വെള്ളിയാഴ്‌ച, നവംബർ 29, 2019


കടൽക്കരയിൽ പന്ത്രണ്ട് പെൺകുട്ടികൾ


( ഷാജു വി വിയ്ക്ക് )

കടൽക്കരയിൽ
പന്ത്രണ്ട് പെൺകുട്ടികൾ
അവരൊറ്റയ്ക്കല്ല
എന്നിട്ടുമിടയ്ക്കിടെ
ഒറ്റയ്ക്ക്

അതിലൊരാൾ
മണ്ണ് വാരി കളിയ്ക്കുന്നു
മാമമുണ്ടാക്കുന്നു
തിര വന്നതിന്റെ
ഉപ്പു നോക്കുന്നു
എന്നിട്ടപ്പാടെ
വിഴുങ്ങുന്നു

കുഞ്ഞിക്കയ്യാൽ
പിന്നെയുമവൾ
മാമമുണ്ടാക്കുന്നു
കണ്ണുകളും
കൂടെ വരയ്ക്കുന്നു
കാറ്റിനെ
മുലപ്പാൽ മണക്കുന്നു

കൊതിയോടെ
കടൽ
പിന്നെയും
തിരകളുമായി
വരുന്നു
കുഞ്ഞിന്റെ
മാമങ്ങളപ്പടി
കഴിച്ചിട്ടു പോകുന്നു

അവൾ
സങ്കടത്തോടെ
ചിരിക്കുന്നു

കൂട്ടുകാരെല്ലാം
ഓടിയോടി വരുന്നു

കടലിനു മുകളിലൂടെ
ഭ്രാന്ത്രൻ യേശുവും
നടന്നോടി വരുന്നു
കടൽ വെള്ളത്താൽ
കുഞ്ഞു പാദങ്ങൾ
കഴുകുന്നു
പിന്നെ കണ്ണുനീരാൽ
കൺപീലി കൊണ്ടവൻ
പാദങ്ങളിലെ
നനവുകളൊപ്പുന്നു

