ബുധനാഴ്‌ച, ഓഗസ്റ്റ് 08, 2018


ബൂലോക സുന്ദരി ജറെയുടെ ഒരു സാധാരണ ദിവസത്തെ ഡയറിക്കുറിപ്പ്

💃


💃

ഇനിയും
ഒരു പെൺകുട്ടിയായി
ജനിക്കുകയാണെങ്കിൽ
എനിക്ക് ഞാൻ
ജറെയെന്ന് തന്നെ പേരിടും


പനിയാണെന്ന്
കള്ളം പറഞ്ഞ്
നഴ്സറിയിൽ പോകാതെ
ഒരു ദിവസം മുഴുവൻ
കണ്ണെഴുതി കളിക്കും

നഗരത്തിലൂടെ
പാവക്കുട്ടിയെ
മാറോടണച്ച്
ഗൗരവത്തിൽ
പോകുന്ന
എന്നെ
ചുറ്റുന്ന
ക്യാമറക്കണ്ണുകളിലേക്ക്
ഒളികണ്ണിട്ട്
നോക്കും

💃

എത്ര 
നോക്കിയാലും
മതി വരാത്ത
കണ്ണാടി തന്നെയാവും
അന്നുമെന്റെ കൂട്ട്

അമ്മൂമ്മമാർ
തന്നത്താൻ
വർത്തമാനം
പറയുന്നത്
അഭിനയിക്കുന്നതായി
ഭാവിച്ച്
ഞാനെന്നോട്
തന്നെ
മിണ്ടിക്കൊണ്ടിരിക്കും

നിങ്ങൾ
എന്ത് വേണമെങ്കിലും
എഴുതിക്കോളൂ
ബൂലോകസുന്ദരിയെന്നോ
വെബ്ബന്നൂരിൽ ഒരു സുന്ദരിക്കൊച്ചെന്നോ
എന്തും

ജറെയെന്ന
എന്റെ പേരു മാത്രം മാറ്റിക്കളയരുത്

ജറെ ജറെ ജറെ
അതെന്റെ പ്രാർത്ഥനയും
പ്രാണനുമാണു

എനിക്ക്
ഞാൻ മാത്രമേ ഉള്ളൂവെന്ന
അത്യാഹ്ലാദത്തിന്റെ ആരവം

ജീവിക്കുന്നതിനെക്കുറിച്ചുള്ള മുദ്രാവാക്യം

ജറെ ജറെ ജറെ ജറെ ജറെ ജറെ
ജറെ ജറെ ജറെ ജറെ ജറെ ജറെ
ജറെ ജറെ ജറെ ജറെ ജറെ ജറെ
ഞാനത് മാത്രം ജപിച്ചുകൊണ്ട്
ഉറങ്ങാൻ പോവുകയാണു

ഉറക്കത്തിലും
എനിക്ക്
ചില
മനുഷ്യരെ
പേടിയാണു

💃





• ബൂലോക സുന്ദരിയെന്ന പ്രയോഗത്തിനു കവി വിഷ്ണുപ്രസാദിന്റെ, ബ്ലോഗ് കാലത്തെ ബൂലോകകവിതയോട് പ്രയോഗപ്പാട്
• വെബ്ബന്നൂർ - വെബ്ബന്നൂരിൽ ഒരു നല്ല സ്ത്രീയെന്ന കവിത രാം മോഹൻ പാലിയത്തിന്റേതാണു
പെണ്ണായേ ജനിക്കൂ ഞാനിനിയെന്ന് നമ്മൾ എന്ന കവിതയിൽ ടി പി അനിൽ കുമാർ

അഭിപ്രായങ്ങളൊന്നുമില്ല: