കവിതകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിതകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, മാർച്ച് 16, 2020


വീടുള്ള കവിതകൾ

മുഷിഞ്ഞു കിടന്ന വീടിനെ
പെങ്ങൾ വന്ന് പൊടി തട്ടിയെടുത്തു

കറപിടിച്ചു കിടന്ന പാത്രങ്ങൾ കഴുകി കമിഴ്ത്തി വച്ചു
പഞ്ചസാര അതിന്റെ സ്ഥലത്ത് തന്നെ പോയി ഇരിപ്പായി
അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി
വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേക്കൊളിഞ്ഞ് നോക്കി
അരി തിളച്ച് തൂവുന്നതിന്റെ മണംവിട്ട് വീടതിന്റെ ഗമ കാട്ടി

മുറ്റവുമടിച്ച് പോകാൻ നേരം
നെറുകയിൽ ഒരുമ്മയും കൊടുത്തു

പെങ്ങൾ പോയപ്പോൾ
വീട് വിങ്ങിപ്പൊട്ടി

വീടിന്റെ അമ്മയാണു വന്നുപോയതെന്ന്
കരച്ചിലിൽ തോന്നി




#വീടുള്ള കവിതകൾ

ബുധനാഴ്‌ച, ജനുവരി 24, 2018


പാവക്കുട്ടികൾ


( എനിക്ക് )

പൂച്ചക്കണ്ണുകളും ചെമ്പൻ തലമുടിയുമുള്ള ഒരു പാവയുണ്ടായിരിക്കുക അതിനെ മറന്ന് വയ്ക്കുക അത് ഒറ്റയ്ക്കാവാൻ ഇടയുള്ള ഇടങ്ങളിലെല്ലാം തിരയുക എന്നിട്ടതിനെക്കുറിച്ച് കരയുക എന്ന അതി കാൽപ്പനികമായ സ്വപ്നം ഉണ്ടാവുകയും പാവയില്ലാത്ത കുട്ടിക്കാലം ഉണ്ടാവുകയും ചെയ്തതിനാൽ കവിതയിൽ നിറയെ പാവക്കുഞ്ഞുങ്ങളെ ഉണ്ടാക്കി. ആ പാവക്കുഞ്ഞുങ്ങളെ ഊട്ടിയതും ഊഞ്ഞാലാട്ടിയതും ഉറക്കിയതും നോക്കിയതുമൊക്കെ ആ കവിതകൾ വായിച്ചവരാണു.

ഞാനില്ലാത്ത ടൈമിൽ അവരെ നോക്കിയത് അവരാണു

ചിലർ അവർക്ക് മുടി പിന്നി കൊടുത്തു
ചിലർ അവർക്ക് പൊട്ടു തൊടുവിച്ച് കൊടുത്തു
ചിലർ അവരുടെ കണ്ണെഴുതി
വലിയ മുലകളുള്ളവർ അവർക്ക് മാമു കൊടുത്തു

കുടിയന്മാരായ ചില ആരാധകർ
അവർക്ക് പാവക്കുട്ടികളെ വരെ കൊണ്ടു കൊടുത്തു

സ്വന്തമായി പാവക്കുട്ടികളെ വളർത്തുന്നതിനേക്കാൾ എത്രയോ പാടാണു കവിതയിൽ പാവക്കുട്ടികളെ വളർത്താൻ എന്നാണു പറഞ്ഞ് വന്നത്


കുഴൂർ വിത്സൻ
Temple of poetry
24/01/2018

തിങ്കളാഴ്‌ച, ജനുവരി 22, 2018


മഞ്ഞ ലൈറ്റ്

( കടിക്കാടിനു )

വർഗ്ഗവഞ്ചകാ, മൈരേ
എന്നാണീ കവിത തുടങ്ങേണ്ടതെന്ന് പോയട്രീ മാഫിയ ടീമിനറിയാം
എനിക്കതിനാവില്ല എന്ന് നിനക്കെങ്കിലും അറിയാം
ഞാൻ തന്നെ ഒരു മാഫിയ ആയിരിക്കേ, ഞാനൊരു മാഫിയയുടെയും ആളല്ലെന്ന് പറയേണ്ടതില്ലല്ലോ
പറഞ്ഞ് വന്നത് അതൊന്നുമല്ല

നമ്മൾ ആദ്യം കാണുമ്പോൾ
അബുദാബിയിലെ ബസ് സ്റ്റാന്റിനു പച്ചനിറമായിരുന്നു
അതിലെ മരങ്ങൾക്കും പച്ച നിറമായിരുന്നു
ഇന്നായിരുന്നെങ്കിൽ നമ്മൾ സെൽഫിയെടുത്ത് തകർത്തേനെ

അന്നൊക്കെ നമ്മൾ കവിത ചൊല്ലിയിരുന്നത് കാറിൽ വച്ചായിരുന്നു
കവിത മുറുകുമ്പോൾ സിഗ്നൽ വീഴുമായിരുന്നു

ഒരു ദിവസം നീ കവിത ചൊല്ലുകയായിരുന്നു
ശശി അത് പകർത്തുന്നുണ്ടായിരുന്നു
ഞാനത് കേൾക്കുന്നുണ്ടെന്ന് നടിക്കുന്നുണ്ടായിരുന്നു

പെട്ടെന്ന് സിഗ്നൽ വീണു
ചോപ്പ
നീ പറഞ്ഞു
പച്ച
ശശി പറഞ്ഞു
മഞ്ഞ മഞ്ഞ ഞാൻ പറഞ്ഞു

നീ പെട്ടെന്ന് കരഞ്ഞു
മഞ്ഞ മഞ്ഞയെന്ന് പറഞ്ഞാണു നീ കരഞ്ഞത്

ഞാനത് ഇന്നുമോർക്കുന്നു
മഞ്ഞ മഞ്ഞയെന്നും പറഞ്ഞാണു നീ കരഞ്ഞത്

ഇന്ന് കൊച്ചിയിൽ നിന്ന് കുഴൂർക്ക് വരുമ്പോൾ
എയർപോർട്ട് സിഗ്നലിൽ ഞാൻ കണ്ടു
ഒരു മഞ്ഞ ലൈറ്റ്

അതാണു പറഞ്ഞ് വന്നത്
എല്ലാ മഞ്ഞ ലൈറ്റുകളും മഞ്ഞയല്ല എന്നാണു പറഞ്ഞ് വന്നത്



കുഴൂർ വിത്സൻ
Temple of poetry
22/01/2018


ശനിയാഴ്‌ച, നവംബർ 18, 2017


ജോസേട്ടൻ


ഞങ്ങളുടെ നാട്ടിൽ
കവിത ചിക്കൻ സെന്റർ
എന്ന് പേരുള്ള ഒരു കോഴിക്കടയുണ്ട്

കുറേക്കാലം മുൻപ്
ജോസേട്ടനാണു
ഈ കട തുടങ്ങിയത്
ഇപ്പോഴത് മകൻ നടത്തുന്നു

എന്ത് കൊണ്ട്
ജോസേട്ടൻ
ഈ കടക്ക്
കവിതയെന്ന്
പേരിട്ടുവെന്ന്
പലകുറി ചികഞ്ഞിട്ടുണ്ട്

പുള്ളിയുടെ ഭാര്യയുടെ പേരു അതല്ല
പുള്ളിക്ക് പെണ്മക്കളുമില്ല
പുള്ളിക്ക് ഒരു കാമുകിയുണ്ടാവുന്ന കാര്യം
പുള്ളി പോലും ചിന്തിച്ചിട്ടുണ്ടാവില്ല
ഈ പേരിന്റെ ഒരു പുള്ളി പോലും എനിക്ക് കിട്ടിയതുമില്ല


കവിത ജോസേട്ടൻ
എന്ന് വരെ ആളുകൾ
പുള്ളിയെ പരിചയപ്പെടുത്താറുണ്ട്
എന്നുമോർക്കണം

തിരഞ്ഞ് തിരഞ്ഞ്
ചിന്തിച്ച് ചിന്തിച്ച്
കവിത ചിക്കൻ സെന്റർ പോലെ
ജോസ് എന്ന പേരും
എന്റെ മുൻപിൽ നിന്നു

ഞാൻ ജോസേട്ടനെ
പല രീതിയിൽ വായിച്ച് നോക്കി

ഇല്ല എനിക്കൊന്നും കിട്ടുന്നില്ല
ഗൂഗിളിലുമില്ല

ഇപ്പോഴെനിക്ക് കുറേശ്ശേ മനസ്സിലാവുന്നുണ്ട്
എന്ത് കൊണ്ട് ജോസേട്ടൻ
കോഴിക്കടക്ക്
കവിത ചിക്കൻ സെന്റർ
എന്ന് പേരിട്ടുവെന്ന്


