാം.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ കര്‍ട്ടനുകളില്ലാത്ത
ജനാലയ്ക്കരികിലിരുന്ന്
കാടു കണ്ടു.
ആ കാട് കാടിനേക്കാള്‍ കറുത്തു.
എന്തേ വരാന്‍ വൈകിയെന്ന പരിഭവം നടിച്ച്
മരങ്ങള്‍.
ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും
നിലാവ്.
മിന്നാമിനുങ്ങുകള്‍ നെല്‍ക്കതിരുകള്‍ കാണുംപോലെ
ഞങ്ങള്‍.
വെളിച്ചപ്പെടാത്ത മുറിവുകളുണ്ട്.
ഒരിടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും വരും.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ പരുത്തതും അല്ലാത്തതുമായ
ഇടങ്ങളിലിരുന്ന്
ഞങ്ങള്‍ പരസ്പരം
വിശപ്പും ദാഹവും മാറ്റി
കലഹിച്ചു
പ്രാര്‍ത്ഥിച്ചു
വിശുദ്ധപുസ്തകം വായിച്ചു
ഇടയ്ക്കിടെ ആരും കാണാതെ
അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക്
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി.
അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന
ഞാന്‍ പുറത്തേയ്ക്കുപോയി
അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍
ആകാശം കടല്‍ കാട്.
^ 2006
ചൊവ്വാഴ്ച, ഫെബ്രുവരി 06, 2007
12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്
Labels: കുഴൂര്‍ വില്‍സന്റെ കവിതകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)