ഇന്ന് മഴ പെയ്തേക്കും
എന്നാരംഭിക്കുന്ന
ഒരു കവിത എഴുതണമെന്നുണ്ട്
ഇന്നല്ല
ഒരിക്കലും
ഇവിടെ മഴ പെയ്യില്ല
എന്നറിയാഞ്ഞിട്ടല്ല
മഴ പെയ്തേക്കും
എന്നാരംഭിക്കുന്ന എന്ന ഒരു കവിത
കാര്‍മേഘമായി ഉരുണ്ട് കൂടിയിട്ടുണ്ട്
ഏത് സമുദ്രത്തില്‍ നിന്നുള്ള
നീരാവിയാണ് അതിന്‍റെ ഇന്ധനം
ഇന്ന് ആ മഴ പെയ്തേക്കും
എന്നെഴുതി നിര്‍ത്തുകയേ
നിവൃത്തിയുള്ളൂ