ഞായറാഴ്‌ച, ജൂൺ 25, 2023


രണ്ട് അടുക്കളക്കവിതകള്‍

 ഒന്ന്​: കുടമ്പുളിയിട്ട് വറ്റിച്ച ഭാഗ്യം

മീന്‍കാരനെ കാത്തുനില്ക്കുന്നു.
ലോട്ടറിക്കാരന്‍ വരുന്നു
ഭാഗ്യം കുടമ്പുളിയിട്ട് വറ്റിക്കുന്ന മണം വരുന്നു
ലോട്ടറിയെടുക്കുന്നു

അപ്പോഴുണ്ട് മീന്‍കാരന്‍ വരുന്നു
ഭാഗ്യത്തിനു മീനില്ല,
അയാളുറക്കെപ്പറയുന്നു.

ഭാഗ്യത്തിനു കാശുമില്ല,
ഞാന്‍ പതുക്കെ പറയുന്നു.

ഉച്ചയാവുന്നു
വിശക്കുന്നു
ഭാഗ്യം കുടമ്പുളിയിട്ട് വറ്റിച്ചത് പുറത്തെടുക്കുന്നു
ഭാഗ്യത്തിന്റെ വറുത്ത കഷണത്തില്‍ മനമുടക്കുന്നു.

ഭാഗ്യം കുടമ്പുളിയിട്ട് വറ്റിച്ച കൂട്ടാനില്‍
വറുത്ത കഷണത്തില്‍
അടുക്കള പൊലിച്ചു നില്ക്കുന്നു.

അവിടാകെയതിന്റെ നാണം പരക്കുന്നു
ആദ്യം വരാതിരുന്ന മീന്‍കാരനെ ഓർക്കുന്നു, ലോട്ടറിക്കാരന്റെ മുഖം മറന്നുപോകുന്നു.

രണ്ട്​: രണ്ട് ബര്‍ണ്ണറുകള്‍

സ്റ്റൗവിന്റെ രണ്ട് ബര്‍ണ്ണറുകള്‍
നിന്റെ മുലക്കണ്ണുകളാവുന്ന
ഒരു കവിത
ഏറെക്കാലമായി
അടുക്കളയില്‍
ചുറ്റിത്തിരിയുന്നു

അതില്‍ തൊടാന്‍
നോക്കിയപ്പോഴൊക്കെയും
കഠിനമായി വിശന്നു
മത്സരിച്ച് ഞാന്‍ പാചകങ്ങളില്‍ മുഴുകി

ഉണക്കച്ചെമ്മീന്‍ വറുത്ത്
കാന്താരിയും കല്ലുപ്പും വാളന്‍പുളിയും കൂട്ടി
ഇടിച്ചെടുത്തത്
കല്ലുപ്പും കറിവേപ്പിലയും മഞ്ഞളും തിരുമ്മി,
തേങ്ങാപ്പാലില്‍ വേവിച്ച്,
പച്ചവെളിച്ചെണ്ണയില്‍ മൊരിച്ചെടുത്ത
പോത്തിന്റെ കഷണങ്ങള്‍
കടുകും കറിവേപ്പിലയും കാന്താരിയും വറുത്ത് പൊട്ടിച്ച മോരുകറികള്‍
പാലു പിഴിഞ്ഞ പാവയ്ക്കാ
കടുമാങ്ങ കലക്കിയ മോര്​
കടച്ചക്കയിട്ട നെയ്യുള്ള പോത്ത്
ചൊറുക്കയില്‍ ചേനമുളകുടച്ച്
വെളിച്ചെണ്ണ തൂവിയ കല്ലുപ്പ്
ഇരുമ്പന്‍പുളിയിട്ട് വറ്റിച്ച നെയ്ച്ചാള
കുടമ്പുളി വറ്റിച്ച ഞണ്ട്
മാങ്ങിഞ്ചി ഉപ്പും മുളകും കൂട്ടിച്ചതച്ചത്
ജാതിക്കാച്ചമ്മന്തി
ഇടിച്ചക്കത്തോരന്‍
പയറ്റില മുട്ട ചേര്‍ത്ത് ചിക്കിയത്
ഉരുളക്കിഴങ്ങിട്ട താറാവ് കൂട്ടാന്‍
കയിലപ്പം കരള്‍ വറുത്തത്
നീട്ടിയും കുറുക്കിയും
നാടന്‍ വരാലുകള്‍.

തിന്നു മടുത്തു
തടി കൂടി
കവിത മറന്നു
എന്നിട്ടും വിശന്നു
നിന്നെ പിടിച്ച് തിന്നാന്‍ തോന്നി.

അപ്പോഴുമെരിയുന്നു
നിന്റെ മുലക്കണ്ണുകള്‍ പോലെ
സ്റ്റൗവിന്റെ രണ്ട് ബര്‍ണ്ണറുകള്‍.