ആ കുഞ്ഞു പാദങ്ങളിൽ
കരഞ്ഞുകൊണ്ടുമ്മ വയ്ക്കുന്നു

മറ്റ്
പതിനൊന്നു
കുഞ്ഞുങ്ങൾ
വരിവരിയായ്
നിൽക്കുന്നു

കണ്ണീരു
പോരാഞ്ഞവൻ
കടലിനോട്
കടം ചോദിക്കുന്നു

അത്
കുഞ്ഞുങ്ങളെ
കൊഞ്ഞനം
കുത്തിക്കൊണ്ട്
ചിരിച്ച്
തിരിച്ചു പോകുന്നു

ഉള്ള
കണ്ണീരിനാൽ
ഇരുപത്തിയൊന്ന്
പാദങ്ങളും
നനച്ചിട്ടവൻ
ഉമ്മ വയ്ക്കാൻ
തുടങ്ങുന്നു

സന്തോഷം കൊണ്ടും
കുഞ്ഞുങ്ങൾ
കരയുന്നു

ചമ്മി കൊണ്ട്
കടൽ
ഇടയ്ക്ക് തെറ്റുന്ന
പാട്ടു പാടുന്നു

ശരിക്കും
മിടുക്കനായ
ഒരു തിര വന്ന്
മുഴുവൻ
കര കൊണ്ട്
മുഴുത്തൊരു
മാമമുണ്ടാക്കുന്നു

അപ്പോൾ
നമ്മുടെ ഭ്രാന്തൻ യേശു
കണക്കു തെറ്റാതെ
അതിനെ
പന്ത്രണ്ടായി
മുറിക്കുന്നു

കുഞ്ഞു കൈകളിലെല്ലാം
മാമത്തിെന്റ കഷണങ്ങൾ

അതും പോരാഞ്ഞവൻ
മീമിക്കായി
കടലിനോട്
പിന്നെയും
തെണ്ടുന്നു

മടിയോടെയെങ്കിലും
കടൽ
രണ്ട്
ചെറുമീനുകൾ
എറിഞ്ഞു
കൊടുക്കുന്നു

വെയിൽ
വന്നതിനെ
പൊരിയ്ക്കുന്നു

പന്ത്രണ്ട്
കൈകളിൽ
അപ്പവും
മീനും
വായ്കളിൽ
വെള്ളം നിറയ്ക്കുന്നു

കുഞ്ഞുങ്ങൾ
മാമുണ്ണാൻ
തുടങ്ങുമ്പോൾ
കടൽക്കരയിൽ
തെങ്ങിൻത്തോപ്പിൽ
അയ്യായിരം
കാക്കകൾ
കരയുന്നു

ചെറുതായി
ചിരിച്ചു കൊണ്ടവൻ
പിന്നെയും
കടലിൽ
മാമ്മോദീസ മുങ്ങുന്നു

പന്ത്രണ്ട് പെൺകുട്ടികളുടെ
ക്വയറിൽ
കടലും കാറ്റും
കയറിക്കൂടുന്നു

മാമത്തെക്കുറിച്ചുള്ള
പുതിയ പാട്ടും കേട്ട്
കാലം പിന്നെയും
മയങ്ങാൻ
തുടങ്ങുന്നു




photo by Shiju Basheer @ Ajman






ഒക്ടോബർ 21, 2019

ഞായറാഴ്‌ച, ജൂലൈ 14, 2019


അവളുടെ പാദങ്ങള്‍


* * *
അതു നടന്ന വഴികളില്‍
പിന്നെയും ചില വാളന്‍ പുളികള്‍
അതിലൊന്നെടുത്ത് പുതിയ സ്കൂള്‍ കുട്ടി
പുളി മണത്ത്
പുത്തന്‍ കൂട്ടുകാരനു
കൈമാറും നേരം
വയസ്സനാ പുളിമരം
പുത്തന്‍ ഇലകള്‍ വീഴ്ത്തി
അവരുടെ കുഞ്ഞുപാദങ്ങള്‍
ഇളം പോലത്തെ മഞ്ഞയില്‍ ചവുട്ടി
കാലമാവഴി
കടുപ്പത്തിലൊരു ചായ കുടിക്കുവാന്‍
പൊട്ടിയ കാലുമായ് വന്നു
ആ കൊമ്പന്‍ മീശക്കാരനു
കുഞ്ഞുപാദങ്ങളില്‍ നല്ല രസം തോന്നി
എന്നാല്‍ അവളുടെ പാദങ്ങളില്‍
പ്രേമത്തിന്റെ വടു തെളിഞ്ഞേ കിടക്കുന്നു
* * *
കിന്നരമായ് മീട്ടുവാന്‍
തെളിഞ്ഞ് കിടക്കുകയാണാ
പുളിമരത്തിന്‍ കാതല്‍
വിരല്‍ നട്ട്
തച്ചനാ
മരം മുറിക്കും നേരം
അത്രയ്ക്ക് പഴയതാം
കുരുവികള്‍
പുതിയ ഈണം മീട്ടി
അതിലേ
പുതുക്കുളത്തിലെ
രണ്ട് പരല്‍ മീനുകള്‍
മാനത്ത് കണ്ണികള്
മഴയത്ത് പറക്കുന്നു
തച്ചനാ നേരം കൊണ്ട്
പുളിമരത്തില്‍
കൊത്തുകയാണൊരുടല്‍
അത്രയ്ക്ക്
വശ്യമാം കണ്ണുകള്‍
വിയര്പ്പുമ്മ വയ്ക്കും മൂക്ക്
അകിട് നിറഞ്ഞ പോല്‍
രണ്ട് മേഘക്കുട്ടികള്‍
കാറ്റ് മാത്രമുമ്മ വച്ച്
ചുരത്തിയ കാട്ടാറുകള്‍
* * *
കാലവര്‍ഷണമാണമ്മേ
പഴേ പോലെ തണുപ്പില്ല
എങ്കിലും
വാരിയെല്ലിലൂടെ
ഒരു തണുപ്പ്
അരിച്ചരിച്ചിറങ്ങുന്നു
പഴയ പാത്രങ്ങള്‍
ഇടക്കാലത്തെ
മഴവെള്ളത്തിന്‍ വീടുകള്‍
എന്തോ ഓര്ക്കും നേരം
പുഴയിലേക്കൊഴുകുന്ന
മാനത്ത് കണ്ണികള്‍
നിനച്ചിരിക്കാതെ
മഴ വരും
അതിനെ പിടിച്ചു കെട്ടി
ചുണ്ട് നനച്ചൊരു
നീളനുമ്മയും കൊടുത്ത്
കണ്ണടയ്ക്കുമ്പോള്‍
നിന്ന്
പൊട്ടിപൊട്ടിച്ചിരിക്കുകയാണ്
ഇടവപ്പാതി
* * *
കാലുകള്‍ക്കിടയിലൂടൊരു
നദി
ചുമ്മാ കരഞ്ഞ് കൊണ്ടൊഴുകുന്നു
പുത്തനാം
മറ്റൊരു പൂവിനു
വയസ്സറിഞ്ഞ നൊമ്പരം
ഉള്ളില്‍ തുടിയ്ക്കുന്നു
കാലത്തിന്റെ
രണ്ട് പരാഗരേണുക്കള്‍
കാറ്റില്‍ പറക്കുന്നു
ഭൂമിയൊരു ഗര്ഭപാത്രമായ് തുടിക്കുന്നു
ഒറ്റമഴത്തുള്ളി കൊണ്ട്
മറ്റൊരു പ്രപഞ്ചം
അടിവയറ്റില്‍ വിരിയുന്നു
മറ്റൊരണ്ണാറക്കണ്ണന്‍
പ്രേമമില്ലാത്ത പാട്ടുപാടുന്നു
തെങ്ങുകള്‍ പറയുന്നു
ഇന്നലെയില്ലാത്തതാം
ഒരു തൊട്ടാവാടി
ജിവിതം മറക്കുന്നു
* * *
#2019 July
#New Poem

ശനിയാഴ്‌ച, മേയ് 25, 2019


രണ്ട് കവിതകള്‍

ബാബേല്
🌂
ലോകത്തെ
ഏറ്റവും
അതിപുരാതനമായ ഭാഷയില്
അത്രയും മധുരിക്കുന്ന ശബ്ദത്തില്
നിന്നെക്കുറിച്ച് പാടണമെന്ന്
വിചരിക്കുന്നു
എല്ലാ ഭാഷകളും മറന്ന് പോകുന്നു
ഉള്ളിലെ ബാബേല് ഗോപുരം തകര്ന്ന ടിയുന്നു
എന്ന് മാത്രവുമല്ല
ഊമയുമാകുന്നു .
🐦


ചുരുളന് ദിവസം
🧐
നിന്നെ കണ്ടു മടങ്ങിയ ദിവസം
ഒട്ടുമുറങ്ങാതെ പുലര്ച്ചെ
എഴുതാനിരുന്നു
വരികള് വരികളായി
നിറച്ചെഴുതിയത് ഓര്മ്മങയുണ്ട്
അങ്ങനെയെഴുതി ഉറങ്ങിപ്പോയതും
ഇതാ
എണീറ്റ് നോക്കുമ്പോള്
എഴുതി വച്ച പേജില്
വരികള്ക്ക്ത പകരം
ചുരുളന് മുടികള്

📒


ഞായറാഴ്‌ച, ഏപ്രിൽ 07, 2019


കുഞ്ഞയ്യൻ




💧
ദാഹമായിരുന്നു കുഞ്ഞയ്യൻ

കിണർവെള്ളം 
പച്ചപ്പാൽ 
കടുപ്പത്തിൽ ചായ
കിട്ടിയാൽ കള്ള് 
ഇല്ലെങ്കിൽ മുലപ്പാൽ
ലോകത്തിന് മുഴുവൻ ദാഹങ്ങളും
ഒറ്റയ്ക്ക് കുടിപ്പവൻ എന്നൊരു അലങ്കാരമെഴുതിയാൽ
അധികമാവില്ല
കുഞ്ഞയ്യനന്നു പണി ഞരണ്ടായി പാടത്ത്
തെങ്ങിനു തടമെടുക്കൽ, കുശാൽ
സാറാക്കൊച്ചമ്മ മടിയോടെ നീട്ടി വച്ച കപ്പിലെ കഞ്ഞിവെള്ളം
മറ്റൊരു മോന്ത കിണറ്റുവെള്ളം
ഒന്ന് രണ്ട് വലിയാൽ അകത്താക്കി കുഞ്ഞയ്യൻ കുഞ്ഞിച്ചെക്കന്
ദാഹം തീരാഞ്ഞവൻ
കൊച്ചമ്മ മറഞ്ഞ തക്കം നോക്കി
കരിക്കൊന്ന്
അറിയാതെ നിലത്തിട്ടു
വീഴ്ച്ച തൻ ശബ്ദം കേട്ട്
കൊച്ചമ്മ വരും നേരം 
കണ്ണ് മണ്ണിൽ നട്ടു കുഞ്ഞയ്യൻ കുഞ്ഞിച്ചെക്കൻ
കരിക്കിന്റെ വീഴ്ച്ച കൊള്ളാം
മോത്ത് നിറയെ കുരുക്കൾ ദേഹത്തിലും
കരിക്കിനാൽ കുളിച്ചെന്നാൽ
മാറുമെന്നായി സാറക്കൊച്ച്
തലവെട്ടി നീട്ടും നേരം
പിന്നെയും കുഞ്ഞൻ കണ്ണ് മണ്ണില് നട്ടു
പിന്നെയും നനഞ്ഞ കണ്ണുകളാ മണ്ണിൽ കുത്തി
-------
കരിഞ്ഞ ശിരസ്സുമായ് 
നിൽക്കുകയാണു തോട്ടത്തിലാ പഴയ തെങ്ങുകൾ
കുഞ്ഞയ്യന്റെ ജീവനുള്ള പ്രേതങ്ങൾ
കൊച്ചമ്മ നടക്കാത്ത വഴികളിൽ മുളയ്ക്കുന്നു
പലതരം കാന്താരികൾ
കുഞ്ഞയ്യന്റെ കൊച്ചുമക്കളെന്ന് 
കാറ്റടക്കം പറയുന്നു
കാറ്റിനു നാവെരിയുന്നു
മഴ വന്ന് കെടുത്തുന്നു
ശലഭങ്ങൾ പറക്കുന്നു
കിളികൾ ചിരിക്കുന്നു
അതിലേ ഇല പോലെ കുഞ്ഞയ്യൻ ചിരിക്കുന്നു
ആ ചിരി കണ്ട് ദൈവം ഏറ്റവും ദു:ഖത്തിൽ 
പാടുന്നു
പ്രപഞ്ചം അതിനൊപ്പം ആടുന്നു
ആ ചോടുകളിലൊക്കെ
നിറയെ കുഞ്ഞയ്യന്മാർ
ഇടയ്ക്ക് ദാഹിച്ചിട്ട്
അവർക്കും പിഴയ്ക്കുന്നു
കുഞ്ഞയ്യൻ വെള്ളമാകുന്നു
അവരെല്ലാം കുടിക്കുന്നു
പിന്നെയും പാടുന്നു
പടനിലത്തിലെ പാട്ടുകൾ


