തിങ്കളാഴ്‌ച, ഡിസംബർ 07, 2009


ജമ്മം

രാവിലെ വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു
ആരാ

പണ്ട് ജിനുവും പ്രദീപും റിയാസുമൊക്കെ
വന്ന് വിളിക്കുമ്പോള്‍
കാപ്പിയും പലഹാരവുമൊക്കെ
കൊടുക്കേണ്ടി വരുമല്ലോയെന്ന്
പേടിച്ച് പറഞ്ഞിരുന്ന അതെ ശബദത്തില്‍

ആരാ

അമ്മേ നായര്‍ ചെക്കനോ പള്ളിപ്പുറത്തെ പ്രദീപോ കാക്കാച്ചെക്കന്‍ റിയാസോ അല്ല
അമ്മയുടെ മകനാണ്

ആരാ

അമ്മേ ഇത് ഞാനാണ്
ഇതിലപ്പുറം ഞാനെന്താണ് പറയേണ്ടത്
അമ്മയുടെ മകന്‍

അതിലപ്പുറം എനിക്കെന്താണ് വിശേഷണം

ഇളയവന്‍
വയസ്സാം കാലത്ത് ഉണ്ടായവന്‍
അമ്മയെ നോക്കേണ്ടവന്‍
നാട് വിട്ടവന്‍
ഇഷ്ടം പോലെ ജീവിച്ചവന്‍
വീടറിയാതെ കെട്ടിയവന്‍
പല ക്ളാസ്സിലും തോറ്റവന്‍
കണ്ടവരുടെ കൂടെ നടന്നവന്‍
പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്‍

അമ്മയുടെ നെഞ്ചിലെ അറവ്കത്തി


പിന്നെയും ആരായെന്ന ചോദ്യം കാതില്‍ പരക്കുമ്പോള്‍
അമ്മേ ഞാനെന്ത് പറയണം

വെയില്‍ കൊള്ളാഞ്ഞ്
പഴയ കറുമ്പന്‍ വെളുത്ത് പോയമ്മേ
അഭിനയിച്ചിട്ട് പോലും കറുപ്പനാകുന്നില്ലമ്മേ

കുടിച്ച് കുടിച്ച് ചീര്‍‌ത്ത് പോയമ്മേ
വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ
കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ
കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ

ആരായെന്ന്
ഇന്നലെ വന്ന അമ്മിണിയായി
അമ്മ പിന്നെയും ചോദിക്കേ

കണ്ടമാനം വാര്‍‌ത്തകള്‍ വായിച്ച് വായിച്ച്
തടിയന്റവിട നസീറായെന്ന് പറയാന്‍ തോന്നി
കേട്ടതെല്ലാം കണ്ട് കൊതിച്ച്
എ.പി അബ്ദുള്ലക്കുട്ടിയായെന്ന് പറയാന്‍ തോന്നി
കണക്കുകള്‍ കൂട്ടി കൂട്ടി
എം എ യൂസഫലിയായെന്ന് പറയാന്‍ തോന്നി
കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയായെന്ന് പറയാന്‍ തോന്നി

ആരാ ആരായെന്ന് കാശ് പോകും ശബ്ദം
പിന്നെയും പതറുമ്പോള്‍
ഇനിയെന്താണ് ഞാന്‍ പറയേണ്ടത്

അമ്മേ അമ്മ ആരാണ്

അപ്പനാരാണ് എന്ന ചോദ്യം കേട്ട പോലെ
അമ്മ ചിതറുന്നതെന്തിനാണ്

* * *

വടക്കേപ്രത്തെ കടപ്ലാവില്‍
ഇപ്പോഴും കാക്കകള്‍ വരാറുണ്ടോയമ്മേ
കടപ്ലാവേ കള്ളീ മൂക്കാതെ വീഴല്ലേയെന്ന്
അമ്മയിപ്പോഴും ചീത്ത വിളിക്കാറുണ്ടോയമ്മേ

