വിചിത്രവും
അതിലേറെ
വിസ്മയകരവുമായ
ഒരു പണിയാണ്
ഇന്ന് രാവിലെ
ദൈവം തന്നത്
മുറിയില്‍ നിന്നിറങ്ങുക
വലത്തോട്ടു നടന്നു
ഒരിക്കല്‍ക്കൂടി
വലത്തോട്ടു തിരിയുമ്പോള്‍
ആദ്യം കാണുന്ന
ആമ്പമരത്തിന്റെ
പതിനാലാമത്തെ ചില്ലയുടെ
ആയിരത്തിപ്പതിമൂന്നാമാത്തെ
ഇലയില്‍
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീര് കൊണ്ട്
കഴുകുക.
അത് ചെയ്തു
ഇടത്തോട്ടു നടക്കുക
പതിനാറാമത്തെ വില്ലയുടെ
കിഴക്കേ അതിരില്‍
കെട്ടിയ്ക്കാത്ത
ഒരു ഈത്തപ്പന
നില്‍പ്പുണ്ട്.
അതിന്‍റെ
മുകളിലത്തെ
12 പട്ടകളൊഴിച്ച്
താഴെയെല്ലാം
പച്ച പോയി
മരിച്ചിരിക്കുന്നു.
വിയര്‍പ്പോ
കണ്ണീരോ
കൊടുത്ത്
ഇളം പച്ചയാക്കുക.
അതുമായി
നേരെ നടന്ന് കാണുന്ന
കലുങ്കിന്റെ
അടിവശത്ത്
ഒരു
കുഞ്ഞാല്‍മരം
കിളിര്‍ത്ത് വരുന്നുണ്ട്.
ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.
ഹോ
പിന്നെയും
ഈ
ദൈവത്തിന്റെ
ഒരു കാര്യം.
*ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത മുൻപ് എഴുതിയിട്ടുണ്ട്