കോര്‍ണേഷിലെ ഉദ്യാനത്തില്‍
കമ്പിവലയിട്ട മൈതാനത്തില്‍
അറബ് കൌമാരം പന്ത് തട്ടുമ്പോള്‍
ചാരെ കല്ബഞ്ചിലിരിക്കുന്ന
ഒരു സുഡാന്കാരനു
കാലുകള് പൊരുപൊരുക്കുന്നു
ഗോളടിക്കാനറിയുന്നവന്
പന്ത് തട്ടാനുള്ള വിശപ്പാണ്
ഏറ്റവും വലിയ വിശപ്പെന്ന് കരയുന്നു
ഞാനോ ? എനിക്ക് പേരില്ല
പ്രളയത്തില്
വഞ്ചിയും വലയും നഷ്ട്ടപ്പെട്ട് നീന്തുമ്പോള്
കൂറ്റന് സ്രാവുകളുടെ കൂട്ടത്തെക്കണ്ട്
ശരീരം തരിക്കുന്ന മുക്കുവന്
നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ
ഒട്ടകപ്പുറത്ത്
മരുഭൂമിയില് ഇഴയുന്ന
നീന്തല്ക്കാരന്
മറ്റൊന്നുമെനിക്കുവേണ്ട
പന്തും എതിരാളികളും മാത്രം
ആയിരങ്ങളോ പതിനായിരങ്ങളോ വരട്ടെ
ഗോള്മുഖം
എത്ര വിനാഴിക അകലെയാകട്ടെ
മറ്റൊന്നുമെനിക്ക് വേണ്ട
ഒരിക്കല്‍, പത്താം നിലയില്‍
സിമന്റ് ചുമക്കുമ്പോള്‍
ഒരു നിമിഷം
ഒരു നിമിഷം
സൂര്യന്‍ വലിയൊരു പന്തായി പ്രലോഭിപ്പിച്ചു
ആകാശമൈതാനത്ത്
തട്ടി തട്ടി മുന്നേറുമ്പോള്‍
കിട്ടിയ അടിയുടെ പാട് മുതുകത്ത്
ആര്‍ക്കും തട്ടാവുന്ന പന്തുകളുണ്ട്
ഇല്ല എല്ലാ മുന്നേറ്റങ്ങളും
ഗോളുകളാകുന്നില്ല
സ്വപ്നത്തിലായാലും ഫൌളാകാത്ത
കളികളുമില്ല
മുന്നിലെ മൈതാനത്തിപ്പോള്‍
അറബിക്കുട്ടികളില്ല
പന്ത്,പന്ത്,പന്ത് മാത്രം
അത് ഒറ്റയ്ക്ക്
അങ്ങോട്ടുമിങ്ങോട്ടും പായുന്നു
പുറത്തേയ്ക്കോടുന്നു
ഗോള്‍മുഖത്തേയ്ക്ക് കുതിയ്ക്കുന്നു
ചിലപ്പോള്‍ എവിടെയോ ഒളിയ്ക്കുന്നു
ഏറ്റവും ഏകാന്തമായി
അതിലേറെ രഹസ്യമായി
പന്ത് എന്നെ നോക്കി ചിരിച്ചു
ജന്മാന്തരങ്ങളുടെ
ഒരു പിടച്ചില്‍ കാല്‍ വിരലുകളില്‍
പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി
ചൊവ്വാഴ്ച, ഡിസംബർ 04, 2007
നൃത്തം
ഞായറാഴ്‌ച, നവംബർ 11, 2007
മുറിച്ച് കടക്കല്‍
റോഡ് മുറിച്ച് കടക്കുകയായിരുന്നു
മറ്റെന്തും മുറിക്കുന്നത് പോലെയല്ല
ഒരു ട്രെയിലര്‍
പല കഷണങ്ങളായിവീതം വയ്ക്കുകയോ
ഹമ്മര്‍
ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കുകയോ
ഒരു പാട്ട വണ്ടി
കാലോ കയ്യോ എടുത്ത് കൊണ്ട്
പോവുകയോ ചെയ്യാം
വാഹനാപകടത്തില്‍ മരിയ്ക്കണമെങ്കില്‍
ഇഷ്ട്ടമുള്ള ചുവന്ന ലാന്‍സര്‍കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ്
റോഡിനപ്പുറം ഒരു വേപ്പ് മരമുണ്ട്
അതില്‍ കരിംപച്ച ഇലകള്‍ കാണുന്നുണ്ട്
ഇല്ല, കയ്പ്പ് കാണുന്നില്ല
കാണുമായിരിക്കും
റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്
എന്നിട്ട്
അക്കരെ ആ പച്ചയ്ക്ക്
കീഴെ അല്‍പ്പം നില്‍ക്കേണ്ടതുണ്ട്
ആ കിളികള്‍ ഓടിപ്പോകേണ്ടതുണ്ട്
(അങ്ങനെ പറക്കണ്ട)
പോയ പോലെ തന്നെ തിരിച്ച് വരേണ്ടതുണ്ടു
എന്നിട്ടോ, മുറിച്ച് കടന്നത് റോഡല്ലേ
അതിന്റെ ഒരു ഇത് ഇല്ലാതിരിക്കുമോ ?
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍
ഒരു ട്രെയിലര്‍വന്നു
അതിന്റെ ഡ്രൈവര്‍ഒരു തമിഴനായിരുന്നു
ഹമ്മര്‍വന്നു
അതില്‍ഒരച്ഛനും അയാളുടെ കൂട്ടുകാരനും
അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു
ആ കുഞ്ഞു ഉറക്കെ പാട്ട് പാടുകയായിരുന്നു
കൂട്ടുകാരന്‍ അയാളുടെ കൂട്ടുകാരിയെ
ഓര്‍ത്തിരിക്കുകയായിരുന്നു
പാട്ട വണ്ടിയും വന്നും
അതില്‍അടുത്ത നൂറ്റാണ്ടിലേക്ക് കരുതി വച്ച
വീഞ്ഞ് കുപ്പികളായിരുന്നു
എന്നിട്ടോ
ട്രെയിലര്‍പല കഷണങ്ങളാക്കി വീതം വച്ചു
ഹമ്മര്‍ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കി
പാട്ട വണ്ടി
രണ്ട് കയ്യും, ഒരു കാലും
രണ്ട് കാതുകളും എടുത്ത് കൊണ്ട് പോയി
ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?
വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2007
തലക്കെട്ടുണ്ട്
വായിക്കുമ്പോള്‍
കണ്ണട വയ്ക്കുമെന്ന്
നീ പറയുന്നു
കണ്ടിട്ടില്ല
കണ്ണട വച്ച് നീ വായിക്കുന്നത്
ഒരിക്കലും കാണുമെന്നും തോന്നുന്നില്ല
എങ്കിലും
കണ്ണട വച്ച നീ ഇല്ലാതിരിക്കുമോ
മരിച്ച് പോയ അപ്പനെ
കണ്ടിട്ടില്ലെന്ന് വച്ച്
മരിച്ച് പോയ അപ്പന്‍ ഇല്ലാതിരിക്കുമോ
എന്ന് കുഴങ്ങും പോലെ
നീ എന്നെ
കണ്ടിട്ടുണ്ട്, കണ്ണട വയ്ക്കാതെ
എന്തൊക്കെയാണാവോ
നീ കാണാതിരുന്നത്
നിന്നെയും കണ്ടിട്ടുണ്ട്
എന്നാലോ
കണ്ണാട വച്ച നിന്നെ കണ്ടിട്ടില്ല
ശരിക്കും
എത്ര നീയുണ്ട്
Labels: പ്രണയ കവിതകള്‍
ബുധനാഴ്‌ച, സെപ്റ്റംബർ 26, 2007
സൈക്കിളില്‍ വന്ന അടികള്‍
സൈക്കിളുകള്‍ ധാരാളമുള്ള കാലമായിരുന്നു അത്
പച്ച ചുവപ്പ് കറുപ്പ് എന്നീ നിറങ്ങള്‍ മാത്രമേ
സീറ്റുകള്‍ക്ക് ഉണ്ടായിരുന്നുള്ളൂ
പച്ച സീറ്റ് വന്നാല്‍ നിന്നെ അടിക്കാമെന്നും
ചുവപ്പ് സീറ്റ് വന്നാല്‍ എന്നെ അടിക്കാമെന്നും
കുട്ടികള്‍ ധാരണയുണ്ടാക്കി
ധൈര്യശാലികള്‍ കറുപ്പ് തെരഞ്ഞെടുത്തു
പച്ച സീറ്റെടുത്ത ദിവസം കൂട്ടുകാരന് 31 അടികള്‍ കൊടുത്തു
എനിക്ക് കിട്ടിയത് 18
Labels: ഇ
തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2007
കണ്ണാടിയില്‍ ഒരു രാത്രി
കാണുന്നില്ല കുട്ടനെ
കുളത്തില്‍ കുടത്തില്‍
ക്ലബ്ബിലും ഗ്രൌണ്ടിലും
പള്ളിയില്‍ ടാക്കീസില്‍
സുജിത്തിന്റെ വീട്ടിലും
അങ്ങാടിക്കടകളില്‍
അമ്മായിയുടെ ഫോണിലും
വിളിച്ചൂ നൂറിലും, നൂറ്റിയൊന്നിലും
മറ്റ് നൂറിടങ്ങളില്‍
കുട്ടനില്ലയവിടെയെങ്ങുമേ
കരഞ്ഞൂ കൂട്ടുകാര്‍
ഉറങ്ങീ നാട്ടുകാര്‍
ഉറങ്ങാതിരുന്നു
കരഞ്ഞൂ വീട്ടുകാര്‍
കയ്യെഴുത്ത് കണക്കുകള്‍
ഇമ്പോസിഷന്‍ ഹോംവര്‍ക്കുകള്‍
കാത്തിരുന്നു കുട്ടനെ
ചക്കിപ്പൂച്ചയേറെ വട്ടം
നോക്കിയിട്ടു തിരിച്ച് പോയ്
പുലര്‍ന്ന് ബാര്‍ബര്‍
മുടിക്കട തുറക്കുമ്പോള്‍
ഇരുന്നുറങ്ങുന്നവന്‍
ചുമരിലെ കണ്ണാടിയില്‍
Labels: ഇ
ഞായറാഴ്‌ച, ജൂലൈ 15, 2007
ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...
