ചൊവ്വാഴ്ച, ഡിസംബർ 31, 2013


രണ്ടു പേർ ലോകമുണ്ടാക്കിക്കളിക്കുന്ന പതിനൊന്നരമണി

ഒറ്റയ്ക്കായാൽ
അമ്മിണിയും
ഞാനും
മറ്റൊരു
ലോകമുണ്ടാക്കി
കളിക്കും

കടൽക്കരയിൽ
ചില
മുതിർന്ന
ആളുകൾ
കുട്ടികളുമായ്
മണ്ണ് കൊണ്ട്
താമസിക്കനല്ലാത്ത
വീടുകളുണ്ടാക്കും
പോലെ

അപ്പോൾ
ആ 
വഴിക്ക്
ഒരു 
കാറ്റ്
പോലും
വന്നാൽ
എനിക്ക്
ദേഷ്യം
വരും
പൂച്ചയെങ്ങാൻ
വന്നാ
അവളുടെ
നിറം
മാറും

ഒറ്റയ്ക്ക്
ഒറ്റയ്ക്കുള്ള
ഓർമ്മകളോ
നെടുവീർപ്പുകളോ
അതിന്റെ
പാടുകളോ
മുഖത്ത്
തെളിഞ്ഞാൽ
ഉമ്മകൾ
വയ്ച്ച്
മായ്ക്കും

കളിച്ച്
കളിച്ച്
ഞങ്ങൾ
വഴക്കാവും

എത്ര
ഉച്ചത്തിൽ
ചിരിച്ചുവോ
അതിനേക്കാൾ
ഉച്ചത്തിൽ
അമ്മിണി
കരയും
അതിനേക്കാൾ
ഉച്ചത്തിൽ
ഞാൻ
മിണ്ടാതിരിക്കും

അമ്മിണീ
അമ്മിണിയെന്ന്
മിടിക്കുന്ന
നെഞ്ചിൽ
ഞാനവളെ
ചേർത്ത്
കിടത്തും

ഉറക്കം
നടിക്കുന്ന
അവളെ
നീ പോടീ
പൂച്ചേയെന്ന്
ഞാൻ
വിളിക്കും
പൂച്ചേയുടെ
പുല്ലിംഗം
പൂച്ചായാണെന്ന
മട്ടിൽ
അവളെന്നെ
നീ പോടാ
പൂച്ചായെന്ന്
വിളിക്കും

നീ പോടി
പൂച്ചമ്മേയെന്ന്
ഞാൻ
നീ പോടാ
പോച്ചമ്പായെന്നമ്മിണി
നീ പോടി
കോച്ചമ്പിയെന്ന്
നീ പോടാ
കോച്ചമ്പ്രയെന്ന്
നീ പോടി
പോച്ചമ്പ്രയെന്ന്
നീ പോടാ
സോച്ചമ്പ്രയെന്ന്

നീ പോടി
സോറമ്പീ
നീ പോടാ
സോറമ്പാ
നീ പോടി
സൂറമ്പി
നീ പോടാ
കൂറമ്പാ
നീ പോടി
കൂറമ്പി
നീ പോടാ
...

വാക്കുകൾ
കിട്ടാതായാൽ
അവൾ
പ്ലേറ്റു
മാറ്റും
നീ പോടാ
സ്ലേറ്റേയെന്നാക്കും

നീ പോടി
ബാഗേ
നീ പോടാ
മരമേ
നീ പോടി
പെൻസിലേ
നീ പോടാ
പേനേ
നീ പോടി
ഉറുമ്പേ
നീ പോടാ
കൊതുകേ
നീ പോടി
തീപ്പെട്ടീ
നീ പോടാ
വയ്ക്കോലെ
നീ പോടി
ബുക്കേ
നീ പോടാ
കട്ടിലേ
നീ പോടി
കസേരേ
നീ പോടാ
ജനലേ
നീ പോടി
വാതിലേ
നീ പോടാ
മൊബൈലേ
നീ പോടി
ബട്ടൺസേ
നീ പോടാ
കമ്പ്യൂട്ടറേ
നീ പോടീ
ട്രൗസറേ
നീ പോടാ
ഷർട്ടേ
നീ പോടി
ആകാശമേ
നീ പോടാ
പട്ടിക്കുട്ടാ
നീ പോടി
നക്ഷത്രമേ
നീ പോടാ
കിണറേ
നീ പോടി
പെണ്ണേ
നീ പോടാ
ചെക്കാ
നീ പോടി
കലണ്ടറേ
നീ പോടാ
ഫാനേ
നീ പോടി
പാവക്കുട്ടി
നീ പോടാ
ചൂലേ
നീ പോടി
ടിഫിൻ ബോക്സേ
നീ പോടാ
കവിതേ
നീ പോടി
അന്നക്കുട്ടി
നീ പോടാ
അപ്പക്കുട്ടാ
നീ പോടി
അമ്മിക്കള്ളി
നീ പോടാ
അപ്പക്കള്ളാ

