തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014


ഞായാറാഴ്ച്ച

ഏതെങ്കിലും ജന്മത്തിലെ
ഏതെങ്കിലും ഒരു ഞായാറാഴ്ച്ച
നമുക്ക്
ഒരു പുരാതാന നസ്രാണി തറവാട്ടിലെ
അപ്പനും അപ്പയുമാകണം

ഞാൻ രാവിലെ പോയി
നല്ല എല്ലുള്ള
ഒരു കിലോ ഇറച്ചി വാങ്ങി വരും
രണ്ടു കിലോ കപ്പയും
ചിലപ്പോൾ ചെത്തുകാരന്റെ കയ്യിൽ നിന്ന്
ഒരു കുടം കള്ളും വാങ്ങും

ഞാൻ ഇറച്ചി നുറുക്കുമ്പോൾ
നീ അമ്മിയിൽ അരപ്പ് അരക്കും

ഇടക്കിടെ വന്ന്
ചട്ടയും മുണ്ടുമുടുത്ത നിന്റെ
ഞൊറികളിൽ
ഞാൻ മുഖം തുടക്കും

ഒന്ന് പോ നാണമില്ലാത്ത മനുഷ്യയെന്ന്
നീയിടക്കിടെ നാട്ടുപെണ്ണിന്റെ
മുദ്രാവാക്യം മുഴക്കും
അപ്പോഴെല്ലാം
ഞൊറികൾ കൊണ്ട്
അലങ്കരിച്ച
നിന്റെ ചന്തിയിൽ
ഞാൻ തിടുക്കത്തിൽ താളമിടും

പിള്ളേരു കാണുമേയെന്ന്
നീ കണ്ണുരുട്ടും

വെയിലിനൊപ്പം
ശരീരങ്ങളും മൂക്കും
നിന്റെ
മൂക്കിൽ
വിയർപ്പു തുള്ളികൾ
മുക്കുത്തിയുണ്ടാക്കും
എന്റെ കള്ളിമുണ്ടിന്റെ കോന്തലയാൽ
ഞാനതൊക്കെ
ഒപ്പിയെടുക്കും

പിന്നെയും വെയിൽ മൂക്കും
ഉള്ളിലെ
കള്ള് മൂക്കും
നമ്മുടെ ശരീരങ്ങളിൽ
വിശപ്പ് മൂക്കും

മൂക്കിനുള്ളിലേക്ക്
നീ വെച്ച
അരപ്പ് ചേർത്ത ഇറച്ചിക്കറിയുടെ
മണമടിക്കും

കൊതി സഹിക്കാനാവാതെ
ഞാനതിലെ കൊള്ളിക്കഷണങ്ങൾ
പെറുക്കി ത്തിനും
ചൂട് കൊണ്ടെന്റെ നാവു പോള്ളും

കൊതിയൻ എന്ന്
നീയപ്പോൾ
കാതിൽ പറയും

മക്കളേയും വിളിച്ച്
കഴിക്കാൻ വാടീയെന്നും പറഞ്ഞ്
ഞാൻ കൈ കഴുകി ഇരിക്കുമ്പോൾ
പള്ളിയിൽ പന്ത്രണ്ടരയുടെ മണിയടിക്കും

വീണു കിട്ടിയ
ഒരു ഞായറാഴ്ച്ച
പിശുക്കി പിശുക്കി
ചെലവഴിച്ച നമ്മൾ
അതിന്റെ കുറച്ച് വിത്തുകൾ
അടുത്ത ജന്മത്തിലേക്കും  മാറ്റി വയ്ക്കും


(വയലറ്റിനുള്ള കത്തുകളില്‍ നിന്ന് )

