വ്യാഴാഴ്‌ച, ജൂൺ 04, 2015


ആ മരം ♠ മരക്കവിതകൾ ♠


ഈന്തപ്പനകൾ ചോദിച്ചു
തുറിച്ചു നോക്കുന്നതെന്തിന്
വിവർത്തന ശേഷമുള്ള
തെങ്ങുകളാണു ഞങ്ങൾ
മറന്നുവോ?
(തെങ്ങുകൾ)

കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാൻ

(രണ്ട് മരങ്ങൾ)

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ

(രണ്ട് മരങ്ങൾ)

അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു
മനുഷ്യരെ തൂക്കുന്ന കുരിശുകൾ
ഏത് മരം കൊണ്ടാണപ്പാ ?
(ആ മരം)
പതുക്കെ
അതു വാതിലാകും
ഉള്ളിൽ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളർന്ന്
കട്ടിലായി കിടക്കും
( ആ മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു)
നിനക്ക് പകരം
ഒരു കണിക്കൊന്ന നട്ടു
മഴയത്തും വെയിലത്തും നിലാവത്തും
ഞാനതിനു കാവൽ നിൽക്കും
കൈവെള്ളയിൽ അതിന്റെ
പച്ചയും കൊമ്പുകളും ഇലകളും
പച്ച കുത്തും


(നിനക്ക് പകരം )


ഗ്രാമത്തിൽ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ്,
ക്ലിനിക്കിലെ ഡോക്ടർ, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടൽ,
മഴ, എവിടത്തെയും ആകാശം സൂര്യൻ , ചന്ദ്രൻ
അല്ലെങ്കിൽ
വഴിവക്കിലെ ഒരാല്‍മരം
(അല്ലെങ്കിൽ വഴിവക്കിലെ ഒരാൽമരം )
എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്
(മരങ്ങൾ; ജീവിതത്തിൽ, കവിതയിൽ)
ചില മരങ്ങൾ
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണൽ നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓര്മ്മയിൽ
ഉള്ളം നടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തിൽ
(മരയുമ്മ)
ഒരിക്കൽ അതിൽ
ഒരു പൂവിന്റെ കുഞ്ഞുണ്ടായി
ആകെ സങ്കടമായി
തന്റെ ജന്മമോർത്ത്
അതിനു കരച്ചിൽ വന്നു
(പൂവിന്റെ കുഞ്ഞ്)
വെള്ളയുടുപ്പിട്ട് മന്ദാരം, വന്ന, രണ്ടും കൽപ്പിച്ച് മഹാഗണി ,കണക്കുകൾകൂട്ടുന്ന കരിവേലം,ജാക്കറാന്ത,കുമ്പാല ,കൂട്ടില്ലാതെ കൂവളം, കൂട്ടുകാരുടെ തോളത്ത് കൈയ്യിട്ട് കാട്ടുകമുക് ,കൊല്ലി,പരുവ, പരുവമരം, കള്ളച്ചിരിയുമായ് ക്യഷ്ണനാൽ,എനിക്കാരുമില്ലെന്ന് കൊക്കോ ,കോർക്ക് , പലകപ്പയ്യാനി,മാലയും വളയുമിട്ട് പവിഴമല്ലി, ഒറ്റയ്ക്ക് ഒരു മഴമരം,മാഞ്ചിയം, മുലക്കണ്ണുകാട്ടി മാതളം,ചെമ്മരം ,പശക്കൊട്ടമരം,മലവേമ്പ്, കണ്ണീരൊഴുക്കി ചമത, വട്ട, ഓടിത്തളർന്ന വട്ടക്കുമ്പിൾ, സിഗരറ്റ് വലിക്കുന്ന പൈൻ , പൊരിപ്പൂവണം,കാലുവെന്തതേരകം,തേമ്പാവ്,പല്ലിളിച്ച്ദന്തപത്രി,നരിവേങ്ങ,നവതി, പിറുപിറുത്ത് മഴുക്കാഞ്ഞിരം, അരയാഞ്ഞിലി, കാറ്റുമായി കളിച്ച് അരയാൽ
(എന്റെ കവിത വസന്തത്തോട് അതിന്റെ പേരു ചോദിച്ചു)
ഇക്കാലമത്രയും നട്ട് നനച്ച് വളർത്തിയ മരക്കവിതകളെ ഒരുമിച്ച് നിർത്തണമെന്നുണ്ടായിരുന്നു. ഇന്നാണത് നടന്നത്.  അതിവിടെ മുഴുവനായി വായിക്കാം