വ്യാഴാഴ്‌ച, ജനുവരി 31, 2013


ഞങ്ങൾ രണ്ട് പേർ


ഇന്നലെ പാതിരാത്രിക്ക് എന്ന് പറഞ്ഞാൽ അലമ്പാവും.അതും കഴിഞ്ഞ് ഒരു രണ്ട് രണ്ടരമണിക്ക്. കാറോടിച്ച് കാറോടിച്ച് കാറോടിച്ച് വരികയായിരുന്നു
പാറക്കടവിലെത്തിയപ്പോൾ ആ വളവിൽ ഒരു മരത്തിനു കീഴെ ഞാൻ നിൽക്കുന്നു.

ഞാനെന്ന് പറഞ്ഞാൽ
എവിടെയോ പോയി , പാതിരാത്രിയിൽ ഇനിയും പുറപ്പെടാൻ ഇടയില്ലാത്ത ബസ് കാത്ത് നിൽക്കുന്ന പണ്ടത്തെ ഞാൻ

പാവം തോന്നി. നന്നായി മുഷിഞ്ഞിട്ടുണ്ട്. അഞ്ചാറെണ്ണം രാത്രി അടിച്ചിട്ടുണ്ട്. എന്തോ ആലോചിച്ച് നിൽപ്പാണു. അപ്പനെയാകാം, മരങ്ങളെയാവാം. അതിനെക്കുറിച്ച് തന്നെയാകാം. എന്തുമാകാം. നല്ല പാവം തോന്നി

കേറെടാ, എന്നോട് പറയും പോലെ അത്രമേൽ അധികാരത്തിൽ ഞാൻ പറഞ്ഞു.
കേട്ടപാതി കേൾക്കാത്ത പാതി സ്കൂളിൽ വീണു മുട്ടുപൊട്ടിയ കുട്ടി അമ്മയെ കണ്ടെന്ന പോലെ ഒറ്റപ്പിടുത്തമായിരുന്നു. അത്രയും ആഴത്തിൽ തള്ളിയുള്ള ആ കേറ്റമായിരുന്നു ആ നിമിഷത്തിന്റെ ഹൈലേറ്റ്

വീടെത്തും വരെ അത് നടന്ന വഴികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. കാത്ത് നിന്ന് വരാതിരുന്ന ബസുകളെക്കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നു. ആ ബസുകളുടെ നിറങ്ങൾ പോലും പറഞ്ഞു കൊണ്ടിരുന്നു. നടന്ന വഴിയിലെ കല്ലുകളെക്കുറിച്ച് അതിന്റെ മിനുസത്തെക്കുറിച്ച് മുനകളെക്കുറിച്ച് പൊട്ടിയ കാലിനെക്കുറിച്ച് പൊട്ടിയൊലിച്ച മുറിവിനെക്കുറിച്ച് വാറു പൊട്ടിയ ചെരുപ്പുകളെക്കുറിച്ച്. എന്തിനു വഴിയിൽ കിടന്ന് കിട്ടിയ മിഠായികടലാസിനെക്കുറിച്ച്  വരെ (മിഠായി കൊതിച്ച് എടുത്തത് കടലാസെന്നത് സങ്കടപ്പെടുത്തിയില്ലേ എന്ന ചോദ്യം തൊണ്ടയിൽ വന്നു ) ഓടിയ വഴികളെക്കുറിച്ച് കമാന്നൊർക്ഷരം മിണ്ടാതെ  ഞാനതിന്റെ  കൂടെ കാറോടിച്ച് നടന്ന് കൊണ്ടിരുന്നു.

എനിക്കാണെങ്കിൽ സങ്കടം സഹിക്കവയ്യാതായിരുന്നു

ഈ കാറൊക്കെ എന്നാടാ ഉണ്ടായേ എന്നും ചോദിച്ച് ഞാനതിനെ കെട്ടിപ്പിടിച്ചു. അപ്പോളത് ഏങ്ങിയേങ്ങി അത്രകാലം മുഴുവൻ അടക്കി വച്ച കരച്ചിൽ മുഴുവൻ എന്റെ നെഞ്ചിൽ വീഴ്ത്തി
പോട്ടേടാ പോട്ടേടാ വാവേ, അറിയാവുന്ന ചക്കരവാക്കുകളെല്ലാം ഞാനും പുറത്തിട്ടു. നിൽക്കുന്നില്ല അതിന്റെ ഏങ്ങൽ.

അകത്തേക്ക് കൊണ്ട് പോയി. ചൂടുവെള്ളത്തിൽ കുളിപ്പിച്ചു. നല്ല മണമുള്ള തൈലം പൂശി. ഇളംചൂടുള്ള ഉടുപ്പുകൾ കൊടുത്തു. ഒരു കുഞ്ഞുഗ്ലാസിൽ വീഞ്ഞ് കൊടുത്തു. മടിയിൽ കിടത്തി.  അത്ര പതുക്കെ ഒരു പാട്ട് പാടി കൊടുത്തു. കവിളിലും നെറ്റിയിലും ഉമ്മകൾ കൊടുത്തു

ഇന്നലെ പാതിരാത്രിയെന്ന് പറഞ്ഞാൽ അലമ്പാവും ഇന്ന് പുലർച്ചെ നിനക്ക് ഞാനുണ്ടെന്ന് അതിനോട് തന്നെ പ്രഖ്യാപിച്ച് നെഞ്ചിൽ കിടത്തിയുറക്കി

പാവം . തന്നെ ഉറങ്ങിപ്പോയി

ഞങ്ങളെ രണ്ട് പേരെയും നോക്കി ഉറങ്ങാതിരുന്ന ഞങ്ങളുടെ വീട് തന്നെയായിരുന്നു ആകെമൊത്തത്തിലുള്ള ഹൈലേറ്റ്



4.35 പി എം


എത്ര പരിശ്രമിച്ചിട്ടും മനസിൽ പതിയാത്ത ആ പെണ്ണിനെ ഓർത്ത് കൈഭോഗം ചെയ്ത് ചെയ്ത് നേരം പോയതിനാലാണു 4 മണിക്ക് ഓഫീസിലെത്തേണ്ട ഞാൻ 4.35 നു എത്തിയതെന്ന് വേണമെങ്കിൽ പറയാം

പക്ഷേ അതല്ല കാര്യം

പുതിയ ചന്ദ്രിക സോപ്പായതിനാൽ അതിൽ അലിഞ്ഞലിഞ്ഞ് കുളിച്ച് നേരം പോയതിനാലാണു 4 മണിക്ക് ഓഫീസിലെത്തേണ്ട ഞാൻ 4.35 നു എത്തിയതെന്ന് വേണമെങ്കിൽ പറയാം

പക്ഷേ അതല്ല കാര്യം

അതൊന്നുമല്ല കാര്യം. ഒരു പക്ഷേ നിങ്ങൾ വിശ്വസിക്കാനിടയില്ലാത്ത നടന്ന സംഭവമാണു കാര്യം അത് തന്നെയാണു കാര്യംഅത് തന്നെയാണു കാര്യം അത് ഇങ്ങനെയാണു . അത് ഏകദേശം ഇങ്ങനെയാണു

എസി ഓൺ ചെയ്ത്, പാട്ടുച്ചത്തിൽ വച്ച്, എസി ഓഫാക്കി പാട്ടൽപ്പം കുറച്ച് വാച്ചിൽ നോക്കി പിന്നെയും എസി ഓൺ ചെയ്ത് പാട്ടുച്ചത്തിലാക്കി പിന്നെയും വാച്ചിൽ നോക്കി സൈലന്റായി അടിക്കുന്ന മൊബൈലിനെ പുച്ഛത്തിൽ നോക്കി പിന്നെയും എസി ഓണാക്കി ഓഫാക്കി പാട്ടുച്ചത്തിലാക്കി പാട്ടോഫ് ചെയ്ത് പോലീസിനു പിടിക്കാൻ പാകത്തിൽ വണ്ടിയെ ഓടിക്കവേ

അതാ ആ വളവും കഴിഞ്ഞ് ഒരു മരണവീട്. എല്ലാം ദിവസവും കാണുന്നതാണല്ലോ ഇന്നെന്ത് ഭംഗി നിന്നെക്കാണാൻ എന്ന ആ സിനിമപ്പാട്ട് പാടുവാൻ തോന്നുന്ന അത്രയും ക്യൂട്ടായ ഒരു വീട്. നിർത്തിയതല്ല കൂട്ടരേ നിന്ന് പോയതാണു. അത്രയ്ക്ക് തങ്കക്കുടം പോലൊരു മരണവീട് ഞാനിത് വരെ കണ്ടിട്ടില്ല. അപ്പനാണെ സത്യം കണ്ടിട്ടില്ല.

ഒരു മൂളിപ്പാട്ടുമായി കേറിച്ചെല്ലുമ്പോൾ പൂക്കളായ പൂക്കളൊക്കെ നോക്കി നോക്കി ചിരിക്കുന്നു. ഇത്രയും കാലം വേലിത്തലപ്പിൽ നിന്ന് പൊട്ടി പൊട്ടി ചിരിച്ചിട്ട് ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ ദുഷ്ടാ എന്ന മൂളിപ്പാട്ടുമായങ്ങനെ നോക്കി നോക്കി ചിരിക്കുന്നു. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന പാട്ടിനു ജീവൻ വച്ച പോലുണ്ട്. മരണവീട്ടിലെ പൂക്കളെ എന്ത് ഭംഗി നിന്നെക്കാണാൻ ( ഇവിടെ വ്യാകരണം തെറ്റിയതിൽ നിങ്ങളെപ്പോലെ എനിക്കും സങ്കടമില്ല ) എന്ത് ഭംഗി നിന്നെക്കാണാൻ

പൂക്കൾക്കിടയിൽ അത്ര ഭംഗിയുള്ള മരിച്ചയാൾ. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന പാട്ട് പാടിയെന്ന് പ്രത്യേകം പാടേണ്ടതില്ലല്ലോ. എന്ത് ഭംഗി നിന്നെക്കാണാൻ. എന്ന പാട്ടിന്റെ കോറസായിരുന്നു ആ വീട്. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ ഭാര്യ. എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ മക്കൾ എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ അയൽക്കാർ എന്ത് ഭംഗി നിന്നെക്കാണാൻ എന്ന് മരിച്ചയാളുടെ കൂട്ടുകാർ. എന്തിനു എന്ത് ഭംഗി നിന്നെ കാണാൻ എന്ന് മരിച്ചയാളുടെ അമ്മ

സത്യമായിട്ടും നിങ്ങൾ വിശ്വസിക്കില്ല. ആ നിമിഷത്തിൽ ഒരു പരിചയവും ഇല്ലാത്ത ഒരു മരിച്ചയാൾക്ക് ഉമ്മ കൊടുക്കണം എന്ന എന്റെ ചിരപുരാതനമായ ആ ആഗ്രഹം ആ ജീവിതാഭിലാഷം സർവ്വസീമകളും തെറ്റിച്ചു.

ഞാനയാൾക്ക് ഞാനയാൾക്ക് ഞാനയാൾക്ക് ഒരുമ്മ കൊടുത്തു.

കുടിയനായ അയാളുടെ അത്തറിൽ കലർന്ന മണം. പൂക്കൾ കലർന്ന മണം ചന്ദനത്തിരി കലർന്ന മണം. ഹോ ഞാനയാൾക്ക് ഒരുമ്മ കൊടുത്തു

കൂട്ടരേ, പരിചയമുള്ള മരിച്ചതോ അല്ലാത്തതോ ആയ ആളുകൾക്ക് കൊടുക്കും പോലെയല്ല. സത്യമായിട്ടും അല്ല. പരിചയമില്ലാത്ത മരിച്ചയാൾക്ക് കൊടുക്കുന്നത്. കൊടുത്തത് നന്നായോ കിട്ടിയത് നന്നായോ ഒന്നായോ എന്നിങ്ങനെയുള്ള ഗുലുമാലുകൾ ഒന്നുമില്ല. ഹോ എഴുതി കൊതി തീരില്ല

ഇത്രയും കാലം നീ എവിടെയായിരുന്നു എന്ന് ഒരു മുട്ടൻ തെറി കൂട്ടി അയാൾ കുടിച്ച മണവുമായി ചോദിച്ചത് മാത്രം ഓർമ്മയുണ്ട്

ഇപ്പോൾ 4.35 ഞാൻ ഓഫീസിൽ കയറുകയാണു. ഇന്ന് വൈകിയതിന്റെ കാരണം നിങ്ങൾക്കറിയാം .മരിച്ചയാൾക്കുമറിയാം


അമ്മിണിയുടെ കൈക്കൂലി , അപ്പയുടെയും


ചീറ്റോസ് , ലെയ്സ്, പോപ്പിൻസ്
അമ്മിണി കൈചൂണ്ടിയാൽ താനേ തുറക്കും പഴ്സ്.
മുളച്ച് മുളച്ച് വരുന്ന പൈസകൾ

തലയൊന്ന് ചായ്ച്ചാൽ
മൈതാനം കണ്ട പന്ത്കളിക്കാർ അമ്മിണിവിരലുകൾ
അതിനു മന:പാഠം അമ്മ തൊടാതെ പോയ
തലയോടിൻ ഇടവഴികൾ

ചീറ്റോസ് ലെയ്സ് പോപ്പിൻസ്
കുഞ്ഞ് വിരലുകൾ വങ്ങാൻ ശൂന്യതയിൽ മുളയ്ക്കും പൈസകൾ

ചീറ്റോസ് ലെയ്സ് പോപ്പിൻസെന്ന്
അവളെണ്ണും മുടിയിഴകൾ

ബുധനാഴ്‌ച, ജനുവരി 30, 2013


നല്ല കാര്യമായി


ജീവിതകാലം മുഴുവൻ വെള്ളത്തിൽ കിടന്നതിന്റെ തണുപ്പകറ്റാൻ
വെയിലുകൊള്ളുന്നതാണു

ഉണക്കമീനെന്നോ  ?

നിങ്ങടെ ഈ അളിഞ്ഞ ഭാഷ വല്ല കവിതയിലും കൊള്ളാം
ആഖ്യാനമോ വ്യാഖാനമോ എന്തും

തുടർന്നങ്ങോട്ട് പൊരിയുന്നതിനു മുൻപ്
വെയിലു കൊണ്ട് പരിശീലിക്കുന്നതിനെ
ഉണക്കമീനെന്ന് കളിയാക്കരുതു

ജീവിതകാലം മുഴുവൻ വെയിലത്ത് കഴിയുന്ന നിങ്ങളെ
ഞങ്ങൾ ഉണക്കമനുഷ്യരെന്ന് വിളിക്കാറുണ്ടോ

വല്ലപ്പോഴും കടലിൽ വരുമ്പോൾ
പച്ചമനുഷ്യർ എന്ന് വിളിക്കാറുണ്ടോ

ഉണക്കമീനേ, നല്ല കാര്യമായി

ചൊവ്വാഴ്ച, ജനുവരി 29, 2013


പെടക്കണ പെടക്കണ പെടക്കണ മീനുകൾ


പതിവ് പോലെ ഈ കവിതയിലും വീരാൻ മീങ്കാരനാണു
അതെ . അയാളെ നോക്കിയാണു ഇരിക്കുന്നത്
ഭാര്യയില്ലാത്ത തക്കം നോക്കി രണ്ട് മീൻ വാങ്ങി ഒറ്റയ്ക്ക് പുഴുങ്ങിത്തിന്നാൻ പോവുകയാണു
വെജിറ്റേറിയനാണേന്നോ ഇപ്പോൾ തന്നെ പൊയ്ക്കൊളൂ . ദാ ഇതിലേ പൊയ്ക്കോളൂ. ഇവിടെ മീനും ഇറച്ചിയും ഇല്ലാതെ പറ്റില്ല

പോവാത്തവരേ ,ഒരു മിനിറ്റേ വീരാൻ വന്നെന്ന് തോന്നുന്നു
ആ വന്നു. വന്നു .അരമണിക്കൂർ നീളമുള്ള ആ പൂയ് കേട്ടില്ലേ
അകമ്പടിയായ് ആ കണ്ടനെ കണ്ടില്ലേ

നല്ല മീനേതാണെന്ന് നോക്കട്ടെ, പോകല്ലേ
ദാ വന്നു

ഇല്ല വന്നില്ല നിങ്ങളും പൊയ്ക്കോളൂ
എന്തോ ഒരു കുഴപ്പമുണ്ട്
നിങ്ങൾ പൊയ്ക്കോളൂ

ആഹാ പോയില്ലേ
എന്തോ അല്ല കുഴപ്പമുണ്ട്
വീരാൻ വന്നു. മീങ്കാരൻ വീരാൻ വന്നു
പൂയ് വന്നു. കണ്ടനും വന്നു

വീരാന്റെ വണ്ടിയിൽ കൊട്ടയില്ല
വീരാന്റെ വണ്ടിയിൽ ഒരു മഞ്ചപ്പെട്ടി
എന്താ പേടിയാണെന്നോ, പൊയ്ക്കോളൂ
ദാ അതിലേ പൊയ്ക്കോളൂ
വീരാൻ കോണ്ട് വന്നതല്ലേ , ഇനിയിവിടെ മഞ്ചപ്പെട്ടിയില്ലാതെ പറ്റില്ല

എന്താ വീരാനെ ഇത് മീൻ നോക്കിയിരിക്കുമ്പോൾ
എന്താണു ഒരു മഞ്ചപ്പെട്ടി. ഞാൻ ചോദിച്ചു
വേണമെങ്കിൽ നിങ്ങളും ചോദിച്ചോളൂ

തിരക്കോ  പൊയ്ക്കോ കാറു വരുമെന്നോ പൊയ്ക്കോളൂ
നല്ല സമയമുണ്ടെങ്കിൽ മാത്രം നിന്നാൽ മതി
എനിക്കെന്തായാലും മീൻ തിന്നെ പറ്റൂ

വീരാൻ ചോദിക്കയാണു. എന്താ മോനേ, നീയൊരു കവിയല്ലേ
മഞ്ചപ്പെട്ടിയിൽ മീൻ കൊണ്ട് വന്നാൽ എന്താ മോനെയെന്ന്
ശ്ശൊ , ഞാനെന്ത് പറയണം
നിങ്ങൾ പറ, ഞാനെന്ത് പറയണം
പോവുകയാണെന്നോ പൊയ്ക്കൊ പൊയ്ക്കൊ
എന്നും ഇങ്ങനെ തന്നെ പോകണം
മഞ്ചപ്പെട്ടി നോക്കാൻ ഈ പാവം കവിയുണ്ടല്ലോ അല്ലേ

മഞ്ചപ്പെട്ടിയിൽ നല്ല പിടക്കണ ചാള നല്ല പിടക്കണ അയില നല്ല പിടക്കണ ആവോലി നല്ല പിടക്കണ നത്തോലി നല്ല പിടക്കണ പൂമീൻ നല്ല പിടക്കണ സ്രാവ്, നല്ല പിടക്കണ നെയ്മീൻ നല്ല പിടക്കണ കൊഴുവ നല്ല പിടക്കണ കണവ നല്ല പിടക്കണ കിളിമീൻ നല്ല പിടക്കണ തിരുത നല്ല പിടക്കണ കണമ്പ് നല്ല പിടക്കണ തിരണ്ടി നല്ല പിടക്കണ …