ശരീരമേ, ഇന്നലെ നീ മിഴുങ്ങിയ
ചെറുമീനുകള്‍
അതു തന്നെ
അല്ലാതെ ഈ പൂച്ച
ഇന്ന് മൂന്നാം തവണയും
നിന്ന് ചുറ്റുന്നതിനു
മറ്റ് കാരണങ്ങളൊന്നുമില്ല
ഇന്നലെ മിഴുങ്ങിയ മീനുകളെ,
പിടക്കാതെ
ആ പൂച്ചയുടെ ഉണ്ടന്‍ കണ്ണുകള്‍
അകന്നു പോകുന്ന വരെയെങ്കിലും
ഉദരമേ നിന്റെ തിരമാലകളുടെ
ചെറുചലനങ്ങളാല്‍ ഉലയ്ക്കാതെ
ശരീരമേ ശരീരമേ
കടല്‍ക്കരയില്‍ സൂക്ഷിച്ച്
പണ്ട് ഉള്ളില്‍ കയറിയ
മീനുകളെല്ലാം
ജന്മദേശം കണ്ട് കുതിച്ചാല്‍
അവരുടെ കൂട്ടുകാര്‍
ഓരോ കോശങ്ങളിലും
മുട്ടിനോക്കിയാല്‍
ശരീരമേ നിന്റെ ശരീരം
ഒരു കരയില്‍ നിറയെ
മീനുമ്മകളുമായി അടിഞ്ഞാല്‍
ശരീരമേ
നീ കൊതിയോടെ നോക്കിയതെല്ലാം
വിശപ്പോടെ
വലിച്ച് വാരി തിന്നതെല്ലാം
ആര്‍ത്തിയോടെ
വെട്ടിവിഴുങ്ങിയതെല്ലാം
പതുക്കെ പതുക്കെ നുണഞ്ഞതെല്ലാം
എപ്പോഴെങ്കിലും
മുന്നിലവതരിച്ചാല്‍
അവതരിച്ചാല്‍
ശരീരമേ ശരീരമേ
കുഞ്ഞുങ്ങളെ കാണുമ്പോള്‍
മുപ്പതാണ്ട് മുന്‍പത്തെ
മുലപ്പാല്‍ പുറത്തേക്കു പരന്നാല്‍
കയിലപ്പവും, കരള്‍ വറുത്തതും
കുഞ്ഞ് വായകളെ തേടിയിറങ്ങിയാല്‍
കുടിച്ച മദ്യമെല്ലാം കൂട്ടുകാരെ
കാണുമ്പോള്‍ ചാടിയിറങ്ങിയാല്‍
പാതിരാവില്‍ കൂവിത്തിമിര്‍ത്താല്‍
ആരും കേള്‍ക്കാതെ ഒരു തെറിക്കവിത ചൊല്ലിയാല്‍
ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍
എന്തെങ്കിലുമൊക്കെ കണ്ട്
ഉമിനീരും, വിയര്‍പ്പും, നനവുകളും
പുറത്തെയ്ക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
പച്ചപ്പു കണ്ട് ഉള്ളിലെ പശുക്കളും പോത്തുകളും എരുമകളും
മുയലുകളും മറ്റും മേയാനിറങ്ങിയാല്‍
തവളകള്‍ മഴക്കാറ് കണ്ടു പേക്രാന്‍ തുടങ്ങിയാല്‍
ഉള്ളില് ചേക്കേറിയ കൊക്കും, കാക്കയും
ആകാശം കണ്ട് പറന്നാല്‍
ആ പിടയെ കണ്ട് പൂവന്
മുറ്റത്തേക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
ഉള്ളിലെ മീനുകളും, ജന്തുക്കളും, കിളികളും
ഒരുമിച്ച് പുറത്ത് കടന്നാല്‍
ശരീരമേ ശരീരമേ
ശരീരത്തിന്റെ ആത്മാവേ...
ചൊവ്വാഴ്ച, ജൂൺ 05, 2007
നിലത്ത് വെച്ചിട്ടില്ല
മറന്നു വച്ച കുട
ആകുലപ്പെട്ടു
അവന്‍ നനഞ്ഞുവോ
കാണാതെ കരഞ്ഞുവോ
അമ്മ തല്ലിയിരിക്കുമോ
ബെഞ്ചുകളും ഡെസ്ക്കുകളും
സൊറ പറഞ്ഞിരിപ്പാണ്
തറ പറ പന
ബോറ്ഡിപ്പോഴും പകലില്‍
രാത്രി വന്നു
കുടക്കു കരച്ചില്‍ വന്നു
മഴ മഴ
കുട കുടയെന്ന്
പുറത്ത് മഴ
“എന്റെ പുന്നാരക്കുട”
അവന്റെ ശബ്ദം
മഴക്കു മേലെ പെയ്യുന്നത്
കുട മാത്രം കേട്ടു
കരഞ്ഞുറങ്ങിയ നേരം
ഹെഡ്മാസ്റ്ററുടെ മുറി
സ്വപ്നത്തില്‍ വന്നു
ചോദ്യപേപ്പറുകള്‍ ചൂരലുകള്‍
ഭൂപടങ്ങള്‍ ഗ്ലോബ് അസ്ഥികൂടം
ചോക്കുപൊടി
തടിച്ചിമാരായ ടീച്ചര്‍മാര്‍
വളികളും വളിപ്പുകളും
ഞെട്ടിയുണര്‍ന്നു
വെളുത്തിട്ടില്ല
ഇരുട്ടില്‍ തുന്നലാലെഴുതിയ
അവന്റെ പേരു മാത്രം
എന്നാലും മറന്നല്ലോ
മറ്റ് കുടകള്‍ വന്നു
അപ്പുറത്തും
ഇപ്പുറത്തുമായിരുന്നു
മഴ കൊണ്ടില്ലേയിന്നലെ
വീട്ടില്‍ പോയില്ലേ
അവന്‍ തന്നെ
മറന്നുവെന്ന്
പറയുന്നതെങ്ങനെ
അതാ അവന്‍
കുട കണ്ണടച്ചു
ഓടി വരട്ടെ നൂറുമ്മ തരട്ടെ
ബെല്ലടിച്ചിട്ടും വന്നില്ല
കണ്ണു തുറന്നപ്പോള്‍ കണ്ടു
അവന്റെ പുതിയ പുന്നാരക്കുടയെ
നിലത്ത് വെച്ചിട്ടില്ല
^ 2004
Labels: ഇ
ചൊവ്വാഴ്ച, മേയ് 29, 2007
അത്ര മാത്രം
“ഒരുമ്മയോ
അച്ഛാ എന്ന വിളിയോ കിട്ടാതെ
എനിക്കു പോകേണ്ടി വരും”
- എ.അയ്യപ്പന്‍ -
കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍
ഞാന്‍ കരിഞ്ഞു
അത്ര മാത്രം
^2000
Labels: പ്രണയ കവിതകള്‍
ചൊവ്വാഴ്ച, മേയ് 22, 2007
ഇതൊരു പരസ്യ വാചകമല്ല
ഉമ്മയുടെ കാര്യത്തില്
ക്രിസ്തുവോ,
ഗാന്ധി പോലുമോ അല്ല
അങ്കമാലി കുന്നിലെയോ
ഫോര്ട്ടുകൊച്ചിയിലെയും
കൊടകര ഹൈവേയിലെയും
ക്വട്ടേഷന് പിള്ളാരെപ്പോലെയൊ...
