ബുധനാഴ്‌ച, നവംബർ 06, 2013


ജീവിതം. പി.കെ

ചൂണ്ടാന്തുരുത്തിൽ നിന്ന്
മാഡ്രിഡിലേക്ക്
വളരെ അത്യാവശ്യമൊന്നുമല്ലാത്ത
ഒരു കാര്യത്തിനു
കാറോടിക്കുകയായിരുന്നു
അത്ര ഇമ്പമില്ലാത്തതും
അത്ര തന്നെ ഭംഗിയില്ലാത്തതുമായ ഒരു പാട്ട്
കാറിൽ മൂളിച്ചുകൊണ്ടിരുന്നു

ബോറടിച്ചപ്പോഴൊക്കെ
ആകാശത്തേക്ക് നോക്കി
ആകാശം തിരിച്ചും നോക്കി
ഒരു വേള ഒറ്റക്കണ്ണടച്ച് ഞാനതിനെ കളിയാക്കി
തിരിച്ച് ഒറ്റക്കണ്ണടക്കാൻ പറ്റാതിരുന്ന
ആകാശമെന്നെ നോക്കി കണ്ണുരുട്ടി
പോയി പണി നോക്കാൻ പറഞ്ഞു
പിന്നെയും കാറോടിക്കുകയായിരുന്നു

കളമശ്ശേരിയും കഴിഞ്ഞ്
കണ്ടെയ്നർ റോഡിന്റെ സിഗ്നലിൽ
ഒരാൾ നിൽക്കുന്നു
കൈ കാണിക്കുന്നു
നിറുത്തിയ പാടേ ചാടിക്കയറുന്നു
ഇടത്തേ സീറ്റിൽ
അധികാരത്തോടെ ഇരിക്കുന്നു
അത്രയ്ക്ക് ഇമ്പമില്ലാത്തതും
ഭംഗിയില്ലാത്തതുമായ എന്റെ പാട്ടിനെ
പുച്ഛത്തോടെ നോക്കുന്നു

(കണ്ടാൽ ഒരു മാന്യൻ
എന്നാൽ ഒരു മൈരൻ
ഞാൻ ബ്രാക്കറ്റിൽ പറഞ്ഞു)

എനിക്കത്ര പിടിച്ചില്ലെങ്കിലും
ഞാനയാളോട് പേരു ചോദിച്ചു
ജീവിതമെന്ന് അയാൾ പറഞ്ഞു
ആഹാ
ജീവിതത്തെ ആദ്യമായി
കാണുന്നതാകയാൽ
ഇനീഷ്യൽ കൂടി ചോദിച്ചു

ഒട്ടും ശ്രദ്ധിക്കാതെ
ജീവിതം ഒരു പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം മറ്റൊരു പാട്ടുവച്ചു
എനിക്ക് ഒട്ടുമിഷ്ടമായില്ല
ജീവിതം വേറെ പാട്ടുവച്ചു
എനിക്ക് ഒട്ടും ഒട്ടും ഇഷ്ടമായില്ല

ജീവിതം വേറെ വേറെ പാട്ടുവച്ചു
എനിക്കിഷ്ടമായില്ല

ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
----------

മാരാപ്പറമ്പ്, മൂലമ്പിള്ളി
ഹൈക്കോർട്ട് ജംഗ്ഷൻ
മറൈൻ ഡ്രൈവ്
മാഡ്രിഡിലേക്കുള്ള വഴിയിൽ
ജീവിതം പാട്ടുകൾ മാറ്റിമാറ്റി വച്ചുകൊണ്ടിരുന്നു
എന്റെ ഇഷ്ടമല്ല ഇഷ്ടമല്ല തുടർന്നു കൊണ്ടേയിരുന്നു

ജീവിതം പിന്നെയും പാട്ടുവച്ചു
എനിക്കതിഷ്ടമായില്ല
പിന്നെയുമിഷ്ടമായില്ല
പിന്നെയും പിന്നെയും
ഇഷ്ടമായില്ല

ജീവിതം
പിന്നെ
ഒരു പാട്ടുവച്ചു

എനിക്ക് കുറച്ച് ഇഷ്ടമായി
എനിക്ക് കുറച്ച് കൂടി ഇഷ്ടമായി
കുറേശ്ശെ കുറേശ്ശേ
എനിക്കാ പാട്ട് ഇഷ്ടമായി
പാട്ട് ഇഷ്ടമായി
പാട്ട് ഒരു പാടിഷ്ടമായി
ആ പാട്ട് മാത്രമിഷ്ടമായി
ആ പാട്ട് എന്റേതായി
ആ പാട്ട് ഞാനായി
എന്തിനു
ആ പാട്ടിൽ
ഒരു ഡാൻസ് വരെ വച്ചുകൊടുത്തു

