എന്റെ ചെറുപ്പത്തില്
നാട്ടുകാരെല്ലാം കൂടി
കള്ളനെന്നും പറഞ്ഞ്
ഒരു ചേട്ടനെ കെട്ടിയിട്ട്
വീട്ടില് കൊണ്ടുവന്നു .
ജനലഴികള്ക്കുള്ളിലൂടെ
ഞാനാ കള്ളന്ചേട്ടനെ
ഒളിഞ്ഞുനോക്കി
ഒരിക്കലും ആ മുഖം മാഞ്ഞില്ല
നാല്പ്പത് വര്ഷത്തിനിപ്പുറം
ഇന്ന് ഞാനാ കള്ളന്ചേട്ടനെ കണ്ടു
ഏതോ മുജ്ജന്മബന്ധുത്വത്തിന്റെ
ഊഷ്മളതയോടെ
പരസ്പ്പരം നോക്കി
താനൊരിക്കല്
ഒരു കൊപ്രക്കളത്തില് നിന്ന്
തേങ്ങാ മോഷ്ടിച്ചിരുന്നുവെന്നും
പിടിക്കപ്പെട്ട് കെട്ടിയിടപ്പെട്ടിരുന്നുവെന്നും ഒന്നും
ഒരിക്കലും ഓര്ക്കാത്ത
ഒരാളായി മാറിയിട്ടുണ്ടായിരുന്നു
അയാള്
പക്ഷേ ,
പണ്ട്
ജനലഴികള്ക്കുള്ളിലൂടെ
ആ കള്ളന്ചേട്ടനിലേക്ക് നൂണ്ടുനൂണ്ടുപോയ
കണ്ണുകള്
ഒരിക്കല് കൂടി
ഞാന് കണ്ടു
കള്ളന്ചേട്ടന്
എന്നെ
തിരിച്ചും മറിച്ചും നോക്കുകയാണു .
#poetry
#malayalampoetry
#kuzhurwilson
#onapathippu
#agolavani #2023