ശനിയാഴ്‌ച, ഡിസംബർ 30, 2006


സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 22ct കവിത

എന്‍റെ പൊന്നേ
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോൾ മാത്രമാണു

നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു

വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു

ഒരു കാതില്‍
നീയൂഞ്ഞാലാടുമ്പോൾ
കാണാന്‍ കൌതുകമൊക്കെയുണ്ടു

ഒരു മുക്കുത്തിയായി, കൂര്‍ത്ത നോട്ടത്താല്‍
ഉറക്കം കെടുത്തിയിട്ടുമുണ്ട്
മുക്കു മുക്കുത്തികള്‍
പകരം നിന്നിട്ടുമുണ്ട്

എങ്കിലും പൊന്നേ
നീ പൊന്നാകുന്നതു
പണയത്തിലിരിക്കുമ്പോൾ തന്നെ

തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന
വിപ്ലവകാരിയെപ്പോലെ

അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കാരനാകുന്ന
പട്ടാളക്കാരനെപ്പോലെ

പണയത്തിലെ എന്‍റെ പൊന്നേ
എന്‍റെ പൊന്നേ എന്‍റെ പൊന്നേ


^ 2004

വെള്ളിയാഴ്‌ച, ഡിസംബർ 29, 2006


നിര്‍ബന്ധിക്കാഞ്ഞിട്ടല്ല


സങ്കടം വരുന്നു
പോകുന്നു

സന്തോഷം വരുന്നു
പോകുന്നു

പ്രേമം വരുന്നു
പോകുന്നു

കാമം വരുന്നു
പോകുന്നു

അത്ഭുതം
ആശ്ചര്യം
വെറുപ്പു
ഇഷ്ടം

വരുന്നു
പോകുന്നു

കുറെക്കൂടി
നില്‍ക്കണേയെന്നു
നിര്‍ബന്ധിക്കാഞ്ഞിട്ടല്ല

വരുന്നു
പോകുന്നു

^2004

വെള്ളിയാഴ്‌ച, ഡിസംബർ 22, 2006


ഇരട്ടകള്‍

ടി.പി.അനിൽകുമാറിനു

നമ്മുടെ സിരകളില്‍
ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ്
മദ്യമാണെന്നതൊഴിച്ചാല്‍
നീയും ഞാനും തമ്മിലെന്ത്

നിന്‍റെ കുഞ്ഞുങ്ങള്‍ എന്‍റേതല്ല
നിന്‍റെയവളെ ഞാന്‍
കൂട്ടുകാരീയെന്നു
വിളിക്കുമായിരിക്കും

നിന്‍റെയമ്മ
ഇല്ല, എന്‍റെ അമ്മയോളം വരില്ല

പിന്നെ നീ ഇടക്കിടെ കരയും
നിന്‍റെ കണ്ണീരിനു എന്തോരു ഉപ്പാ
എന്‍റെ കണ്ണീരിനു കടും മധുരമാ
ഒരു തുള്ളി തരില്ല

നീ വേണമെങ്കില്‍
പട്ടിണി കിടക്കു

ആര്‍ക്കു പോയി
നിന്‍റെ മറ്റവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും പോയി

പിന്നെ നീ ഇടക്കിടെ കവിത ചൊല്ലും
ഞാനും ചൊല്ലും
എല്ലാവരും ചൊല്ലും
ചൊല്ലെട്ടെടാ

ലോകാവസാനം വരെ
ഒറ്റക്കു തന്നെ
കരഞ്ഞു കാലുപിടിച്ചോളാമെന്നു
നീ ആര്‍ക്കെങ്കിലും
വാക്കു കൊടുത്തിട്ടുണ്ടോ

ഞാന്‍ കൊടുത്തിട്ടില്ല
കൊടുക്കകയുമില്ല എങ്കിലും
ഒരാള്‍ക്കൊഴിച്ച് എന്നു
ബ്രാക്കറ്റിലെങ്കിലും എഴുതാന്‍
കൈ തരിക്കുന്നതെന്തിനാ