17/11/2017
Kuzhur


വ്യാഴാഴ്‌ച, മാർച്ച് 28, 2013


അല്ല. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല


കീറിപ്പറിഞ്ഞ ആകാശമെന്ന് ആരെങ്കിലും ഇതിനു മുൻപ് കവിതയിൽ എഴുതിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ, ഒരു പക്ഷേ ഞാൻ തന്നെയാകും. അത്രയും ഓർമ്മയും മറവിയും കലർന്ന ഒരു കവിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടതായി ഓർക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത് മറന്നതാകും.
എന്നിരുന്നാലും തടാകത്തിൽ കീറിപ്പറഞ്ഞുകിടക്കുന്ന ആകാശമെന്ന് ലോകത്തിൽ ആദ്യമായെഴുതുന്ന കവി ഞാൻ തന്നെയാണു. അല്ലെങ്കിൽ അതിനെ കൊത്തിപ്പറിക്കുന്ന കാക്കകളോട് ചോദിക്കൂ. തടാകത്തിൽ കീറിപ്പറഞ്ഞുകിടക്കുന്ന ആകാശത്തിൽ പറക്കുന്ന പൊന്മാനുകളോട് ചോദിക്കൂ. 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ആലുവ മണപ്പുറത്ത് യേശുവിനു ബലിയിടാൻ പോകുന്ന രണ്ട് കന്യാസ്ത്രീകൾ 
ഒരു ദിവസം ആലുവയിലൂടെ പോകുമ്പോൾ രണ്ട് കന്യാസ്തീകളെ കണ്ടു. ആലുവാ മണപ്പുറത്ത് യേശുവിനു ബലിയിടാൻ പോകുന്ന രണ്ട് പാവം പെണ്ണുങ്ങളായിരുന്നു അവർ. അതിലൊരാൾക്ക് അമ്മയുടെ മുഖച്ഛായയും ഒരാൾക്ക് പള്ളിപ്പറമ്പിലെ കൂട്ടുകാരിയുടെ മുഖവുമായിരുന്നു. പണി തീരാത്ത യേശുവാണു ഞാനെന്ന വി ജി തമ്പിയുടെ വരികൾ ഉറക്കെച്ചൊല്ലിയിട്ടും അവരത് കേൾക്കുന്നുണ്ടായിരുന്നില്ല. അല്ല അവരെന്റെ ആരുമായിരുന്നില്ല. അപ്പോൾ വികലാംഗനായ യേശുവായിരുന്നു ഞാൻ 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ഷെമീർ എന്നായിരുന്നു അന്നെന്റെ പേരു 
എൻ എ ഡിയിലെ ഒരാശുപത്രിയിൽ ഉറക്കമില്ലാത്ത ആ തടിയൻ ഡോക്ടർക്ക് പകരം ഉറങ്ങുന്ന പണിയായിരുന്നു എനിക്കന്ന്. ഷെമീർ എന്നായിരുന്നു അന്നെന്റെ പേരു.  എത്ര കൂർക്കം വലിച്ചാണു ഞാനാ പണിയെടുത്തിരുന്നതെന്ന് എഴുതി തെളിയിക്കാനാവില്ല. ഇങ്ങനെ അവനവനെ മറന്ന് ആരും എവിടെയും പണിയെടുത്തു കാണില്ല. ആ തടിയൻ ഡോക്ടറുടെ മുല്ലവള്ളിപോലുള്ള ഭാര്യയുടെ ഉരുണ്ട മുലകളോ, മരിച്ചവരെ പോലും ഉയിർപ്പിക്കുന്ന കക്ഷത്തിന്റെ മണമോ (ഗന്ധമെന്ന് പറയണമെന്നുണ്ടായിരുന്നു) എന്റെ പണിയെ ബാധിച്ചിരുന്നില്ല. എന്തിനു മെഴുതിരികൾ പോലുള്ള അയാളുടെ പെൺകുട്ടികൾ തൊങ്കിത്തൊട്ടം കളിച്ചിരുന്നത് എന്റെ പണിയിടമായ കിടക്കവിരിയിലായിരുന്നു. എന്നിട്ടെന്ത് ഒരു ദിവസം സന്ധ്യക്ക് കണ്ണൊന്ന് തുറന്നതിനാണു അവരെന്നെ പിരിച്ച് വിട്ടത്. ഒരു നിലവിളി. അതും പരിചയമുള്ളത്. ശ്വാസം മുട്ടു കൂടിയ മാധവിച്ചോത്തിയെ ആശുപത്രിയിൽ കൊണ്ടുവന്നതായിരുന്നു .കണ്ണ് തുറന്നുവെന്നത് നേരു. ഉറക്കത്തിൽ ഞെട്ടിയുണർന്നതിനു ചരിത്രത്തിലാദ്യമായി ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഷെമീറാണു ഞാൻ 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ഒരു ദിവസമൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു  
മുലപ്പാൽ മണക്കുന്ന എന്തോ ഒന്ന്. ഷിന്റോയെന്നോ മറ്റോ ആയിരുന്നു അക്കുറി പേരു. കൊണ്യാക് എന്ന മദ്യം ചിക്കാഗോയിലെ ആ ബാറിൽ നിന്നും കഴിച്ചതിനു ശേഷം പേരുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു അൾത്താരബാലനായിരുന്നു ഞാൻ. ഒരു കുരുവിയുണ്ടായിരുന്നു. അന്നത്തേതിനു ശേഷം കാക്കകളെപ്പോലും കുരുവിയെന്ന് വിളിക്കുന്ന ഒരു ശീലം എന്നിൽ മുളച്ചിരുന്നു. ആ എന്തായാലും ഒരു കുരുവിയുണ്ടായിരുന്നു. ആ കുരുവി വീട് പണിയുകയായിരുന്നു. ചുള്ളിക്കമ്പുകൾ  കുരുവി കൊണ്ട് വരുന്നു. വൈക്കോലിതളുകൾ കൊണ്ട് വരുന്നു. ഫ്ലെക്സിന്റെ മൂല പൊട്ടിയ വാക്ക്. കൊണ്ട് വരുന്നു.കുരുവി ഒരു ചുവന്ന വയർ കൊണ്ട് വരുന്നു. കുരുവി . കൂട് . മരം പി ഒ എന്ന വിലാസത്തിനു ജീവൻ വച്ച് തുടങ്ങുന്നു. ഒരു ദിവസം ഒരാഴ്ച്ച. ഒരു കൊല്ലം. ആ കൊറെക്കാലമെടുത്തു. കുരുവി കൂട് മരം മരം കൂട് കുരുവി. കുരുവീ കുരുവീ നിനക്ക് കുഞ്ഞുങ്ങളൊന്നുമില്ലേ എന്ന് ചോദിച്ചപാടേ അത് പറന്നേ പോയി.അതാ അത് മക്കളെയും കൂട്ടി പെരത്താമസത്തിനു വരുന്നു.  ആ അന്ന് തന്നെ. ടെണ്ടറുകാർ മരം വെട്ടിയിട്ട് ചൂടാറുന്നതിനു മുൻപേ. ഇത്രയും വേണ്ടായിരുന്നു. ഒരു ദിവസമൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു

ഇത് ആദ്യത്തെ സംഭവമൊന്നുമല്ല


ചൊവ്വാഴ്ച, ജനുവരി 02, 2007


റിഹേഴ്സല്‍


മഴ പെയ്യുമ്പോള്‍
കുടയിങ്ങനെ
പെയ്യാത്തപ്പോള്‍
അങ്ങനെ

ക്ലാസ്സിൽ
‍വാട്ടര്‍ ബോട്ടിൽ
‍വെക്കേണ്ട വിധം

ടിഫിന്‍ ബോക്സ്
ചായപ്പെന്‍സിലുകൾ
‍ബാഗിന്റെ പേരു

നെയിം സ്ലിപ്പുകള്‍
എല്ലാം ശരിയല്ലേ

അവന്‍ ഒത്തു നോക്കി

പുറത്തു മഴ പെയ്യുന്നുണ്ടെന്നു
എപ്പോഴും വിചാരിച്ചാല്‍
കുടയൊരിക്കലും
മറക്കുകയില്ല കുട്ടാ
അമ്മ പറയുന്നു

ഈ അമ്മയ്ക്കെന്തറിയാം

എല്ലാം ശരി തന്നെ
ഒരു നൂറു തവണയെങ്കിലും
പരിശീലനം നടത്തിക്കാണും
സ്ക്കൂളില്‍ പോകുമ്പോള്‍
കുട പിടിക്കുവാന്‍

ഒരിക്കലും
റിഹേഴ്സല്‍ നടത്തിയില്ല എങ്കിലും
എത്ര ക്യത്യമായി
ടാങ്കര്‍ ലോറി കയറി ചിതറിയത്
അവന്‍സാക്ഷാത്കരിച്ചിരിക്കുന്നു

കുട അവിടെ
ചോറ്റുപ്പാത്രം തുറന്നിവിടെ
വാട്ടര്‍ ബോട്ടില്
‍നെയിംസ്ലിപ്പുകള്‍

ചായപ്പെന്‍സിലുകള്‍
അവിടെ ഇവിടെ



^ 2004

തിങ്കളാഴ്‌ച, ജനുവരി 01, 2007


നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു

ഒരുമിച്ചു പഠിച്ചിട്ടുണ്ടോ
അതല്ലെങ്കില്‍ ഒരു ചടങ്ങ്
ഒരേ സീറ്റില്‍

ക്യൂ നിന്നു മടുത്തപ്പോഴാണോ

ഏതെങ്കിലും ബസ്സ്റ്റോപ്പില്‍
അതുമല്ലെങ്കില്‍

ടെലഫോണ്‍ ബുക്കില്‍ ഇല്ല
ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍
എപ്പോഴെങ്കിലും
ഉപകാരപ്പെട്ടേക്കുമെന്നവരുടെ
കൂട്ടത്തില്‍
അങ്ങനെയുമില്ല