👣

പടനിലത്തിലെ പാട്ടുകള് - രണ്ട് / കുഴൂര് വിത്സണ് 
ചിത്രീകരണം - ശരവണന്

വ്യാഴാഴ്‌ച, മാർച്ച് 21, 2019


പടനിലങ്ങളിലെ പാട്ടുകൾ

പടനിലങ്ങളിലെ പാട്ടുകൾ

👣

കൂട്ടത്തിൽ ഏറ്റവും ഏകാകിയായ കളിക്കാരൻ

അവൻ ഇട്ടിരിക്കുന്ന പത്താം നമ്പർ ജേഴ്സി

കല്ലെറിയുന്ന കാണികൾ

ആ കല്ലുകളുടെ വേദനയിൽ തട്ടി മുറിയുന്ന
അവന്റെ നെഞ്ചകം

പത്തിൽ നിന്ന്
വലതു വശത്തെ പൂജ്യം
എപ്പോഴും ഒന്നിനെ വീഴ്ത്തി

തന്റെ ഇണ പൂജ്യമല്ലെന്ന ബോധ്യത്താൽ
അവൻ ഉണർച്ച നടിച്ചിരുന്നുവെങ്കിലും
പൂജ്യങ്ങളുടെ ഉപമകൾ
നിരന്തരം വീഴ്ത്തിക്കൊണ്ടിരുന്നു

പൊട്ടിയ മുട്ട്

കീറിയ കളിക്കുപ്പായം

അവൻ തന്റെ തന്നെ കുട്ടിക്കാലത്തിലേക്കും
അമ്മമാരിലേക്കും എടുത്തറിയപ്പെട്ടു

തോറ്റ് വീട്ടിലേക്കൊടിയ
പാടവരമ്പുകളിൽ
അവന്റെ ആദ്യവിജയങ്ങൾ
കൊറ്റികളായ് പറന്നു

അവനിലെ എല്ലാ കൂട്ടുകാരും ചേർന്ന്
ഒന്നായി പടനിലത്തിലെ പാട്ടു പാടി

അവൻ കൂട്ടുകാരെക്കൊണ്ടുണ്ടാക്കിയ മൈതാനമായി

നിറഞ്ഞ് കളിക്കുന്ന കുഞ്ഞിനെ കണ്ട്
പാൽ ചുരത്തുന്ന അമ്മപ്പയ്യിനെപ്പോലെ
കാണികൾ അവനെ ഉത്തേജിപ്പിച്ചു

പിറന്ന ഗോളുകൾ എണ്ണുവാനാകാതെ റഫറിയും കുഴഞ്ഞു

അവൻ പിന്നെയും മണ്ണിൽ തന്നെ മുട്ടുകുത്തി

അപ്പോളവൻ കൂട്ടത്തിലേറ്റവും ഏകാകി മാത്രമായിരുന്നില്ല
പതിവിലേറെ ദു:ഖിതനുമായിരുന്നു


👣
poetry poster by Saravanan Ks

തിങ്കളാഴ്‌ച, ഫെബ്രുവരി 18, 2019


ഒരു സ്പിന്‍ ബൌളര്‍ എന്ന നിലയില്‍ ഒരുവന്റെ ജീവിതം 🏐


( പ്രദീപ് ഭാസ്ക്കറിനു 🏐 )

ഒരു സ്പിന് ബൌളറുടെ ഏകാന്തതയെക്കുറിച്ച്
ഒരുവന് എഴുതാന് തീരുമാനിക്കുന്നു

അപ്പോള്
കളത്തില്
എഴുതുകയാണോ
കളിക്കുകയാണോ
എന്നയാള്ക്ക് മാറിപ്പോകുന്നു

എല്ലായ്പ്പോഴുമെന്നത്തേതു പോലെ
ആ കളിക്കാരനു ബോറടിക്കുന്നു

ഇനി എറിയണ്ട എന്നും
എഴുതണ്ട എന്നും
തീരുമാനിക്കുന്നു

ഒരോവറില്
6 പന്തുകള്
ആ ആറു പന്തുകളും
സിക്സറടിച്ച മുട്ടാളന്മാരുണ്ട്

ഇനി വരുന്ന ഓവറില്
ആറു പന്തുകളും
ആ മുട്ടാളന്മാരുടെ
ആറു പതിപ്പുകളുടെ
മിഡില് സ്റ്റമ്പ്
ഒടിക്കുമെന്ന്
പൊടുന്നനെ
അയാള്
മൈതാനത്തില്
തലകുമ്പിട്ടിരുന്നു
സ്വപ്നം കാണുന്നു

ഇനിയൊരു
ഒറ്റക്കവിതയില് പോലും
സ്വപ്നം
എന്ന വാക്ക് ഉപയോഗിക്കില്ല
എന്ന പാഴായ
ശപഥമോര്ത്ത്
പതിവ് പോലെ
അയാള്ക്ക് വട്ടാവുന്നു

വട്ടന്
വട്ടന്
ഗ്യാലറി മുഴുവന്
അയാളെ തെറി വിളിക്കുന്നു

ഞങ്ങളുടെ ടിക്കറ്റ്കാശ്
തിരികെ തന്നില്ലെങ്കില്
നീയി കളം വിട്ട് പോകില്ല എന്ന
കൊച്ച് കുട്ടികള് പോലും
ആക്രോശിക്കുന്നത് കേട്ട്
അയാള്ക്ക് സങ്കടം വരുന്നു

സങ്കടം തന്റെ
കൂടപ്പിറപ്പാണല്ലേ എന്ന്
അമ്പയര്
അയാള്ക്ക് മാത്രം കേള്ക്കാവുന്ന ശബ്ദത്തില്
അടക്കം പറയുന്നു

അടുത്ത ഓവറില്
ലോകത്തിന്റെ നെറുകയില്
ഹാട്രിക്ക് നേടിക്കൊണ്ട്
അയാള്
അയാള്ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്
ഒരു കവിതയെഴുതുന്നു

കാണികള് കയ്യടിക്കുന്നു

മാന് ഓഫ് ദി മാച്ച് ട്രോഫി
കണ്ടില്ലെന്ന് നടിച്ച്
അയാള് കളത്തിനു പുറത്തേക്ക് പോകുന്നു

പുറത്ത് ഒരു പെണ്കുട്ടി
പൂവുമായി നില്ക്കുന്നു

അത് വാങ്ങി
കളത്തിലേക്ക്
വീശിയെറിഞ്ഞിട്ട്
അയാള് നടന്ന് പോകുന്നു

സ്പിന് ബൌളറെ
മാന്ത്രികനെന്ന് വിളിച്ച ലോകം
അയാള്ക്കും മാപ്പ് നല്കുന്നു

മറ്റൊരു ഭൂപടത്തില്
അയാള്
തന്റെ ബോളുകള്
സൂക്ഷിച്ച് വയ്ക്കുന്നു

കാലം പിന്നെയും അയാളോട് വഴക്കിടുന്നു

ഇനിയുള്ള ജന്മങ്ങളില് ഭ്രാന്തില്ലാത്ത
ഒരു പേസ് ബൌളറാക്കാന്
അയാള് ദൈവവുമായി
പുതിയ കരാറില് ഒപ്പിടുന്നു

രണ്ട് മാലാഖക്കുഞ്ഞുങ്ങള്
അതില് സാക്ഷികളായ് ഒപ്പിടുന്നു

ഈ ലോകം
തന്റെ സ്പിന് ബൌളാണെന്ന്
പിന്നെയും
അയാള്
സ്വപ്നം (വീണ്ടും വെട്ടിക്കളയുന്നു )
കാണുന്നു

🏐
കുഴൂര് വിത്സണ്

🏐
🏏

ഫെബ്രുവരി 16, 2019 
കോഴിക്കോട്
🏏🏐🏐
Photo By Saravanan Ks