ഞായറാഴ്‌ച, മേയ് 20, 2018


ഭാഗ്യം


ഭാഗ്യം

🖤

ഞങ്ങളുടെ നാട്ടിലെ കൊലകൊമ്പന്മാരെല്ലാം 
ഭാഗ്യത്തിന്റെ കാരുണ്യത്തിൽ അഭയം തേടി


വീടു പൂട്ടി പുറത്തിറങ്ങിയാൽ 
കാര്യമെത്തും മുൻപ്
ഒരു പത്തു പതിനഞ്ച് 
ഭാഗ്യമെങ്കിലും തേടിവരുമെന്ന നിലയായി


എത്ര നിശബ്ദമായാണു 
ഈ ഭാഗ്യം വരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു


പണ്ടൊക്കെ എന്തൊരു ഒച്ചയായിരുന്നു
നാളെയാണു നാളെയാണു 
എന്ന അതിന്റെ പാട്ട് എന്ത് രസമായിരുന്നു


പതുക്കെ പതുക്കെ നാളെ ഇന്നായി

ഇന്നാണു ഇന്നാണു 
എത്ര വട്ടം കൂടെ പാടിയിരിക്കുന്നു


ഇപ്പോൾ
എത്ര ഏകാന്തമായാണു
എത്ര നിശബ്ദമായാണു
ഭാഗ്യം വരുന്നത്


അതിനു മിണ്ടാനേ വയ്യ

അതിനു അതിനോട് തന്നെ നല്ല പുച്ഛമുണ്ട്
എടിഎം കൗണ്ടറിനു കാവൽ നിൽക്കുന്ന പഴയ പട്ടാളക്കാരനേക്കാൾ അതു ചുരുണ്ട് കൂടിയിരിക്കുന്നു


ഭാഗ്യത്തിന്റെ ഒച്ചയൊക്കെ എവിടെപ്പോയി

ഭാഗ്യത്തിനു ഒച്ചയില്ലെന്നാണോ
ഭാഗ്യം തന്നെ ഇല്ലെന്നാണോ


🖤

ബുധനാഴ്‌ച, മേയ് 16, 2018


താ മ ര


( മധുസൂദനന്‍ നായര്‍ക്കും, പ്രഭാ വര്‍മ്മയ്ക്കും )


എത്ര 
അഴുക്കിലാണു
നാം 
വിരിഞ്ഞ് 
നിൽക്കുന്നത്


രാഹുൽ ഗാന്ധി


എനിക്കയാളെ പരമ പുച്ഛമായിരുന്നു
അടിമുടി ഒരമുൽ ബേബി
ന്യൂസ് റൂമിലും  വാക്ക് തർക്കങ്ങളിലും
ഞാനയാളെ കണക്കിനു കളിയാക്കി

ഒരു ദിവസം  ആ അമുൽ ബേബിയെ
കുറ്റം പറഞ്ഞ് കുറ്റം പറഞ്ഞ് ആക്കിച്ചിരിച്ച്
ഞാനങ്ങനെ കത്തിക്കയറുകയായിരുന്നു

പൊടുന്നനെ ഒരശരീരി
എന്നെ വലിച്ച് നിലത്തിട്ടു
അതിങ്ങനെ മുഴങ്ങി

കളിയാക്കിയില്ലേ,
അമൂൽ ബേബിയെന്ന്
ഇളം തൊണ്ണ കാട്ടി
അമ്മൂമ്മേയെന്ന് കൊഞ്ചിയ ആ കുഞ്ഞില്ലേ,
അതിന്റെയാത്മാവിന്റെ ഉടൽ തുളച്ച
വെടിയുണ്ടകളുടെ ഒച്ചയെങ്കിലും കേട്ടിട്ടുണ്ടോ
അച്ഛായെന്ന് വിളിച്ച് ഓടിച്ചെല്ലുമ്പോൾ
മാലപ്പടക്കം  പോലെ പൊട്ടിയ ദേഹത്തിൽ നിന്ന്
കുഞ്ഞുടുപ്പിൽ ചോര പറ്റിയിട്ടുണ്ടോ


പൊട്ടി കത്തി ചിതറിയ എന്നിൽ
വെള്ളം ഇറ്റിക്കുകയാണു  
അശരീരി

പരമമായ എന്റെ  പുച്ഛത്തിനു
ചെറുതായി നീറ്റലുണ്ട് ഇപ്പോൾ