ശനിയാഴ്‌ച, ജൂലൈ 21, 2018


പെൺസിംഹം

അമ്മ
പോയതിനു ശേഷമുള്ള
എല്ലാ മഴക്കാലങ്ങളിലും
ആവർത്തിച്ച്
ആവർത്തിച്ച്
പ്രദർശിക്കപ്പെടുന്ന
ഒരു സ്വപ്നമുണ്ട്

അതിലെ മരങ്ങൾ
പരിചിതരെങ്കിലും
കാടോർമ്മിച്ചെടുക്കുന്നതിൽ
തോറ്റു പോവുന്നു

മരങ്ങളുടെ
മുഖച്ഛായ വച്ച്
കാടിന്റെ
പേരോർത്തെടുക്കുന്ന
ആപ്ലിക്കേഷനൊരെണ്ണമുണ്ടാക്കാൻ
ജേബിനോട് Jeybin George
പറയണം

കുടകിലേക്ക്
പോകുമ്പോൾ
വഴി തെറ്റി
കയറിയ
കാടെന്ന്
തൽക്കാലം
പറയട്ടെ

പി.രാമന്റെ Raman Pallissery
നിശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്
എന്ന കവിതയിലെ
ആ ചെമ്മണുപാത

ഇരുവശവും
മരങ്ങൾ
പുറകോട്ടോടുന്ന
മരങ്ങൾജീവിതത്തിൽ എന്ന
എന്റെ തന്നെ കവിതയിൽ
ചേരുന്ന ഒരിടം

ഇതു വരെയും
ഒരു കവിതയിലും
കാണാതിരുന്ന
അത്രയ്ക്ക്
നിശബ്ദതയുള്ള
കാട്

ആ കാട്ടിൽ
മണ്ണ്കൊണ്ട്
ചുട്ടെടുത്ത
ഗുഹ

ഗുഹയ്ക്കുള്ളിൽ
ഇളംചൂടെരിയുന്ന നെരിപ്പോട്

അത്രയ്ക്ക്
വശ്യമാം
ഒരു തരം
പച്ചില
പുകയുന്നതിൻ മണം

ആ ഗുഹയ്ക്കുള്ളിൽ
ഒരു പെൺസിംഹം

അതിന്റെ വയറ്റിൽ
അമ്മയുടെ
ചൂടോർത്ത്
പറ്റിക്കൂടിയുറങ്ങുന്ന
ഒരു പൂച്ചക്കുഞ്ഞ്

(തുടരും)



# തോറ്റവർക്കുള്ള പാട്ടുകുർബ്ബാന
# കണ്ടം കുളം ക്രോസ് റോഡ് പോയട്രി
# കാലിക്കറ്റ് ഡേയ്സ്

ശനിയാഴ്‌ച, ജൂലൈ 07, 2018


പുസ്തകം പതിമൂന്ന് : ഇന്ന് ഞാന്‍ നാളെനീയാന്റപ്പന്‍





Typography & Design : Nipin Narayanan 


ഈ ബ്ലോഗിന്റെ കൂട്ടുകാരേ,

ഈയിടം പതിമൂന്നാം   വര്‍ഷത്തിലേക്ക് കടക്കുകയാണു.

പതിമൂന്നാമത്തെ പുസ്തകത്തിന്റെ മുഖചിത്രം പങ്ക് വച്ച് കൊണ്ട് ഞാനീ സന്തോഷം നിങ്ങളുമായി പങ്ക് വയ്ക്കുന്നു.  2012 ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കുഴൂര്‍ വിത്സന്റെ കവിതകള്‍ക്ക് ശേഷം എഴുതിയ കവിതകളാണു ഇന്ന് ഞാന്‍ നാളെനീയാന്റപ്പനില്‍. ( 2012 - 2015 )


രണ്ട് പേര്‍ ലോകമുണ്ടാക്കി കളിക്കുന്ന പതിനൊന്നര മണി


എന്റെ കവിത വസന്തത്തോട് അതിന്റെ പേരു ചോദിച്ചു


ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം 


ചിത്രകാരീ, നിന്റെയൊരാട്ടിൻ കുട്ടി



എന്നിങ്ങനെ  മുപ്പത്തി അഞ്ച് കവിതകളാണു പുസ്തകത്തില്‍. 
ലോഗോസ് ബുക്സ്  ആണു പ്രസാധകര്‍.
കവി ഹരിശങ്കരനശോകന്റെ അവതാരിക, കെ വി മധു ഞാനുമായി മംഗളം ദിനപത്രത്തില്‍ നടത്തിയ വര്‍ത്തമാനം  എന്നിവയും ഇന്ന് ഞാന്‍ നാളെ നീയാന്റപ്പനിലുണ്ട്.  കന്നിയുടേതാണു ഉള്‍ച്ചിത്രങ്ങള്‍. ജോസ് മാര്‍ട്ടിന്റെ ഒരു ഇന്‍സ്റ്റലേഷന്‍ കാണാന്‍ പോയപ്പോള്‍ എടുത്ത പടമാണു പുസ്തകത്തിന്റെ കവറില്‍

