വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2007


തലക്കെട്ടുണ്ട്

വായിക്കുമ്പോള്‍
കണ്ണട വയ്ക്കുമെന്ന്
നീ പറയുന്നു

കണ്ടിട്ടില്ല
കണ്ണട വച്ച് നീ വായിക്കുന്നത്

ഒരിക്കലും കാണുമെന്നും തോന്നുന്നില്ല
എങ്കിലും
കണ്ണട വച്ച നീ ഇല്ലാതിരിക്കുമോ

മരിച്ച് പോയ അപ്പനെ
കണ്ടിട്ടില്ലെന്ന് വച്ച്
മരിച്ച് പോയ അപ്പന്‍ ഇല്ലാതിരിക്കുമോ
എന്ന് കുഴങ്ങും പോലെ

നീ എന്നെ
കണ്ടിട്ടുണ്ട്, കണ്ണട വയ്ക്കാതെ

എന്തൊക്കെയാണാവോ
നീ കാണാതിരുന്നത്

നിന്നെയും കണ്ടിട്ടുണ്ട്
എന്നാലോ
കണ്ണാട വച്ച നിന്നെ കണ്ടിട്ടില്ല

ശരിക്കും
എത്ര നീയുണ്ട്