നിങ്ങൾ പോയി അല്ലേ. ശരി ശരി എത്ര നേരമായി  നിങ്ങടെ  ആരോ ഫോണിൽ വിളിക്കുന്നു അല്ലേ. ശരി ശരി പോയി പറയൂ. പെട്ടു പോയി. ഒരു മീൻ കൊതിയൻ കവിയുടെ , കവിയുടെ വീരാന്റെ  ,വീരാന്റെ മഞ്ചപ്പെട്ടിയിൽ പെട്ടു പോയി എന്ന്. ഒരുമ്മയും കൊടുക്ക് . നല്ല പെടക്കണ ഉമ്മ. വഴക്ക് മാറട്ടെ

എനിക്ക് മീങ്കാരൻ വീരാന്റെ ചോദ്യത്തിൽ നിന്ന് ഒഴിയാൻ വയ്യ.
ഈ പെടക്കണ മീനുകൾ നിറഞ്ഞ ഈ മഞ്ചപ്പെട്ടിയിൽ തന്നെ നോക്കി നോക്കി നിൽക്കുകയാണു
സമയമാം രഥത്തിൽ ഞാൻ… എന്ന പാട്ട് കൂടി ആയാലോ എന്ന് വീരാനോട് ആലോചിക്കുകയാണു

നിങ്ങളും പൊയ്ക്കോളൂ


വെള്ളിയാഴ്‌ച, ജനുവരി 25, 2013


ഒരു രക്ഷയുമില്ലാത്ത കവിത


തുടങ്ങും മുൻപ് ചിലത് പറയാനുണ്ട്.  ചിലതല്ല . മൂന്ന് കാര്യങ്ങൾ. ഒന്ന് . ഈ കവിതക്ക് ലൈക്കടിക്കരുതു. ലൈക്കും ഒരു അടിയായതുകൊണ്ടല്ല.  അത് ശരിയാകില്ല.  ഇത് ഒരു  രക്ഷയുമില്ലാത്ത  കവിതയാണു.  രണ്ട്   . ഈ കവിത നല്ലതാണെന്ന് പറയരുതു.  ഒരു രക്ഷയും ഇല്ലാത്ത കവിതക്ക്  ഒരു നല്ലത് ശരിയാകില്ല. ഒന്നും വിചാരിക്കരുത്. ശരിയാകാത്തത് കൊണ്ടാണു.

എനിക്കൊരു കൂട്ടുകാരനുണ്ട്. പ്രദീപ്.  നിങ്ങൾ ചിലപ്പോഴറിയും. ഫേസ് ബുക്കിലുണ്ട് . അവന്റെ ആരോ ആണു. ഇന്നാളൊരു ദിവസം മരിച്ചു പോയി. അതെ തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുകയായിരുന്നു. ഫെയ്സ് ബുക്കിലുണ്ടോ എന്നറിയില്ല.  ആ എന്തായാലും മരിച്ചു പോയി. അതെ തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുമ്പോഴായിരുന്നു. ട്രാക്കിലായിരുന്നു. മരിച്ച് പോയി. ഫോൺ ചെയ്ത് നടക്കുമ്പോഴായിരുന്നു. ട്രെയിൻ വരുന്നത് കണ്ടില്ല. കേട്ടില്ല എന്നല്ലേ. ആ എന്തേലുമാകട്ടെ. മരിച്ചു പോയി. തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുകയായിരുന്നു. വിളിച്ച് കൊണ്ടിരുന്നത് ആരായിരുന്നെന്നോ. ആവോ അറിയില്ല. ചോദിച്ചുമില്ല. ഇനിയൊട്ട് ചോദിക്കയുമില്ല. ഒരു പെൺകുട്ടിയാണെന്നാ പറഞ്ഞെ. അതെ മരിച്ച് പോയി. തീവണ്ടിമുട്ടി. പെൺതീവണ്ടി മുട്ടി മരിച്ചു എന്നോ. എനിക്കറിയില്ല. അത് കവിതയിൽ ആയിക്കോളൂ. ഇത് ഒരു രക്ഷയും ഇല്ലാത്ത കവിതയാണു