ഈ വര്‍ഷങ്ങളത്രയും പല തരത്തില്‍ കൂടെയുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ നിരത്തുക എളുപ്പമല്ല. അത്രയ്ക്ക് പരിചിതമില്ലാത്ത ഇടങ്ങളെ എനിക്ക് ഈ ഇടം തന്നിട്ടുണ്ട് . അത്രയ്ക്ക് ആളുകളെ എനിക്ക് ഇ കവിത തന്നിട്ടുണ്ട്.  എല്ലാവര്‍ക്കും നന്ദി.

ഈ ബ്ലോഗിന്റെ പതിമൂന്നാം  പിറന്നാളിന്റെ അന്ന്, അവതരിപ്പിക്കപ്പെടുന്ന, എന്റെ പതിമൂന്നാമത്തെ  പുസ്തകത്തിനു, ഇന്ന് ഞാന്‍ നാളെനീയാന്റപ്പനു സര്‍വ്വ പിന്തുണയും പ്രതീക്ഷിക്കുന്നു

സ്നേഹം

കുഴൂര്‍ വിത്സണ്‍
13/ 08/2018







വെള്ളിയാഴ്‌ച, ജൂലൈ 06, 2018


മറ്റ് കവികള്‍ക്ക്
പ്രവേശനമില്ലാത്ത
കവിതയാണിത്

ആരും കയറാത്ത
കാടിനെക്കുറിച്ച്
താങ്കള്‍ പറഞ്ഞതൊക്കെ
ഈ കവിതയ്ക്കും
ബാധകമാണു

കവിതയുടെ
മ്യൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍
ഉണ്ടാക്കുന്ന
കവിതാഫാക്ടറിയെപ്പറ്റിയാണു
നാം
പറഞ്ഞ് വന്നത് 

അപ്പോഴാണു
താങ്കള്‍
നെരൂദാ നെരൂദാ
എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചത്

നെരൂദയെ
വെട്ടാന്‍
ഒരൊറ്റ
വഴിയേ ഉള്ളൂ

നെരൂദ
എന്നെഴുതുക

വാക്കത്തിയെടുത്ത്
ഒറ്റവെട്ട്
രണ്ട് മുറി

ഇപ്പോള്‍
രണ്ട് മുറികളിലുള്ള
രണ്ട് നെരൂദമാരെ കണ്ട്
നിങ്ങള്‍
ഞെട്ടുന്നത് കണ്ട്
എനിക്ക് ചിരി വരുന്നുണ്ട്


തോറ്റവരുടെ പാട്ടുകുർബ്ബാന - 8
# Kandam Kulam Cross road Poems # calicut days # kuzhur # blog poetry# Kuzhur wilson@google #


കുത്തി

വലതു കണ്ണിനു
താഴെയുള്ള
കറുത്ത പാടിനെക്കുറിച്ചുള്ള
കവിത പറയുമോ സര്‍ ,

അഭിമുഖത്തിനു വന്ന
പെണ്‍കുട്ടിചോദിച്ചു

അതോ,
ഒരു കാറു കുത്തിയതാ

ങെ,
കാറോ ?
കുത്തിയോ ?

ആഹാ
വേല കൊള്ളാമല്ലോ ?

കഥയില്‍ ചോദ്യമില്ലല്ലോ
എന്നാല്‍
കവിതയുലുമില്ല

കുത്തി
അത്ര തന്നെ

അഭിമന്യുവിനെ
കുത്തിയതു പോലെ



തോറ്റവരുടെ പാട്ടുകുർബ്ബാന - 6

# Kandam Kulam Cross road Poems # calicut days # kuzhur # blog poetry
നമ്മുടെ ഗൂഗിള്‍ യൌവ്വനം ,ബ്ലോഗ് കവിതയുടെ 12 വര്‍ഷങ്ങ ള്‍ 
VISHAKHAM.BLOG

ബുധനാഴ്‌ച, ജൂലൈ 04, 2018


തൂപ്പുകാരി / തോറ്റവരുടെ പാട്ടുകുര്‍ബ്ബാന - അഞ്ച്


ഇലകളുടെ
ഭാഷ പഠിപ്പിക്കുന്ന
സ്കൂളിൽ ചെന്നപ്പോൾ
അവിടത്തെ
തൂപ്പുകാരി
പറഞ്ഞു

സർ,
ഞാനിവിടെ
പഠിക്കാനും
തുടർന്ന്
പഠിപ്പിക്കാനും
ചേർന്നതാണ്

അടർന്നു വീണ
ഇലകളെ
കൊഴിഞ്ഞു വീണ
ഇലകളെ
അടിച്ചു വാരലായിരുന്നു
എന്റെ
ആദ്യത്തെ
അസൈൻമെന്റ്