അതു നിനക്കു അറിയുമായിരിക്കും

ആ വേണം
നീ എന്തെങ്കിലുമൊക്കെ അറിയണം

എന്നാലും
നമ്മളൊരുമിച്ചു ഒരിക്കലും
ആല്‍ത്തറയില്‍
ഇരിക്കുകയില്ല

എന്തിനു വെറുതെ
ആ ആല്‍മരം
കരിച്ചു കളയണം

നീ കണ്ടുവോ എന്നറിയില്ല
ഞാന്‍ വന്നു തുടങ്ങിയതു മുതല്‍
നിന്‍റെ കവിതയിലെ
മുരിങ്ങമരം ഉണങ്ങിതുടങ്ങിയിട്ടുണ്ട്

പിന്നെ നീ പെണ്ണായി
ജനിക്കാനൊന്നും പോണ്ട
നിന്നോളം വരില്ല
ഒരു പെണ്ണും

തെറി കേള്‍ക്കുമെന്നോ?
കേൾക്കട്ടെ
എന്‍റെ പെണ്ണുങ്ങളെല്ലാം
ആണുങ്ങളാണ്

നീ ഉള്ള ഒരിടത്തും
നീയില്ലാത്തപ്പോള്‍
ഞാന്‍ പോകില്ല

ഇരട്ടകളായി
പിറന്നതിന്‍റെ ശിക്ഷ ഇനി വയ്യ

നിന്‍റെയുമെന്‍റെയും
സിരകളില്‍ ഓടുന്നത്
ഒരേ കുപ്പിയിലെ
ഒരേ ബ്രാന്‍ഡ് മദ്യമാണ്

പറഞ്ഞില്ലെന്നു വേണ്ട
ഞാന്‍ ബ്രാന്‍ഡ് മാറ്റുകയാണ്

^2006

ബുധനാഴ്‌ച, ഡിസംബർ 20, 2006


മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു


ഈ മരം വളര്‍ന്നു
വലുതാകും
അതില്‍ പഴങ്ങളുണ്ടാകും

കാക്കകള്‍ വരും
തേനീച്ചകള്‍ ഉറുമ്പുകൾ
പഴുതാര എല്ലാരുമെത്തും

കാറ്റ് വരും മഴ വരും
വെയില്‍ വരും

ഓരോരോ രീതിയില്‍
പഴത്തിന്‍റെ രുചിയറിയും

മരം പിന്നെയും വളരും

കൈയ്യെത്താത്ത ദൂരത്തില്‍
കൊമ്പുകൾ വളരുമ്പോൾ
കുട്ടികള്‍
അതിനെയുപേക്ഷിച്ചു പോകും

പിന്നെ കരാറുകാര്‍ വരും
മരം വെട്ടുകാരം

പിന്നെയാണ് ആശേരി

കാക്കയിരുന്ന
അതേ കൊമ്പില്‍
ഉളി കൊള്ളുമ്പോള്‍
കാക്കക്കരച്ചില്‍ പോലെ
ഒരൊച്ച കേള്‍ക്കും

ആ ഒച്ച് കേട്ടു
ശേഷിക്കുന്ന കുട്ടികള്‍
ഞെട്ടി പറന്നു പോകും

കാറ്റു പിടിച്ച
അതിന്‍റെ ചുമലില്‍
ആണി കയറുമ്പോള്‍
ഒരു തരം മൌനമായിരിക്കും

വെള്ളിയാഴ്ച്ചയിലെ
നട്ടുച്ച കണക്കെ
വിജനമായ ഒന്നു

പള്ളിയില്‍ പോകുന്ന
ഒരാള്‍ പോലുമുണ്ടാകില്ല

പതുക്കെ
അതു വാതിലാകും
ഉള്ളില്‍ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളര്‍ന്നു
കട്ടിലായി കിടക്കും

ആ മരത്തിനു
താഴെ
ഞാനവളെ കാത്തിരിക്കുന്നു

^2006

ചൊവ്വാഴ്ച, ഡിസംബർ 05, 2006


അലക്കു


ഷർട്ടോ
ഷഡിയോ
ആയിരുന്നെങ്കില്‍
ആ മൂലയിലേക്കു
വലിച്ചെറിയാമായിരുന്നു

ഇതിപ്പോള്‍
ശരീരമാണു

കുളിമുറിയിലെ
സാധാരണ അലക്കു പോരാ

തീരെ മുഷിഞ്ഞ
തുണികള്‍
അലക്കുകാരനു
കൊടുക്കും പോലെ

പുഴക്കോ
കടലിനോ കൊടുക്കണം

തിരിച്ചു
തരുമായിരിക്കും

^ 2006

ഞായറാഴ്‌ച, ഡിസംബർ 03, 2006


കമറൂൾ നാട്ടിൽ പോകുന്നു

കമറൂൾ നാട്ടിൽ പോകുന്നു
അവനൊപ്പം
ഞങ്ങളെല്ലാവരും വീടുകളിലേക്ക് പോകുന്നു

കമറൂൾ പെങ്ങള്‍ക്ക്
ഒരു വള കൊണ്ട്പോകുന്നു
റഫീക്ക് ഒരു സ്വര്‍ണ്ണക്കടക്കു തന്നെവില പറയുന്നു

കമറൂൾ അമ്മയ്ക്ക്സാരി കൊണ്ടുപോകുന്നു
ദിവാകരന്‍ തുണിക്കട എവിടെയെന്നന്വേഷിക്കുന്നു

ചായയെടുക്കുമ്പോൾ
‍വേസ്റ്റ് ബാസ്ക്കറ്റുകള്‍ ഒഴിക്കുമ്പോൾ
പ്രിന്ററിൽ പുതിയ പേപ്പറുകൾ വയ്ക്കുമ്പോൾ

കമറൂൾ അവന്‍റെ മാത്രംമൂളിപ്പാട്ട് പാടുന്നു
ഞങ്ങളെല്ലാവരും
വളരെ സ്വകാര്യമായി ഉറക്കെ പാടുന്നു

ലിഫ്റ്റിറങ്ങുമ്പോള്‍ അവന്‍
4
3
2
1
എന്നെണ്ണി പഠിക്കുന്നു

ഞങ്ങളെല്ലാവരുംപൂജ്യത്തിലേക്ക് കുതിക്കുന്നു

ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നു പറഞ്ഞ കൂട്ടുകാരനോടും

എല്ലാവരോടും,എല്ലാവര്‍ക്കും

ഞങ്ങളുടെ കത്തുകളുമായി
കമറൂൾ നാട്ടിലേക്ക് പോകുന്നു

ഭൂമിയില്‍ ഇപ്പോള്‍ സമയമെന്തായിരിക്കും
എന്നു വിചാരിച്ച്ഞങ്ങള്‍ കൈ വീശുന്നു

^2004

ഞായറാഴ്‌ച, നവംബർ 26, 2006


ഇടം

ആ കിയോസ്ക്കിന്‍റെ പുറകില്‍
ഒരു ഈന്തപ്പനയുണ്ട്

ദിവസവും
എട്ടോ, ഒന്‍പതോ പ്രാവശ്യം
അതിനു ചുവട്ടില്‍ നിന്നാണു
സിഗരറ്റ് വലിക്കുക

പതുക്കെ പതുക്കെ
ആ ഇടം സ്വന്തമായിത്തീര്‍ന്നതു പോലെയായി

ഇന്നിപ്പോള്‍ ഒരു നേരത്തു
ചെല്ലുമ്പോൾ അതാ അവിടെ
സിഗരറ്റുമായി വേറൊരാള്‍

എന്തു പറയും അയാളോട്
ആ ഇടം എന്റേതാണെന്നോ ?

