കോര്‍ണേഷിലെ ഉദ്യാനത്തില്‍
കമ്പിവലയിട്ട മൈതാനത്തില്‍
അറബ് കൌമാരം പന്ത് തട്ടുമ്പോള്‍
ചാരെ കല്ബഞ്ചിലിരിക്കുന്ന
ഒരു സുഡാന്കാരനു
കാലുകള് പൊരുപൊരുക്കുന്നു
ഗോളടിക്കാനറിയുന്നവന്
പന്ത് തട്ടാനുള്ള വിശപ്പാണ്
ഏറ്റവും വലിയ വിശപ്പെന്ന് കരയുന്നു
ഞാനോ ? എനിക്ക് പേരില്ല
പ്രളയത്തില്
വഞ്ചിയും വലയും നഷ്ട്ടപ്പെട്ട് നീന്തുമ്പോള്
കൂറ്റന് സ്രാവുകളുടെ കൂട്ടത്തെക്കണ്ട്
ശരീരം തരിക്കുന്ന മുക്കുവന്
നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ
ഒട്ടകപ്പുറത്ത്
മരുഭൂമിയില് ഇഴയുന്ന
നീന്തല്ക്കാരന്
മറ്റൊന്നുമെനിക്കുവേണ്ട
പന്തും എതിരാളികളും മാത്രം
ആയിരങ്ങളോ പതിനായിരങ്ങളോ വരട്ടെ
ഗോള്മുഖം
എത്ര വിനാഴിക അകലെയാകട്ടെ
മറ്റൊന്നുമെനിക്ക് വേണ്ട
ഒരിക്കല്‍, പത്താം നിലയില്‍
സിമന്റ് ചുമക്കുമ്പോള്‍
ഒരു നിമിഷം
ഒരു നിമിഷം
സൂര്യന്‍ വലിയൊരു പന്തായി പ്രലോഭിപ്പിച്ചു
ആകാശമൈതാനത്ത്
തട്ടി തട്ടി മുന്നേറുമ്പോള്‍
കിട്ടിയ അടിയുടെ പാട് മുതുകത്ത്
ആര്‍ക്കും തട്ടാവുന്ന പന്തുകളുണ്ട്
ഇല്ല എല്ലാ മുന്നേറ്റങ്ങളും
ഗോളുകളാകുന്നില്ല
സ്വപ്നത്തിലായാലും ഫൌളാകാത്ത
കളികളുമില്ല
മുന്നിലെ മൈതാനത്തിപ്പോള്‍
അറബിക്കുട്ടികളില്ല
പന്ത്,പന്ത്,പന്ത് മാത്രം
അത് ഒറ്റയ്ക്ക്
അങ്ങോട്ടുമിങ്ങോട്ടും പായുന്നു
പുറത്തേയ്ക്കോടുന്നു
ഗോള്‍മുഖത്തേയ്ക്ക് കുതിയ്ക്കുന്നു
ചിലപ്പോള്‍ എവിടെയോ ഒളിയ്ക്കുന്നു
ഏറ്റവും ഏകാന്തമായി
അതിലേറെ രഹസ്യമായി
പന്ത് എന്നെ നോക്കി ചിരിച്ചു
ജന്മാന്തരങ്ങളുടെ
ഒരു പിടച്ചില്‍ കാല്‍ വിരലുകളില്‍
പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി
ചൊവ്വാഴ്ച, ഡിസംബർ 04, 2007
നൃത്തം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)