ചൊവ്വാഴ്ച, ഏപ്രിൽ 08, 2014


ഒമ്പതാം തിയതി

ഒമ്പതാം തിയതി ,നിനക്കുള്ള ഉമ്മകളുമായ് ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് തിടുക്കത്തിൽ പോവുകയായിരുന്നു.ആലുവയിലെ ബാങ്ക്കവലയിൽ വച്ച് ഒരു പോലീസുകാരൻ കൈ കാട്ടി. വെപ്രാളത്തിൽവണ്ടിയൊന്ന് തട്ടി.നിനക്കുള്ള ഉമ്മകൾ മുഴുവൻ നടുറോഡിൽ ചിതറി.കയ്യും കാലും മുഖവും നെഞ്ചും മുറിവുകൾ കൊണ്ട് ചുവന്നു. നിനക്കുള്ളഎന്റെയുമ്മകൾ നടുറോഡിൽ നാനാതീനമായി. ജനസേവയിലെഅനാഥക്കുട്ടികൾ അതൊക്കെ പെറുക്കിയെടുക്കുന്നു.അവരുടെതോൾസഞ്ചികളിൽ നിറക്കുന്നു. അതിലേ പോയ പിച്ചക്കാരിഅതിലൊന്നെടുത്ത് മണത്ത് നോക്കുന്നു. കോളേജ് കുട്ടികൾ നിനക്കായുള്ളഎന്റെ ഉമ്മകളെ കളിയാക്കുന്നു.പൊലീസുകാരൻ അതിലൊന്നിനെ ബൂട്ട്കൊണ്ട് ചവിട്ടുന്നു. മുഖത്ത് വസൂരിക്കലയുള്ള ഒരു ടിപ്പർ ലോറി അതിനെചതച്ചരയ്ക്കുന്നു.കുടിവെള്ളത്തിനായുള്ള ഒരു സമരം അതിനെ കവച്ച്വച്ച് നടക്കുന്നു. നിനക്കായുള്ള എന്റെ ഉമ്മകൾ നടുറോഡിൽ കിടന്ന്നിന്റെ ചുണ്ടിന്റെ നനവിനായി  കരയുന്നു. മുറിവുകൾ കൊണ്ട് തുന്നിയഒരു പുതപ്പും ചൂടി ഞാൻ ആശുപത്രിക്കിടക്കിയിൽ കിടക്കുന്നു.എന്റെയുമ്മകൾ എന്റെയുമ്മകൾ എന്ന് കരഞ്ഞ്  വിമാനം പിടിച്ച് നീനെടുമ്പാശ്ശേരിയിലിറങ്ങുന്നു. എന്നെ കാണാനെത്തുന്നു. തിരക്കിൽ മധുരനാരങ്ങകൾ വാങ്ങാൻ മറന്ന് പോകുന്നു

ഞാൻ നിന്നെ നോക്കിക്കൊണ്ടിരുന്നു
അപ്പോൾ പുറത്ത് മഴപെയ്യുന്നു

ഞാൻ നിന്റെ ചുണ്ടുകളിൽ നോക്കുന്നു
അപ്പോൾ മുറ്റത്തെ പൂക്കളെല്ലാം ചിരിച്ച് മറിയുന്നു

ഞാൻ നിന്റെ കഴുത്തിൽ നോക്കുന്നു
അപ്പോൾ മാവിൽ നിന്ന് ഒരു വെള്ളരിപ്രാവ് പറന്ന് പോകുന്നു

ഞാൻ നിന്റെ ചെവികളിൽ നോക്കിക്കൊണ്ടിരിക്കുന്നു
അപ്പോൾ ഒരു പുള്ള് അതിന്റെ അമ്മയുടെ അടുത്തേക്ക് പറക്കുന്നു

ഞാൻ നിന്റെ മുടിയിഴകളിൽ നോക്കുന്നു
അപ്പോൾ ചെമ്പകത്തിന്റെ ഇലകൾ പരസ്പ്പരം പേൻ നോക്കുന്നു