സിഗരറ്റുകുറ്റികള്‍
തൂപ്പുകാര്‍ കളഞ്ഞിരിക്കുന്നു
ഈന്തപ്പനയോലകള്‍
താഴോട്ട് നില്പ്പുണ്ട്
(ഇന്നാണ് അതു
ആദ്യമായി കാണുന്നത് )

എല്ലാം ആദ്യമായി കാണും പോലെ
എന്റേതായി എന്തുണ്ടു അവിടെ


^2005

ചൊവ്വാഴ്ച, നവംബർ 21, 2006


മൌലികത

പെയ്യുമ്പോൾ
‍ചാറ്റല്‍ മഴ ഗന്ധം പിടിക്കും
താന്‍ നനയിപ്പിക്കുന്ന മണ്ണിന്‍റെ

മണ്ണ് പറയും
പേമാരികള്‍
ഇടിമിന്നലുകൾ
‍പ്രളയം.......

നിന്‍റെ കുഞ്ഞുതുള്ളികള്‍
അതെല്ലാം
ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്നു

നീരാവിയാക്കി
അമ്മയുടെ അടുത്തേക്ക് തിരിച്ചയക്കാൻ
‍ചാറ്റല്‍മഴ സൂര്യനോട്
പ്രാര്‍ഥിക്കുകയാണ്

സ്വയം മറന്ന്

ഇതിനെല്ലാമിടയില്‍
മുളച്ച
പച്ചപ്പുകള്‍ കരിയുമോ?


^ 2005

ഞായറാഴ്‌ച, നവംബർ 19, 2006


കുട്ടി കാടു കീറി


കാടിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍
അടയാളപ്പെടുത്തുക കുട്ടീ

ആകാശത്തേക്ക് നടക്കുന്നതു മരം
ഓടി മറയുന്നതു മാന്‍
ഒഴുകുന്നതു മീന്‍

കുത്തിവരക്കല്ലേ
മുയലുകള്‍ ചത്തുപോകും
പുല്ലുകള്‍ക്കു പേടിയാവും
കിളികളുടെ കണ്ണു പോകും
ഓര്‍മ്മയുടെ ഉരുള്‍ പൊട്ടും

പതുക്കെ പതുക്കെ

സിംഹങ്ങള്‍ ഉണരും
പുലികള്‍ അലറും
കടുവകള്‍ ചാടും

ഞെട്ടല്‍ വേണ്ട
വെടി പൊട്ടിയതാണു
വേട്ടക്കാരനെ തെരയേണ്ട കുട്ടീ

പിടി കിട്ടാത്ത
പുള്ളിയാണു

കുട്ടി കാട് കീറി


ബുധനാഴ്‌ച, നവംബർ 15, 2006


പൂച്ച


ഷാര്‍ജയില്‍ ഒരു പൂച്ചയുണ്ട്

അവന്‍റെ കണ്ണില്‍ മൂന്നെലികളുണ്ട്

അവയെക്കൊണ്ട് വയ്യ

ഉറങ്ങുമ്പോള്‍ വരും
ഉണ്ണുമ്പോഴും വരും
എപ്പഴാ വരാത്തതെന്ന് ചോദിച്ചാൽ മതിയല്ലോ

അതിലൊന്നിന്‍റെ കണ്ണിലുണ്ട് തീയുരുട്ടിയെടുത്ത ഒരു ഗോളം
അതിലൊന്നിന്‍റെ പല്ലിനുണ്ട് ഹ്യദയവും തലച്ചോറും കരളാനുള്ള ഉറപ്പ്
അതിലൊന്നിന്‍റെ കാതിന് ആയിരം കാതങ്ങള്‍ പോലും ഒരകലമല്ല

എങ്ങനെ കൊല്ലും അവറ്റകളെ
പൂച്ചയെ എനിക്കിഷ്ടമാണല്ലോ?