അമ്മേ കേള്‍ക്കുന്നുണ്ടോ
പറയുന്നത് മനസ്സിലാകുന്നുണ്ടോ

ബീരാന്‍ ചെക്കന്‍ കാക്കയോ
അവന്റെ പെണ്ണിന്റെ കല്യാണം കഴിഞ്ഞപ്പോ
അവന്റെ ചെക്കന്‍ ഗള്‍‌ഫില്‍ പോയപ്പോ ബീരാനിപ്പോ വരാറില്ല
നല്ല കാലമവനിപ്പോള്‍
നല്ല മീനൊന്നും കിട്ടാറില്ല


* * *

ഉമ്മറത്തെ പുളിയിലിത്തവണ
കുറെ ഉണ്ടായോ അമ്മേ
ചാണാപ്പുളിയുണ്ടാക്കുവാന്‍
പുളിയുണക്കിയോ അമ്മേ

മോരില്ലാതെ ഒരു വറ്റിറങ്ങുന്നില്ല
നേരം ​വെളുത്ത് നോക്കുമ്പോള്‍
പുളിയൊക്കെ ഇറങ്ങിപ്പോയി

ഉള്ള പാല്‍ പുളിച്ചും പോയ്


* * *

അമ്മ
വേഗം എണീക്കുന്നുണ്ടോ
പള്ളിയില്‍ പോകേണ്ടേ

അവിടൊക്കെ നിറയെ ആള്‍ക്കാരാണ്
അവിടൊക്കെ നിറയെ ആള്‍ക്കാരാണ്

തീപ്പെട്ടി, ദേ ഞാനെടുത്തിട്ടുണ്ട്
രണ്ട് മെഴുതിരി വാങ്ങിച്ചോ
(ചെറുത്, കുറഞ്ഞത്)
ബാ , ഞാനവിടെയുണ്ടാകും
എത്ര കാലമായി നീയപ്പന് മെഴുതിരി കത്തിച്ചിട്ട്


* * *

വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി

ചെറുകാറ്റില്‍ ഉലയുന്നു

ബോധമില്ലാഞ്ഞിട്ടാണെന്ന് കൂടപ്പിറപ്പുകള്‍
കൂടെക്കിടന്നവര്‍
രാപ്പനിയറിഞ്ഞവര്‍

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കൊട്ട് കിട്ടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍


* * *

വംശാവലിയുടെ ഒരു വലിയ വ്യക്ഷത്തിന്റെ
വേരുകളില്‍ അമ്മേ നിനക്ക് പൊട്ടുന്നു
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്‍

വലിയ കാറ്റിലും നിശ്ച്ചലം

ബോധമില്ലാഞ്ഞിട്ടാണെന്ന് നീ പെറ്റവര്‍
വയറ്റില്‍ കിടന്നവര്‍
പെറ്റപാടറിഞ്ഞവര്‍

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കെട്ടിയിടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍


അമ്മേ
എനിക്കും
നിനക്കുമെന്ത്

ബോധം
അബോധം

ജമ്മം

*

ഒരു ജമ്മം - ഒരു ജന്മത്തിന് കുഴൂക്കാര്‍ കളിയാക്കി വിളിക്കുന്നത്
പെറ്റപാട് - ഉമ്പാച്ചിയുടെ ഒരു കവിതയുടെ പേര്

ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009


ഉന്മാദത്തിന്റെ ഭംഗിയുള്ള ഒരു പകല്‍

2009 ഒക്ടോബര്‍ 9 ,
ഷാര്‍ജ, അജ്മാന്‍, ദുബായ്



അത്ര രാവിലെ
പകല്‍
ആത്മഹത്യയെക്കുറിച്ചുള്ള
പുസ്തകം മറിക്കുന്നു

“കവിതയുടെ
ഈ കുരിശുമരം
സ്വപ്നസഞ്ചാരത്തിന്റെ
റോഡപകടങ്ങള്‍
നിയന്ത്രിക്കുമെന്ന് “ 1
ഇതെന്റെ
വരികളാണെന്ന്
പകലിനോട് 2
പറഞ്ഞു

