ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2021


നിൽപ്പ്

 

വീട്ടിൽ ഒരു കറുത്ത പൂവനുണ്ട്

 

ഏകാന്ത പൌരോഹിത്യം പരിശീലിക്കുന്ന എന്നെ 

പരീക്ഷിക്കലാണ് ഇഷ്ടന്റെ സ്ഥിരം പരിപാടി

 

ഓരോ ദിവസവും കക്ഷി

ഓരോ പിടകളുമായി വരും


( എവിടന്ന് പൊട്ടിമുളക്കുന്നു എന്തോ )

 

ഞാൻ വിതറുന്ന തീറ്റ

അവർക്കും കൊടുക്കും


( ഉവ്വ് , അവന്റെ അപ്പൻ ഉണ്ടാക്കിയ മുതൽ ചിക്കി 

വിതറി കൊടുക്കും പോലെ )

 

ഇതാണെന്റെ എക്കാലയത്തെയും ഇണ എന്നാണ് 

അപ്പോഴത്തെ അവന്റെ അങ്കവാൽ

 

എനിക്ക് ചിരി വരും


 

ഇന്നലെകളിൽ ആട്ടിത്തെളിച്ച് കൊണ്ടു വന്ന 

പിടകളെവിടെയെന്ന് ഞാൻ ചോദിക്കും


 

ഒന്നും കേൾക്കാത്ത ഭാവത്തിൽ

അപ്പോ കക്ഷിയുടെ ഒരു നിൽപ്പുണ്ട്


 

കാണേണ്ടത് തന്നെയാണ്


 

നാളത്തെ പിടകളിലേക്കും

പിടച്ചിലുകളിലേക്കുമുള്ള

അവന്റെ നിൽപ്പ്


 

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2021


കടലാസ്പൂവ്


നീയെന്റെ ചിത്രം പകർത്തിയ നാൾ
ഉണ്ണുവാൻ വന്നു ഉണ്ണിപ്പൂമ്പാറ്റകൾ
തേനില്ലല്ലോ ഉണ്ണികളേയെന്ന് ഞാൻ പിടഞ്ഞു
കണ്ണീരൊന്നും പൊടിഞ്ഞില്ലയെങ്കിലും
നനവ് ചാറി
ഏതോ
മഴ പോലെ
photo by Vijjesh Marar @ kainadu - karitnthalakkootam

ഞായറാഴ്‌ച, ജൂലൈ 11, 2021


ചാരപ്പനും വെള്ളപ്പനും

 ചാരപ്പനും വെള്ളപ്പനും

👥
ഏകാന്തതയെ നേരിടാൻ
ഇക്കുറി വാങ്ങിയത്
കൌതുകം നെറ്റിയിൽ തൊട്ട രണ്ട് മുയലുകളെയാണ്

ഒറ്റപ്രസവത്തിലെ ആറു കുഞ്ഞുങ്ങൾ തന്നെയായിരുന്നു ഉന്നം

ഒന്നാണ് ഒന്ന് പെണ്ണ് എന്ന കണക്കിലാണു തീറ്റപ്രിയനായ അയാളെനിക്ക് മുയൽക്കുഞ്ഞുങ്ങളെ പിടിച്ച് തന്നത്

ഞാനവയ്ക്ക് മത്സരിച്ച് തീറ്റ കൊടുത്തു

കാലത്ത് കടല ഉച്ചയ്ക്ക് പുല്ല് വൈകുന്നേരം കാലിത്തീറ്റ രാത്രി മുതിര കുതിയർത്തിയത് മച്ചാനേ , അത് പോരേ അളിയാ എന്ന മട്ടിൽ

രണ്ടും മുട്ടനായി തന്നെ വളർന്നു
ആ വാക്ക് അറവും പറ്റി
നോക്കുമ്പോൾ രണ്ടും മുട്ടൻ മുയലുകൾ

ചാരപ്പനും വെള്ളപ്പനും

രണ്ടും കൂടി രാത്രികാലങ്ങളിൽ പരസ്പ്പരം പുറത്ത് കയറി കളിക്കുന്നതിന്റെയൊച്ച കേട്ട് ആറു കുഞ്ഞുങ്ങൾക്കും പേരിട്ട് ചിരിച്ചുറങ്ങിയ എന്നെത്തന്നെപ്പറയണം

ഒന്നുകിൽ ചാരപ്പനെ കൊന്ന് തിന്നണം
അല്ലെങ്കിൽ വെള്ളപ്പനെ കൊടുത്ത് മുയൽപിടയെ വാങ്ങണം

ഇത്ര കാലവും ഇയാളുടെ ഏകാന്തതയെ തുരത്താൻ കിണഞ്ഞ് പണിയെടുത്തതിനു ഞങ്ങൾക്കിത് തന്നെ കിട്ടണം എന്ന സങ്കടം
ചാരപ്പനും വെള്ളപ്പനും പാടുന്നത് കാറ്റ് മൂളിപ്പാട്ടായി ഏറ്റുപാടുന്നുണ്ടോയെന്ന സംശയം അടുത്ത് നിൽക്കുന്നു

👥
#ചാരപ്പനും വെള്ളപ്പനും


ശനിയാഴ്‌ച, ജൂൺ 05, 2021


അമ്പലപ്രാക്കൾ


പേഴ്സണൽ ഡോക്ടർ പറഞ്ഞതനുസരിച്ച്

ഏകാന്തതയെ നേരിടാൻ

രണ്ട് പ്രാക്കളെ വാങ്ങി

വെള്ളയിൽ ചോക്കലേറ്റ് കലർപ്പുള്ളത്

ഡോക്ടറുടെ ചിറകുള്ള പ്രിസ്കിപ്ഷൻ

പത്ത് മുപ്പത് ശതമാനം ഫലം പുറപ്പെടുവിച്ചു

എന്നാലാവും വിധം ഞാനവയെ ഓമനിച്ച് കൊണ്ടിരുന്നു

പോരാഞ്ഞിട്ടാവണം രണ്ടും ഒരു ദിവസം പറന്ന് പോയി

എപ്പോഴെങ്കിലും വരുമെന്നോർത്ത് ഞാനവയ്ക്ക് അരിമണികൾ വിതറിക്കൊണ്ടിരുന്നു

അവ കോഴികൾ വന്ന് കൊത്തി തിന്നു

ആകാശത്തിന്റെ ഒഴിഞ്ഞ ഇടങ്ങളിലും മൂലയിലുമൊക്കെ ഞാനിടയ്ക്കിടെ അവരെ തിരഞ്ഞു

മറ്റ് ചില ചിറകുകൾ തെറ്റിദ്ധരിപ്പിച്ചുവെന്നല്ലാതെ ഒന്നുമുണ്ടായില്ല. കോഴികൾ അവരുടെ അരിമണി തീറ്റ തുടർന്നു

 

ഒരു ദിവസം ഞാനമ്പലനടയിൽ ചായ കുടിക്കുകയായിരുന്നു . കത്തിച്ച സിഗരറ്റിന്റെ പുകയിലൂടെ ആകാശത്തിന്റെ ഇടവഴിലൂടെ നടന്നു .  അമ്പലത്തിന്റെ താഴികക്കുടത്തിനു താഴെ ഞാനെന്റെ  ചോക്കലേറ്റ് കലർന്ന പ്രാക്കളെ കണ്ടു . അവയെന്റേതാണു അവയെന്റേതാണു. ആത്മഗതത്തിനു ചിറകുകൾ വച്ചു. അത് പറന്ന് ചെന്ന് ചോക്കലേറ്റ് പ്രാക്കളെ തൊട്ടു . അവർ പറന്ന് പോയി .

 

എനിക്ക് അമ്പലത്തിൽ കയറാൻ അനുവാദമില്ല . എന്നാലും താഴികക്കുടങ്ങൾക്ക് താഴെ ഞാൻ വളർത്തിയ ചോക്കലേറ്റ് ചിറകുള്ള പ്രാക്കൾ കുറുകിയിരുപ്പുണ്ട്

 

അവർ ആകാശത്തെഴുതുന്ന അമ്പലങ്ങളിലെല്ലാം ഞാനും കയറിയിരിപ്പുണ്ട്

 

.

 

പോയട്രി മാഫിയ,2021, ജൂൺ


ഞായറാഴ്‌ച, മേയ് 23, 2021


പുഴു

ബൈരവനൊരു തമിഴ് ലോറീഡ്രൈവൻ

കൊമ്പൻ ; ഇടയ്ക്ക് നാട്ടിലെത്തും

കള്ളിമുണ്ടും കത്തിയുമായ് കറങ്ങും 

പേപ്പായെന്ന് വിളിച്ച് പിന്നാലെ കുഞ്ഞുങ്ങളും 


നന്നേ നരച്ച കോവിഡ് കാലത്ത്

നയാപൈസയില്ലാതെ ബൈരവൻ 

പതിവ് പോലെ പേപ്പാ വിളികൾ 

ബൈരവൻ തപ്പീ, കിട്ടീ 12 രൂപാ


കുഞ്ഞന്മാരിലൊന്നുമായ് ടൌണിലേക്ക് നടപ്പാണു

കയ്യിൽ തൂങ്ങിയവൾക്ക് വേണ്ടത് മൂന്ന് പുഴുക്കൾ 


ഒന്നവൾക്ക്

ഒന്നനുജത്തിയ്ക്ക്

ഒന്നയൽക്കുട്ടിയ്ക്ക്


മഞ്ഞ

പച്ച

ചോപ്പ്


കടയിലെ ചേച്ചിയവളെ 

കണ്ണ് 

കൊണ്ട് 

കളിയാക്കി


ലവൾ ചിരിച്ചു

10 രൂപ നീട്ടി

ചേച്ചിയവൾ നാലു തിരിച്ചു കൊടുത്തു

മനസ്സില്ലാ മനസ്സോടവൾ ഒരെണ്ണം തിരിച്ച് നൽകി

രണ്ട് രൂപാ മടക്കം വാങ്ങി

ചുണ്ടിൽ ചമ്മിയ ചിരിയൊതുക്കി


തീപ്പെട്ടിയ്ക്കും ബീഡിയ്ക്കും 

തികയാത്ത ചിരിയൊന്നുമായ്

മറ്റൊരു പുഴു പുറത്തുണ്ട് 


ഞങ്ങളെല്ലാംകൂടീയൊറ്റയ്ക്കൊരുചിരിചിരിച്ചു

.❤

ട്രൂകോപ്പിയിൽ കേൾക്കാം

പുഴു

*ഞങ്ങളുടെ നാട്ടിൽ പെൺകുഞ്ഞുങ്ങൾ തലയിലിടുന്ന ബാൻഡിനെ പുഴു എന്ന് വിളിക്കും

ശനിയാഴ്‌ച, ഫെബ്രുവരി 27, 2021


അമലാ നഗർ

😇
പ്രേമപ്പനിച്ചൂടിൽ നഗരം
മൂടിപ്പുതച്ചുറങ്ങിയതിൻ്റെ പിറ്റേന്ന്
അമലാ നഗർ വിളിച്ചുണർത്തുന്നു


ഓട്ടോകൾ യാത്രികരെ
ലോട്ടറിക്കാർ ഭാഗ്യവാന്മാരെ
ചാപ്പൽ വിശ്വാസിയെ
എ ടി എമ്മുകൾ പൈസക്കാരെ
മീനുകൾ വിശപ്പുകളെ


അമലാ സൂപ്പർ മാർക്കറ്റിൽ
ഒരു കന്യാസ്ത്രീ


അവർ ബാസ്ക്കറ്റിൽ എടുത്തു കൂട്ടുന്നു
ജീവിതക്കൂട്ടുകൾ
കയ്യിൽ തടഞ്ഞ കൺമഷി
കണ്ണീരിലലിയുന്നു
ചോന്ന ക്യൂട്ടെക്ക്സായി
ഉള്ളിൽ ചോര പൂക്കുന്നു


എന്തൊക്കെ എടുക്കാമായിരുന്നിട്ടും
മെഴുതിരി മാത്രം വാങ്ങിച്ചൊരാൾ
മരിച്ചു നിൽക്കുന്നു


എത്ര മാത്രം മരിച്ചുവെന്ന്
ബാസ്ക്കറ്റ് നിറയെ കാണിച്ചു തന്ന പെങ്ങൾക്ക്
അമലയെന്ന പേരു നല്കുന്നു




😇
#അമലാ നഗർ
#കുഴൂർ വിത്സൺ
May be an image of candle, fire and text

Like
Comment
Share