അവന്‍റെ കണ്ണിലാണല്ലോ എലികൾ

തിങ്കളാഴ്‌ച, നവംബർ 13, 2006


ഭൂപടം

ഇന്ത്യയുടെ ഭൂപടം വരയ്ക്കുമ്പോൾ
കുഴൂര്‍ എവിടെയാണെന്നു ആകുലപ്പെട്ടിരുന്ന
ഒരു കുട്ടിയെ എനിക്കറിയാം

5 മിനിട്ടു കൊണ്ട് വരച്ചു തീര്‍ന്ന്
3 മാര്‍ക്ക് വാങ്ങേണ്ടിയിരുന്ന ആ കലാപരിപാടി
പലപ്പോഴും അവനെ വഴി തെറ്റിച്ചു

ചോദ്യപേപ്പറിനും ഉത്തരക്കടലാസിനുമിടക്കിരുന്നു
അവന്‍
തന്‍റെ തോടുകളും ചിറയും പാടങ്ങളും അനേഷിച്ചു

വര്‍ക്കി ചേട്ടന്‍റെ ചായക്കട ഇവിടെ
ഇറച്ചിവെട്ടു കട അവിടെ
ക്രിക്കറ്റു കളിക്കുന്നതിവിടെ

സുബ്രമണ്യസ്വാമി ക്ഷേത്രം അവിടെ


കുണ്ടൂര്‍ കടവു ഇവിടെ

കൂട്ടുകാര്‍ കാത്തുനില്‍ക്കുന്നതിവിടെ

പ്രീതി തിരിഞ്ഞു പോകുന്ന ഇടവഴിയവിടെ

എന്നിങ്ങനെ അടയാളപ്പെടുത്തി


വാണിംഗ് ബെൽ അടിച്ചാലും

ഇന്ത്യ വരച്ചു തീർന്നിട്ടുണ്ടാവില്ല


കാശ്മീര്‍ അടയാളപ്പെടുത്തിയിട്ടുണ്ടാവില്ല

ശനിയാഴ്‌ച, നവംബർ 11, 2006


ഒരു കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്ന് മഴ പെയ്തേക്കും


ഇന്ന് മഴ പെയ്തേക്കും
എന്നാരംഭിക്കുന്ന
ഒരു കവിത എഴുതണമെന്നുണ്ട്
ഇന്നല്ല
ഒരിക്കലും
ഇവിടെ മഴ പെയ്യില്ല
എന്നറിയാഞ്ഞിട്ടല്ല

മഴ പെയ്തേക്കും
എന്നാരംഭിക്കുന്ന എന്ന ഒരു കവിത
കാര്‍മേഘമായി ഉരുണ്ട് കൂടിയിട്ടുണ്ട്
ഏത് സമുദ്രത്തില്‍ നിന്നുള്ള
നീരാവിയാണ് അതിന്‍റെ ഇന്ധനം

