ശനിയാഴ്‌ച, നവംബർ 18, 2017


ജോസേട്ടൻ


ഞങ്ങളുടെ നാട്ടിൽ
കവിത ചിക്കൻ സെന്റർ
എന്ന് പേരുള്ള ഒരു കോഴിക്കടയുണ്ട്

കുറേക്കാലം മുൻപ്
ജോസേട്ടനാണു
ഈ കട തുടങ്ങിയത്
ഇപ്പോഴത് മകൻ നടത്തുന്നു

എന്ത് കൊണ്ട്
ജോസേട്ടൻ
ഈ കടക്ക്
കവിതയെന്ന്
പേരിട്ടുവെന്ന്
പലകുറി ചികഞ്ഞിട്ടുണ്ട്

പുള്ളിയുടെ ഭാര്യയുടെ പേരു അതല്ല
പുള്ളിക്ക് പെണ്മക്കളുമില്ല
പുള്ളിക്ക് ഒരു കാമുകിയുണ്ടാവുന്ന കാര്യം
പുള്ളി പോലും ചിന്തിച്ചിട്ടുണ്ടാവില്ല
ഈ പേരിന്റെ ഒരു പുള്ളി പോലും എനിക്ക് കിട്ടിയതുമില്ല


കവിത ജോസേട്ടൻ
എന്ന് വരെ ആളുകൾ
പുള്ളിയെ പരിചയപ്പെടുത്താറുണ്ട്
എന്നുമോർക്കണം

തിരഞ്ഞ് തിരഞ്ഞ്
ചിന്തിച്ച് ചിന്തിച്ച്
കവിത ചിക്കൻ സെന്റർ പോലെ
ജോസ് എന്ന പേരും
എന്റെ മുൻപിൽ നിന്നു

ഞാൻ ജോസേട്ടനെ
പല രീതിയിൽ വായിച്ച് നോക്കി

ഇല്ല എനിക്കൊന്നും കിട്ടുന്നില്ല
ഗൂഗിളിലുമില്ല

ഇപ്പോഴെനിക്ക് കുറേശ്ശേ മനസ്സിലാവുന്നുണ്ട്
എന്ത് കൊണ്ട് ജോസേട്ടൻ
കോഴിക്കടക്ക്
കവിത ചിക്കൻ സെന്റർ
എന്ന് പേരിട്ടുവെന്ന്


17/11/2017
Kuzhur


ശനിയാഴ്‌ച, നവംബർ 11, 2017


05.11.2017. 8 am ൽ ഒരു കുഞ്ഞുടുപ്പ്


05.11.2017. 8 am ഒരു കുഞ്ഞുടുപ്പ് 



അങ്ങനെയിരിക്കെ
അയാൾക്ക്
ചാനലിലെ
പെൺകുട്ടികളുടെ
ഉടുപ്പ്
ഡിസൈൻ
ചെയ്യുന്ന
പണി
 കിട്ടി


മുലകൾക്കിടയിൽ
എന്നെഴുതിയ
ടീഷർട്ടിന്റെ തെരഞ്ഞെടുപ്പായിരുന്നു അതിനുള്ള യോഗ്യത

മേലു മുഴുവൻ മിന്നാമിന്നികളെ തുന്നിവച്ച ഉടുപ്പവതരിപ്പിച്ച് ആദ്യദിവസം അയാൾ കാണികളെ ആകാശത്തേക്ക് കൊണ്ട് പോയി
വെളുത്ത തോർത്തിൽ ചെമ്പരത്തിച്ചാറു മുക്കി അയാളുണ്ടാക്കിയ ശീലച്ചുറ്റി ഒരു പെൺകുട്ടി നക്ഷത്രം തൊട്ട ദിവസം ചാനലിന്റെ റേറ്റ് കുത്തനെ ഉയർന്നു
അയാളുണ്ടാക്കുന്ന ഉടുപ്പുകളിട്ട്  വട്ടം ചുറ്റുന്നത് പണക്കാരുടെ വീട്ടിലെ പെൺകുട്ടികൾ സ്വപ്നം കണ്ടു
താമരയുടെ ഇടത്  ചോപ്പും  വലത്  പച്ചയുമായി  വെള്ളയിൽ അയാൾ  തീർത്ത പതാകയുടെ  ഉടുപ്പ്  പെൺകുട്ടികളുടെ  ദേശീയവസ്ത്രമായി  തെരഞ്ഞെടുക്കപ്പെട്ടു
 ആശയോടെ ആ ഉടുപ്പണിഞ്ഞ് ന്യത്തം ചെയ്ത ചില പെൺകുട്ടികളെ ചില രാജ്യങ്ങൾ താക്കീത് വരെ ചെയ്തു
തങ്ങളുടെ  കന്യാസ്ത്രീകൾക്ക്  ഒരുടുപ്പ്  ഡിസൈൻ  ചെയ്യണമെന്ന  ആവശ്യവുമായി  ഒരു വിദേശസഭ  തന്നെ  അയാളുടെ  അടുത്തെത്തി

അങ്ങനെയിരിക്കെ
അയാളെ
കാണാതായി

എന്നിട്ടാണു രസം.  കടൽ അയാളുണ്ടാക്കിയ പച്ചയുടുപ്പണിഞ്ഞ് കറങ്ങി നടക്കുന്നു. കാട് അയാളുണ്ടാക്കിയ  മഞ്ഞക്കോട്ടിലുമ്മ  വച്ച്  മണത്ത്  നോക്കുന്നു.  അവിടെ ആ ഭൂമിയുടെ നെഞ്ചിൽ തലയും ചാരി,  ഒരു കുഞ്ഞുടുപ്പ്  കെട്ടിപ്പിടിച്ച്  അയാൾ  കിടന്നുറങ്ങുന്നു

 

06.11.2017
Temple Of Poetry

www.kuzhur.com