അപ്പോൾ
അപ്പോൾ
ഒരിക്കൽ കൂടി
ഞാൻ ജീവിതത്തോട്
ഇനീഷ്യൽ ചോദിച്ചു

ചിരിച്ച് കൊണ്ട്
അത് പറഞ്ഞു

ജീവിതം. പി.കെ(ജീവിതം പി.കെ വായിക്കുമ്പോൾ, വിഷ്ണുപ്രസാദിന്റെ ഫൂ എന്ന കവിത ആരെങ്കിലും ഓർത്താൽ ഞാനവരെ തെറ്റു പറയില്ല)


തിങ്കളാഴ്‌ച, നവംബർ 04, 2013


ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം

എന്റെമ്മ നട്ട പൂന്തോട്ടത്തിൽ
ഞാനാരേയും കയറ്റുകില്ല എന്ന
കുട്ടപ്പന്റെ പാട്ടും കേട്ട്
ദേവസ്സിക്കുട്ടി വെള്ളപൂശുകയാണു

സെമിത്തേരിയുടെ മതിലിനു

പെട്ടെന്ന് സെമിത്തേരി
അമ്മ നട്ട പൂന്തോട്ടമായി
ഇല്ല ഞാനാരേയും കയറ്റുകില്ല
എന്നമർത്തി പാടി
ദേവസ്സിക്കുട്ടി

ഓരോ മുക്കും കൂടുതൽ മുക്കി
ഓരോ വലിയും കൂടുതൽ വലിച്ച്
അമർത്തിയമർത്തി
മതിലിൽ
ആഞ്ഞാഞ്ഞ്
വെള്ളയടിച്ചു

ഇല്ല ഞാനാരേയും കയറ്റുകില്ല
എന്ന പാട്ടിന്റെ തുള്ളികൾ
ദേവസ്സിക്കുട്ടിയുടെ
പണിഷർട്ടിലും
പണിമുണ്ടിലും
കഴുത്തിലും
കയ്യിലും
കാലിലും
മുഖത്തും
പുള്ളിക്കുത്തുകളിട്ടു

ഒരു പെയിന്റർ
പാതിവഴിക്കിട്ട
പുള്ളിക്കുത്തുകളുടെ
ചിത്രമായീ ദേവസ്സിക്കുട്ടി

കുട്ടികൾക്ക് അയാൾ
കാഴ്ച്ചവസ്തുവായി
കുട്ടികളവർ
ദേവസ്സിക്കുട്ടിക്ക് വട്ടം ചുറ്റി

എന്റെമ്മ നട്ട
പൂന്തോട്ടത്തിൽ
ഞാനാരേയും
കയറ്റുകില്ല
എന്ന പാട്ടും
കൂടെ ചുറ്റി

അപ്പോൾ അമ്മ നട്ട പൂന്തോട്ടത്തിൽ
കറുത്ത ചെടികൾ, വെളുത്ത ഇലകൾ
കറുത്ത പൂവുകൾ, വെളുത്ത കായകൾ
കറുത്ത മൊട്ടുകൾ, വെളുത്ത പൂമ്പാറ്റകൾ
കറുത്തതും വെളുത്തതുമായ പൂമ്പൊടികൾ

ഇത്ര അടുത്തായിട്ടും
പൂന്തോട്ടത്തിലേക്ക്
അമ്മ
നടന്നു വരാഞ്ഞതെന്തെന്നോർത്ത്
അപ്പോൾ
ദേവസ്സിക്കുട്ടിക്ക് വട്ടായി

0 0 0

അല്ല
ശരിക്കും
എന്തിനാണു
ദേവസ്സിക്കുട്ടിയുടെ അമ്മയെ
ആളുകൾ
സെമിത്തേരിയിലേക്ക്
എടുത്ത് കൊണ്ട് പോയത്


ശനിയാഴ്‌ച, നവംബർ 02, 2013


ചിത്രകാരീ, നിന്റെയൊരാട്ടിൻ കുട്ടി

വേറെ വഴിയില്ലാത്തതുകൊണ്ടും
അത്രയ്ക്ക് അത്യാവശ്യമായതിനാലും
ചിത്രകാരീ,
നീ
പച്ചപ്ലാവിലയും
തവിട് കലക്കിയ കാടിയും
കൊടുത്ത് കൊഴുപ്പിച്ച
എട്ടാട്ടിൻകുട്ടികളിൽ ഒന്നിനെ
ഞാനെടുക്കുന്നു
കൊണ്ട് പോകുന്നു
അങ്ങാടിച്ചന്തയിൽ
ഞാനതിനെ വിൽക്കും
ഒട്ടും നേരം കളയാതെ
കാര്യം നടത്തും