അവന്‍ ചിരിച്ചു
വെയില്‍ പരന്നു

ആത്മഹത്യയെക്കുറിച്ചുള്ള
പുസ്തകം
പകലിനു കൊടുത്തു

രാത്രിയാകട്ടെ
അവന്‍ പറഞ്ഞു

- - -

ആദ്യമായൊരപ്പന്‍
മകള്‍ക്ക് പേരിട്ട
കടലിനെ
കേള്‍പ്പിച്ച്
കൊടുക്കുകയാണ്

അമ്മിണീ
നീയൊന്നും
പറയാത്തതെന്ത്

ഇതാണ് കടല്‍
കടലമ്മ
നിന്റെ പേര്‍
കടലമ്മ തന്നതാണ്

ഇരമ്പം കേട്ട്
നീ ചിരിക്കുന്നു
നിനക്കെന്തറിയാം
അതിന്റെയാഴം
അപ്പനുപോലുമറിയില്ല
ചുഴികള്‍
ഗര്‍ത്തങ്ങള്‍
തിരമാലകള്‍
മുത്തുച്ചിപ്പികള്‍

തേറ്റപ്പല്ലുകളുള്ള
വമ്പന്‍ സ്രാവുകള്‍

ഒന്ന് കൂടി
ചേര്‍ത്ത് വയ്ക്കെടീ
പതിയെ
ഒരു ദേവതയുടെ
ശബ്ദം

നിന്നെ
കടലില്‍
മുക്കിയെടുത്തതിനു
ശേഷം
അപ്പന്‍
തീരത്തെഴുതി

കടലമ്മ
കള്ളീയെന്ന്

നിന്നെപ്പേടിച്ചിട്ടാകണം
അമ്മിണീ
ഇത്തവണ
അതമ്മ
മായിച്ചില്ല

- - -

ഈ റാന്നി ആരാണ്
ഈ റാന്നി ഏത് കോത്താഴത്തുകാരനാണ്
റാന്നിയായാലും
കോന്നിയായാലും
എനിക്കൊരു തുള്ളി
മദ്യം കഴിക്കണം
പിന്നെയൊക്കെ
റാന്നിയായിക്കൊള്ളും

റാന്നിക്കാരന്റെ
ഒരൊത്ത
റാന്നി മുറിയില്‍ വച്ച്
റാന്നി
റാന്നി
റാന്നിയങ്ങനെ

അപ്പന്റെയും
അമ്മയുടെയും
പടമുണ്ട്

നീ അനുഗ്രഹിക്കപ്പെട്ടവനാണ്
അപ്പന്റെയും
അമ്മയുടെയും
പടം
നാസിമുദ്ദീന്റെ ഭാഷയില്‍ 3
വെളുത്ത ഭാര്യ്
ചൊല്ലുവിളിയുള്ള
കുട്ടികള്‍

മദ്യം
റാന്നിക്കാരന്റെ
നെറ്റിയില്‍
ഒരുമ്മ കൊടുത്തു
- - -

ക്യാമറയിലൂടെ
അല്ലാതെ
ശോഭ
എന്നെങ്കിലും
എന്നെ കണ്ടിട്ടുണ്ടാകുമോ
അനിലന്‍
മേരി പിന്നെയും മേരി
ശിഹാബ്
ലെന്‍സുകള്‍
മാറി മാറി വച്ച്
എന്നെ കണ്ടിട്ടുണ്ടാകണം

എല്ലാവര്‍ക്കുമെന്ന പോലെ
ശോഭയ്ക്ക്
ഒരു പടമാണ്
ഞാന്‍

ഒരു
ശോഭയും
എന്നെ
കണ്ടിട്ടില്ല
- - -

ഭ്രാന്ത് പിടിച്ചിട്ടാണോ
ഭ്രാന്ത്
പിടിക്കാതിരിക്കാനാണോ
കാടേ
കടിക്കാടേ
ഇടയ്ക്ക്
ഇടയ്ക്ക്
ഇടയ്ക്ക്
ഈ മിസ്
കാളുകള്‍