ഇന്ന് ആ മഴ പെയ്തേക്കും
എന്നെഴുതി നിര്‍ത്തുകയേ
നിവൃത്തിയുള്ളൂ

വെള്ളിയാഴ്‌ച, നവംബർ 10, 2006


കൊള്ളികള്‍


തീപ്പെട്ടികൾക്കുള്ളിൽ
നാം പാര്‍ക്കുന്നു

എപ്പോള്‍
വേണമെങ്കിലും
തീ പിടിക്കാവുന്ന
തലകളുമായി

സിഗരറ്റ്
ദൈവം

ജീവിതത്തിന്‍റെ
ഒരൊറ്റ ആളല്‍

ബുധനാഴ്‌ച, നവംബർ 08, 2006


അബുദാബി


സന്ധ്യകള്‍
സന്ധ്യകള്‍ക്ക്
പ്രഭാതമുണ്ടെന്നു പഠിപ്പിച്ച നഗരമേ

നിന്‍റെ സന്ധ്യകളുടെ
സന്ധ്യകളില്‍
എത്രയോ തവണ
മറന്നു വച്ചു ഞാനെന്നെ

നീ ഒരു നഗരമേയല്ല

വിവർത്തനം ചെയ്യപ്പെട്ട
ഗ്രാമത്തിന്‍റെ
ആരും വായിക്കാത്ത ഒരേട്

പച്ച പിടിച്ച
ഇരുട്ടില്‍ ആദ്യം തുറന്നപ്പോൾ

മണ്ണെണ്ണ വിളക്കിന്റെ
വെളിച്ചത്തില്‍

സ്കൂള്‍ തുറക്കുന്നതിന്‍റെ തലേന്നു
പുതിയ പാഠപുസ്തകം
തുറന്നതിന്‍റെ ഗന്ധം


തിങ്കളാഴ്‌ച, നവംബർ 06, 2006


വിവര്‍ത്തനത്തിന് ഒരു വിഫലശ്രമം

കാക്ക

സ്വപ്നത്തില്‍ നാടിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
ഒരു കാക്ക വന്നു വിരുന്നു വിളിച്ചു
എണീറ്റ് നോക്കുമ്പോള്‍
അപ്പുറത്തെ ഫ്ലാറ്റിന്‍റെ ജനലില്‍
ഒരു പ്രാവു ഇരുന്നു ഉറങ്ങുന്നു

ഒന്നും മിണ്ടുന്നില്ല
വിരുന്നുകാരാ തിരിച്ചു പോകൂ
വിസയില്ലാതെ
എന്‍റെ സ്വപ്നത്തില്‍ കഴിയരുതേ

തെങ്ങുകള്‍

ഈന്തപ്പനകള്‍ചോദിച്ചു

തുറിച്ചു നോക്കുന്നതെന്തിന്
വിവര്‍ത്തന ശേഷമുള്ള

തെങ്ങുകളാണു ഞങ്ങൾ

മറന്നുവോ?

വ്യാഴാഴ്‌ച, നവംബർ 02, 2006


നീ അതു കണ്ടുവോ

ഒരേ സമയം
രണ്ട് ഇടങ്ങളില്‍ ഇരുന്നു
ഒരേ സ്വപ്നം കാണുന്ന
യന്ത്രം വികസിപ്പിച്ചെടുത്തതായി
ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു

നീ അതു കണ്ടുവോ

ചൊവ്വാഴ്ച, ഒക്‌ടോബർ 31, 2006


കൃഷിക്കാരന്‍


രാവിലത്തെ നടത്തം കഴിഞ്ഞ്
നടന്ന് തന്നെ മടങ്ങുമ്പോൾ ചായക്കടയിൽ നിന്നും
രണ്ടു പഴം വാങ്ങി
പഴം തിന്നുമ്പോൾ ‍അത്
കൃഷി ചെയ്തയാളെ
ഭാവനയില്‍ വരച്ചു നോക്കി
ഞാനിപ്പോള്‍ തിന്നുന്ന പഴത്തിന്‍റെ
കൃഷിക്കാരൻ ‍ഇപ്പോളെവിടെയായിരിക്കും
അയാള്‍ ഉറങ്ങുകയാവുമോ
കൃഷി ചെയ്യുകയായിരിക്കുമോ

അയാള്‍ ഇപ്പോള്‍ ഉണ്ടാകുമോ

കൃഷിക്കാരനെ ഓര്‍ത്തപ്പോള്‍ കൃഷിക്കാരനായിരുന്ന
അപ്പനെ ഓര്‍മ്മ വന്നു
കഷ്ടം

ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു സ്വന്തം
കൃഷിക്കാരനെ ഓര്‍മ്മിക്കുവാന്‍

