സ്റ്റൗവിൻ്റെ രണ്ട് ബർണ്ണറുകൾ
ഒരു കവിത
ഏറെക്കാലമായി
അടുക്കളയിൽ
ചുറ്റിത്തിരിയുന്നു
അതിൽ തൊടാൻ
നോക്കിയപ്പോഴൊക്കെയും
കഠിനമായി വിശന്നു
മത്സരിച്ച് ഞാൻ പാചകങ്ങളിൽ മുഴുകി
ഉണക്കച്ചെമ്മീൻ വറുത്ത് കാന്താരിയും കല്ലുപ്പും വാളൻപുളിയും കൂട്ടി ഇടിച്ചെടുത്തത്
കല്ലുപ്പും കറിവേപ്പിലയും മഞ്ഞളും തിരുമ്മി,
തേങ്ങാപ്പാലിൽ വേവിച്ച് , പച്ചവെളിച്ചെണ്ണയിൽ മൊരിച്ചെടുത്ത പോത്തിൻ്റെ കഷണങ്ങൾ
കടുകും കറിവേപ്പിലയും കാന്താരിയും വറുത്ത് പൊട്ടിച്ച മോരുകറികൾ
പാലു പിഴിഞ്ഞ പാവയ്ക്കാ
കടുമാങ്ങ കലക്കിയ മോരു
കടച്ചക്കയിട്ട നെയ്യുള്ള പോത്ത്
ചൊറുക്കയിൽ ചേനമുളകുടച്ച് വെളിച്ചെണ്ണ തൂവിയ കല്ലുപ്പ്
ഇരുമ്പൻ പുളിയിട്ട് വറ്റിച്ച നെയ്ച്ചാള
കുടമ്പുളി വറ്റിച്ച ഞണ്ട്
മാങ്ങിഞ്ചി ഉപ്പും മുളകും കൂട്ടിച്ചതച്ചത്
ജാതിക്കാച്ചമ്മന്തി
ഇടിച്ചക്കത്തോരൻ
പയറ്റില മുട്ട ചേർത്ത് ചിക്കിയത്
ഉരുളക്കിഴങ്ങിട്ട താറാവ് കൂട്ടാൻ
കയിലപ്പം കരൾ വറുത്തത്
നീട്ടിയും കുറുക്കിയും
നാടൻ വരാലുകൾ
തിന്നു മടുത്തു
തടി കൂടി
കവിത മറന്നു
എന്നിട്ടും വിശന്നു
നിന്നെ പിടിച്ച് തിന്നാൻ തോന്നി
അപ്പോഴുമെരിയുന്നു
നിൻ്റെ മുലക്കണ്ണുകൾ പോലെ
സ്റ്റൗവിൻ്റെ രണ്ട് ബർണ്ണറുകൾ
കുഴൂർ വിത്സൺ
2023 ഫെബ്രുവരി14
അന്നാലയം