തിങ്കളാഴ്‌ച, ജനുവരി 25, 2010


രണ്ട് മരങ്ങള്‍


കറിവേപ്പ്കഴിഞ്ഞ
6 വര്‍ഷമായി
പുറത്തെങ്ങും
കണ്ണ് നിറഞ്ഞ്
ഒരു കറിവേപ്പ്
കാണാത്തത് കൊണ്ടാകണം
എന്നുമെന്നും
ഉള്ളിന്റെയുള്ളില്‍
ഒരു കറിവേപ്പ്
നട്ട് നനച്ചത്

ഓരോ ദിവസവും
അതങ്ങനെ
പച്ചച്ച് പച്ചച്ച്
തഴയ്ക്കും

അടുത്തവരെന്നില്ല
അന്യരെന്നില്ല
കാണുന്നവരൊക്കെ
കൊണ്ട് പോകും

കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാന്


കറിമണം
പരക്കുമ്പോള്‍
കുട്ടികള്‍ക്കൊപ്പം
എല്ലാ വീടുകളും
അത്യാഹ്ലാദം പടര്‍ത്തി
അപരിചിതമാകും

എന്റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ

എന്റെ മക്കള്‍ കരയരുത്ആര്യവേപ്പ്കഴിഞ്ഞ
6 വര്‍ഷമായി
ഉള്ള് നിറയെ
കണ്ടിട്ടുള്ളത്
നിരന്ന് നിരന്നങ്ങനെ
നില്‍ക്കുന്ന
ആര്യവേപ്പുകളെയാണ്

തക്കം കിട്ടുമ്പോഴൊക്കെ
അതിന്റെ നിഴലില് പതുങ്ങും
ആരും കണ്ടില്ലെങ്കില്
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം

എത്ര പേര്‍ വന്നു
എത്ര പേര്‍ പോയി
നരച്ചയിലകളുടെ
നിസംഗത
കാണുമ്പോള്‍
സങ്കടം വരും

വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ* ആര്യവേപ്പാണ് ഗള്‍ഫിലെ വഴിയോരങ്ങളില്‍ കാണുന്നത്. കറിവേപ്പില ഇറക്കുമതിയുമാണ്