തിങ്കളാഴ്ച, സെപ്റ്റംബർ 11, 2023
വച്ചിട്ടുണ്ട്
വ്യാഴാഴ്ച, ജൂലൈ 13, 2023
ഇല പറഞ്ഞു
നീ
പൂവായ
ചെടിയിലെ
ഇലയെന്നോട് പറഞ്ഞു
നിങ്ങൾ തമ്മിൽ
ഇഷ്ടത്തിലാണെന്ന്
കാറ്റ് വന്നാൽ
തക്കത്തിൽ ചെന്ന്
അതിനു നീയുമ്മ കൊടുക്കാറുണ്ടെന്ന്
വീണാൽ
എന്റെ നെഞ്ചിലേക്ക്
തന്നെ വേണമെന്ന്
നിന്നോടത്
ശട്ടം കെട്ടിയുണ്ടെന്ന്
മരിച്ചൊന്നായി
മണ്ണിലലിയുവോളം
നിന്നെ തന്നെ
നോക്കിനിന്നേക്കാമെന്ന വാക്ക്
തന്നിട്ടുണ്ടെന്നും
അതെന്നോട് പറഞ്ഞു
പൂവും
ഇലയും
ഞാനും കൂടി
നല്ല രസത്തിൽ ചിരിച്ചു
കാറ്റ് വന്ന്
അതിൽ കുറച്ചെടുത്തിട്ട്
ദാ,
ഇപ്പോൾ പറന്ന് പോയി
ബുധനാഴ്ച, ജൂലൈ 12, 2023
ഭൂമിയുടെ വിത്ത്

ഞായറാഴ്ച, ജൂൺ 25, 2023
രണ്ട് അടുക്കളക്കവിതകള്
ഒന്ന്: കുടമ്പുളിയിട്ട് വറ്റിച്ച ഭാഗ്യം
മീന്കാരനെ കാത്തുനില്ക്കുന്നു.
ലോട്ടറിക്കാരന് വരുന്നു
ഭാഗ്യം കുടമ്പുളിയിട്ട് വറ്റിക്കുന്ന മണം വരുന്നു
ലോട്ടറിയെടുക്കുന്നു
അപ്പോഴുണ്ട് മീന്കാരന് വരുന്നു
ഭാഗ്യത്തിനു മീനില്ല,
അയാളുറക്കെപ്പറയുന്നു.
ഭാഗ്യത്തിനു കാശുമില്ല,
ഞാന് പതുക്കെ പറയുന്നു.
ഉച്ചയാവുന്നു
വിശക്കുന്നു
ഭാഗ്യം കുടമ്പുളിയിട്ട് വറ്റിച്ചത് പുറത്തെടുക്കുന്നു
ഭാഗ്യത്തിന്റെ വറുത്ത കഷണത്തില് മനമുടക്കുന്നു.
ഭാഗ്യം കുടമ്പുളിയിട്ട് വറ്റിച്ച കൂട്ടാനില്
വറുത്ത കഷണത്തില്
അടുക്കള പൊലിച്ചു നില്ക്കുന്നു.
അവിടാകെയതിന്റെ നാണം പരക്കുന്നു
ആദ്യം വരാതിരുന്ന മീന്കാരനെ ഓർക്കുന്നു, ലോട്ടറിക്കാരന്റെ മുഖം മറന്നുപോകുന്നു.
രണ്ട്: രണ്ട് ബര്ണ്ണറുകള്
സ്റ്റൗവിന്റെ രണ്ട് ബര്ണ്ണറുകള്
നിന്റെ മുലക്കണ്ണുകളാവുന്ന
ഒരു കവിത
ഏറെക്കാലമായി
അടുക്കളയില്
ചുറ്റിത്തിരിയുന്നു
അതില് തൊടാന്
നോക്കിയപ്പോഴൊക്കെയും
കഠിനമായി വിശന്നു
മത്സരിച്ച് ഞാന് പാചകങ്ങളില് മുഴുകി
ഉണക്കച്ചെമ്മീന് വറുത്ത്
കാന്താരിയും കല്ലുപ്പും വാളന്പുളിയും കൂട്ടി
ഇടിച്ചെടുത്തത്
കല്ലുപ്പും കറിവേപ്പിലയും മഞ്ഞളും തിരുമ്മി,
തേങ്ങാപ്പാലില് വേവിച്ച്,
പച്ചവെളിച്ചെണ്ണയില് മൊരിച്ചെടുത്ത
പോത്തിന്റെ കഷണങ്ങള്
കടുകും കറിവേപ്പിലയും കാന്താരിയും വറുത്ത് പൊട്ടിച്ച മോരുകറികള്
പാലു പിഴിഞ്ഞ പാവയ്ക്കാ
കടുമാങ്ങ കലക്കിയ മോര്
കടച്ചക്കയിട്ട നെയ്യുള്ള പോത്ത്
ചൊറുക്കയില് ചേനമുളകുടച്ച്
വെളിച്ചെണ്ണ തൂവിയ കല്ലുപ്പ്
ഇരുമ്പന്പുളിയിട്ട് വറ്റിച്ച നെയ്ച്ചാള
കുടമ്പുളി വറ്റിച്ച ഞണ്ട്
മാങ്ങിഞ്ചി ഉപ്പും മുളകും കൂട്ടിച്ചതച്ചത്
ജാതിക്കാച്ചമ്മന്തി
ഇടിച്ചക്കത്തോരന്
പയറ്റില മുട്ട ചേര്ത്ത് ചിക്കിയത്
ഉരുളക്കിഴങ്ങിട്ട താറാവ് കൂട്ടാന്
കയിലപ്പം കരള് വറുത്തത്
നീട്ടിയും കുറുക്കിയും
നാടന് വരാലുകള്.