ഒരു ചെകിടത്തു തന്നാല്
നക്ഷത്രം കാണുന്ന തരത്തില്
പതിനായിരമായി
മടക്കിക്കൊടുക്കും
ഇതൊരു
പരസ്യവാചകമല്ല
അമ്മയും നീയും
വായിക്കാന്‍ ആരും
പരസ്യം കൊടുക്കാറുമില്ല
^2007
Labels: പ്രണയ കവിതകള്‍
ബുധനാഴ്‌ച, മേയ് 16, 2007
അജ്മാനിലെ കടപ്പുറത്ത്
വീണ്ടുമൊരു കടല്‍ത്തീരം
കാല്‍വിരലുകള്‍ നനയിച്ചു കുട്ടിക്കാലം
മായ്ക്കുന്നില്ലവള്‍
കടലമ്മ കള്ളിയെന്നെഴുതിയിട്ടും
കാത്തിരുന്നു മുഷിഞ്ഞപ്പോള്‍
മൊഴിഞ്ഞൂ ഉള്ളിലെ മുതിര്ന്നയാള്‍
മലയാളമറിയാത്ത പെണ്ണാണ്‍
വിവര്‍ത്തനം ചെയ്യണം
^2006
തിങ്കളാഴ്‌ച, മേയ് 07, 2007
ആലിപ്പഴം മിനിക്കുട്ടി
മനോരമ വാരികയിലാണ്
എന്റെ സുന്ദരിമാര്‍ ജീവിച്ചിരുന്നത്
ആലിപ്പഴത്തിലെ മിനിക്കുട്ടിയും
എന്റെ കൂട്ടുകാരിയായിരുന്നു.
(പ്രേമഭാജനമല്ല)
കാന്തത്തിന്റെ വിരുദ്ധധ്രുവങ്ങളായിരുന്നു
അന്നും പ്രേമത്തില്‍
പാവപ്പെട്ടവനും പണക്കാരിയും
പണക്കാരിയും പാവപ്പെട്ടവനും
പാവപ്പെട്ട മിനിക്കുട്ടിയെ പ്രേമിക്കാന്‍
പാവപ്പെട്ട എന്നെ സമൂഹം
അനുവദിച്ചതുമില്ല
ഈ അവസ്ഥയിലാണല്ലോ
അവര്‍ അനുജത്തിമാരും
ചേച്ചിമാരും അമ്മമാരുമായിത്തീരുന്നത്
എങ്കിലും
മിനിക്കുട്ടിയോടൊപ്പം
പാടത്ത് ആടുകളെ മേയ്ച്ചത്
മറക്കുകയില്ല
എന്നെ മറക്കരുതേയെന്ന
വിശുദ്ധമായ പ്രാര്‍ത്ഥന
ഞങ്ങള്‍ അന്നും ചൊല്ലിയിരുന്നുവെന്നാണ്
ഓര്‍മ്മയുടെ പുസ്‌തകം പറയുന്നത്
(ലക്കവും അദ്ധ്യായവും ഓര്‍മ്മയിലില്ല)
ആലിപ്പഴം പെറുക്കാന്‍
പീലിക്കുട നിവര്‍ത്തി
എന്ന കുട്ടിച്ചാത്തനിലെ പാട്ടും
3 ഡി കണ്ണട വെച്ചാലെന്ന പോലെ
തൊട്ടുമുന്‍പിലുണ്ട്
എങ്കിലും അലിഞ്ഞു പോയി
ഒരു മഴയത്ത്
പെറുക്കി കൂട്ടിയവ
മഴയില്ലാത്ത ഒരു നാട്ടില്‍
സൂര്യന്റെ കണ്ണു വെട്ടിച്ച്
ഏഴാമത്തെ നിലയില്‍
ഇരിക്കുമ്പോള്‍
അതാ ആലിപ്പഴം മിനിക്കുട്ടി
നിങ്ങളുടെ സൂര്യ ടിവിയില്‍
ഒട്ടുമലിയാതെ
^2004
വ്യാഴാഴ്‌ച, ഏപ്രിൽ 26, 2007
തീവണ്ടിയോ സൈക്കിളോ
ഉള്ളിലെപ്പോഴും ആളിക്കത്തില്ലേ
നില്‍ക്കുമ്പോള്‍ നീറിപ്പുകയില്ലേ
എങ്കിലുമുണ്ട് പ്രലോഭനത്തിന്റെ
നൂറുചക്രങ്ങള്‍കാ
ത്തു നില്‍ക്കാന്‍ ആയിരം കണ്ണുകള്
യാത്രയാക്കനും സ്വീകരിക്കാനും
പച്ച ചുകപ്പന്‍ വേഷങ്ങള്
ആപത്തിലും
കാലാവസ്ഥ മാറ്റത്തില്‍ പോലും
കൊടിമാറ്റങ്ങള്
പെരിയാറിനും, നിളക്കും മേല്
പരിഹാസ്യരായ് കിടക്കുന്ന പാലങ്ങളിലൂടെ
തേരട്ടയായ്
മലയാളവും തമിഴും കന്നഡയും കടന്ന്
നാനാത്വത്തില്‍ ഏകത്വമെന്നര്‍ത്ഥം വരുന്ന
ഇംഗ്ലീഷ് പാട്ടും പാടി
പാലക്കാട്ട് പതിരളന്ന്
ഗോതമ്പ് മണികള്‍ കൊറിച്ച്
വെടിയൊച്ചകള്‍ കേട്ട്
പുക മുകളിലേക്കൂതി ടെന്‍ഷനൊതുക്കി
ഒരേ ഉദരത്തിലേക്കു കരിക്കും കൊക്കോക്കോളയും നിറച്ച്
താനാരോ തന്നാരോ തകബോലോ തരരയില്‍ ലയിച്ച്
സംഘം ചേരലിന്റെ
ബാഗ് പൈപ്പര്‍ ഛര്‍ദ്ദി ഏറ്റുവാങ്ങി
സത്യപ്രതിജ്ഞക്കു പോകുന്ന എം.പിക്കും
തൊഴില്‍ രഹിതനായ കള്ളവണ്ടിക്കാരനും
സ്വപ്നങ്ങളുള്ള രാത്രി സമ്മാനിച്ച്
കള്ളനും പോലീസുകാരനും
ഇരുട്ടിന്റെ സ്വാതന്ത്ര്യം അനുവദിച്ച്
ഐസ്ക്രീം പാര്‍ലറായ്
കിടപ്പറയായ്
പ്രസവ മുറിയായി
കാടും മലയുംമഞ്ഞും മഴയും കടന്ന്
പലതരം കൊള്ളികള്‍ നിറഞ്ഞ
തീപ്പെട്ടിക്കൂടുകളായി
നീളുന്ന വേഗമായി....
എങ്കിലും വേണ്ട ഈ ചതുരവടിവ്
ഏണിയിലൂടെയുള്ള പാമ്പുയാത്ര
പലനിറങ്ങള്‍ക്കും തലവയ്ക്കുന്ന ഷണ്ഡത്വം
പിന്നെയുമുണ്ട്
ഏതു രാത്രിയില്‍
ആരുടെ അമ്മ
ആരുടെ കാമുകി
ആരുടെ ആരുമല്ലാത്തവര്‍
കവിതയെഴുതിക്കളയും ഉടല്‍ കൊണ്ട്
കവിത എനിക്കിഷ്ടമല്ല
കാറ്റ് നിറഞ്ഞോ
പോകാം സൈക്കിളേ
നമ്മെ ഇടവഴികള്‍
എത്തുന്നിടത്തെത്തിക്കട്ടെ
^ 1998
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ബുധനാഴ്‌ച, ഏപ്രിൽ 18, 2007
രാജ്യം
പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍
ഓരോന്നിലും
ഓരോഭാഷ
ഭാവവും
ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്
ഞങ്ങളുടെ ഡെസ്റ്റര്
ഞങ്ങളുടെ നാടകം
എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും
എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍ത്ഥിച്ചു
കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
വെയിലത്ത്മ
മുട്ടുകുത്തി
ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി
^ 2004
Labels: ഇ
ചൊവ്വാഴ്ച, ഏപ്രിൽ 10, 2007
ചരക്കുവണ്ടി
പാളം തെറ്റിയ ചരക്കുവണ്ടിയായ്
പ്രണയം നിലച്ചേ കിടക്കുന്നു
ചായ കാപ്പി വിളികളില്ല,
കണ്ണീര്‍ പൊഴിച്ച്, കൈവീശി
വിട പറയലിന്റെ നിശബ്ദനാടകം
കെട്ടിപ്പിടിച്ചൊച്ച വച്ച്
സ്വീകരിക്കലിന്‍ കോലാഹല-
മൊന്നുമില്ലാതെ മനോരമയില്
മംഗളത്തില്‍ മാധ്യമങ്ങളില്
ലോക്കല്‍ പേജില്‍ ബിറ്റുവാര്‍ത്തയായി
രണ്ടു കോളത്തിലൊരു ചിത്രമായ്
മേനക വഴിവരും ബസ്സിനായി
കാത്തു നില്‍ക്കവേ
പത്മവഴി മാത്രം വരുന്നു വണ്ടികള്
മാറിക്കയറുവാനില്ല മോഹം
കാലുകള്‍ കണ്ണുകള്‍ മത്സരിക്കുന്നു
കാത്തുനില്‍പ്പിന്റെ കഥകളില്‍
ഏത് ഗട്ടറിന്റെയഗാധതയില്
ബ്രേക്ക് ഡൗണായി നിന്റെ പേടമാന്‍ വേഗം
ആരുടെയള്ളിന്റെ കൂര്‍മുനയില്
വെടിപ്പഞ്ചറായി നിന്റെ ചക്രങ്ങള്
കാര്‍ബണ്‍ പുകയില്‍ ഞാന്
കാത്തുവിയര്‍ത്തു നില്‍ക്കുമ്പോള്
സമയം പോയ് പഞ്ചിംഗ് ക്യാബിനി-
ലെത്തനിനിയൊരു മിനിട്ട് മാത്രമെന്ന്
വായുപിടിച്ച് നീ നിര്‍ത്താതെ പോകുമോ ?
മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്
ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്
ചുംബനം മരണം പോലഗാധമെന്നു
ഉള്ളിലെ ചില കവിതകള്‍
ഉറക്കം പോലതിഹ്യ്‌വസമെന്ന്
ജീവിതത്തില്‍ മലയാളം നിഘണ്ടു
ടെലഫോണ്‍ ചിലക്കുന്നു പേടിയാകുന്നു
കേള്‍ക്കേണ്ടതേതു യാത്രാമൊഴി
കല്ല്യാണത്തിനു തീര്‍ച്ചയായും
വരണേയെന്നു നവചന്ദ്രികമാര്‍
ഉത്തരാധുനിക ക്ഷണം നടത്തുമ്പോള്‍
കന്യകേ, നീയെന്റെ
ഫോണ്‍ നമ്പര്‍ മറന്നുപോകുമോ ?
വിലാസമെഴുതിയ ഡയറി കളഞ്ഞുപോകുമോ ?
ഇടപ്പള്ളി പള്ളിയില്
മെഴുതിരി കത്തിക്കുവാന്‍
കടം വാങ്ങിയ ചില്ലറ
തിരികെ കൊടുത്തില്ലയിതേവരെ
കോഴിക്കൊതിയനാം
പുണ്യവാളനോടിനി കടം പറഞ്ഞിടാം
റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍
മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍
മനോരമ വരുമ്പോള്
നേരം വെളുക്കുന്നു
ഏഷ്യാനെറ്റില്‍ സുപ്രഭാതം
ഉച്ചവാര്‍ത്തയിലെട്ടു മരണം
പ്രഭാതമായ് ഉച്ചയായ് സന്ധ്യയായ്
കോര്‍പ്പറേഷന്‍ വണ്ടി തിരിച്ചു പോകുന്നു
ഈ പാതിരാത്രിയില്
നഗരത്തില്‍ കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന
ഇരുപതാം നൂറ്റാണ്ടില്
യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം
തട്ടുകടയിലൊറ്റക്കിരിക്കുമ്പോള്
രാത്രി നിലവിളിക്കുന്നുയിങ്ങനെ
"എനിക്കുറക്കം വരുന്നു
ഒഴിഞ്ഞുപോകുമോ പിശാചുക്കളേ
ഇനിയെന്നില്‍ കുറച്ച് തളര്‍ന്ന വേശ്യകള്
സ്വപനമില്ലാതുറങ്ങുന്ന തെണ്ടികള്‍"
പാളം തെറ്റിയ ചരക്കുവണ്ടിയായ്
പ്രണയം നിലച്ചേ കിടക്കുന്നു
^1998
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ഞായറാഴ്‌ച, ഏപ്രിൽ 01, 2007
കണ്ണ്
ഏതാണ്ട് ഇത് പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A യിലേക്ക് വരിവരിയായിപ്പോയത്
അന്ന് വരാതിരുന്ന ആ കരച്ചില്
ഇപ്പോള്‍ എവിടെ നിന്ന് വരുന്നു
രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു
ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക് പേരില്‍ തന്നെയുണ്ടായിരുന്നു
എനിക്കെന്തിന്റെയായിരുന്നു കുറവ്
മീനാക്ഷി ടീച്ചര് അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു
മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത് പിന്നീടാണു
കണ്ണ്‍ പറ്റിയതാണു ടീച്ചറേ
ഉത്തരം ശരിയായെങ്കില്
മാര്‍ക്ക് തന്നെന്നെ ഏഴിലേക്ക് പറഞ്ഞുവിട്
^2007
വ്യാഴാഴ്‌ച, മാർച്ച് 29, 2007
കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്
(ജിനുവിനു)
കാവടിയാടുവാന്
ഞാന്‍ കൊടുത്തയക്കുന്നു
നിനക്കെന്റെ കാലുകള്
അതിനിടയില്‍
താളം കേള്‍ക്കുവാന്
ഞാനയക്കുന്നെന്റെ കാതുകള്
ശൂലം തറയ്ക്കുവാന്
ഞാനയക്കുന്നുണ്ടെന്റെ നാവു
കൂട്ടത്തിലാടുന്ന കൂട്ടുകാരൊത്ത്
താളം പിടിക്കുവാന്
കൊടുത്തയക്കുന്നു
ഞാനെന്റെ കയ്യുകള്
അതിനാല്‍ ഇവിടെ
നടക്കാതെയിരിപ്പാണു ഞാന്
അതിനാല്‍ ഒന്നുമേ കേള്‍ക്കാതെ
കിടക്കുകയാണു ഞാ ന്
അതിനാല്‍ മിണ്ടാതെയനങ്ങാതെ
നിശ്ചലനാണു ഞാന്
ഷഷ്ഠി കഴിഞ്ഞ്
പിള്ളേര് കാവടിക്കടലാസുകള്
പെറുക്കുന്ന നേരത്ത്
തിരിച്ചയക്കണേയെന്റെ
കാലിനെ കയ്യിനെ, നാവിനെ
ഇവിടെനിശ്ചലനാണു ഞാന്‍
* ജിനു www.mukham.blogspot.com
^2004
ചൊവ്വാഴ്ച, മാർച്ച് 20, 2007
കഴിഞ്ഞത്
ബാല്യം : വക്കു പൊട്ടിപ്പോയ സ്ലേറ്റ്
കൗമരമോ ?
ആരും തുറന്നു നോക്കാതിരുന്ന പരാതിപ്പുസ്തകം
അടി അള്‍ത്താര അരക്കെട്ട്
പെണ്ണുപിടിയനച്ചന്റെ
മുഷ്ടിമൈഥുനം കണ്ടേ കണ്ടേ
പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്
ഓര്‍മ്മകള് മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ
വീട്: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി
പൂച്ച കരയുന്നു പശു കരയുന്നു
കണ്ണീരിനിപ്പോഴും ഉപ്പുരുചി തന്നെയോ ?
അടുക്കളയില്‍ പാറ്റഗന്ധം
ബള്‍ബ് പിന്നെയുമടിച്ചുപോയി
വിശപ്പ് : മറന്നുപോയ വെറും വാക്ക്
^ 1998
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ശനിയാഴ്‌ച, മാർച്ച് 10, 2007
2007 ഫെബ്രൂവരി 28
അഫ്ഗാന്റെ തലസ്ഥാനമായ
കാബൂളിന്റെ ആളൊഴിഞ്ഞ
ഒരു തെരുവീഥിയില്‍
നമ്മള്‍ കണ്ടുമുട്ടി
കഴിഞ്ഞ ജന്മത്തിൽ
പരസ്പ്പരം യുദ്ധം ചെയ്തിരുന്ന
രണ്ടു ജനതയാണു
ഈ ജന്മത്തില്‍ പ്രണയിതാക്കളെന്നു
എഴുതിയിരുന്ന ഒരു ടീ ഷര്‍ട്ട്
അപ്പോളതിലൂടെ നടന്നുപോയി
അന്നു ആറു തവണ നിറയൊഴിച്ച ശേഷവും
അരിശം തീരാതെ
ബാക്കി വച്ച വെറുപ്പിന്റെയും
പകയുടെയും ഒരുണ്ടയാണു
നിന്റെ നോട്ടമെന്നു
ഞാനന്നു തിരിച്ചറിഞ്ഞു
പണ്ടേ ജീവന്‍ പോയ
ശരീരത്തില്‍
പിന്നെയും പിന്നെയും
വെട്ടുന്നതിന്റെ സുഖമാണു
എന്റെ വാക്കുകളെന്നു നീയും
എന്നാലും ആ വഴിയോരത്ത്
ചോളപ്പൊരി കണ്ടപ്പോൾ
വേണമോയെന്നു
ചോദിച്ചതു എന്തിനാ
നെടുവീര്‍പ്പിട്ടപ്പോള്‍
എന്തടായെന്നു കൊഞ്ചിയതെന്തിനാ
എനിക്കറിയില്ല
എങ്ങനെയാണു
വേര്‍പിരിഞ്ഞതെന്നു നീ ചോദിച്ചു
മെഴുതിരി കത്തിച്ചപ്പോൾ
തീ ആളിക്കത്തിയതിനായിരുന്നു ആദ്യം
ഉമ്മ വച്ചപ്പോൾ
ഫോണ്‍ വന്നതിനായിരുന്നു ഒരിക്കൽ
സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഷര്‍ട്ടില്‍ എന്തോപാടുണ്ടായതിനു
.....
