ശനിയാഴ്‌ച, ഒക്‌ടോബർ 01, 2022


രമണം


ഇവിടത്തെ
വെള്ളത്തുള്ളികളുമായി
നമ്മളുണ്ടാക്കിയ
കരാര് കഴിയാറായി
എനിക്കേറ്റവും
പ്രിയപ്പെട്ടവളേ
നമ്മളിത് വരെ
വഞ്ചിയൊന്നും
സ്വന്തമാക്കിയില്ല .
രണ്ട് മീനുകളായി
വഴി പിരിയുകയാണു
ഒരു വഴി
ചൂണ്ടയില്
ഒറ്റയ്ക്കേ
പോകാനാവൂ
മുക്കുവര്ക്ക്
പിടി കൊടുക്കുകയാണു
മറ്റൊരു വഴി
ഒരേ വലയില്
ഒരിത്തിരിനേരം
ഒരേ കൂടയില്
ഒരിത്തിരി നേരം
കറിച്ചട്ടിയില്
നമ്മുടെ
ഒടുവിലത്തെ അത്താഴം
ശേഷം
പരസ്പ്പരം കൊന്നും മരിച്ചുമുള്ള
രമണം