തിന്നു മടുത്തു
തടി കൂടി
കവിത മറന്നു
എന്നിട്ടും വിശന്നു
നിന്നെ പിടിച്ച് തിന്നാന് തോന്നി.
അപ്പോഴുമെരിയുന്നു
നിന്റെ മുലക്കണ്ണുകള് പോലെ
സ്റ്റൗവിന്റെ രണ്ട് ബര്ണ്ണറുകള്.
ചൊവ്വാഴ്ച, മാർച്ച് 28, 2023
കാറ്റാടി മരങ്ങളുമായി
അവളെ
പിരിഞ്ഞതിൽ പിന്നെ
കാറ്റാടി മരങ്ങളുമായി
പിണക്കത്തിലായി
എങ്കിലും
കടൽതീരത്ത്
ചെല്ലുമ്പോഴെല്ലാം
അവരെന്നെ
കൊഞ്ഞനം കുത്തി
എന്നെയിങ്ങനെ
സങ്കടപ്പെടുത്താതെ
മണലിൽ മുട്ടുകുത്തി നിന്ന്
ആകാശത്തേക്ക്
കണ്ണുകളും
കയ്യുകളുമുയർത്തി
ഞാനവരോട്
കെഞ്ചി
നീയിഞ്ചിഞ്ചായി
വേദനിക്കണം
കാറ്റാടിമരങ്ങൾ
കടല്ക്കാറ്റുമായി
ചേർന്നെന്റെ
മുറിവുകളിൽ
ഉപ്പുനീറ്റി
പൊറുക്കുക
കാറ്റാടി
മരങ്ങളേ
നിങ്ങളെ
വെറുത്തതിൽ
എത്ര
ദണ്ണമുണ്ടെന്ന്
പറഞ്ഞറിയിക്കുക
വയ്യ
നെഞ്ചത്ത് തന്നെ കൊള്ളുന്ന
നിങ്ങടെ
നിഴലുകളിൽ
വന്നിരിക്കുന്ന
കാക്കകൾ
പാടുന്നത്
കേൾക്കുക
ചൊവ്വാഴ്ച, ഫെബ്രുവരി 14, 2023
രണ്ട് ബർണ്ണറുകൾ




തിങ്കളാഴ്ച, ജനുവരി 09, 2023
അവള്ക്കിഷ്ടം
അവള്ക്കിഷ്ടം
അവനെ
അവനിഷ്ടം
മറ്റവളെ
ആള്ക്ക്
വേറൊരാളെ
ആ വേറൊരാള്ക്ക്
പൂവിനെ
പൂവിനു
മുള്ളിനെ
മുള്ളിനു
ഇലയെ
ഇലയ്ക്ക്
വെള്ളത്തെ
വെള്ളത്തിനു
മീനെ
മീനു
മാനത്തെ
മാനത്തിനു
മേഘത്തെ
മേഘത്തിനു
കിളിയെ
കിളിയ്ക്ക്
വേടനെ
വേടനു
അമ്പിനെ
അമ്പിനു
എന്നെ
എനിക്ക്
മരത്തെ
മരത്തിനു
മഴയെ
മഴയ്ക്ക്
മഞ്ഞിനെ
മഞ്ഞിനു
മണ്ണിനെ
മണ്ണിനു
അവളെ
#kavitha#malayalakavitha#kuzhurwilson#blogpoetry#2022
തിങ്കളാഴ്ച, ജനുവരി 02, 2023
11- ലെവൻ്റെ ഒരു കാര്യം