തോൽക്കാനൊരുങ്ങുമ്പോൾ
ഞാൻ
തുറുപ്പെടുക്കും

നീ പോടീ
ആഗ്നസ് അന്നേ

മുഖമൊന്ന് 
മാറ്റി
ഇത്തിരി ശങ്കിച്ച്
അവൾ
വിളിക്കും

നീ പോടാ
കുഴൂരു വിത്സാ

സഹിക്കാൻ
പറ്റാത്ത
ഒരു 
തരം
മൗനം
അപ്പോൾ
അവിടെ
പടരും

അമ്മിണി
കൊച്ചുടിവിയിലേക്ക്
മടങ്ങുമ്പോൾ
ഞാൻ
ബാത്ത് റൂമിൽ 
കയറി
കതകടച്ച്
സിഗരറ്റ് 
വലിക്കും

അപ്പോൾ
ജീവിക്കാൻ
പറ്റാത്ത
ഒരു
തരം
വേറെ
കളി
അവിടെയൊക്കെ
തളം
കെട്ടി
നിൽക്കും

ചൊവ്വാഴ്ച, ഡിസംബർ 24, 2013


തീവണ്ടി ഒരു കൂറ്റൻ ലിംഗം (പാളമോ ?)


കുതികുതിക്കുന്ന ഭോഗികളുടെ ഉള്ളിൽ നിന്ന്പാട്ട്കേൾക്കുന്നു
സീതയാണു പാടുന്നത്
അവളുടെ ഭർത്താവ് മരിച്ചതാണെന്ന് പറയുന്നു

സീതക്ക് പാട്ടു പോലത്തെ രണ്ടാണ്‍കുട്ടികള്‍
അതിലൊരുവൻ 
സീതയുടെ പാട്ടിനു താളം കൊട്ടുന്നു
മറ്റവൻ
സീറ്റിൽ മയങ്ങുന്ന മാന്യനെ തോണ്ടി
കാശു ചോദിക്കുന്നു

കുതികുതിക്കുന്നു ഭോഗികൾ
(ആഞ്ഞാഞ്ഞുകുതിക്കും ആൺലിംഗത്തെ ചുവപ്പുകാട്ടി നിറുത്താൻ ശ്രമിക്കുന്ന സ്റ്റേഷൻ മാസ്റ്ററെ കണ്ടില്ലെന്ന്നടിക്കുന്നു)

ഒരുപാടകലെ
പാളത്തേക്കാൾ കമിഴ്ന്ന്
ഒരുപെൺകുട്ടി മരിക്കാൻ കിടക്കുന്നു
കൊല്ല്, കൊല്ല് എന്നവൾ
തലതല്ലുന്നു
കൊല്ലാം കൊല്ലാമെന്ന തീവണ്ടിയുടെ പാട്ട്
പാളമവളുടെ കാതിൽ പടർത്തുന്നു                                                                                                                                                                                                                               അത്ര അകലെയായിട്ടും
അത് കേൾക്കാഞ്ഞിട്ടും
എന്തോ കേട്ടപോലെ
സീത പാട്ടു നിർത്തുന്നു
അവളുടെ കുട്ടികൾ
പുറത്തേക്കോടുന്നു

ചൂടുകപ്പലണ്ടി വിൽക്കാനെന്ന വ്യാജേന
2 തെണ്ടികൾ
ഉള്ളിൽ കയറുന്നു

മുഷിഞ്ഞ ഉടൽ കഴുകാനെന്നപോലെ, 
പാളങ്ങളിൽ മതിവരാഞ്ഞെന്ന്
കണ്ട്നിൽക്കുന്നവർക്ക്
തോന്നും പോലെ
ആൺതീവണ്ടി കടലിലേക്ക്ചാടുന്നു.
(കടൽ ആരുടെ യോനിയെന്ന പാട്ട് കാറ്റു പാടുന്നു)

ആരുടെയോ
കഴിഞ്ഞ ജന്മത്തിൽ നിന്ന്
ഒരായിരം കാക്കകൾ
വേറെ ഒരാളുടെ അടുത്ത ജ്ന്മത്തിലേക്ക്
പറന്ന്പോകുന്നു

പാട്ടുകളൊക്കെ മറന്ന സീത
മക്കളെ തിരയുന്നു

ഇപ്പോൾ വരും ഇപ്പോൾ വരും എന്ന്പിറുപിറുത്ത്
മുഷിഞ്ഞ് മുഷിഞ്ഞ് മുഷിഞ്ഞ് 
കാലം
നരച്ച ഒരു സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നു

ഒരെറുമ്പ്അതിനു ചുറ്റും കറങ്ങി നടക്കുന്നു


-----

പാളങ്ങളെ വേശ്യയുടെ രാത്രികളോട് ഉപമിച്ച രൂപേഷ് പോൾ,  പെൺതീവണ്ടിയെന്നെഴുതിയ അനിതതമ്പി, നടുനിവർത്തുന്ന തീവണ്ടിയെന്നെഴുതിയ ലതീഷ് മോഹൻ , ലിംഗത്തെക്കുറിച്ചെഴുതിയ വിഷ്ണുപ്രസാദ് , പ്രസന്ന ആര്യന്റെ  'ഫക്ക്' എന്ന്‍ ചക്രവും'ഷിറ്റ്' 'ഷിറ്റ്' 'ഷിറ്റ് 'എന്ന്‍ പാളവും എന്ന പ്രയോഗവും ഈ കവിത എഴുതുമ്പോൾ ഓർമ്മയിൽ വന്നിരുന്നു