മിസ്സായിപ്പോയതെല്ലാം
മിസ്സായിപ്പോയത്
തന്നെയാണ്

നിന്റെ ഭാഷയില്‍
നിന്നെ
ഒന്ന്
അനുകരിക്കാന്‍
ശ്രമിച്ച്
ഇടയ്ക്ക്
ഞാനൊന്നു മിസ്സായി

ആലുവയില്‍
പച്ചക്കറി മാര്‍ക്കറ്റ്
നടത്തുന്ന
ഒരു സെബാസ്റ്റ്യനുണ്ട്

കവിതയൊഴിച്ച്
എല്ലാം വില്‍ക്കും

നീയോ

ലോകത്തില്‍
പൈന്‍
സിഗരറ്റുകള്‍
വലിക്കുന്ന
എല്ല്ലാവരും
സഹോദരന്മാരാണ്

ഞാന്‍
മരിച്ചു കഴിയുമ്പോള്‍
കൊടുക്കുന്ന
അവാര്‍ഡിന്റെ
കൂടെ
ഒരു പാക്കറ്റ്
പൈന്‍
കൊടുക്കണം

ആ ഗ്രോസറിയിലെ
ഒരു ദിവസത്തെ
ഒരു മണിക്കൂറിലെ
ഏതോ
ഒരു മിനിറ്റിലെ
വില്‍പ്പനക്കാരനായിരുന്നു
ഞാന്‍

എന്റെ കൂലീ
എന്റെ കൂലീ

നിന്നോടുള്ള

തൊഴിലാളിയുടെ
സമരമാണ്
ഈയുമ്മ

ഉമ്മകള്‍ വച്ച്
ഒരു സമരം

ഹായ്
എനിക്ക്
ജീവിക്കാന്‍
തോന്നുന്നു
- - -


“കിടിലന്‍”

ദേ ഇത് എഴുതിയത്
ഞാനല്ല
എന്തിനാണ്
വാക്കുകളേ
ആവശ്യമില്ലാത്ത
സമയത്ത്
ആവശ്യമില്ലാത്ത
സ്ഥലങ്ങളില്‍
വന്ന് നോക്കുന്നത്

ഒരു കുത്ത്
വച്ച് തരും

കുത്തില്‍ തീരും
തീരണം

- - -

ഒരു കവിത
തീര്‍ന്നാറേ
ഒരു കവിതയും
കൂടീയെന്ന്
ഒരു പെണ്ണ്

പെണ്ണുങ്ങള്‍
പറഞ്ഞാല്‍
കേള്‍ക്കാതിരിക്കുന്നതെങ്ങനെ

അയ്യേ
ഇത്തവണ
ഞാന്‍ പറ്റിച്ചേ
ഞാന്‍
കവിത ചൊല്ലുകയല്ല
കവിത
എന്നെ ചൊല്ലുകയാണ്

ഇനി
അതിന്
തോന്നട്ടെ

- - -

അമ്പരപ്പും
ആദരവും
കലര്‍ന്ന
നോട്ടത്തില്‍
പെണ്‍കുട്ടീ

ഞാന്‍
വേറെ
ഒരാളായി
തീരുന്നു

അപ്പന്റെ
കൂടെയാണ് നീ
എന്നിട്ടും
എന്റെ
കവിത കേള്‍ക്കണമെന്ന്
നീ
പതിയെ
പറയുന്നു

എവിടെയോ
നിന്നെ
ഞാന്‍
കണ്ടിട്ടുണ്ട്

എന്റെ മക്കളേ
കവിതയോ
നിറയെ
പോക്കാണ്
വായ തുറന്നാല്‍
ശവഗന്ധമാണ്

എത്ര പേര്‍
ഓടിപ്പോയതാണെന്നോ

ആദ്യം
നീയൊരു
കുടക്കൊന്ന നിറയെ
തുളസി തന്നു

ആത്മാവിലേക്കാണ്
പച്ചയായത് എങ്കിലും
ചെറുതാണല്ലോ
പെണ്‍കുട്ടിയാണല്ലോ
എന്ന്
മിഴിച്ച് മിഴിക്കവേ
നീ പിന്നെയും
തരുന്നു