എനിക്ക് മറ്റൊരു കൂട്ടുകാരനുണ്ട്. കൂടെ ജോലിചെയ്യുന്നു. പേരു ഉണ്ണിക്യഷണൻ. ഉണ്ട്. ഫേസ് ബുക്കിലുണ്ട്.  അവന്റെ വകയിൽ ഒരു അനിയൻ മരിച്ചുപോയി. അല്ല തീവണ്ടി മുട്ടിയല്ല. ഒരു ഫ്ലാറ്റിന്റെ ജനലയിൽ നിന്നും താഴേക്ക് വീണു. മരിച്ചുപോയി. ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണു. അവനും ഫോൺ ചെയ്യുകയായിരുന്നു.  താഴേക്ക് താഴെക്ക് വീണു മരിച്ചുപോയി. അതെ ഫോൺ ചെയ്യുകയായിരുന്നു. കെട്ടാൻ പോകുന്ന പെൺകുട്ടിയായിരുന്നു.പെൺകുട്ടിയോ ? ഫെയ്സ് ബുക്കിലോ ?എനിക്കറിയില്ല. മരിച്ചു പോയി. ഫോൺ ചെയ്യുമ്പോൾ ഫ്ലാറ്റിന്റെ ജനലയിൽ നിന്നും താഴേക്ക് താഴേക്ക് വീണു. ഫ്ലാറ്റോ  ? ആണോ പെണ്ണോ എന്നോ. അറിയില്ല. അത് ഏതെങ്കിലും കവിയോട് ചോദിക്കൂ. ഇത് ഒരു രക്ഷയും ഇല്ലാത്ത കവിതയാണു

ഫോൺ വിളിച്ച് കൊണ്ടിരുന്നപ്പോൾ തീവണ്ടി മുട്ടി മരിച്ചു എന്ന്. ഫോൺ വിളിച്ച് കൊണ്ടിരുന്നപ്പോൾ ഫ്ലാറ്റിന്റെ ജനാലയിൽ നിന്നും വീണു മരിച്ചു എന്ന്. രണ്ട് പേരും മരിച്ചോ എന്നോ
ഞാനീ പറഞ്ഞ രണ്ടും പേരും മരിച്ചു എന്നോണോ ? അതെ പറഞ്ഞല്ലോ രണ്ട് പേരും മരിച്ചു.
അപ്പോൾ വിളിച്ചവരോ എന്നോ ?

ഈ കവിതയുടെ തുടക്കത്തിൽ മൂന്ന് കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞിരുന്നു. നിങ്ങളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. അതിലെ രണ്ടെണ്ണം. മൂന്നാമത്തെ അത് തന്നെയാണു. മരിക്കാത്തവരെ പറ്റി ഒന്നും ചോദിക്കരുത്.
ചോദിച്ച് കൊണ്ടിരിക്കെ ചോദിച്ചുകൊണ്ടിരിക്കെ ഒരു ട്രെയിൻ വരും. ഫ്ലാറ്റിൽ നിന്നും താഴേക്ക് താഴേക്ക് വീഴും.
നിങ്ങൾ അറിയില്ല എന്ന് മാത്രമേയുള്ളൂ

ഇത് ഒരു രക്ഷയുമില്ലാത്ത കവിതയാണു


വെള്ളിയാഴ്‌ച, ജനുവരി 04, 2013


ൢകല്ല് വച്ച ഒപ്പ്

കവിത : കുഴൂർ വിത്സൺ
ചിത്രീകരണം : ഹരിശങ്കർ കർത്ത