നിങ്ങള്‍
ഇങ്ങനെത്തന്നെയായിരുന്നോ

എന്തെങ്കിലും കാര്യത്തിനു
നിങ്ങളുടെ പേരു ഉച്ചരിച്ചതായി
ഞാനോര്‍ക്കുന്നില്ല

സ്വപ്നത്തിലെ
ആളുകളെപ്പോലെയാണു നിങ്ങള്‍
കിണറ്റില്‍ വീണ ആള്‍
വണ്ടിയോടിച്ചിരുന്ന ആള്‍
കടലിനും മുന്‍പു എന്നെ തടഞ്ഞ ആള്‍
അങ്ങനെ

എനിക്കു
മറക്കാനാണ്
നിങ്ങളുടെ പേരു
ഉണ്ടായിരിക്കുന്നതു
എന്നാണു തോന്നുന്നതു

ഞാന്‍ മൂകനാണെന്നു
വിചാരിക്കുകയാണു
ഇനിയുള്ള ഒരു വഴി

നിങ്ങള്‍ ബധിരനാണെന്നു
വിചാരിക്കുന്നതു
മറ്റൊരു വഴി


^ 2003

ശനിയാഴ്‌ച, ഡിസംബർ 30, 2006


സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 22ct കവിത

എന്‍റെ പൊന്നേ
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോൾ മാത്രമാണു

നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു

വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു

ഒരു കാതില്‍
നീയൂഞ്ഞാലാടുമ്പോൾ
കാണാന്‍ കൌതുകമൊക്കെയുണ്ടു

ഒരു മുക്കുത്തിയായി, കൂര്‍ത്ത നോട്ടത്താല്‍
ഉറക്കം കെടുത്തിയിട്ടുമുണ്ട്
മുക്കു മുക്കുത്തികള്‍
പകരം നിന്നിട്ടുമുണ്ട്

എങ്കിലും പൊന്നേ
നീ പൊന്നാകുന്നതു
പണയത്തിലിരിക്കുമ്പോൾ തന്നെ

തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന
വിപ്ലവകാരിയെപ്പോലെ

അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കാരനാകുന്ന
പട്ടാളക്കാരനെപ്പോലെ

പണയത്തിലെ എന്‍റെ പൊന്നേ
എന്‍റെ പൊന്നേ എന്‍റെ പൊന്നേ


^ 2004

വെള്ളിയാഴ്‌ച, ഡിസംബർ 29, 2006


നിര്‍ബന്ധിക്കാഞ്ഞിട്ടല്ല


സങ്കടം വരുന്നു
പോകുന്നു

സന്തോഷം വരുന്നു
പോകുന്നു

പ്രേമം വരുന്നു
പോകുന്നു

കാമം വരുന്നു
പോകുന്നു

അത്ഭുതം
ആശ്ചര്യം
വെറുപ്പു
ഇഷ്ടം

വരുന്നു
പോകുന്നു

കുറെക്കൂടി
നില്‍ക്കണേയെന്നു
നിര്‍ബന്ധിക്കാഞ്ഞിട്ടല്ല

വരുന്നു
പോകുന്നു

^2004

വെള്ളിയാഴ്‌ച, ഡിസംബർ 22, 2006


ഇരട്ടകള്‍

ടി.പി.അനിൽകുമാറിനു

നമ്മുടെ സിരകളില്‍
ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ്
മദ്യമാണെന്നതൊഴിച്ചാല്‍
നീയും ഞാനും തമ്മിലെന്ത്

നിന്‍റെ കുഞ്ഞുങ്ങള്‍ എന്‍റേതല്ല
നിന്‍റെയവളെ ഞാന്‍
കൂട്ടുകാരീയെന്നു
വിളിക്കുമായിരിക്കും

നിന്‍റെയമ്മ
ഇല്ല, എന്‍റെ അമ്മയോളം വരില്ല

പിന്നെ നീ ഇടക്കിടെ കരയും
നിന്‍റെ കണ്ണീരിനു എന്തോരു ഉപ്പാ
എന്‍റെ കണ്ണീരിനു കടും മധുരമാ
ഒരു തുള്ളി തരില്ല

നീ വേണമെങ്കില്‍
പട്ടിണി കിടക്കു

ആര്‍ക്കു പോയി
നിന്‍റെ മറ്റവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും പോയി

പിന്നെ നീ ഇടക്കിടെ കവിത ചൊല്ലും
ഞാനും ചൊല്ലും
എല്ലാവരും ചൊല്ലും
ചൊല്ലെട്ടെടാ

ലോകാവസാനം വരെ
ഒറ്റക്കു തന്നെ
കരഞ്ഞു കാലുപിടിച്ചോളാമെന്നു
നീ ആര്‍ക്കെങ്കിലും
വാക്കു കൊടുത്തിട്ടുണ്ടോ

ഞാന്‍ കൊടുത്തിട്ടില്ല
കൊടുക്കകയുമില്ല എങ്കിലും
ഒരാള്‍ക്കൊഴിച്ച് എന്നു
ബ്രാക്കറ്റിലെങ്കിലും എഴുതാന്‍
കൈ തരിക്കുന്നതെന്തിനാ

അതു നിനക്കു അറിയുമായിരിക്കും

ആ വേണം
നീ എന്തെങ്കിലുമൊക്കെ അറിയണം

എന്നാലും
നമ്മളൊരുമിച്ചു ഒരിക്കലും
ആല്‍ത്തറയില്‍
ഇരിക്കുകയില്ല

എന്തിനു വെറുതെ
ആ ആല്‍മരം
കരിച്ചു കളയണം

നീ കണ്ടുവോ എന്നറിയില്ല
ഞാന്‍ വന്നു തുടങ്ങിയതു മുതല്‍
നിന്‍റെ കവിതയിലെ
മുരിങ്ങമരം ഉണങ്ങിതുടങ്ങിയിട്ടുണ്ട്

പിന്നെ നീ പെണ്ണായി
ജനിക്കാനൊന്നും പോണ്ട
നിന്നോളം വരില്ല
ഒരു പെണ്ണും

തെറി കേള്‍ക്കുമെന്നോ?
കേൾക്കട്ടെ
എന്‍റെ പെണ്ണുങ്ങളെല്ലാം
ആണുങ്ങളാണ്

നീ ഉള്ള ഒരിടത്തും
നീയില്ലാത്തപ്പോള്‍
ഞാന്‍ പോകില്ല

ഇരട്ടകളായി
പിറന്നതിന്‍റെ ശിക്ഷ ഇനി വയ്യ

നിന്‍റെയുമെന്‍റെയും
സിരകളില്‍ ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ് മദ്യമാണ്

പറഞ്ഞില്ലെന്നു വേണ്ട
ഞാന്‍ ബ്രാന്‍ഡ് മാറ്റുകയാണ്

^2006

ബുധനാഴ്‌ച, ഡിസംബർ 20, 2006


മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു


ഈ മരം വളര്‍ന്നു
വലുതാകും
അതില്‍ പഴങ്ങളുണ്ടാകും

കാക്കകള്‍ വരും
തേനീച്ചകള്‍ ഉറുമ്പുകൾ
പഴുതാര എല്ലാരുമെത്തും

കാറ്റ് വരും മഴ വരും
വെയില്‍ വരും

ഓരോരോ രീതിയില്‍
പഴത്തിന്‍റെ രുചിയറിയും

മരം പിന്നെയും വളരും

കൈയ്യെത്താത്ത ദൂരത്തില്‍
കൊമ്പുകൾ വളരുമ്പോൾ
കുട്ടികള്‍
അതിനെയുപേക്ഷിച്ചു പോകും

പിന്നെ കരാറുകാര്‍ വരും
മരം വെട്ടുകാരം

പിന്നെയാണ് ആശേരി

കാക്കയിരുന്ന
അതേ കൊമ്പില്‍
ഉളി കൊള്ളുമ്പോള്‍
കാക്കക്കരച്ചില്‍ പോലെ
ഒരൊച്ച കേള്‍ക്കും

ആ ഒച്ച് കേട്ടു
ശേഷിക്കുന്ന കുട്ടികള്‍
ഞെട്ടി പറന്നു പോകും

കാറ്റു പിടിച്ച
അതിന്‍റെ ചുമലില്‍
ആണി കയറുമ്പോള്‍
ഒരു തരം മൌനമായിരിക്കും

വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു

പള്ളിയില്‍ പോകുന്ന
ഒരാള്‍ പോലുമുണ്ടാകില്ല

പതുക്കെ
അതു വാതിലാകും
ഉള്ളില്‍ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളര്‍ന്നു
കട്ടിലായി കിടക്കും

ആ മരത്തിനു
താഴെ
ഞാനവളെ കാത്തിരിക്കുന്നു

^2006

ചൊവ്വാഴ്ച, ഡിസംബർ 05, 2006


അലക്കു


ഷർട്ടോ
ഷഡിയോ
ആയിരുന്നെങ്കില്‍
ആ മൂലയിലേക്കു
വലിച്ചെറിയാമായിരുന്നു

ഇതിപ്പോള്‍
ശരീരമാണു

കുളിമുറിയിലെ
സാധാരണ അലക്കു പോരാ

തീരെ മുഷിഞ്ഞ
തുണികള്‍
അലക്കുകാരനു
കൊടുക്കും പോലെ

പുഴക്കോ
കടലിനോ കൊടുക്കണം

തിരിച്ചു
തരുമായിരിക്കും

^ 2006

ഞായറാഴ്‌ച, ഡിസംബർ 03, 2006


കമറൂൾ നാട്ടിൽ പോകുന്നു

കമറൂൾ നാട്ടിൽ പോകുന്നു
അവനൊപ്പം
ഞങ്ങളെല്ലാവരും വീടുകളിലേക്ക് പോകുന്നു

കമറൂൾ പെങ്ങള്‍ക്ക്
ഒരു വള കൊണ്ട്പോകുന്നു
റഫീക്ക് ഒരു സ്വര്‍ണ്ണക്കടക്കു തന്നെവില പറയുന്നു

കമറൂൾ അമ്മയ്ക്ക്സാരി കൊണ്ടുപോകുന്നു
ദിവാകരന്‍ തുണിക്കട എവിടെയെന്നന്വേഷിക്കുന്നു

ചായയെടുക്കുമ്പോൾ
‍വേസ്റ്റ് ബാസ്ക്കറ്റുകള്‍ ഒഴിക്കുമ്പോൾ
പ്രിന്ററിൽ പുതിയ പേപ്പറുകൾ വയ്ക്കുമ്പോൾ

കമറൂൾ അവന്‍റെ മാത്രംമൂളിപ്പാട്ട് പാടുന്നു
ഞങ്ങളെല്ലാവരും
വളരെ സ്വകാര്യമായി ഉറക്കെ പാടുന്നു

ലിഫ്റ്റിറങ്ങുമ്പോള്‍ അവന്‍
4
3
2
1
എന്നെണ്ണി പഠിക്കുന്നു

ഞങ്ങളെല്ലാവരുംപൂജ്യത്തിലേക്ക് കുതിക്കുന്നു

ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നു പറഞ്ഞ കൂട്ടുകാരനോടും

എല്ലാവരോടും,എല്ലാവര്‍ക്കും

ഞങ്ങളുടെ കത്തുകളുമായി
കമറൂൾ നാട്ടിലേക്ക് പോകുന്നു

ഭൂമിയില്‍ ഇപ്പോള്‍ സമയമെന്തായിരിക്കും
എന്നു വിചാരിച്ച്ഞങ്ങള്‍ കൈ വീശുന്നു

^2004

ഞായറാഴ്‌ച, നവംബർ 26, 2006


ഇടം

ആ കിയോസ്ക്കിന്‍റെ പുറകില്‍
ഒരു ഈന്തപ്പനയുണ്ട്

ദിവസവും
എട്ടോ, ഒന്‍പതോ പ്രാവശ്യം
അതിനു ചുവട്ടില്‍ നിന്നാണു
സിഗരറ്റ് വലിക്കുക

പതുക്കെ പതുക്കെ
ആ ഇടം സ്വന്തമായിത്തീര്‍ന്നതു പോലെയായി

ഇന്നിപ്പോള്‍ ഒരു നേരത്തു
ചെല്ലുമ്പോൾ അതാ അവിടെ
സിഗരറ്റുമായി വേറൊരാള്‍

എന്തു പറയും അയാളോട്
ആ ഇടം എന്റേതാണെന്നോ ?

സിഗരറ്റുകുറ്റികള്‍
തൂപ്പുകാര്‍ കളഞ്ഞിരിക്കുന്നു
ഈന്തപ്പനയോലകള്‍
താഴോട്ട് നില്പ്പുണ്ട്
(ഇന്നാണ് അതു
ആദ്യമായി കാണുന്നത് )

എല്ലാം ആദ്യമായി കാണും പോലെ
എന്റേതായി എന്തുണ്ടു അവിടെ


^2005

ചൊവ്വാഴ്ച, നവംബർ 21, 2006


മൌലികത

പെയ്യുമ്പോൾ
‍ചാറ്റല്‍ മഴ ഗന്ധം പിടിക്കും
താന്‍ നനയിപ്പിക്കുന്ന മണ്ണിന്‍റെ

മണ്ണ് പറയും
പേമാരികള്‍
ഇടിമിന്നലുകൾ
‍പ്രളയം.......

നിന്‍റെ കുഞ്ഞുതുള്ളികള്‍
അതെല്ലാം
ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്നു

നീരാവിയാക്കി
അമ്മയുടെ അടുത്തേക്ക് തിരിച്ചയക്കാൻ
‍ചാറ്റല്‍മഴ സൂര്യനോട്
പ്രാര്‍ഥിക്കുകയാണ്

സ്വയം മറന്ന്

ഇതിനെല്ലാമിടയില്‍
മുളച്ച
പച്ചപ്പുകള്‍ കരിയുമോ?