.......
ചോദിച്ചതിനു
ചോദിക്കാതിരുന്നതിനു
വിളിച്ചതിനു വിളിക്കാതിരുന്നതിനു
നെടുവീര്‍പ്പിട്ടതിനു
ചിരിച്ചതിനു ചിണുങ്ങിയതിനു
കരഞ്ഞതിനു കഴിച്ചതിനു കഴിക്കാതിരുന്നതിനു
അയച്ചതിനു അയക്കാന്‍ ആഗ്രഹിക്കാതിരുന്നതിനു
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിനു
അമ്മയ്ക്കുംകുഞ്ഞുങ്ങള്‍ക്കും വേണ്ടിപ്രാര്‍ത്ഥിച്ചതിനു
അന്നു ഒരുമിച്ചു തന്നെ മരിച്ചു കാണും
അദ്യം മരിച്ചാൽ
നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു
കൊന്നുകാണും
അതുമല്ലെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കംകൊണ്ടെങ്കിലും അട്ടിമറിക്കും
ഈ ദൈവത്തിന്റെ ഒരു കാര്യം
അങ്ങനെ സ്നേഹിച്ചു കൊന്ന നമ്മളാണു
അഫ്ഗാന്‍ തലസ്ഥാനമായ
കാബൂള്‍ നഗരത്തില്‍
എന്തു സുന്ദരമാണീ നഗരമെന്നു
നീ പറഞ്ഞപ്പോൾ ഞാനൊരു സിഗരറ്റ് കൂടി വലിച്ചു
ഞാന്‍ ജനിച്ചിട്ട് പോലുമില്ല
എന്നെഴുതിയ മറ്റൊരു ടീ ഷര്‍ട്ട്
ഇക്കുറി ദാ പോകുന്നു
കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ച വൈകുന്നേരം
5.41നു നീയെന്നോട് പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു
അതു പറയാതെ ഞാന്‍ ചിരിച്ചു
നീയെനിക്കു ഒരുമ്മ തന്നു
^ 2007
Labels: അഫ്ഗാൻ, അബുദാബി, പ്രണയ കവിതകൾ
ബുധനാഴ്‌ച, മാർച്ച് 07, 2007
രണ്ടു കവിതകള്‍
മറിയമാര്‍ പലവിധം
മുന്തിരിത്തോട്ടത്തില്
ഞാന്‍ നിനക്കായി കാത്തിരിക്കും
മറിയം അയാളോട് പറഞ്ഞു
നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു
മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.
മേരി
സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍
അവള്‍ക്കിപ്പോള്
പാളമാണഭയം.
^ 1997
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ഞായറാഴ്‌ച, മാർച്ച് 04, 2007
ഇരട്ടക്കുട്ടികളുടെ ടീച്ചര്‍
ഒരേ കുട
ഒരേ ഉടുപ്പ്
ഒരേ ഹാജര്‍
ഒരേ അച്ചന്
സുമിക്ക് ഹിന്ദിയില്‍ 41 1/2
സൗമ്യക്കു 41
ഇഗ്ലീഷില്‍ 43
സൗമ്യക്ക് 44
കണക്കില്‍ സമാസമം
ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്
ലീവ് ലെറ്ററില്‍ രണ്ടു പേര്‍ക്കും പനി
സൗമ്യ ഉടുപ്പാലെ അപ്പിയിട്ടതിനു
ടീച്ചര്‍ കളിയാക്കിയത് സുമിയെ
സുമി രാഖിയെ പിച്ചിയതിനു
തല്ലു കിട്ടിയതു സൗമ്യക്കു
സുമി പദ്യം തെറ്റിച്ചപ്പോള്
സൗമ്യ കൈ നീട്ടി
സൗമ്യക്കു കിട്ടിയ ഇപോസിഷന്‍
എഴുതിയതു സുമി
നാലു കണ്ണുകളുടെ രശ്മികള്
പലപ്പോഴും ടീച്ചറെ തെറ്റിച്ചു
സുമിയെവിടെയെന്നു സുമിയോട് ചോദിച്ചു
ഞാന്‍ സത്യമായിട്ടും
സൗമ്യയാണെന്നു
സൗമ്യ ആണയിട്ടു
ഒരു ദിവസം ടീച്ചര്‍
ഹാജര്‍ വിളിക്കുകയായിരുന്നു
സുമി-സൗമ്യ
ഹാജര്‍ എന്ന കുഞ്ഞുശബ്ദം
വിറയാര്‍ന്ന് ഒറ്റയ്ക്കു
കുരുന്നു ചെവികള്‍ക്കും
കണ്ണുകള്‍ക്കും മൂക്കുകള്‍ക്കുമിടയില്
ടീച്ചര്‍ കണ്ടു
നിറഞ്ഞ രണ്ടു കണ്ണുകള്
^ 2004
Labels: ഇ
വെള്ളിയാഴ്‌ച, മാർച്ച് 02, 2007
നോ സ്മോക്കിംഗ്
കരള്‍ വാടിപ്പോകുമെന്നു ഡോക്ടര്‍
ആ പൂവു പണ്ടേ കൊഴിഞ്ഞതാണന്നു ഞാന്‍
വലി തുടര്‍ന്നാല്‍ നിന്നെയെനിക്കു
നഷ്ടപ്പെട്ടേക്കുമെന്നു ഗ്രേസി
എനിക്കു എന്നെ തന്നെ
നഷ്ടപ്പെട്ടു പോയി എന്ന് ഞാന്‍
ബീഡി വലിക്കുന്ന കഥാപാത്രമായി
നിന്നെ കാണാന്‍ വയ്യെന്നുകഥാക്യത്തായ ചങ്ങാതി
ഒരു കഥയിലും എന്നെ കൂട്ടെണ്ടെന്നു ഞാന്‍
നിന്റെ ചുണ്ടുകള്‍ കറുത്ത് പോയെന്നു അവള്‍
സിഗരറ്റ് ഗന്ധമുള്ള ഒരു ചുംബനം പോലും
അവശേഷിക്കുന്നില്ലെന്നു ഞാന്‍
എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്‍
നേരം വൈകി വന്ന കെ.എസ്.ആര്‍..ടി.സി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍
നീയൊരു ചെയിന്‍ സ്മോക്കറാണെന്ന്
എല്ലാവരും പറയുന്നെന്നു ചേട്ടത്തി
തീയുണ്ടാകാതെ പുകയുണ്ടാവില്ലെന്നു ഞാന്‍
ഇവിടെ പുകവലി പാടില്ലെന്നു
ആശുപത്രിയിലെ പരസ്യപ്പലക
മേറ്റെന്തു വേണമെങ്കിലും ആവാമോയെന്നു ഞാന്‍
സ്വയംഹത്യ ദൈവം പൊറുക്കില്ലെന്നു ഇടവക വികാരി
ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണു മേഘങ്ങളെന്നു ഞാന്
കൂട്ടിനാരുമില്ലാത്ത ഈ രാത്രിയില്‍
അത്മാവുള്ള സിഗരറ്റിനു തീ കൊളുത്തി
ദൈവമേ മേഘങ്ങളിലേക്കു പറക്കാന്‍ പറഞ്ഞയക്കണേ
^ 1998
ചൊവ്വാഴ്ച, ഫെബ്രുവരി 27, 2007
എന്‍റെ ഓമനേ - അറബ് കവിത
എന്‍റെ ഓമനേ
ജീവിതകാലം മുഴുവന്
ഞാന്‍ നിന്നെ വരക്കാന്
ശ്രമിക്കുകയായിരുന്നു
എത്രയോ തവണ ഞാന്‍
നിന്‍റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിന്നെ നിരീക്ഷിച്ചുകൊണ്ടു
തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി
എന്‍റെ പ്രിയ
പഴയവള്‍ തന്നെ,
എന്നിട്ടും ഓരോ തവണയും
ഓരോ നോട്ടത്തിലും
നിന്നെ അദ്യം കാണുന്നതുപോലെ
ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്
സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ ചെറിയ ചെറിയ വ്യത്യാസങ്ങള്
വെളിച്ചത്തിന്‍റെ പ്രക്യതമനുസരിച്ചു
വികാരത്തിന്‍റെ തോതനുസരിച്ചു
റിതുക്കളുടെ ഭേദമനുസരിച്ച്
എന്നാലോ എന്‍റെ ഓമനേ
ഓരോ തവണയും നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ
എന്‍റെ ഓമനേ (അറബ് കവിത)
ഡോ.ഷിഹാബു ഗാനിം വിവര്‍ത്തനം: കുഴൂര്‍ വില്‍ത്സന്‍
Labels: പ്രണയ കവിതകള്‍
ഞായറാഴ്‌ച, ഫെബ്രുവരി 25, 2007
വരും വരെ
ഉറങ്ങില്ല നിശ്ചയം
നീ വരും വരെ
എങ്കിലോ സ്വപ്നം കണ്ടിടാം
അതില്‍ നീ വന്നിടാം
അപ്പോളുറങ്ങിടാം
ഉണരില്ല നിശ്ചയം
നീ വരും വരെ
^ 1998, 2007
Labels: പ്രണയ കവിതകള്‍
ബുധനാഴ്‌ച, ഫെബ്രുവരി 21, 2007
ആത്മാക്കള് വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍
എനിക്ക് ഞാനെങ്കിലുമുണ്ട്
നിനക്കോ
നിനക്ക് ഞാനെങ്കിലുമുണ്ട്
എനിക്കോ
എനിക്ക് നീയെങ്കിലുമുണ്ട്....
കാതോര്‍ത്തു... ഇല്ല.
എനിക്ക് എന്റെ നിന്നെ മാത്രം മതി
(അതു പോരെന്ന് ഉള്ളില്‍ നിന്റെ മാത്രം ഞാന്‍ കരയുന്നു)
നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ
ഓരോയിടങ്ങളിലും മരിച്ച് മരിച്ക്
വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..
ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ
ആകെയുള്ള വിഷമം
ഇതെഴുതുമ്പോള് നീ
വായിക്കുന്നില്ലല്ലോയെന്നാണു
വായിച്ച്
ചിരിക്കുകയോ
ചിന്തിക്കുകയോ
കരയുകയോ
ചെയ്യുമ്പോള്
ചിലപ്പോള് മരിച്ചു പോലും പോയിക്കാണും
^ 2007
Labels: പ്രണയ കവിതകള്‍
ശനിയാഴ്‌ച, ഫെബ്രുവരി 17, 2007
കിടക്ക
1) രാത്രി
കിടക്ക
ഉപ്പില്ലാത്ത കടല്‍
ഒാരോ രാത്രിയിലും
ഇനി ജീവിതം വേണ്ടെന്നുറച്ചു
തിരിച്ചുവരല്ലേയെന്നു കൊതിച്ച്
ഞാന്‍ അതിന്റെ ആഴത്തിലേക്കു
മരണപ്പെടുന്നു
എന്നിട്ടോ
സ്വപ്നത്തിലെ പരല്‍മീനുകള്
ചിരിച്ചു കാട്ടുമ്പോള്
പവിഴപ്പുറ്റുകളുടെ വൈദുതിദീപങ്ങള്‍
പകലിനെ ഓര്‍മ്മിപ്പിക്കും
അമ്മയേയും അമ്മുവിനെയും
കാട്ടിത്തരും
അപ്പോള്‍
കടലേ കടലേ
എന്നെ നീ മുകള്‍ത്തട്ടിലേക്കു
തിരിച്ചുകൊണ്ടുപോകുമോയെന്നു
കരഞ്ഞ് കരഞ്ഞു
അവളില്‍ ഉപ്പു കലര്‍ത്തും
മുത്തശ്ശിക്കഥളില്‍ നിന്നു
പരോളിലിറങ്ങിയ
തിമിംഗലങ്ങളും
കൂറ്റന്‍ സ്രാവുകളും
എന്നെ തടവിലാക്കുന്നു
മല്‍സ്യകന്യകമാരെ
നിങ്ങള്‍ എവിടെ ?
ചുറ്റും അഴുകിനാറിയ
ശവങ്ങള്‍ കരയറിയാതെ നീന്തുന്നു
എല്ലാത്തിന്റെയും ഉടലില്
മീന്‍ കൊത്തിയ പരിചിത മുഖങ്ങള്
തോമസ്, ഷൈജോ
മരണത്തില്‍ നിന്നും
ജീവിതത്തിലേക്കു
ആത്മഹത്യ ചെയ്യാന്‍ കൊതിച്ചവരേ
അടഞ്ഞു പോകാന്‍ കൊതിക്കുന്ന
കണ്ണുകള്‍ക്കു മുന്‍പില്
ചൂണ്ടകൊളുത്തില്‍ ഞാട്ടിയിരിക്കുനതു
ഒരു ഹൃദയമല്ലേ ?
ചുവന്ന ഹൃദയമേ
നീ ആരുടെ ഒറ്റുകാ(രി)രന്
എത്ര വെള്ളിക്കാശിന്റെ ദൂത്
2)പ്രഭാതം
കിടക്ക
ഒട്ടകമില്ലാത്ത മരുഭൂമി
തലക്കു മുകളില്‍ സൂര്യന്
എണീറ്റ് കുതറിയോടുമ്പോള്
കാലുകള്‍ പൂണ്ടുപോകുന്നു
പഴുത്ത മണലില്‍
തലയിണയില്‍ കെട്ടിപ്പിടിക്കുമ്പോള്‍
കള്ളിമുള്‍ചെടിയുടെ അട്ടഹാസം
ജനലിനപ്പുറത്ത്
വെയില്‍കേസു പഠിക്കാത്ത
വക്കീലിനെപ്പോലെ വിയര്‍ക്കുന്നു
കോട്ട് കറുത്തതല്ല
അവന്റെ നുണയില്
എത്ര പുല്‍നാമ്പുകള്‍ കരിഞ്ഞു
ലോകം ഇപ്പോഴുമുണ്ടോ
പീഡനക്കഥകളിലെ നായികമാര്‍ക്ക്
അവാര്‍ഡേര്‍പ്പെടുത്തിയോ
വീട് വീടാന്തരം കയറിയിറങ്ങി
അടിവസ്ത്രം വില്‍ക്കുന്ന
ചെറുപ്പക്കാരനു പ്രമോഷന്‍ കിട്ടിയോ
അതോ നടുറോഡില്‍കുഴഞ്ഞു വീണോ
3) ഉച്ച
ഞാന്‍ കിടക്കയെ കാണാറില്ല
എങ്കിലും ശാന്തമായി
ശവക്കുടീരത്തിലേക്കെന്ന പോല്
അതെന്നെ
പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു
^ 1998
Labels: ഉറക്കം ഒരു കന്യാസ്ത്രീ
തിങ്കളാഴ്‌ച, ഫെബ്രുവരി 12, 2007
എന്നെയറിയില്ല
അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും
ഞങ്ങള്‍ക്കിടയില്‍
ഒരു തടാകമുണ്ട്
അതില്‍ നിറയെ മീനുകളും
ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല
ആ മീനുകള്
ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം
ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ
കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്
ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
അയാളറിയുന്നുണ്ടാകുമോയെന്നും
അയാള്‍ തടാകത്തില്‍
കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന്
എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല
ആ എന്തെങ്കിലും വിചാരിക്കട്ടെ
അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം
എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്‍
തടാകത്തില്‍
ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു
അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു
ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ് വലിക്കുന്നത്
അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു
അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ
ആകില്ലഅയാള്‍ കറുത്തതു തന്നെ
ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍
കറുത്തതല്ലാത്ത ഞാന്‍
^ 2006
ചൊവ്വാഴ്ച, ഫെബ്രുവരി 06, 2007
12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ തിരിയാനിടമില്ലാത്ത
സിറ്റൗട്ടിലിരുന്ന് ആകാശം കണ്ടു.
ആ ആകാശംആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേയ്ക്കു ചാടുമേയെന്ന്
നക്ഷത്രങ്ങള്‍ കുതറി.
അവസാന ബെല്ലടിച്ചിട്ടും
സ്കൂളിലേക്കോടാതെ കുട്ടികള്‍
മാവിന്‍ചുവട്ടില്‍ നില്‍ക്കുംപോലെ
ഞങ്ങള്‍ താഴെ.
കാറ്റെപ്പോള്‍ വേണമെങ്കിലും വരും.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ പുകയും മണവും നിറഞ്ഞ
അടുക്കളയിലിരുന്ന്
കടല്‍ കണ്ടു.
ആ കടല്‍ കടലിനേക്കാള്‍ പരന്നു.
ആഴത്തിലൂടെ നീന്തിയ മീനുകള്
ചോദിച്ചു പോരുന്നോ?
ഉച്ചയായി വിശന്നിട്ടും
ഒരു വരാല്‍ വരാനുണ്ടെന്നു കാത്ത്
പിന്നെയുമിരിക്കുന്ന ചൂണ്ടക്കാരനെപ്പോലെ
ഞങ്ങള്
കണ്ണീരിന്റേയും കൈത്തോടിന്റേയും വഴികള്
കടല്‍മീനുകള്‍ക്കറിയില്ല.
കാര്‍മേഘം എപ്പോള്‍ വേണമെങ്കിലും വരാം.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ കര്‍ട്ടനുകളില്ലാത്ത
ജനാലയ്ക്കരികിലിരുന്ന്
കാടു കണ്ടു.
ആ കാട് കാടിനേക്കാള്‍ കറുത്തു.
എന്തേ വരാന്‍ വൈകിയെന്ന പരിഭവം നടിച്ച്
മരങ്ങള്‍.
ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും
നിലാവ്.
മിന്നാമിനുങ്ങുകള്‍ നെല്‍ക്കതിരുകള്‍ കാണുംപോലെ
ഞങ്ങള്‍.
വെളിച്ചപ്പെടാത്ത മുറിവുകളുണ്ട്.
ഒരിടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും വരും.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ പരുത്തതും അല്ലാത്തതുമായ
ഇടങ്ങളിലിരുന്ന്
ഞങ്ങള്‍ പരസ്പരം
വിശപ്പും ദാഹവും മാറ്റി
കലഹിച്ചു
പ്രാര്‍ത്ഥിച്ചു
വിശുദ്ധപുസ്തകം വായിച്ചു
ഇടയ്ക്കിടെ ആരും കാണാതെ
അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക്
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി.
അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന
ഞാന്‍ പുറത്തേയ്ക്കുപോയി
അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍
ആകാശം കടല്‍ കാട്.
^ 2006
ഞായറാഴ്‌ച, ഫെബ്രുവരി 04, 2007
www . സൌഗന്ധികം . com
സൌഗന്ധികം സെര്‍ച്ചു ചെയ്യുന്നതിനിടയില്
നാലു വൈറസുകള്‍ ഭീമന്റെ വഴി മുടക്കി
ഗദകൊണ്ടും കരുത്തുറ്റ മാംസപേശികള്‍ കൊണ്ടും
അവറ്റകളെ തുരത്താനാകാതെ കുഴഞ്ഞു
പല തവണയും സൗഗന്ധികത്തിന്റെ സ്പെല്ലിംഗ് തെറ്റി
പൂക്കളായ പൂക്കളെക്കുറിച്ചുള്ള
മുഴുവന്‍ സൈറ്റുകളിലും ചുറ്റി നടന്നുകണ്ണുകള്‍ കഴച്ചു
മുക്കുറ്റി.com ബോഗണ്‍വില്ല.com
ഓര്‍ക്കിഡ് തുമ്പ
മൗസില്‍ തൊട്ടപ്പോള്‍ ചുരുങ്ങിപ്പോയ തൊട്ടാവാടി.com
മുള്ളുകൊള്ളാത്ത യാത്ര
കരിങ്കല്‍ ശരീരത്തിനുള്ളിലെ നീരുറവയില്‍ചില പൂക്കള്‍ വിരിഞ്ഞു
പൂ പൂ എന്നു ഇടക്കിടെ പിറുപിറുത്തു
മാംസപുഷ്പ്പങ്ങള്‍ പൂത്തുലയുന്ന വളക്കൂറുള്ള ഡോട്ട് കോമുകള്
വിവസ്ത്രയാക്കപ്പെട്ട ഭാര്യയെ ഇടക്കെല്ലാം മറന്നു
മല്ലന്മാരെക്കുറിച്ചുള്ള വെബ് പേജുകള്‍ക്കു
മുന്‍പില്‍ അല്‍ഭുതപ്പെട്ടിരിക്കുമ്പോള്‍
ഒരു മെസേജു
വിഷയം-സൗഗന്ധികത്തെക്കുറിച്ചു സൂചന
ഇന്‍ബോക്സില് സൗഗന്ധികത്തിന്റെ
ലക്ഷണങ്ങളുമായി ബ്ലാക്ക് മൂണ്‍
ലാറ്റിനമേരിക്കയില്‍ നിന്നുള്ള
സുഗന്ധമില്ലാത്ത പുഷ്പ്പത്തെ അയാള്‍ ഇഷ്ടപ്പെട്ടു
ഇ വനത്തിലൂടെ
ഇനി ഒരടിപോലും വയ്യെന്നു ഉള്ളിലുറച്ചു
ബ്ലാക്കുമൂണ്‍ ഡൗണ്‍ലോഡ് ചെയ്തു
മോര്‍ഫു ചെയ്തു ചില്ലറ മാറ്റങ്ങള്
പിന്നെ ഒരു കളര്‍പ്രിന്റ്
അഞ്ചെണ്ണത്തിന്റെ ഭാര്യാപദം അലങ്കരിച്ചിട്ടും
ബോറടിച്ചിരുന്ന പാഞ്ചാലി തുള്ളിച്ചാടി
സൗഗന്ധികത്തിന്റെ നാലു ഫോട്ടോസ്റ്റാറ്റു കോപ്പികള്‍
എടുത്തു ഡോക്ടറേറ്റിനുള്ള അപേക്ഷാഫോറവുമായി
പൂമുഖത്തേക്കു പോയി
ചരിത്രത്തില്‍ സുഗന്ധമില്ലാത്തഒരു നുണ വിരിഞ്ഞു
^ 2000
വെള്ളിയാഴ്‌ച, ഫെബ്രുവരി 02, 2007
അക്ഷരത്തെറ്റുള്ള തെറികള്‍
ആരാണ് എഴുതുന്നതെന്നറിഞ്ഞു കൂടാ, എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
സിനിമാപോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
മൂത്രപ്പുരയുടെ ചുമരുകളില്‍ അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു.
പായലും കരിക്കട്ടയും ചെങ്കല്ലും
ചേര്‍ന്നെഴുതിയത്ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു
ഇവിടെ കാറ്റിനു സുഗന്ധം. രാജീവ്+സിന്ധു.
ച്ചോട്ടപ്പന്‍ ബാലന്‍ ഒരു.....കൊക്കിദേവകിയുടെ.........
ഹൃദയത്തിന്റെ നടുവിലൂടെ ഒരു അമ്പ് കടന്നുപോകുന്ന ചിത്രം
രാജന്‍ മാഷും ഭാനുടീച്ചറും തമ്മില്‍ പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്
കിട്ടിയ തല്ലുകള്‍ക്കും ഇമ്പോസിഷനുകള്‍ക്കും
പകരം വീട്ടലായി ചുമരുകള്‍ നിറഞ്ഞു.
തീട്ടത്തിന്റെയും മൂത്രത്തിന്റെയും ഗന്ധങ്ങള്‍ക്കിടയിലും
പ്രണയം പായലുകള്‍ക്കിടയില്‍ പൂത്തു
പെണ്‍കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ നിലകൊണ്ടു
^ 2004
Labels: ഇ
ചൊവ്വാഴ്ച, ജനുവരി 30, 2007
ഒരു കോഴിക്കവിത
അടുക്കളക്കാരീ
എത്ര നേരമായിങ്ങനെ
വെന്തുവോയെന്നു
നുള്ളി നോക്കുന്നു
അപ്പാടെ നീ പുഴുങ്ങിയ
ഈ ശരീരത്തില്‍
എല്ലാം പാകമായെന്നു തോന്നുന്നു
നീ തിരുമ്മിയിട്ട
വേപ്പിലകളെ നല്ല പരിചയം
ആ വേപ്പുമരത്തിന്റെ
താഴെ ഞാന്‍ കുറെ നടന്നിട്ടുണ്ട്
നിനക്കറിയുമോ...
