തിങ്കളാഴ്‌ച, മാർച്ച് 16, 2020


വീടുള്ള കവിതകൾ

മുഷിഞ്ഞു കിടന്ന വീടിനെ
പെങ്ങൾ വന്ന് പൊടി തട്ടിയെടുത്തു

കറപിടിച്ചു കിടന്ന പാത്രങ്ങൾ കഴുകി കമിഴ്ത്തി വച്ചു
പഞ്ചസാര അതിന്റെ സ്ഥലത്ത് തന്നെ പോയി ഇരിപ്പായി
അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി
വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേക്കൊളിഞ്ഞ് നോക്കി
അരി തിളച്ച് തൂവുന്നതിന്റെ മണംവിട്ട് വീടതിന്റെ ഗമ കാട്ടി

മുറ്റവുമടിച്ച് പോകാൻ നേരം
നെറുകയിൽ ഒരുമ്മയും കൊടുത്തു

പെങ്ങൾ പോയപ്പോൾ
വീട് വിങ്ങിപ്പൊട്ടി

വീടിന്റെ അമ്മയാണു വന്നുപോയതെന്ന്
കരച്ചിലിൽ തോന്നി




#വീടുള്ള കവിതകൾ

വ്യാഴാഴ്‌ച, മാർച്ച് 12, 2020


കടൽ മുരണ്ടു

രണ്ട് തോണികൾ തമ്മിൾ
ഇഷ്ടത്തിലായി

കടലിന് അതിൽ
ഇഷ്ടക്കേട് തോന്നി

കടലൊന്നിനെ മുക്കി

താഴോട്ട്
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു

പേടിക്കരുത്

ഞാൻ
കടലിൽ തന്നെയുണ്ട്



ആദ്യമെത്തിയത്

തിരിച്ചു പോരാൻ നേരം
കടൽ ചോദിച്ചു

എന്നെ കൂടി കൊണ്ട് പോകുമോ

കൊടുംവേനലാണ്
മരുഭൂമിയാണ്
പൊള്ളുന്ന വാക്കുകൾ
പറഞ്ഞൊഴിഞ്ഞു

ഒറ്റയ്ക്ക് വീട്ടിലെത്തി
കതക് തുറക്കുമ്പോൾ
വേനൽമഴയിൽ നിന്ന്
ഒരു തുള്ളി നെറുകയിൽ വീണു

കടൽ പറഞ്ഞു

ഞാനാണ്
ആദ്യമെത്തിയത്

ബുധനാഴ്‌ച, മാർച്ച് 11, 2020


എന്തൊരു നീയാണ് നീ

നിന്നെ കണ്ടതിനു ശേഷം
കാണുന്നവരെയെല്ലാം
സനേഹിക്കാൻ പഠിച്ചു

നിനക്ക് സനേഹം പഠിപ്പിക്കുന്ന
ഒരു സ്കൂള് തുടങ്ങിക്കൂടേ

എനിക്കവിടെ
എന്നും തല്ലു കൊള്ളുന്ന കുട്ടിയാവാനാണ്

തോറ്റ് തോറ്റ് പഠിക്കാനാണ്