വ്യാഴാഴ്‌ച, മാർച്ച് 29, 2018


കുന്നിൻമുകളിലെ ചെമ്പകമരം























കുന്നിൻമുകളിലെ ചെമ്പകമരം

# # #

കുന്നിന്മുകളിൽ ഒരു ചെമ്പകമരം

ഞാനതിനെ പറ്റിക്കൂടി

അടുക്കേണ്ട പൊന്നേ
കുന്നിറങ്ങുമ്പോൾ സങ്കടമാവും
അതു പറഞ്ഞു

നിനക്ക് പകരം
ഞാനിവിടെ പൂത്ത് നിൽക്കുമെന്നും
എനിക്ക് പകരം നീ
കുന്നിറങ്ങുമെന്നും
ഞങ്ങളങ്ങനെ ഉടമ്പടിയുണ്ടാക്കി

ഞാനിപ്പോൾ പൂത്തുനിൽക്കുകയാണു
കുന്നിൻ മുകളിൽ

മഴ ചാറുന്നുണ്ട്

ഞാനായി കുന്നിറങ്ങിയ
ആ ചെമ്പകമരം
ഇപ്പോഴെവിടെ

# # #

ബസ് കാത്തു നിൽക്കുന്ന ചെമ്പകമരം
സിഗരറ്റ് വലിക്കുന്ന ചെമ്പകമരം
എന്തോ ഓർക്കുന്ന ചെമ്പകമരം
ഷെൽവിയെ വായിക്കുന്ന ചെമ്പകമരം
പൊട്ടിച്ചിരിക്കുന്ന ചെമ്പകമരം
മിണ്ടാതിരിക്കുന്ന ചെമ്പകമരം
ഒച്ചയിൽ കുളിക്കുന്ന ചെമ്പകമരം
മെഴുതിരി കത്തിക്കുന്ന ചെമ്പകമരം
മരിച്ചവരുടെ കൂടെ സെൽഫിയെടുക്കുന്ന ചെമ്പകമരം
നെടുവീർപ്പിടുന്ന ചെമ്പകമരം
നാട് വിടാനൊരുങ്ങുന്ന ചെമ്പകമരം
ചായ തിളപ്പിക്കുന്ന ചെമ്പകമരം

# # #

കുന്നിന്മുകളിൽ ഞങ്ങൾ ഒറ്റയ്ക്കായി 

# # #

Poetry by Kuzhur Wilson, Painting by Boban Vijay