ശനിയാഴ്‌ച, ജൂലൈ 21, 2018


പെൺസിംഹം

അമ്മ
പോയതിനു ശേഷമുള്ള
എല്ലാ മഴക്കാലങ്ങളിലും
ആവർത്തിച്ച്
ആവർത്തിച്ച്
പ്രദർശിക്കപ്പെടുന്ന
ഒരു സ്വപ്നമുണ്ട്

അതിലെ മരങ്ങൾ
പരിചിതരെങ്കിലും
കാടോർമ്മിച്ചെടുക്കുന്നതിൽ
തോറ്റു പോവുന്നു

മരങ്ങളുടെ
മുഖച്ഛായ വച്ച്
കാടിന്റെ
പേരോർത്തെടുക്കുന്ന
ആപ്ലിക്കേഷനൊരെണ്ണമുണ്ടാക്കാൻ
ജേബിനോട് Jeybin George
പറയണം

കുടകിലേക്ക്
പോകുമ്പോൾ
വഴി തെറ്റി
കയറിയ
കാടെന്ന്
തൽക്കാലം
പറയട്ടെ

പി.രാമന്റെ Raman Pallissery
നിശബ്ദതയ്ക്ക് ഒരു ചരമക്കുറിപ്പ്
എന്ന കവിതയിലെ
ആ ചെമ്മണുപാത

ഇരുവശവും
മരങ്ങൾ
പുറകോട്ടോടുന്ന
മരങ്ങൾജീവിതത്തിൽ എന്ന
എന്റെ തന്നെ കവിതയിൽ
ചേരുന്ന ഒരിടം

ഇതു വരെയും
ഒരു കവിതയിലും
കാണാതിരുന്ന
അത്രയ്ക്ക്
നിശബ്ദതയുള്ള
കാട്

ആ കാട്ടിൽ
മണ്ണ്കൊണ്ട്
ചുട്ടെടുത്ത
ഗുഹ

ഗുഹയ്ക്കുള്ളിൽ
ഇളംചൂടെരിയുന്ന നെരിപ്പോട്

അത്രയ്ക്ക്
വശ്യമാം
ഒരു തരം
പച്ചില
പുകയുന്നതിൻ മണം

ആ ഗുഹയ്ക്കുള്ളിൽ
ഒരു പെൺസിംഹം

അതിന്റെ വയറ്റിൽ
അമ്മയുടെ
ചൂടോർത്ത്
പറ്റിക്കൂടിയുറങ്ങുന്ന
ഒരു പൂച്ചക്കുഞ്ഞ്

(തുടരും)



# തോറ്റവർക്കുള്ള പാട്ടുകുർബ്ബാന
# കണ്ടം കുളം ക്രോസ് റോഡ് പോയട്രി
# കാലിക്കറ്റ് ഡേയ്സ്

അഭിപ്രായങ്ങളൊന്നുമില്ല: