ഷാര്‍ജയില്‍ ഒരു പൂച്ചയുണ്ട്
അവന്‍റെ കണ്ണില്‍ മൂന്നെലികളുണ്ട്
അവയെക്കൊണ്ട് വയ്യ
ഉറങ്ങുമ്പോള്‍ വരും
ഉണ്ണുമ്പോഴും വരും
എപ്പഴാ വരാത്തതെന്ന് ചോദിച്ചാൽ മതിയല്ലോ
അതിലൊന്നിന്‍റെ കണ്ണിലുണ്ട് തീയുരുട്ടിയെടുത്ത ഒരു ഗോളം
അതിലൊന്നിന്‍റെ പല്ലിനുണ്ട് ഹ്യദയവും തലച്ചോറും കരളാനുള്ള ഉറപ്പ്
അതിലൊന്നിന്‍റെ കാതിന് ആയിരം കാതങ്ങള്‍ പോലും ഒരകലമല്ല
എങ്ങനെ കൊല്ലും അവറ്റകളെ
പൂച്ചയെ എനിക്കിഷ്ടമാണല്ലോ?
അവന്‍റെ കണ്ണിലാണല്ലോ എലികൾ