ഞാൻ നിന്റെ കണ്ണുകളിൽ നോക്കുന്നു
അപ്പോൾ മുറ്റത്തെ കിണർ കടലിനു മിസ്കാൾ അടിക്കുന്നു

ഞാൻ നിന്റെ മൂക്കുകളിൽ നോക്കുന്നു
അപ്പോൾ പുറത്ത് വെയിൽ വസന്തത്തെ വരയ്ക്കുന്നു

ഞാൻ നിന്റെ കക്ഷങ്ങളിൽ നോക്കുന്നു
പുറത്ത് മഞ്ഞക്കാടുകൾ പാട്ട്പാടുന്നു

ഞാൻ നിന്റെ മുലകളെ നോക്കുന്നു
പുറത്ത് കാന്താരിമുളകുകൾ കൂർത്ത്നിൽക്കുന്നു

ഞാൻ നിന്റെ നെഞ്ചിടിക്കിലേക്ക് നോക്കുന്നു
ആറെണ്ണത്തിനെ പെറ്റ ഒരമ്മ പുറത്തിരുന്നു ചുമയ്ക്കുന്നു

ഞാൻ നിന്റെ പൊക്കിൾച്ചുഴിയെ
അപ്പോൾ പുറത്തൊരായിരം കടവാവലുകൾ

ഞാൻ നിന്റെ കാല്പാദങ്ങളെ
അപ്പോൾ ഒരു മധുരനെല്ലിക്ക മുറ്റത്ത് വീഴുന്നു

കാൽമുട്ടുകൾ
കുഞ്ഞുതുടകൾ
അപ്പോഴെല്ലാം
അപ്പോഴെല്ലാം
പുറത്ത്  ഏതോ പരസ്യത്തിന്റെ ശിങ്കാരിമേളം കൊഴുക്കുന്നു

ഞാൻ നിന്റെ ചുണ്ടുകളിൽ നമ്മുടെ കുഞ്ഞുങ്ങളുടെ ചിത്രം വരയ്ക്കുന്നു
അപ്പോൾ നടുറോഡിൽ ചതഞ്ഞരഞ്ഞ കുഞ്ഞുമ്മകളുടെ  ആത്മാക്കൾ
നമ്മെ കാണാൻ വരിവരിയായി മധുരനാരങ്ങകളുമായി വരുന്നു.

വാവിട്ട്, എന്നാൽ ശബ്ദമില്ലാതെ ഞാനും നീയും കരയുമ്പോൾ അതിന്റെഒരല്ലി നിലത്ത് വീഴുന്നു.സ്നേഹിച്ച് കൊതി തീരാത്തവരുടെ കയ്യിൽ നിന്നുംവീഴുന്ന നാരങ്ങയുടെ അല്ലികളാണു കണ്ണുനീർത്തുള്ളികളെന്ന്ഞാനൊരുഉപമകെട്ടുന്നു.നീയെനിക്ക് ഒരുമ്മ കൂടിതരുന്നു.മരിക്കുമ്പോൾ നീ അടുത്തുണ്ടാകുമോഎന്ന സംശയത്താൽ ഞാനത് പൊതിഞ്ഞുവയ്ക്കുന്നു. ഇനി ഞങ്ങളെഒറ്റയ്ക്കാക്കുമോ എന്ന് ചോദിച്ച് നമ്മുടെ ഉമ്മകൾ നമ്മെആക്രമിക്കുന്നു.ശരീരമാസകലം ഉമ്മകളുടെ മുറിവുകളുമായി നമ്മൾആശുപത്രിക്കിടക്കിയിൽ കിടക്കുന്നു.ഒരു കൂട്ടം മാലാഖമാർ സിറിഞ്ചുകളുംകയ്പ്പുള്ള ഗുളികകളുമായി വരുന്നു. ബില്ലടയ്ക്കാതെ നമ്മൾഓടിപ്പോകുന്നു. നമ്മുടെ ഉമ്മകൾ ഉടുപ്പിടാതെ, മൂക്കിളയൊലിപ്പിച്ച്, കരഞ്ഞ് കൊണ്ട്, ഒരുജാഥ പോലെതന്നെ നമ്മുടെ പിന്നാലെ വരുന്നു സങ്കടം സഹിക്കവയ്യാതെപെരുവഴിയിൽ വച്ച് നീയവരെ മാറോടണയ്ക്കുന്നു .അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് ഒരു സിഗരറ്റ് വാങ്ങിവലിച്ച് ഞാനത് നോക്കി നിൽക്കുന്നു