വ്യാഴാഴ്‌ച, ഫെബ്രുവരി 29, 2024


മുങ്ങൽ

കടലിനെയും കൊണ്ട്

ഭൂമദ്ധ്യരേഖയിലുള്ള

മനോരോഗവിദഗ്ധനെ

കാണാൻ പുറപ്പെട്ടു


എന്താണ് പ്രശ്നം

കടൽ മിണ്ടിയില്ല

ഇത് തന്നെയാണ് സർ

ഉം

എത്ര കാലമായി

അടുത്തു മുതലാണ്


ഒരു കുറിപ്പെഴുതി തന്നിട്ട്

ഡോക്ടർ പറഞ്ഞു

എല്ലാം ശരിയാകും


കടൽ ചിരിച്ചു

ഞങ്ങൾ മുങ്ങി



#poetry #poetryreels #malayalampoetry #malayalamkavitha #kuzhurwilson #കവിത #മലയാളകവിത #കുഴൂർവിത്സൺ #കവിതാറീൽസ് #agolavani #agolavanipoetry #2024മാർച്ച്1 # #കവിത #ആഗോളവാണി # 

തിങ്കളാഴ്‌ച, ഫെബ്രുവരി 19, 2024


പുട്ടിന്റെ ആത്മകവിത


വയലായിരുന്നു

തെങ്ങായിരുന്നു

കതിരായി പൊന്തിയും 

മുകളില്‍ നിന്ന് വീണും 

കൈകളില്‍ ഞെരിഞ്ഞും 

ആവിയില്‍ വെന്തും 

ഇതാ കഷണം കഷണമായി ഞാന്‍ 

ചുറ്റും തെറിക്കുന്നതെന്റെ വെളുത്ത ചങ്കിന്റെ

പൊടിപ്പൊട്ടുകള്‍ 

പപ്പടം കൂട്ടിയമര്ത്തുക

കടലക്കറിയിലെ ചോന്ന മുളക് ചേര്ത്തെന്നെ ഞെരിക്കുക്ക

നിന്നുള്ളില്‍ കയറിയിറങ്ങി

മണ്ണായി

വയലായി

കതിരായി

തെങ്ങായി

ജനിക്കണം 

ഈ പുട്ടിനു



#poetry 

#kuzhurwilson 

ശനിയാഴ്‌ച, ഫെബ്രുവരി 17, 2024


ഗയാ

 


ഗയാ

നീ തന്ന
ഇലകളുടെ ഷർട്ട്
ആകെ നരച്ചു
അതിലെ ഇലകളിൽ
ചിലത് പഴുത്തു
അതിൽ തന്നെ ചിലത്
നല്ല വെയിലുള്ള പാട്ടുകൾ പാടി
ചിലത്
മാറിൽ വേനലായി വരഞ്ഞു
ഗയാ
നിനക്കറിയുമോ
നീ തന്ന ഷർട്ടിലെ
ഇലകൾ മുഷിഞ്ഞ ദിവസം
തലമുടികളിൽ
ആദ്യത്തെ നര കണ്ട
ദിവസത്തെപ്പോലെ
നിസ്സംഗതയിലേക്ക്
ജീവിതം കൂപ്പുകുത്തി
എങ്കിലും ഗയാ
നീ തന്ന
ഇലകളുടെ ഷർട്ടുമിട്ട്
ഉറങ്ങാൻ പോവുകയാണു

ഞാനുറങ്ങിപ്പോയേക്കും
വസന്തം നേരത്തേയെങ്ങാൻ
വന്നാൽ
മൂന്നു നാലു മിസ് കാളുകൾ തന്ന്
വിളിച്ചുണർത്തിയേക്കണം
😌

ചൊവ്വാഴ്ച, ഫെബ്രുവരി 13, 2024


2024 ഫെബ്രുവരി 14

ആ ആനപ്പറമ്പിൽ തന്നെ

ഞങ്ങൾ ഞങ്ങളുടെ പ്രേമത്തെ തളച്ചു



വീട്ടുകാരുടെ കണ്ണ് വെട്ടിച്ചെത്തിയ കുട്ടികളും
സമയത്തെ കൊന്ന് കുഴിച്ചിടാൻ
ഏന്തി വലിച്ചെത്തിയ വയസ്സരും
ഞങ്ങളുടെ പ്രേമത്തിനു കാവൽ നിന്നു


ഞങ്ങളുടെ പ്രേമത്തിൻ്റെ കാലുകൾ പൊട്ടിയൊലിച്ചു
ഞങ്ങളുടെ പ്രേമത്തിൻ്റെ കൈകൾ തളർന്നു
ഞങ്ങളുടെ പ്രേമത്തിൻ്റെ കണ്ണുകളിൽ നിന്ന്
ഭൂതകാലം ഒലിച്ചു
തോട്ടികളെ പേടിച്ച് പേടിച്ച്
ഞങ്ങളുടെ പ്രേമത്തിൻ്റെ കാതുകൾ അടഞ്ഞു
മഞ്ഞും മഴയുമേറ്റ് അതിൻ്റെ തൊണ്ടയടഞ്ഞു


തീറ്റയും കുടിയുമില്ലാതെ മെലിഞ്ഞ്
കുളിയും ജപവുമില്ലാതെ നരച്ച്
ഞങ്ങളുടെ പ്രേമം
രാവും പകലും ഒറ്റനിൽപ്പ് നിന്നു


എന്നിട്ടുമതിൻ്റെ മുതുകിൽ
നെഞ്ചുംവിരിച്ച്
വെട്ടിത്തിളങ്ങുന്നു
ഞങ്ങളുടെ തന്നെ
ഉയിർത്തിടമ്പുകൾ





കുഴൂർ വിത്സൺ
2024 ഫെബ്രുവരി 14
അന്നാലയം

തിങ്കളാഴ്‌ച, ഫെബ്രുവരി 12, 2024


കണ്ണുകളിൽ

കണ്ണുകളിൽ

രണ്ട് കുതിരകളെ പൂട്ടിയ രഥത്തിൽ

നീയിരിക്കുന്നു

 

അതിലൊന്നിന്റെ ചെല്ലപ്പേരു ചൊല്ലുന്നു

 

ഞാൻ തിടുക്കപ്പെട്ട് ഓടിവരുന്നു

നിന്റെ കണ്ണുകളുടെ രഥത്തിൽ

ചെല്ലപ്പേരില്ലാത്ത മറ്റേ കുതിരയ്ക്ക്

ആകാശമൊരു പേരു കണ്ട് വയ്ക്കുന്നു

 

ഞാനത്

നിന്റെ നെഞ്ചിടിക്കിലെഴുതുന്നു

 

നിന്റെ കണ്ണുകളുടെ രഥത്തിൽ

ചെല്ലപ്പേരുകളുള്ള

കുതിരകളുടെ വേഗത്തിൽ

നാം ഈ ലോകത്തിൽ നിന്ന് ഓടി മറയുന്നു


#poetry #kuzhurwilson #kwpoetry # blogpoetry 

 


തിങ്കളാഴ്‌ച, ഫെബ്രുവരി 05, 2024


മറ്റെന്തോ

ജനലിൽ ഇരുമ്പു കൊണ്ടൊരു പൂവ്

അതിൽ തൊട്ടു
തുരുമ്പിച്ച പൂമ്പൊടികളിൽ
അതിലും നല്ല സങ്കടം തോന്നി
ഉള്ളിലിരുമ്പു കൊണ്ട്
ചിത്രശലഭങ്ങളെ തുന്നുമ്പോൾ
പുറത്ത് കാറ്റല്ല