ചൊവ്വാഴ്ച, ജൂലൈ 03, 2018


തോറാന

തോറ്റവരുടെ പാട്ടുകുർബ്ബാന - ഭാഗം നാല് 


തോറാനയ്ക്ക് 
ആറാനകൾ
ഒഴുകിപ്പോവുമെന്ന്,
അത്രയ്ക്ക് ഊക്കായിരിക്കും
അന്നത്തെ മഴക്കെന്ന്
അത്രയ്ക്ക് ഒഴുക്കായിരിക്കും
അന്നത്തെ വെള്ളത്തിനെന്ന്
അമ്മ
പറഞ്ഞ് കേട്ടിട്ടുണ്ട്

ഇയ്യല്ലേ എന്റെ പള്ളീയെന്ന
ഒ.പി.സുരേഷിന്റെ വരികൾ
വായിച്ചത് മുതൽ
പള്ളി മറന്ന ഞാൻ
കണ്ടംകുളം ക്രോസ് റോഡിൽ
പള്ളി തിരഞ്ഞു

നല്ല മഴ

പെയ്യട്ടെ
ആറാനകൾക്ക് ഒഴുകാനുള്ളതാണ്

പൊടുന്നനെ
ആറാട്ടുപുഴ ഓർമ്മയിൽ ഒഴുകി
അതിന്റെ തീരത്ത്
വെയിൽ കാഞ്ഞ
ആറാനകൾ
ഇടിമിന്നലേറ്റ് മരിച്ച
കാഴ്ച്ച കണ്ടു

ഞാനുള്ളു കൊണ്ട്
പള്ളിയിൽ പോയി

നേരം തെറ്റിയ നേരത്ത്
ആ വലിയ പള്ളിക്കുള്ളിൽ
ഒത്ത നടുക്ക്
മുട്ടുകുത്തി

കുത്തേറ്റ് മരിച്ച
ഒരാൾ


പന്ത്രണ്ട് പേരിൽ ഒരാൾ

ആ തോമ
വടിയും കുത്തി
എന്റെ
മുൻപിൽ നിന്നു

എന്താണ് സങ്കടം

അയാൾ
നെറ്റിയിൽ തൊട്ടു

ഒന്നുമില്ല
ഞാൻ പറഞ്ഞു

അങ്ങ്
കുത്തേറ്റ്
മരിച്ച
ദിവസമാണിന്ന്
പഠിപ്പും
പത്രാസുമുള്ളവർ
ദുഖ്: റാന എന്നു പറയും

ഒന്നുമില്ല

ഞാൻ പറഞ്ഞു

ആറ് ആനകൾ ഇല്ല
അതിനൊഴുകാൻ
ആറുകളില്ല
ആറുകളെ ഒഴുക്കാൻ
മഴയില്ല

എങ്ങനെ ഒഴുകാനാണ്

എന്നിട്ടും
ഒറ്റയ്ക്ക് മുട്ടുകുത്തി
ഞാനെന്റെ
തോറ്റവരുടെ
പാട്ടുകുർബ്ബാന
ചൊല്ലാൻ തുടങ്ങി


തോറാന
തോറാന
തോറാന

പച്ചപ്പത്മവ്യൂഹത്തിനിടയിൽ
പെട്ടു പോയ
അഭിമന്യുവാണ്
ഞാനെന്ന്
പാടാൻ
വിട്ടു പോയി

ക്വയറിലെ
കോറസ്സിന്റെയലർച്ചയിൽ
അത് മുങ്ങിപ്പോയി

തോറാന
തോറാന
തോറാന

(തുടരും)




# കണ്ടംകുളം ക്രോസ്റോഡ് പോയട്രി # കാലിക്കറ്റ് ഡേയ്‌സ് # ജൂലായ് മൂന്ന് # ദുഖ്റാന # തോറാന

അഭിപ്രായങ്ങളൊന്നുമില്ല: