ബുധനാഴ്‌ച, നവംബർ 09, 2011


ബേക്കറി

ബേക്കറി വാങ്ങിയപ്പോൾ
പുതുമ മൗലികത എന്നീ
കാരണങ്ങളാൽ
കയ്പ്പ് എന്ന് പേരിട്ടു

ലഡ്ഡു കയ്ക്കുന്നു
ജിലേബി കയ്ക്കുന്നു
ചെറിപ്പഴം കയ്ക്കുന്നു
കയ്ക്കുന്നു കയ്ക്കുന്നു

എന്തൊരു കയ്പ്പ്
എന്നായി ആളുകൾ

ജോലിക്കാരൻ കയ്ച്ചു
അങ്ങുന്നേ
ആട്ടി ഓടിക്കാൻ പിരിവുകാരില്ല
ഈച്ചകൾ കളിയാക്കുന്നു
കയ്പ്പുകൾ വിളമ്പുന്നു
വീട്ടിലെ അവൾ

പുതുമ മൗലികത
ഇവ നൽകിയ
ഏകാന്തതയെ
പലഹാരങ്ങളുമായി
പങ്ക് വച്ചിരിക്കുമ്പോൾ
ബിസ്ക്കറ്റ് പറഞ്ഞു

കണ്ണീരുപ്പ് കലർത്താം
കയ്ച്ചാൽ വിൽക്കപ്പെടുകയില്ല
പലഹാരങ്ങൾ

പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം
ഇടയ്ക്ക് കയറിയപ്പോൾ

പുതുമയുടെയും
മൗലികതയുടെയും
ആളായ ഞാൻ
ഈ ബേക്കറി
നിങ്ങളെടുത്തോളൂ
എന്ന് പറഞ്ഞു

യാചകൻ ചിരിച്ചു