^ 2005

ഞായറാഴ്‌ച, നവംബർ 19, 2006


കുട്ടി കാടു കീറി


കാടിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍
അടയാളപ്പെടുത്തുക കുട്ടീ

ആകാശത്തേക്ക് നടക്കുന്നതു മരം
ഓടി മറയുന്നതു മാന്‍
ഒഴുകുന്നതു മീന്‍

കുത്തിവരക്കല്ലേ
മുയലുകള്‍ ചത്തുപോകും
പുല്ലുകള്‍ക്കു പേടിയാവും
കിളികളുടെ കണ്ണു പോകും
ഓര്‍മ്മയുടെ ഉരുള്‍ പൊട്ടും

പതുക്കെ പതുക്കെ

സിംഹങ്ങള്‍ ഉണരും
പുലികള്‍ അലറും
കടുവകള്‍ ചാടും

ഞെട്ടല്‍ വേണ്ട
വെടി പൊട്ടിയതാണു
വേട്ടക്കാരനെ തെരയേണ്ട കുട്ടീ

പിടി കിട്ടാത്ത
പുള്ളിയാണു

കുട്ടി കാട് കീറി


ബുധനാഴ്‌ച, നവംബർ 15, 2006


പൂച്ച


ഷാര്‍ജയില്‍ ഒരു പൂച്ചയുണ്ട്

അവന്‍റെ കണ്ണില്‍ മൂന്നെലികളുണ്ട്

അവയെക്കൊണ്ട് വയ്യ

ഉറങ്ങുമ്പോള്‍ വരും
ഉണ്ണുമ്പോഴും വരും
എപ്പഴാ വരാത്തതെന്ന് ചോദിച്ചാൽ മതിയല്ലോ

അതിലൊന്നിന്‍റെ കണ്ണിലുണ്ട് തീയുരുട്ടിയെടുത്ത ഒരു ഗോളം
അതിലൊന്നിന്‍റെ പല്ലിനുണ്ട് ഹ്യദയവും തലച്ചോറും കരളാനുള്ള ഉറപ്പ്
അതിലൊന്നിന്‍റെ കാതിന് ആയിരം കാതങ്ങള്‍ പോലും ഒരകലമല്ല

എങ്ങനെ കൊല്ലും അവറ്റകളെ
പൂച്ചയെ എനിക്കിഷ്ടമാണല്ലോ?

അവന്‍റെ കണ്ണിലാണല്ലോ എലികൾ

വെള്ളിയാഴ്‌ച, നവംബർ 10, 2006


കൊള്ളികള്‍


തീപ്പെട്ടികൾക്കുള്ളിൽ
നാം പാര്‍ക്കുന്നു

എപ്പോള്‍
വേണമെങ്കിലും
തീ പിടിക്കാവുന്ന
തലകളുമായി

സിഗരറ്റ്
ദൈവം

ജീവിതത്തിന്‍റെ
ഒരൊറ്റ ആളല്‍

ബുധനാഴ്‌ച, നവംബർ 08, 2006


അബുദാബി


സന്ധ്യകള്‍
സന്ധ്യകള്‍ക്ക്
പ്രഭാതമുണ്ടെന്നു പഠിപ്പിച്ച നഗരമേ

നിന്‍റെ സന്ധ്യകളുടെ
സന്ധ്യകളില്‍
എത്രയോ തവണ
മറന്നു വച്ചു ഞാനെന്നെ

നീ ഒരു നഗരമേയല്ല

വിവർത്തനം ചെയ്യപ്പെട്ട
ഗ്രാമത്തിന്‍റെ
ആരും വായിക്കാത്ത ഒരേട്

പച്ച പിടിച്ച
ഇരുട്ടില്‍ ആദ്യം തുറന്നപ്പോൾ

മണ്ണെണ്ണ വിളക്കിന്റെ
വെളിച്ചത്തില്‍

സ്കൂള്‍ തുറക്കുന്നതിന്‍റെ തലേന്നു
പുതിയ പാഠപുസ്തകം
തുറന്നതിന്‍റെ ഗന്ധം


തിങ്കളാഴ്‌ച, നവംബർ 06, 2006


വിവര്‍ത്തനത്തിന് ഒരു വിഫലശ്രമം

കാക്ക

സ്വപ്നത്തില്‍ നാടിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
ഒരു കാക്ക വന്നു വിരുന്നു വിളിച്ചു
എണീറ്റ് നോക്കുമ്പോള്‍
അപ്പുറത്തെ ഫ്ലാറ്റിന്‍റെ ജനലില്‍
ഒരു പ്രാവു ഇരുന്നു ഉറങ്ങുന്നു

ഒന്നും മിണ്ടുന്നില്ല
വിരുന്നുകാരാ തിരിച്ചു പോകൂ
വിസയില്ലാതെ
എന്‍റെ സ്വപ്നത്തില്‍ കഴിയരുതേ

തെങ്ങുകള്‍

ഈന്തപ്പനകള്‍ചോദിച്ചു

തുറിച്ചു നോക്കുന്നതെന്തിന്
വിവര്‍ത്തന ശേഷമുള്ള

തെങ്ങുകളാണു ഞങ്ങൾ

മറന്നുവോ?