വ്യാഴാഴ്‌ച, ജനുവരി 31, 2013


ഞങ്ങൾ രണ്ട് പേർ


ഇന്നലെ പാതിരാത്രിക്ക് എന്ന് പറഞ്ഞാൽ അലമ്പാവും.അതും കഴിഞ്ഞ് ഒരു രണ്ട് രണ്ടരമണിക്ക്. കാറോടിച്ച് കാറോടിച്ച് കാറോടിച്ച് വരികയായിരുന്നു
പാറക്കടവിലെത്തിയപ്പോൾ ആ വളവിൽ ഒരു മരത്തിനു കീഴെ ഞാൻ നിൽക്കുന്നു.

ഞാനെന്ന് പറഞ്ഞാൽ
എവിടെയോ പോയി , പാതിരാത്രിയിൽ ഇനിയും പുറപ്പെടാൻ ഇടയില്ലാത്ത ബസ് കാത്ത് നിൽക്കുന്ന പണ്ടത്തെ ഞാൻ

പാവം തോന്നി. നന്നായി മുഷിഞ്ഞിട്ടുണ്ട്. അഞ്ചാറെണ്ണം രാത്രി അടിച്ചിട്ടുണ്ട്. എന്തോ ആലോചിച്ച് നിൽപ്പാണു. അപ്പനെയാകാം, മരങ്ങളെയാവാം. അതിനെക്കുറിച്ച് തന്നെയാകാം. എന്തുമാകാം. നല്ല പാവം തോന്നി

കേറെടാ, എന്നോട് പറയും പോലെ അത്രമേൽ അധികാരത്തിൽ ഞാൻ പറഞ്ഞു.
കേട്ടപാതി കേൾക്കാത്ത പാതി സ്കൂളിൽ വീണു മുട്ടുപൊട്ടിയ കുട്ടി അമ്മയെ കണ്ടെന്ന പോലെ ഒറ്റപ്പിടുത്തമായിരുന്നു. അത്രയും ആഴത്തിൽ തള്ളിയുള്ള ആ കേറ്റമായിരുന്നു ആ നിമിഷത്തിന്റെ ഹൈലേറ്റ്

വീടെത്തും വരെ അത് നടന്ന വഴികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. കാത്ത് നിന്ന് വരാതിരുന്ന ബസുകളെക്കുറിച്ച് പറഞ്ഞ് കൊണ്ടിരുന്നു. ആ ബസുകളുടെ നിറങ്ങൾ പോലും പറഞ്ഞു കൊണ്ടിരുന്നു. നടന്ന വഴിയിലെ കല്ലുകളെക്കുറിച്ച് അതിന്റെ മിനുസത്തെക്കുറിച്ച് മുനകളെക്കുറിച്ച് പൊട്ടിയ കാലിനെക്കുറിച്ച് പൊട്ടിയൊലിച്ച മുറിവിനെക്കുറിച്ച് വാറു പൊട്ടിയ ചെരുപ്പുകളെക്കുറിച്ച്. എന്തിനു വഴിയിൽ കിടന്ന് കിട്ടിയ മിഠായികടലാസിനെക്കുറിച്ച്  വരെ (മിഠായി കൊതിച്ച് എടുത്തത് കടലാസെന്നത് സങ്കടപ്പെടുത്തിയില്ലേ എന്ന ചോദ്യം തൊണ്ടയിൽ വന്നു ) ഓടിയ വഴികളെക്കുറിച്ച് കമാന്നൊർക്ഷരം മിണ്ടാതെ  ഞാനതിന്റെ  കൂടെ കാറോടിച്ച് നടന്ന് കൊണ്ടിരുന്നു.

എനിക്കാണെങ്കിൽ സങ്കടം സഹിക്കവയ്യാതായിരുന്നു

ഈ കാറൊക്കെ എന്നാടാ ഉണ്ടായേ എന്നും ചോദിച്ച് ഞാനതിനെ കെട്ടിപ്പിടിച്ചു. അപ്പോളത് ഏങ്ങിയേങ്ങി അത്രകാലം മുഴുവൻ അടക്കി വച്ച കരച്ചിൽ മുഴുവൻ എന്റെ നെഞ്ചിൽ വീഴ്ത്തി
പോട്ടേടാ പോട്ടേടാ വാവേ, അറിയാവുന്ന ചക്കരവാക്കുകളെല്ലാം ഞാനും പുറത്തിട്ടു. നിൽക്കുന്നില്ല അതിന്റെ ഏങ്ങൽ.

അകത്തേക്ക് കൊണ്ട് പോയി. ചൂടുവെള്ളത്തിൽ കുളിപ്പിച്ചു. നല്ല മണമുള്ള തൈലം പൂശി. ഇളംചൂടുള്ള ഉടുപ്പുകൾ കൊടുത്തു. ഒരു കുഞ്ഞുഗ്ലാസിൽ വീഞ്ഞ് കൊടുത്തു. മടിയിൽ കിടത്തി.  അത്ര പതുക്കെ ഒരു പാട്ട് പാടി കൊടുത്തു. കവിളിലും നെറ്റിയിലും ഉമ്മകൾ കൊടുത്തു

ഇന്നലെ പാതിരാത്രിയെന്ന് പറഞ്ഞാൽ അലമ്പാവും ഇന്ന് പുലർച്ചെ നിനക്ക് ഞാനുണ്ടെന്ന് അതിനോട് തന്നെ പ്രഖ്യാപിച്ച് നെഞ്ചിൽ കിടത്തിയുറക്കി

പാവം . തന്നെ ഉറങ്ങിപ്പോയി

ഞങ്ങളെ രണ്ട് പേരെയും നോക്കി ഉറങ്ങാതിരുന്ന ഞങ്ങളുടെ വീട് തന്നെയായിരുന്നു ആകെമൊത്തത്തിലുള്ള ഹൈലേറ്റ്