തിങ്കളാഴ്‌ച, മേയ് 07, 2007


ആലിപ്പഴം മിനിക്കുട്ടി

മനോരമ വാരികയിലാണ്‌
എന്റെ സുന്ദരിമാര്‍ ജീവിച്ചിരുന്നത്‌
ആലിപ്പഴത്തിലെ മിനിക്കുട്ടിയും
എന്റെ കൂട്ടുകാരിയായിരുന്നു.
(പ്രേമഭാജനമല്ല)
കാന്തത്തിന്റെ വിരുദ്ധധ്രുവങ്ങളായിരുന്നു
അന്നും പ്രേമത്തില്‍
പാവപ്പെട്ടവനും പണക്കാരിയും
പണക്കാരിയും പാവപ്പെട്ടവനും

പാവപ്പെട്ട മിനിക്കുട്ടിയെ പ്രേമിക്കാന്‍
പാവപ്പെട്ട എന്നെ സമൂഹം
അനുവദിച്ചതുമില്ല

ഈ അവസ്ഥയിലാണല്ലോ
അവര്‍ അനുജത്തിമാരും
ചേച്ചിമാരും അമ്മമാരുമായിത്തീരുന്നത്‌

എങ്കിലും
മിനിക്കുട്ടിയോടൊപ്പം
പാടത്ത്‌ ആടുകളെ മേയ്ച്ചത്‌
മറക്കുകയില്ല

എന്നെ മറക്കരുതേയെന്ന
വിശുദ്ധമായ പ്രാര്‍ത്ഥന
ഞങ്ങള്‍ അന്നും ചൊല്ലിയിരുന്നുവെന്നാണ്‌
ഓര്‍മ്മയുടെ പുസ്‌തകം പറയുന്നത്‌
(ലക്കവും അദ്ധ്യായവും ഓര്‍മ്മയിലില്ല)

ആലിപ്പഴം പെറുക്കാന്‍
പീലിക്കുട നിവര്‍ത്തി
എന്ന കുട്ടിച്ചാത്തനിലെ പാട്ടും
3 ഡി കണ്ണട വെച്ചാലെന്ന പോലെ
തൊട്ടുമുന്‍പിലുണ്ട്‌

എങ്കിലും അലിഞ്ഞു പോയി
ഒരു മഴയത്ത്‌
പെറുക്കി കൂട്ടിയവ

മഴയില്ലാത്ത ഒരു നാട്ടില്‍
സൂര്യന്റെ കണ്ണു വെട്ടിച്ച്‌
ഏഴാമത്തെ നിലയില്‍
ഇരിക്കുമ്പോള്‍
അതാ ആലിപ്പഴം മിനിക്കുട്ടി
നിങ്ങളുടെ സൂര്യ ടിവിയില്‍
ഒട്ടുമലിയാതെ

^2004