ഇലകളിൽ
ഗവേഷണം
കഴിഞ്ഞാൽ
ഇലകളുടെ
അമ്മ വീട്ടിലേക്ക്
സാറിനേപ്പോലെ
കാട്ടിലേക്ക്
പോകണം
എന്നു തന്നെയായിരുന്നു
എനിക്കും

ആരുമില്ലാത്ത
കരിയിലകളുടെ സങ്കടം
എന്നെ
തൂപ്പുകാരിയാക്കിയെന്ന്
പറഞ്ഞാൽ
മതിയല്ലോ


ഞാനും
കാട്ടിലേക്കുള്ള
വഴി
മറന്നു


-
തുടരും


# Kandam Kulam Cross road Poems # calicut days # kuzhur # blog poetry

ചൊവ്വാഴ്ച, ജൂലൈ 03, 2018


തോറാന

തോറ്റവരുടെ പാട്ടുകുർബ്ബാന - ഭാഗം നാല് 


തോറാനയ്ക്ക് 
ആറാനകൾ
ഒഴുകിപ്പോവുമെന്ന്,
അത്രയ്ക്ക് ഊക്കായിരിക്കും
അന്നത്തെ മഴക്കെന്ന്
അത്രയ്ക്ക് ഒഴുക്കായിരിക്കും
അന്നത്തെ വെള്ളത്തിനെന്ന്
അമ്മ
പറഞ്ഞ് കേട്ടിട്ടുണ്ട്

ഇയ്യല്ലേ എന്റെ പള്ളീയെന്ന
ഒ.പി.സുരേഷിന്റെ വരികൾ
വായിച്ചത് മുതൽ
പള്ളി മറന്ന ഞാൻ
കണ്ടംകുളം ക്രോസ് റോഡിൽ
പള്ളി തിരഞ്ഞു

നല്ല മഴ

പെയ്യട്ടെ
ആറാനകൾക്ക് ഒഴുകാനുള്ളതാണ്

പൊടുന്നനെ
ആറാട്ടുപുഴ ഓർമ്മയിൽ ഒഴുകി
അതിന്റെ തീരത്ത്
വെയിൽ കാഞ്ഞ
ആറാനകൾ
ഇടിമിന്നലേറ്റ് മരിച്ച
കാഴ്ച്ച കണ്ടു

ഞാനുള്ളു കൊണ്ട്
പള്ളിയിൽ പോയി

നേരം തെറ്റിയ നേരത്ത്
ആ വലിയ പള്ളിക്കുള്ളിൽ
ഒത്ത നടുക്ക്
മുട്ടുകുത്തി

കുത്തേറ്റ് മരിച്ച
ഒരാൾ


പന്ത്രണ്ട് പേരിൽ ഒരാൾ

ആ തോമ
വടിയും കുത്തി
എന്റെ
മുൻപിൽ നിന്നു

എന്താണ് സങ്കടം

അയാൾ
നെറ്റിയിൽ തൊട്ടു

ഒന്നുമില്ല
ഞാൻ പറഞ്ഞു

അങ്ങ്
കുത്തേറ്റ്
മരിച്ച
ദിവസമാണിന്ന്
പഠിപ്പും
പത്രാസുമുള്ളവർ
ദുഖ്: റാന എന്നു പറയും

ഒന്നുമില്ല

ഞാൻ പറഞ്ഞു

ആറ് ആനകൾ ഇല്ല
അതിനൊഴുകാൻ
ആറുകളില്ല
ആറുകളെ ഒഴുക്കാൻ
മഴയില്ല

എങ്ങനെ ഒഴുകാനാണ്

എന്നിട്ടും
ഒറ്റയ്ക്ക് മുട്ടുകുത്തി
ഞാനെന്റെ
തോറ്റവരുടെ
പാട്ടുകുർബ്ബാന
ചൊല്ലാൻ തുടങ്ങി


തോറാന
തോറാന
തോറാന

പച്ചപ്പത്മവ്യൂഹത്തിനിടയിൽ
പെട്ടു പോയ
അഭിമന്യുവാണ്
ഞാനെന്ന്
പാടാൻ
വിട്ടു പോയി

ക്വയറിലെ
കോറസ്സിന്റെയലർച്ചയിൽ
അത് മുങ്ങിപ്പോയി

തോറാന
തോറാന
തോറാന

(തുടരും)




# കണ്ടംകുളം ക്രോസ്റോഡ് പോയട്രി # കാലിക്കറ്റ് ഡേയ്‌സ് # ജൂലായ് മൂന്ന് # ദുഖ്റാന # തോറാന