ശനിയാഴ്‌ച, സെപ്റ്റംബർ 17, 2022


ദാനശീലൻ

 ദാനശീലൻ

👬

അച്ഛാ ,

പുറത്തൊരാൾ കൈനീട്ടി നിൽക്കുന്നു


ചെന്ന് നോക്കി

വയസ്സുചെന്ന ഒരു ചെറുപ്പക്കാരൻ


എന്താ പേര്

ദാനശീലൻ


ഹാ ഈ പേര് എനിക്കോർമ്മയുണ്ടല്ലോ

എവിടെയാ വീട്

പുഴയ്ക്കക്കരെ

അവിടെ എവിടെ

ആ മഠത്തിന്റെ സ്ക്കൂളില്ലേ

അതിന്റെ അടുത്ത്

അവിടെയാണോ പഠിച്ചത്

അതെ

മോളിടീച്ചറെ ഓർമ്മയുണ്ടോ

പഠിപ്പിച്ചിരുന്നു

അപ്പോ സുരേഷിനെ ഓർമ്മയുണ്ടോ 

ഉണ്ട്  വണ്ടിയിടിച്ചു മരിച്ച...

അതെ

ഒമ്പതിൽ ശ്രീലക്ഷ്മി ടീച്ചറായിരുന്നില്ലേ ക്ലാസ് ടീച്ചർ

അതെ

എന്താ സർ ചോദിച്ചത്


ഒന്നുമില്ല

ആ ക്ലാസ്സിൽ ഞാനുമുണ്ടായിരുന്നു


അയാൾ ചിരിച്ചിട്ട് തിരിച്ചുപോയി


അവൻ ദാനം ചെയ്ത ചിരിയിൽ ഞാനുറക്കെ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

അച്ഛാ

ഗുളിക കഴിക്കാൻ സമയമായി

മകൻ പിന്നെയും വിളിച്ചു👬

#2019 Sep Poems

#Kuzhur Wilson


സ്മൈലികളുടെ സ്ക്കൂൾ

 

സ്മൈലികളുടെ സ്ക്കൂൾ
👫

അങ്ങനെയിരിക്കേ , സ്മൈലികളുടെ സ്ക്കൂൾ തുടങ്ങാൻ നമ്മൾ തീരുമാനിച്ചു

കോളാമ്പിയും നീരോലിയും അതിരിട്ട
കുളത്തിൻകരയിലെ ഞങ്ങളുടെ സ്കൂളിലേക്ക്
ഓരോ സ്മൈലിക്കുഞ്ഞും
തനിച്ചാണ് കയറി വന്നത്

ഉടുപ്പ് മുഷിഞ്ഞ സ്മൈലികളെ ക്ലാസ്സിൽ കയറ്റില്ല എന്ന് നീ പറഞ്ഞു
എന്നാൽ അലക്കിന്റെ ഒരു സ്ക്കൂൾ കൂടി തുടങ്ങേണ്ടി വരുമെന്ന് ഞാൻ പറഞ്ഞു
അപ്പോൾ കാറ്റിട്ട സ്മൈലിയെ ചെമ്പകം മണത്തു

പാറിപ്പറന്ന മുടിയുള്ള കുഞ്ഞു സ്മൈലിയെ
മടിയിലിരുത്തി,
മുടിയൊതുക്കുകയായിരുന്നു
അപ്പോൾ നമ്മൾ

നമുക്കിടയിൽ
ഓടിനടന്ന് ഒച്ചയിട്ട് കളിക്കാനും
പെട്ടെന്നുണ്ടാവുന്ന
ഒച്ചയില്ലായ്മയെ പഠിക്കാനും
സ്മൈലികള് പിന്നെപ്പിന്നെ
കൂട്ടുകൂടി വന്നു തുടങ്ങി
പേരുവിളിക്കാതെ തന്നെ
അവര് പേരു പറഞ്ഞു,
സ്നേഹം ഉപ്പുമാവുപോലെയാണെന്നു
തിന്നു കാണിച്ചു
നീളൻ ബെല്ലടിച്ചപ്പോൾ
ഞങ്ങളാരും പോവുന്നില്ലെന്ന് പറഞ്ഞ്
നിൻ്റെ പോക്കറ്റിലും
എൻ്റെ സാരിത്തുമ്പിലും
ഒളിച്ചു നിന്നു


സ്പെല്ലിംഗ് തെറ്റിയതിനു ഇനിയടി മേടിക്കേണ്ടി വരില്ലെന്നോർത്ത് നമ്മളിലെ കുട്ടികൾ
ചിരിയുടെ സ്മൈലികളിട്ട് രമിച്ചു

👫


#സ്മൈലികളുടെ സ്ക്കൂൾ
#poetry
#kuzhurwilson
#iranikkulamghs