^ 2005


ശനിയാഴ്‌ച, ഒക്‌ടോബർ 28, 2006


എഴുത്ത്


ഉള്ളിലെ
കണ്ണീരുമായി
ഓരോ നിമിഷവും
കടല്‍ വരും

നിമിഷം പോലും
നീളാത്ത ഒരുമ്മ നല്‍കി
കര എപ്പോഴും തിരിച്ചയക്കും

കണ്ണീരുപ്പു കലര്‍ത്തി
കടല്‍ കൊണ്ടുവന്ന
ചിപ്പിയും മുത്തും മാത്രം
കരയെടുക്കും

പിന്നീട്
കുഞ്ഞുങ്ങള്‍ക്ക്
കളിക്കാന്‍ കൊടുക്കും

[കടലിന്‍റെ ഹൃദയവുമായി ഓരോ നിമിഷവും കരയിലേക്ക് നീന്തുന്ന ഒരു തിരയുടെ എഴുത്താണിത്]

ചൊവ്വാഴ്ച, സെപ്റ്റംബർ 26, 2006


വേദനിക്കുന്നു


ശരീരം മുഴുവന്‍ വേദനിക്കുന്നു

തലയിൽ
‍കാലില്‍
എല്ലായിടത്തും

മിനിഞ്ഞാന്നു
ഓര്‍മ്മ
വേട്ടയാടിയതാണു

ഇന്നു തീര്‍ച്ചയായും ഹെല്‍മറ്റു വാങ്ങും

ഓര്‍മ്മയെ വെടി വച്ചു കൊല്ലും

തിങ്കളാഴ്‌ച, ഓഗസ്റ്റ് 07, 2006


ഇന്ന് തീര്‍ച്ചയായും മഴ പെയ്യും


ഇന്ന് തീര്‍ച്ചയായും മഴ പെയ്യും

അല്ലെങ്കില്‍ എന്തിനാണ്
ഇത്രയധികം
മിസ് കാളുകള്‍

ഞായറാഴ്‌ച, ഓഗസ്റ്റ് 06, 2006


നിനക്ക്


നിനക്ക്
നീയെങ്കിലുമുണ്ട്.

എനിക്കോ ?

തിങ്കളാഴ്‌ച, ജൂലൈ 10, 2006


വെള്ളമേ ചൂടാവല്ലേ


കുളിക്കാന്‍
ചെന്നപ്പോള്‍
വെള്ളം ചൂടായി

ചൂടാവല്ലേ വെള്ളമേ
എന്നു പറഞ്ഞു നോക്കി

ഒടുവില്‍
ഞാന്‍ തണുത്തു


കൊള്ളികൾ

തീപ്പെട്ടികള്‍ക്കുള്ളില്‍
നാം പാര്‍ക്കുന്നു

എപ്പോള്‍
വേണമെങ്കിലും
തീ പിടിക്കാവുന്ന
തലകളുമായി

സിഗരറ്റ്
ദൈവം

ജീവിതത്തിന്‍റെ
ഒരൊറ്റ ആളല്‍

ശനിയാഴ്‌ച, ജൂലൈ 08, 2006


രണ്ട് വശങ്ങള്‍

കണ്ട്മുട്ടിയത് കാലങ്ങള്‍ക്ക് മുമ്പാണ്
കാറ്റിനും കടലിനും മുമ്പ്

ആകാശങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മുമ്പ്
ദൈവത്തിനും പിശാചിനും മുമ്പ്

പിന്നീടെപ്പോഴോ അടർന്ന് വീണു രണ്ടായി

വീണ്ടും പുതിയൊരു കാലത്തില്‍
പുതിയ ഒരു ലോകത്തില്‍
ഞങ്ങള്‍ ഒത്തു ചേരുന്നു


ഒരിക്കലും

ഒരിക്കലും


ഒന്നുമില്ല

ഒന്നുമില്ല