അല്ലെങ്കില്‍ വേണ്ട ബോറടിക്കും
കരളിന്റെ വേവു കൂടിക്കാണും
ദശയുടെ ഓരോ അണുവിലും
മുളകും മല്ലിയും
കുരുമുളകും ശരിക്കു പിടിച്ചിട്ടുണ്ടു
നീറുന്നതു അതിനാലല്ല
കരിയുന്നതിനു മുന്‍പു
പിള്ളാര്‍ക്കും കൊടുത്തു
അവര്‍ കളഞ്ഞതു പോലും
അപ്പാടെ കഴിച്ചു
നീ മയങ്ങാതെ തീരില്ല
ഈ നീറ്റല്‍
^ 2007
വെള്ളിയാഴ്‌ച, ജനുവരി 26, 2007
അന്നത്തെ മെഴുകുതിരികള്‍ തെളിച്ച ഇരുട്ട്
അന്തോണീസ്
പുണ്യാളനു മുന്നില്‍
ഉരുകിയൊലിച്ചിരുന്ന
മെഴുകുകള്‍ കൊണ്ടു
കടലാസു ചുരുട്ടി
പുതിയ മെഴുകുതിരി
ഉണ്ടാക്കുക എന്നതു
കുട്ടിക്കാലത്തെ ഞങ്ങളുടെ
ശീലങ്ങളില്‍ ഒന്നായിരുന്നു
കിടപ്പാടം പണയപ്പെട്ട
ത്രേസ്യേടത്തിയുടെയും
കല്ല്യാണമുറക്കാത്ത
സെലീനയുടെയും
മക്കളില്ലാത്ത അന്തപ്പേട്ടന്റേയും
വസന്ത വന്നു കോഴികള്
ചത്തുപോയ
തങ്കമ്മചേച്ചിയുടെയും
മെഴുകുതിരികള്‍ഞങ്ങള്‍ക്കു വേണ്ടി
അന്നങ്ങനെ നിന്നുരുകി
കണക്കു പരീക്ഷ മുഖക്കുരു
കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി
അന്നു ഞങ്ങള്‍ കത്തിച്ച
പുതിയ മെഴുകുതിരി
എന്തിനു വേണ്ടിയായിരുന്നിരിക്കും
ഉരുകിയിരുന്നതു
ആ വെളിച്ചത്തില്‍
ഇപ്പോഴൊന്നും
കാണാനേ വയ്യ
^ 2007
ഞായറാഴ്‌ച, ജനുവരി 21, 2007
വിവര്‍ത്തന ശേഷം കുമാരന്‍ ഗര്‍ജ്ജനമംഗലം എന്ന ഭാഷ
മെലിഞ്ഞ ദേഹവും
സാഗരത്തേക്കാള്‍ ഗര്‍ജ്ജിക്കുന്ന
ശബ്ദവുമായി ഒരു നാള്
ഞാനുണ്ടായിരുന്നു
തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി
ആയിരം നാവുമരങ്ങളായി
പെരുവഴിയില്‍
പൂത്തുനിന്നതോര്‍മ്മയുണ്ടു
നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്‍മ്മയുണ്ട്
ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു
ഇന്നിപ്പോള്‍ വിവര്‍ത്തനശേഷം
കണ്ണാടിയില്‍ നോക്കുമ്പോള്
വാക്കു തടിച്ചു വീര്‍ത്തിരിക്കുന്നു
കണ്ണടയുടെ അഴികള്‍ക്കിടയില്
അതു പതുങ്ങിക്കിടക്കുന്നു
ഉപകളുടെ വയറു ചാടി
അലങ്കാരത്തിലെ ദുര്‍മേദസ്സു
എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ
നടക്കാന്‍ വയ്യ
ഇരുന്നിരുന്നു എഴുന്നേല്‍ക്കാനേ വയ്യ
പുതിയതൊക്കെയും
വെട്ടിവിഴുങ്ങണമെന്നുണ്ടു
പക്ഷേ കാണുമ്പോഴേ വരും ഓക്കാനം
വ്യായാമം മുടങ്ങിയാല്
പ്രമേഹത്തിലൊടുങ്ങുമല്ലോ
പരമേശ്വരാ
400 പേജിന്റെയാല്‍മകഥ
^ 2005
വെള്ളിയാഴ്‌ച, ജനുവരി 19, 2007
ത്രിബിള്‍ x
x ന്റെ വില തെറ്റിയതിനു
കിട്ടിയിട്ടുണ്ടു ഒരു പാട്
വില ഓര്ത്തു നടന്നു
സൈക്കിള്‍ മുട്ടി
കോപ്പിയടിച്ചു
ഇത്തിരി കോങ്കണ്ണ് വന്നു
കണക്കുകളെല്ലാം തെറ്റി
എങ്കിലും പിഴച്ചു
xxx കഴിച്ചു
കണ്ടു
ഇപ്പോള്‍
കണക്കുടീച്ചറെ കാണുമ്പോള്‍
പിന്നെയും വരും x
പിന്നാലെ വരും xxx
വൈകാതെ മക്കള്‍
xന്‍റെ വിലയെക്കുറിച്ചു
അവരുടെ അപ്പനോടു
സംശയം ചോദിക്കും
അപ്പോഴും തെറ്റും
^ 2004
Labels: ഇ
തിങ്കളാഴ്‌ച, ജനുവരി 15, 2007
പേടി
പേടിയാണെനിക്കു
പൈസയില്ലാത്ത എന്നെ
പലിശക്കാരന്റെ
അടിവസ്ത്രം പോലുമില്ലാത്ത തെറി
കഞ്ഞി വിളമ്പുന്ന
അമ്മയുടെ പിശുക്കു
തേഞ്ഞ ചെരുപ്പിലേക്കുള്ള
ആ പെണ്ണിന്റെ നോട്ടം
പിച്ചക്കാരന്റെ
പരിഹാസച്ചിരി
വണ്ടിക്കാശു കൊടുക്കുന്ന
കൂട്ടുകാരന്റെ തമാശ
ചായക്കടക്കാരന്‍
കുമാരേട്ടന്റെ ദുര്‍മുഖം
പേടിയാണെനിക്കു
പൈസയുള്ള നിന്നെ
^ 1996
Labels: ഉറക്കം ഒരു കന്യാസ്ത്രീ
വായന
തകിലിന്റെ താളത്തില്‍
തുള്ളുന്നൊരാള് കേള്‍ക്കുകയില്ല
മ്യഗത്തിന്‍ നിലവിളി
തബലയുടെ താളത്തില്‍
മുറുകുന്നൊരാള് വായിക്കുകയില്ല
തുകലിന്റെ ഓര്മ്മകള്
പ്രണയമായ് പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്
വാങ്ങി ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ
ധൈര്യമേറുവാന്
വാല്‍മോതിരമണിയുന്നവന്
കാണുകയില്ല
കൂര്‍ത്ത തോട്ടിക്കു താഴെ
പേടിച്ചു നില്‍ക്കുമൊരു
ജീവനെ
കേള്‍ക്കുകയില്ല
ചങ്ങലക്കിലുക്കങ്ങള്‍
ഈ വരികള്‍
വായിക്കുന്നയാള്
വായിക്കുകയില്ല...
^ 2003
തിങ്കളാഴ്‌ച, ജനുവരി 08, 2007
ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍
അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍
പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ
അവന്‍റെയൊരു കൈവിരല്‍
ഉരുകിയൊലിച്ച
ആല്‍മാവിന്‍റെ
ശരീരം നീ കണ്ടിട്ടുണ്ടോ
ഉള്ളിലെ ശില്പ്പവും
9,01,2007
ചൊവ്വാഴ്ച, ജനുവരി 02, 2007
റിഹേഴ്സല്‍
മഴ പെയ്യുമ്പോള്‍
കുടയിങ്ങനെ
പെയ്യാത്തപ്പോള്‍
അങ്ങനെ
ക്ലാസ്സിൽ
വാട്ടര്‍ ബോട്ടിൽ
വെക്കേണ്ട വിധം
ടിഫിന്‍ ബോക്സ്
ചായപ്പെന്‍സിലുകൾ
ബാഗിന്റെ പേരു
നെയിം സ്ലിപ്പുകള്‍
എല്ലാം ശരിയല്ലേ
അവന്‍ ഒത്തു നോക്കി
പുറത്തു മഴ പെയ്യുന്നുണ്ടെന്നു
എപ്പോഴും വിചാരിച്ചാല്‍
കുടയൊരിക്കലും
മറക്കുകയില്ല കുട്ടാ
അമ്മ പറയുന്നു
ഈ അമ്മയ്ക്കെന്തറിയാം
എല്ലാം ശരി തന്നെ
ഒരു നൂറു തവണയെങ്കിലും
പരിശീലനം നടത്തിക്കാണും
സ്ക്കൂളില്‍ പോകുമ്പോള്‍
കുട പിടിക്കുവാന്‍
ഒരിക്കലും
റിഹേഴ്സല്‍ നടത്തിയില്ല എങ്കിലും
എത്ര ക്യത്യമായി
ടാങ്കര്‍ ലോറി കയറി ചിതറിയത്
അവന്‍സാക്ഷാത്കരിച്ചിരിക്കുന്നു
കുട അവിടെ
ചോറ്റുപ്പാത്രം തുറന്നിവിടെ
വാട്ടര്‍ ബോട്ടില്
നെയിംസ്ലിപ്പുകള്‍
ചായപ്പെന്‍സിലുകള്‍
അവിടെ ഇവിടെ
^ 2004
തിങ്കളാഴ്‌ച, ജനുവരി 01, 2007
നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു
അതല്ലെങ്കില്‍ ഒരു ചടങ്ങ്
ഒരേ സീറ്റില്‍
ക്യൂ നിന്നു മടുത്തപ്പോഴാണോ
ഏതെങ്കിലും ബസ്സ്റ്റോപ്പില്‍
അതുമല്ലെങ്കില്‍
ടെലഫോണ്‍ ബുക്കില്‍ ഇല്ല
ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍
എപ്പോഴെങ്കിലും
ഉപകാരപ്പെട്ടേക്കുമെന്നവരുടെ
കൂട്ടത്തില്‍
അങ്ങനെയുമില്ല
നിങ്ങള്‍
ഇങ്ങനെത്തന്നെയായിരുന്നോ
എന്തെങ്കിലും കാര്യത്തിനു
നിങ്ങളുടെ പേരു ഉച്ചരിച്ചതായി
ഞാനോര്‍ക്കുന്നില്ല
സ്വപ്നത്തിലെ
ആളുകളെപ്പോലെയാണു നിങ്ങള്‍
കിണറ്റില്‍ വീണ ആള്‍
വണ്ടിയോടിച്ചിരുന്ന ആള്‍
കടലിനും മുന്‍പു എന്നെ തടഞ്ഞ ആള്‍
അങ്ങനെ
എനിക്കു
മറക്കാനാണ്
നിങ്ങളുടെ പേരു
ഉണ്ടായിരിക്കുന്നതു
എന്നാണു തോന്നുന്നതു
ഞാന്‍ മൂകനാണെന്നു
വിചാരിക്കുകയാണു
ഇനിയുള്ള ഒരു വഴി
നിങ്ങള്‍ ബധിരനാണെന്നു
വിചാരിക്കുന്നതു
മറ്റൊരു വഴി
^ 2003