പിന്നെയും
വേവാത്ത
ഒരിലക്കാട്

ദേ നോക്കിയേ
നീ ഒരു
പെണ്‍കുട്ടിയാണ്

നിന്റെ
നെറ്റിയിലാണ്
ഈയുമ്മ


പെണ്ണുങ്ങളുടെ
ഗുഹ്യഭാഗങ്ങള്‍
ഇഷ്ടമല്ലാത്ത
ഒരാളല്ല

നിന്റെ നെറ്റിയില്‍
തന്നെയാണ്
എന്റെയുമ്മ

കാരണം
എന്റെ മകന്‍
ഒരു മകളാണ്

- - -

ബുധനാഴ്‌ച, ഏപ്രിൽ 15, 2009


നമ്മുടെ ചിഹ്നം

പ്രബുദ്ധരായ ജനാധിപത്യവിശ്വാസികളേ
ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്ന വിവരം വര്‍ധ്ധിച്ച വികാരത്തള്ളിച്ചയോടെ അറിയിച്ചുകൊള്ളട്ടെ. നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ ചിഹ്നത്തിന് നല്‍കി മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. അപേക്ഷിക്കുകയാണ് കെഞ്ചുകയാണ്.

നമ്മുടെ ചിഹ്നം വീടുകളിലും ഇടവഴിയിലും പള്ളിയിലും അമ്പലത്തിലും ഓഫീസുകളിലും ഹോട്ടലുകളിലും എന്തിന് ബസിലും ആശുപത്രിയിലും മഠങ്ങളിലും സെമിത്തേരിയിലും എന്ന് വേണ്ട നാടിന്റെ ഓരോ മുക്കിലും മൂലയിലും ചെയ്യുന്ന മഹനീയ സേവനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ

റോഡരികില്‍ കിടന്നുറങ്ങുന്ന, ചോദിക്കാനും പറയാനും ആരുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ പോലും വയറ് നിറയ്ക്കാനുള്ള അതിന്റെ അദമ്യമായ ആഗ്രഹത്തെക്കുറിച്ച്.

അര വിശന്ന് മുണ്ടുമുറുക്കിയെടുത്ത് നെടുവീര്‍പ്പിന്റെ ഫാക്ടറികളില്‍ പണിയെടുക്കുന്ന അമ്മപെങ്ങന്മാരെ കണ്ടില്ലെന്ന് നടിക്കുവാന്‍ നമ്മുടെ ചിഹ്നത്തിനാകില്ല. അത് കൊണ്ടാണ് തളര്‍ന്ന് കിടന്നിട്ടും അത് വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.

ആശുപത്രിക്കിടക്കയില്‍ പാതിവെന്തുകിടക്കുന്ന പാവപ്പെട്ട ശരീരങ്ങള്‍ക്കും നീതികിട്ടണമെന്ന അതിന്റെ സാമൂഹ്യബോധം

ജീവിച്ചിരിക്കുന്നവരെപ്പോലെ മരിച്ചവര്‍ക്കും അണയാത്ത ആഗ്രഹങ്ങള്‍ കാണുകയില്ലേ .പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളേയും ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ജാതിമത പരിഗണനകള്‍ കൂടാതെ ആണ്‍പെണ്‍ഭേദമില്ലാതെ ഒരു പോലെ സ്നേഹിക്കുന്ന നമ്മുടെ ചിഹ്നത്തിന്റെ മഹാമനസ്ക്കത സാര്‍വ്വ അന്തര്‍ ദേശിയത

അതിന്റെ ഉത്പാദനശേഷിയെക്കുറിച്ച്, അവസരത്തിന് അനുസരിച്ച് ഉയരാനും താഴാനുമുള്ള വിവേകത്തെക്കുറിച്ച്, എപ്പോള്‍ വേണമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയെക്കുറിച്ച് ത്യപ്തിപ്പെടുത്താനുള്ള കഴിവിനെക്കുറിച്ച് സമാധാനവും ആനന്ദവും നല്‍കാനുള്ള ദിവ്യശക്തിയെക്കുറിച്ച്

അവസാന തുള്ളി വരെ നല്‍കാനുള്ള ത്യാഗ സന്നദ്ധതയോ. അത് കൊടുക്കന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ
എത്ര കിട്ടിയാലും മതിവരാത്ത, പിളരാന്‍ തയ്യാറായി നില്‍ക്കുന്ന മറ്റ് ചിഹ്നങ്ങളുടെ ചതിക്കുഴികളില്‍ നിങ്ങള്‍ വീണ് പോകരുതേ

ഞാനൊന്ന് ചോദിക്കട്ടേ, എന്തിലെങ്കിലും ഒന്നാമതാകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ? ചൈന വന്മതില്‍ പോലെ നില്‍ക്കുകയല്ലേ. എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ച്, നമ്മുടെ ചിഹ്നത്തെ ഉയര്‍ത്തിയാല്‍ ജനസംഖ്യയില്‍ എങ്കിലും ഒന്നാമതാകാന്‍ കഴിയും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ

തലവേദന, വേദന, വിശപ്പ്, അറപ്പ് തുടങ്ങിയ അരാഷ്ട്രീയ വാദങ്ങള്‍ നിരത്തി നമ്മുടെ ചിഹ്നത്തെ വിജയിപ്പിക്കാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തരുതേ

നമ്മുടെ മുദ്രാവാക്യം
ആബാലവ്യദ്ധം ജനങ്ങള്‍ക്കും സംത്യപ്തി

പാലൊഴുകുന്ന ഒരു ദേശം.

ബുധനാഴ്‌ച, മാർച്ച് 11, 2009


പെണ്ണുങ്ങള്

കവിത വിചാരിച്ച്
ഗ്രോസറിയില്‍
സിഗരറ്റിനായി കാക്കുമ്പോള്‍
കാസര്‍കോട്ടുകാരന്‍
ചോദിച്ചു

നിങ്ങളുടെ
പെണ്ണുങ്ങള്
ഇവിടെയുണ്ടോ

ഉള്ളിലുള്ളവരെ
അപ്പടി
അയാള്‍
കണ്ടതാകുമോയെന്ന്
ഒന്നു ഞെട്ടി

പെണ്ണിലെ പലരിനെ
ഒറ്റവിളി കൊണ്ട്
അടയാളപ്പെടുത്തുന്ന
കാസര്‍കോട്ടുകാരന്‍
ഗ്രോസറിക്കാരാ

എന്നെയവിടെ നിര്‍ത്തൂ
നിങ്ങള്‍
കവിതയിലേക്ക് ചെല്ലൂ






* മലബാറുകാരായ സാധാരണക്കാര്‍ പെണ്ണ്
എന്ന ഏകവചനത്തിനു പകരം പെണ്ണുങ്ങള്‍ എന്നാണ് പറയുക.
ഗള്‍ഫില്‍ വന്നതിന് ശേഷമാണ് അതു കൂടുതല്‍ കേട്ടത്

ശനിയാഴ്‌ച, ജനുവരി 03, 2009


ഒരു ഒഴുക്കന് അവസാനം

നിത്യവും
ആംബുലന്സില്
ഓഫീസിലേക്ക്
പോവുകയും വരികയും ചെയ്യുന്ന
ഒരാളുമായി
അഭിമുഖത്തിന്
തയ്യാറെടുക്കുകയായിരുന്നു

മരണത്തെക്കുറിച്ചുള്ള
എല്ലാ ചോദ്യങ്ങള്ക്കുമിടയില്
ജീവിതം വന്ന്
ശല്ല്യപ്പെടുത്തി

എന്നാല്പ്പിന്നെ
ജീവിതത്തെക്കുറിച്ചുള്ള
ചോദ്യങ്ങള്ക്കായി പരതി
അപ്പോള് മരണവും
ഇടയ്ക്ക് കയറി

ഒരു സാധാരണ വണ്ടി
ആംബുലന്സ്
ആകുന്നതിനെപ്പറ്റി
ആംബുലന്സ്
ഒരു സാധാരണ
വണ്ടിയാകുന്നതിനെപ്പറ്റി

ലോകത്തിലെ
ഏറ്റവും
വിരസമായ
അഭിമുഖത്തിന്
തയ്യാറെടുപ്പുകളില്ല
എന്ന മട്ടില് ഒരു ഒഴുക്കന് അവസാനം