വ്യാഴാഴ്‌ച, മാർച്ച് 21, 2019


പടനിലങ്ങളിലെ പാട്ടുകൾ

പടനിലങ്ങളിലെ പാട്ടുകൾ

👣

കൂട്ടത്തിൽ ഏറ്റവും ഏകാകിയായ കളിക്കാരൻ

അവൻ ഇട്ടിരിക്കുന്ന പത്താം നമ്പർ ജേഴ്സി

കല്ലെറിയുന്ന കാണികൾ

ആ കല്ലുകളുടെ വേദനയിൽ തട്ടി മുറിയുന്ന
അവന്റെ നെഞ്ചകം

പത്തിൽ നിന്ന്
വലതു വശത്തെ പൂജ്യം
എപ്പോഴും ഒന്നിനെ വീഴ്ത്തി

തന്റെ ഇണ പൂജ്യമല്ലെന്ന ബോധ്യത്താൽ
അവൻ ഉണർച്ച നടിച്ചിരുന്നുവെങ്കിലും
പൂജ്യങ്ങളുടെ ഉപമകൾ
നിരന്തരം വീഴ്ത്തിക്കൊണ്ടിരുന്നു

പൊട്ടിയ മുട്ട്

കീറിയ കളിക്കുപ്പായം

അവൻ തന്റെ തന്നെ കുട്ടിക്കാലത്തിലേക്കും
അമ്മമാരിലേക്കും എടുത്തറിയപ്പെട്ടു

തോറ്റ് വീട്ടിലേക്കൊടിയ
പാടവരമ്പുകളിൽ
അവന്റെ ആദ്യവിജയങ്ങൾ
കൊറ്റികളായ് പറന്നു

അവനിലെ എല്ലാ കൂട്ടുകാരും ചേർന്ന്
ഒന്നായി പടനിലത്തിലെ പാട്ടു പാടി

അവൻ കൂട്ടുകാരെക്കൊണ്ടുണ്ടാക്കിയ മൈതാനമായി

നിറഞ്ഞ് കളിക്കുന്ന കുഞ്ഞിനെ കണ്ട്
പാൽ ചുരത്തുന്ന അമ്മപ്പയ്യിനെപ്പോലെ
കാണികൾ അവനെ ഉത്തേജിപ്പിച്ചു

പിറന്ന ഗോളുകൾ എണ്ണുവാനാകാതെ റഫറിയും കുഴഞ്ഞു

അവൻ പിന്നെയും മണ്ണിൽ തന്നെ മുട്ടുകുത്തി

അപ്പോളവൻ കൂട്ടത്തിലേറ്റവും ഏകാകി മാത്രമായിരുന്നില്ല
പതിവിലേറെ ദു:ഖിതനുമായിരുന്നു


👣
poetry poster by Saravanan Ks

അഭിപ്രായങ്ങളൊന്നുമില്ല: