ഞായറാഴ്‌ച, നവംബർ 11, 2007


മുറിച്ച് കടക്കല്‍

റോഡ് മുറിച്ച് കടക്കുകയായിരുന്നു

മറ്റെന്തും മുറിക്കുന്നത് പോലെയല്ല
ഒരു ട്രെയിലര്‍
പല കഷണങ്ങളായിവീതം വയ്ക്കുകയോ
ഹമ്മര്‍
ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കുകയോ
ഒരു പാട്ട വണ്ടി
കാലോ കയ്യോ എടുത്ത് കൊണ്ട്
പോവുകയോ ചെയ്യാം

വാഹനാപകടത്തില്‍ മരിയ്ക്കണമെങ്കില്‍
ഇഷ്ട്ടമുള്ള ചുവന്ന ലാന്‍സര്‍കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ്

റോഡിനപ്പുറം ഒരു വേപ്പ് മരമുണ്ട്
അതില്‍ കരിംപച്ച ഇലകള്‍ കാണുന്നുണ്ട്
ഇല്ല, കയ്പ്പ് കാണുന്നില്ല
കാണുമായിരിക്കും

റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്
എന്നിട്ട്
അക്കരെ ആ പച്ചയ്ക്ക്
കീഴെ അല്‍പ്പം നില്‍ക്കേണ്ടതുണ്ട്
ആ കിളികള്‍ ഓടിപ്പോകേണ്ടതുണ്ട്
(അങ്ങനെ പറക്കണ്ട)
പോയ പോലെ തന്നെ തിരിച്ച് വരേണ്ടതുണ്ടു

എന്നിട്ടോ, മുറിച്ച് കടന്നത് റോഡല്ലേ
അതിന്റെ ഒരു ഇത് ഇല്ലാതിരിക്കുമോ ?


റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍
ഒരു ട്രെയിലര്‍വന്നു
അതിന്റെ ഡ്രൈവര്‍ഒരു തമിഴനായിരുന്നു

ഹമ്മര്‍വന്നു
അതില്‍ഒരച്ഛനും അയാളുടെ കൂട്ടുകാരനും
അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു

ആ കുഞ്ഞു ഉറക്കെ പാട്ട് പാടുകയായിരുന്നു
കൂട്ടുകാരന്‍ അയാളുടെ കൂട്ടുകാരിയെ
ഓര്‍ത്തിരിക്കുകയായിരുന്നു

പാട്ട വണ്ടിയും വന്നും
അതില്‍അടുത്ത നൂറ്റാണ്ടിലേക്ക് കരുതി വച്ച
വീഞ്ഞ് കുപ്പികളായിരുന്നു

എന്നിട്ടോ
ട്രെയിലര്‍പല കഷണങ്ങളാക്കി വീതം വച്ചു
ഹമ്മര്‍ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കി
പാട്ട വണ്ടി
രണ്ട് കയ്യും, ഒരു കാലും
രണ്ട് കാതുകളും എടുത്ത് കൊണ്ട് പോയി

ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?