നീ പച്ചയിലും തവിട്ടിലും
ചാലിച്ച് ചാലിച്ച്
ഓമനിച്ചോമനിച്ച്
കൊഞ്ചിച്ച് കൊഞ്ചിച്ച്
കൊഴുപ്പിച്ച ആ
ആട്ടിൻ കുട്ടിയെ
അറവുകാർക്ക് മാത്രം
കൈമാറില്ല
എന്ന
ഉറപ്പിൽ

ചിത്രകാരീ,
നീ സങ്കടപ്പെടരുത്
നിന്റെ ക്യാൻവ്യാസിലെ
കടലിൽ
സൂര്യൻ താഴുമ്പോൾ
സന്ധ്യയങ്ങനെ
കുങ്കുമത്തിൽ കലരുമ്പോൾ
പച്ചപ്പാടത്ത്
മേയാൻ പോയ
എന്റെ തങ്കക്കുടങ്ങളേയെന്ന്
നീട്ടിവിളിച്ച്
നീയോടിയോടി വരുന്നത്
കേൾക്കാമെനിക്ക്
കൂട്ടത്തിൽ കുറുമ്പനായവന്റെ
നെറ്റിയിൽ തൊടാൻ
കുറുക്കിയ ചായത്തിൽ
കണ്ണീരു കലരുന്നത്
കാണാമെനിക്ക്

ചിത്രകാരീ,
വേറെ വഴിയില്ലാത്തതുകൊണ്ടാണു
അത്രയ്ക്ക്
അത്യാവശ്യമുള്ളതുകൊണ്ടാണു

എനിക്ക് വേണമെങ്കിൽ
പത്തര സെന്റിൽ
നീ വരഞ്ഞ ആ
രണ്ട് നില മാളികയിൽ
കയറാമായിരുന്നു
അതിന്റെയുള്ളിലെ
രഹസ്യ അറകളിലെ
നീ പോലും കാണാത്ത
പണ്ടങ്ങൾ
മോഷ്ടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
അതിസുന്ദരിയും
മദഭരിതയുമായ
മുക്കുത്തിയിട്ട
രാജകുമാരിയുടെ
അരഞ്ഞാണം
അടിച്ചെടുക്കാമായിരുന്നു
ഉമ്മ കൊടുത്തവളെ
മയക്കിക്കിടത്തി
അന്തപുരം
കൊള്ളയടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
കരിനാഗങ്ങൾ
കാവൽ നിൽക്കുന്ന
കാവിനുള്ളിൽ കയറി
ആ മാണിക്യവുമെടുത്ത്
നാട് വിടാമായിരുന്നു

അല്ലെങ്കിൽ
നീ വരഞ്ഞ കിളികളെ
വെടിവച്ച് പിടിച്ച്
ചുട്ടു വിൽക്കാമായിരുന്നു
നീ വളർത്തിയ
മഹാഗണികൾ
വെട്ടി വിൽക്കാമായിരുന്നു
നിന്റെ  കണ്ണനെ
കണ്ണുകുത്തിപ്പൊട്ടിച്ച്
പിച്ചയ്ക്കിരുത്തി
പണക്കാരനാകാമായിരുന്നു
അവന്റെ ഗോപികമാരെ
അടിമകളാക്കി
ചുവന്ന തെരുവുകൾക്ക്
കൈമാറാമായിരുന്നു

ചിത്രകാരീ,
ഇതൊന്നുമല്ല
നിന്റെ  എട്ടാട്ടിൻകുട്ടികളിൽ
ഒന്നിനെ ഞാനെടുക്കുന്നു
നല്ല വിലയ്ക്ക്
വിൽക്കുന്നു
നിന്ന നിൽപ്പിൽ
കാര്യം നടത്തുന്നു

ഇപ്പോൾ
ആൾത്താമസമില്ലാത്ത
എന്റെ തലയിൽ
പുതിയ വാടകക്കാർ വന്നാൽ
അവർ
തരക്കേടില്ലാത്ത
മുൻകൂർ പണം തന്നാൽ
ചിത്രകാരീ,
തീർച്ചയായും
എന്ത് വിലകൊടുത്തും
ഞാൻ നിന്റെ
ആട്ടിൻ കുട്ടിയെ
തിരിച്ച് പിടിക്കും

നിന്റെ
ചിത്രത്തിൽ
കൊണ്ട് വന്നു കെട്ടും
അപ്പോൾ
അപ്പോൾ
നീയതിനെ
മറന്നു പോയെന്ന്
പറയരുത്

പച്ചപ്ലാവിലകൾ
തീർന്ന് പോയെന്ന്
പറയരുത്